ADVERTISEMENT

കുട്ടികളെ പരിഗണിച്ചുകൊണ്ടു കെഎസ്ആർടിസി നടപ്പിലാക്കിയ ബജറ്റ് ടൂറിസം പദ്ധതികൾ ഇനിയും ഒരുപാട് ഒരുപാടു പേർക്കു പ്രചോദനമാവട്ടെ എന്ന ആശംസയോടെ ഒരു യാത്രാ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുറിപ്പ് ഇങ്ങനെ...

‘‘കുഞ്ഞുങ്ങളുടെ മനസ്സിൽ ഓർത്തിരിക്കാൻ പറ്റുന്ന രീതിയിൽ ഒരു യാത്ര, അതായിരുന്നു ലക്ഷ്യം...എൽപി വിഭാഗം കുട്ടികളുടെ പഠനയാത്രയെ പറ്റി തീരുമാനിച്ചപ്പോൾ തന്നെ ആദ്യം മനസ്സിലേക്കെത്തിയ ചിത്രം കെഎസ്ആർടിസിയുടെ യാത്രാ പാക്കേജുകളെ പറ്റിയാണ്. 

ഉടൻ തന്നെ KSRTC  ആലപ്പുഴ ജില്ലാ കോർഡിനേറ്റർ ഷഫീഖ് സാറിനെ വിളിച്ചു വിവരങ്ങൾ തിരക്കി. 10 മിനിറ്റിനകം തിരിച്ചു വിളി വരികയും പുതുതായി കുട്ടികൾക്ക് വേണ്ടി തുടങ്ങുന്ന "ട്രാവൽ ടു ടെക്നോളജി" പാക്കേജിനെ പരിചയപ്പെടുത്തുകയുംചെയ്തു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ തന്നെ ആരംഭിച്ച ആദ്യ ട്രിപ്പിന്റെ ഭാഗമാകാനും ഞങ്ങളുടെ കുഞ്ഞുമക്കൾക്കു കഴിഞ്ഞത് ഏറെ അഭിമാനകരമായി തോന്നുന്നു. 

പ്രൈമറി കുട്ടികൾ ആയതുകൊണ്ട് തന്നെ പൊതു ഗതാഗത സംവിധാനത്തെപ്പറ്റി കണ്ടും കേട്ടും മനസ്സിലാക്കാനും ഇത് നല്ലൊരു അവസരമായി തന്നെ ഞങ്ങൾ മനസ്സിൽ കണ്ടു. 41 കുട്ടികളും അധ്യാപകരുമടക്കം 49 പേർ അടങ്ങുന്ന സംഘമായിരുന്നു ഞങ്ങൾ. നല്ല ശബ്ദ നിലവാരത്തിലുള്ള ahuja യുടെ സൗണ്ട് സിസ്റ്റവും ഞങ്ങൾക്ക് വേണ്ടി വണ്ടിയിൽ ക്രമീകരിച്ചിരുന്നു..

മുൻ നിശ്ചയിച്ച പ്രകാരം 8:30 ന് തന്നെ എടത്വ ഡിപ്പോയിൽ നിന്നും വണ്ടി എത്തിയിരുന്നു. കൃത്യം 8.45ന് സ്കൂളിൽ നിന്നും യാത്ര ആരംഭിച്ച ഞങ്ങൾ 

തൊട്ടടുത്തുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളായ തകഴി ശിവശങ്കരപ്പിള്ള മ്യൂസിയം, കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമായ കരുമാടിക്കുട്ടൻ ( ബുദ്ധ പ്രതിമ)സ്മാരകം എന്നിവ സന്ദർശിച്ചു. കൂടാതെ നവംബർ 26 ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് മിൽമ സന്ദർശനവും ഒപ്പം ഡോക്യുമെന്ററി പ്രദർശനം കാണുന്നതിനുള്ള സൗകര്യവും പാക്കേജിൽ ഒരുക്കി തന്നത് കുട്ടികൾക്ക് കൂടുതൽ വിജ്ഞാനപ്രദം ആവുകയും ചെയ്തു. കാഴ്ചക്കാരായി എത്തിയ ഞങ്ങൾക്ക് ഫ്രീയായി മിൽമയുടെ ഐസ്ക്രീം ലഭിച്ചതും കുട്ടികളുടെ സന്തോഷം ഇരട്ടിയാക്കി.

