തിരുവനന്തപുരത്തെപ്പോലെ കൊച്ചിയിലും ഡബിള്‍ ഡക്കര്‍ ബസ്
Mail This Article
രാത്രികളില്‍ മാസ്മരിക സൗന്ദര്യമുള്ള കേരളത്തിലെ നഗരമാണ് കൊച്ചി. ആ കൊച്ചി നഗരത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്നുകൊണ്ട് ഒരു ബസ് യാത്രയായാലോ? അതും ഡബിള്‍ ഡക്കര്‍ ബസില്‍! ഈ ക്രിസ്മസ് കാലം മുതല്‍ അങ്ങനെയൊരു അവസരം കൊച്ചിയിലെ നാട്ടുകാരും വിദേശികളുമായ സഞ്ചാരികള്‍ക്ക് ലഭിക്കും. തിരുവനന്തപുരത്തുള്ളതിന് സമാനമായ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസാണ് കൊച്ചിയിലേക്ക് വരുന്നത്.
തലശേരിയില്‍ ഹെറിറ്റേജ് ടൂര്‍ നടത്തിയിരുന്ന ഡബിള്‍ ഡക്കര്‍ ബസാണ് കൊച്ചിയിലേക്ക് കെഎസ്ആര്‍ടിസി കൊണ്ടുവരുന്നത്. ഓപണ്‍ ടോപ്പ് ഡബിള്‍ ഡക്കര്‍ ബസില്‍ വൈകാതെ കൊച്ചിയിലൂടെ സിറ്റി ടൂര്‍ നടത്താനാവും. വിനോദസഞ്ചാരികളേയും നാട്ടുകാരേയും ആകര്‍ഷിക്കാന്‍ ഈ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിനാവുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. അനുയോജ്യമായ റൂട്ട് ഏതെന്ന കാര്യം അന്തിമമായി തീരുമാനിക്കാന്‍ കെഎസ്ആര്‍ടിസി ട്രയല്‍ റണ്ണുകള്‍ ആരംഭിച്ചു കഴിഞ്ഞു.
കൊച്ചിയിലെ സഞ്ചാരികളെ ആകര്‍ഷിക്കാനായതിനാല്‍ തന്നെ കെഎസ്ആര്‍ടിസിയുടെ മുന്‍ഗണന എംജി റോഡ് വഴി ഫോര്‍ട്ട്‌കൊച്ചി വഴിയുള്ള യാത്രക്കായിരുന്നു. എന്നാല്‍ ഇതുവഴി ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ റോഡിന്റെ വലിപ്പക്കുറവും പാതയോരങ്ങളിലെ മരച്ചില്ലകളും കേബിളുകളും കെട്ടിടങ്ങളുമെല്ലാം ഡബിള്‍ ഡക്കറിന്റെ യാത്രക്ക് തടസമായി. ഈ റൂട്ടില്‍ സുഗമമായ യാത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് സര്‍വീസ് മറ്റു റൂട്ടിലേക്കു മാറ്റുന്നത്. ഹൈക്കോടതിയുടെ സമീപത്തു നിന്നും ആരംഭിച്ച് കണ്ടെയ്‌നര്‍ റോഡ് വഴി ചേരാനല്ലൂര്‍ ജംങ്ഷന്‍ വഴി ഇടപ്പള്ളി കുണ്ടന്നൂര്‍, തോപ്പുംപടി വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അവസാനിക്കും വിധമാണ് പുതിയ റൂട്ട് തീരുമാനിച്ചിരിക്കുന്നത്.
വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ 39 കീലോമീറ്റര്‍ ദൂരമാണ് ഈ സര്‍വീസിന്റെ ഭാഗമായി സഞ്ചരിക്കാനാവുക. ഡബിള്‍ഡക്കര്‍ ബസിന്റെ മുകളില്‍ 40 പേര്‍ക്കും താഴെ 30 പേര്‍ക്കും യാത്ര ചെയ്യാനാവും. പരമാവധി പുറംകാഴ്ചകള്‍ ആസ്വദിക്കാനാവുന്ന രീതിയിലാണ് ബസിന്റെ ജനലുകളും സീറ്റുകളും ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളിലൂടെ പോവുന്ന ഈ ഡബിള്‍ ഡക്കര്‍ ബസില്‍ മികച്ച നിലവാരത്തിലുള്ള ഓഡിയോ സിസ്റ്റവും ഉണ്ടാവും. ടൂര്‍ നടക്കുന്ന സമയത്തെല്ലാം പോവുന്ന സ്ഥലങ്ങളുടെ സവിശേഷതകളും മറ്റും കമന്ററിയായി കേള്‍ക്കുകയും ചെയ്യാം.
ടൂര്‍ സര്‍വീസിന് സ്വീകാര്യത കൂടുതലുണ്ടെങ്കില്‍ രാത്രിയില്‍ ഒരു സര്‍വീസ് കൂടി നടത്താന്‍ കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്. ആളില്ലെങ്കില്‍ ആരംഭിക്കാന്‍ പോവുന്ന സര്‍വീസും നിര്‍ത്തലാക്കും. അതേസമയം കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ സര്‍വീസ് വിജയിച്ചാല്‍ കൂടുതല്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ അവതരിപ്പിക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്.
ഈ സര്‍വീസിന്റെ അപ്പര്‍ ഡക്കറിലെ സീറ്റിന് 200 രൂപയും ലോവര്‍ ഡക്കറിലെ സീറ്റിന് 100 രൂപയും ഈടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിസ്മസ്-പുതുവര്‍ഷ കാലത്ത് ഈ സര്‍വീസിന് ആവശ്യക്കാര്‍ വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. നിലവില്‍ തിരുവനന്തപുരത്തു മാത്രമാണ് നഗരം കാണിച്ചുകൊണ്ടുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുള്ളത്. അതേസമയം സംസ്ഥാനത്തെ ഏക ഡബിള്‍ ഡക്കര്‍ യാത്രാ സര്‍വീസ് തോപ്പുംപടി-അങ്കമാലി റൂട്ടിലാണുള്ളത്.