ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടി സൗദിയ, വിഷന്‍ 2030
Mail This Article
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലപ്പെടുത്താന്‍ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയ. കഴിഞ്ഞ അമ്പതു വര്‍ഷമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും സൗദിയ എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും സേവനങ്ങളും വിപുലപ്പെടുത്താനും സൗദിയക്ക് പദ്ധതിയുണ്ട്. സൗദി അറേബ്യയുടെ 'വിഷന്‍ 2030'യുടെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ സൗദിയ വിപുലപ്പെടുത്തുന്നത്.
1965 ല്‍ മുംബൈയിലേക്കുള്ള ആദ്യ സര്‍വീസ് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ വിശ്വസ്ത വ്യോമസര്‍വീസാണ് സൗദിയ. ഇന്ത്യയിലെ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട് എന്നീ ആറു നഗരങ്ങളില്‍ നിന്നായി 54 പ്രതിവാര വിമാന സര്‍വീസുകള്‍ സൗദിയ നടത്തുന്നുണ്ട്. 2030 ആവുമ്പോഴേക്കും 75 ലക്ഷം ഇന്ത്യക്കാര്‍ പ്രതിവര്‍ഷം സൗദി അറേബ്യയിലേക്ക് വരുമെന്നാണ് കണക്കുകൂട്ടുന്നത്.
വിനോദസഞ്ചാരം, ബിസിനസ്, ഹജ്ജ്- ഉംറ പോലുള്ള തീർഥാടനം എന്നിങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായുള്ള യാത്രികര്‍ക്ക് യോജിച്ച രീതിയില്‍ യാത്രാ സേവനങ്ങളും വിമാന സര്‍വീസുകളും സൗദിയ വിപുലപ്പെടുത്തും. യാത്രികരുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രാവല്‍ കംപാനിയന്‍(ടിസി) എന്ന പേരില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിന്റെ പരീക്ഷണവും സൗദിയ നടത്തുന്നുണ്ട്. വ്യക്തികള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍, ഹോട്ടല്‍ ബുക്കിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിശ്വസ്ത സേവനദാതാക്കള്‍ എന്നിങ്ങനെ വ്യത്യസ്ത സേവനങ്ങള്‍ വഴി യാത്രികരുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ ട്രാവല്‍ കംപാനിയന്‍ വഴി സാധിക്കും. അല്‍ഫര്‍സന്‍ എന്ന യാത്രികര്‍ക്കുള്ള ലോയല്‍റ്റി പ്രോഗ്രാമിലും സൗദിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 105 പുതിയ വിമാനങ്ങള്‍ സൗദിയ എയര്‍ലൈന്‍ അവതരിപ്പിക്കും. സൗദി അറേബ്യയെ രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് സൗദിയയുടെ സേവനങ്ങൾ വിപുലപ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്നതില്‍ സൗദിയ എയര്‍ലൈന്‍സിന് തന്ത്രപ്രധാനമായ പങ്കുണ്ട്. 2030 ആവുമ്പോഴേക്കും 33 കോടി അതിഥികളെ സ്വാഗതം ചെയ്യുകയെന്ന സൗദി അറേബ്യയുടെ വലിയ ലക്ഷ്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ പങ്ക് നിര്‍ണായകമാണ്.