വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രതിവാര വിമാന സർവീസ് എണ്ണം കൂട്ടും: എയര്‍ ഇന്ത്യ എക്സ്പ്രസ്
Mail This Article
ഏതൊരു സഞ്ചാരികളേയും ആകര്‍ഷിക്കാനും അമ്പരപ്പിക്കാനും പോന്ന വിഭവങ്ങളുണ്ട് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍. സാധ്യതക്ക് അനുസരിച്ചുള്ള വിനോദസഞ്ചാരം ആ നാട്ടില്‍ ഇന്നും നടക്കാത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരസാധ്യതയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് മുന്നോട്ടു വയ്ക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കേന്ദ്രമായ ഗുവാഹത്തിയിലേക്കും മറ്റു നഗരങ്ങളിലേക്കും പ്രതിവാര വിമാന സര്‍വീസ് വലിയ തോതില്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെ കൂടുതല്‍ അനായാസമാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഗുവാഹത്തിയിലേക്ക് പ്രതിവാരം 63 വിമാന സര്വീസുകളുണ്ടായിരുന്നെങ്കില് അത് 106 ആയി കുത്തനെ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത അടക്കം എട്ട് പ്രധാന നഗരങ്ങളില്‍ നിന്നും ഗുവാഹത്തിയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസുകള്‍ സര്‍വീസ് നടത്തും.
ഗുവാഹത്തിയിലേക്കു മാത്രമല്ല എയര്‍ ഇന്ത്യ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുക. ഇംഫാല്‍, അഗര്‍ത്തല തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. ഇത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തത്തില്‍ ഉണര്‍വാകും.
'പ്രതിദിനം മൂന്നു സര്‍വീസുകള്‍ നടത്തുന്ന ഇംഫാല്‍- ഗുവാഹത്തി സെക്ടറിലെ ഏറ്റവും വലിയ എയര്‍ലൈന്‍ എന്ന നിലയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കൊല്‍ക്കത്തയിലേക്ക് നേരിട്ടും പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വണ്‍ സ്റ്റോപ് കണക്ഷനായും വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇത് വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്കും വിനോദസഞ്ചാര വികസനത്തിനും സഹായിക്കും' എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ. അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.
ഗുവാഹത്തിയെ പോലെ വിമാന സര്‍വീസുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്ന വടക്കു കിഴക്കന്‍ മേഖലയിലെ നഗരമാണ് ഇംഫാല്‍. ഇവിടുത്തെ പ്രതിവാര എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ 14 ആയിരുന്നത് 34 ആയാണ് വര്‍ധിക്കുന്നത്. പ്രതിദിനം ഗുവാഹത്തിക്കും ഇംഫാലിനും ഇടയില്‍ മൂന്ന് വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇംഫാലില്‍ നിന്നും നേരിട്ട് കൊല്‍ക്കത്തയിലേക്കോ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വണ്‍ സ്റ്റോപ്പ് യാത്രയോ നടത്താനാവും.
ഇംഫാലിനൊപ്പം കൂടുതല്‍ വിമാനസര്വീസുകളെത്തുന്ന മറ്റൊരു വടക്കു കിഴക്കന്‍ നഗരമാണ് അഗര്‍ത്തല. കഴിഞ്ഞ വര്‍ഷം 14 പ്രതിവാര സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അഗര്‍ത്തലയിലേക്കു നടത്തിയിരുന്നത്. അത് ഇപ്പോള്‍ 21 ആയി ഉയര്‍ന്നിട്ടുണ്ട്. അഗര്‍ത്തലയില്‍ നിന്നും ഗുവാഹത്തിയിലേക്കും കൊല്‍ക്കത്തയിലേക്കും നേരിട്ടും മറ്റ് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് വണ്‍സ്റ്റോപ് വിമാന സര്‍വീസുകളും ലഭ്യമാണ്.
വിനോദ സഞ്ചാര വികസനത്തിനൊപ്പം വിമാന യാത്ര കൂടുതല്‍ ജനകീയമാക്കുന്നതു കൂടിയാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. വിമാനസര്‍വീസുകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കേന്ദ്ര നഗരമായി ഗുവാഹത്തി തുടരും. ഗുവാഹത്തിയിലേക്ക് വിമാന സര്‍വീസുകള്‍ ഏറുന്നതോടെ ആഭ്യന്തര സഞ്ചാരികള്‍ക്കു മാത്രമല്ല വിദേശ സഞ്ചാരികള്‍ക്കും ഇത് ഗുണം ചെയ്യും.
ടാറ്റ ഗ്രൂപ്പിനു കീഴില്‍ വിമാനയാത്രയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ എയര്‍ ഇന്ത്യ ആവിഷ്ക്കരിക്കുന്നുണ്ട്. അടുത്ത വര്‍ഷമാവുമ്പോഴേക്കും എക്കോണമി സീറ്റുകള്‍ മാത്രമായി സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 90 ആക്കി ഉയര്‍ത്തുന്നതാണ് ഇതിലൊന്ന്. ചെറു നഗരങ്ങളില്‍ നിന്നടക്കം കൂടുതല്‍ പേര്‍ക്ക് വിമാന യാത്രകള്‍ സാധ്യമാക്കുന്നതിന് എയര്‍ ഇന്ത്യയുടെ ഈ നീക്കം സഹായിക്കും.