ഉച്ചഭക്ഷണത്തിനായി കെഎസ്ആർടിസി അംഗീകൃത AC ഭക്ഷണശാലയിൽ നിന്നും. ചോറ്,തോരൻ, അവിയൽ,അച്ചാറ്,പപ്പടം മോര്,സാമ്പാർ,പുളിശ്ശേരി, പച്ചടി എന്നീ വിഭവങ്ങൾ അടങ്ങിയ നല്ലൊരു ഊണും കഴിച്ചു.

∙ ആലപ്പുഴയിലേക്ക്...

കളർകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന ബൈപ്പാസിലൂടെയുള്ള യാത്രയിൽ ഒരു ഭാഗം കടലും മറുഭാഗം കരയും എന്ന രീതിയിൽ മിന്നിമറയുന്ന കാണാ കാഴ്ചകൾ ഓരോ കുരുന്നു ഹൃദയത്തിലുമാണ് പതിച്ചത് എന്ന് ഞങ്ങൾക്ക് മനസ്സിലായി... ആടിയും പാടിയും സന്തോഷം നിറഞ്ഞ യാത്ര. ശേഷം കലവൂരിൽ പ്രവർത്തിക്കുന്ന രാജ്യാന്തര കയർ മ്യൂസിയവും അതിനുള്ളിൽ തന്നെ പരമ്പരാഗത രീതിയിലെയും നൂതന രീതിയിലെയും കയറും കയറുൽപന്നങ്ങളും നിർമിക്കുന്നതും നേരിട്ട് കണ്ട് ബോധ്യപ്പെടുവാനും ഉള്ള അവസരവും ലഭിച്ചു.

തുടർന്ന് ആനവണ്ടി പോയത് ആലപ്പുഴ ബീച്ചിനടുത്തുള്ള കുട്ടികളുടെ പാർക്കിലാണ്. ഒന്നരമണിക്കൂറോളം അവിടെ ചെലവഴിച്ച ഞങ്ങൾക്ക്  അപ്പോഴേക്കും ചൂട് ചായയും പഴംപൊരിയുമായി എത്തി... ചെറിയ കുട്ടികൾ ആയതിനാൽ ചായയുടെ ചൂട് ബുദ്ധിമുട്ടാവും എന്ന് കരുതിയാകും ചൂട് ചായ ആറ്റി കുടിക്കുന്നതിന് ഓരോ കപ്പ് കൂടെ തന്നിരുന്നു...എല്ലാവരും ആസ്വദിച്ച് പഴംപൊരിയും കഴിച്ച് വീണ്ടും നടന്നു കടലിലിറങ്ങി.. മൺ കൊട്ടാരങ്ങളും മത്സ്യകന്യകയും എല്ലാം കുഞ്ഞു കൈകളാൽ അവർ നിർമ്മിച്ചു. ഒടുവിൽ 

സൂര്യാസ്തമയവും കണ്ടതിനുശേഷം ഞങ്ങൾ 6. 30 ന് ആലപ്പുഴയിൽ നിന്നും യാത്ര തിരിച്ചു...

കുട്ടികൾ പലരും യാത്രയുടെ ക്ഷീണത്തിൽ ആയിരുന്നാലും മൈക്ക് കൊണ്ട് ചെന്ന് എങ്ങനെയുണ്ടായിരുന്നു ടൂറ്? എന്ന ചോദ്യത്തിന് എല്ലാവർക്കും ഒന്നടങ്കം ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ....ആനവണ്ടി യാത്രയും അടിപൊളി... ഈ മാമന്മാരും അടിപൊളി...’’

ആലപ്പുഴ എഡിയുപി സ്കൂൾ, തലവടി സ്കൂൾ അധ്യാപകൻ ശരൺ സതീന്ദ്ര സമൂഹ മാധ്യമത്തിൽ യാത്രയെക്കുറിച്ച് എഴുതിയതാണിത്.

English Summary:

A heartwarming travelogue about an affordable school trip organized by KSRTC is winning hearts online. Discover how this initiative brought joy and learning to children while showcasing the beauty of Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com