ബ്രഹ്‌മപുത്ര നദിയിലൂടെ യാത്ര, 7 ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം
Mail This Article
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കെത്തുന്ന സഞ്ചാരികള്‍ മുൻപാകെ പുതിയൊരു വിനോദ സഞ്ചാര പാത തന്നെ തുറക്കാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍. ബ്രഹ്‌മപുത്ര നദിയിലൂടെ യാത്ര ചെയ്തുകൊണ്ട് ഏഴ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് പുതിയ പദ്ധതി വഴി സഞ്ചാരികള്‍ക്കു ലഭിക്കുക. ഈ പദ്ധതിക്ക് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന്റെ അനുമതി അസം സര്‍ക്കാരിനു ലഭിക്കുകയും ചെയ്തു. വിഖ്യാതമായ ആത്മീയ കേന്ദ്രങ്ങളിലേക്ക് ബ്രഹ്‌മപുത്രയുടെ സൗന്ദര്യവും വിശാലതയും ആസ്വദിച്ചുകൊണ്ട് നടത്താനാവുന്ന പുതിയ യാത്ര തീര്‍ഥാടകരേയും വിനോദ സഞ്ചാരികളേയും ഒരു പോലെ ആകര്‍ഷിക്കാന്‍ പോന്നതാണ്.
അസമിന്റെ മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയാകെ ജീവിതങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്ന മഹാ നദിയാണ് ബ്രഹ്‌മപുത്ര. ഈ ബ്രഹ്‌മപുത്രയിലൂടെയുള്ള യാത്ര അവതരിപ്പിക്കുന്നതിലൂടെ അസം സര്‍ക്കാര്‍ സഞ്ചാരികള്‍ക്കു പുതിയൊരു സാധ്യത തുറന്നിരിക്കുകയാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ അസമിനുള്ള പ്രാധാന്യം വര്‍ധിക്കാനും പുതിയ ബ്രഹ്‌മപുത്ര വഴിയുള്ള ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കു സാധിക്കും.
സാഗര്‍മാല പദ്ധതിക്കു കീഴില്‍ 645.56 കോടി രൂപ ചെലവിട്ടാണ് ഈ പദ്ധതി ഒരുക്കുന്നത്. ഹോപ് ഓണ്‍ ആൻഡ് ഹോപ് ഓഫ് രീതി അടിസ്ഥാനമാക്കിയാവും ബോട്ട് സര്‍വീസ് നടത്തുക. നഗരം കാണുന്നതിനായി ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളിലാണ് ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നത്. ഇതുവഴി നിശ്ചിത സമയത്തേക്ക് സാധുതയുള്ള ടിക്കറ്റാണ് എടുക്കുക. നിശ്ചിത സ്‌റ്റോപ്പുകളില്‍ എവിടെയും ഇറങ്ങാനും സ്ഥലങ്ങള്‍ ആസ്വദിക്കാനും സാധിക്കും. വന്ന ബസിലോ അടുത്ത ബസിലൊ യാത്ര തുടരാനും സാധിക്കും. ബസുകള്‍ക്കു പകരം ബോട്ടുകളില്‍ ഈ രീതി പരീക്ഷിക്കും.
പദ്ധതിയുടെ ഭാഗമായി ബ്രഹ്‌മപുത്രയില്‍ 12 ഫ്‌ളോട്ടിങ് ടെര്‍മിനലുകള്‍ നിര്‍മിക്കും. പാണ്ടുവിലും ജോജിഗോപയിലും രണ്ട് മള്‍ട്ടിമോഡല്‍ ടെര്‍മിനലുകളായിരിക്കും നിര്‍മിക്കുക. ബോഗിബീലിലും ദുബ്രിയിലും രണ്ട് സ്ഥിരം ടെര്‍മിനലുകളും നിര്‍മിക്കും. പദ്ധതിക്കുള്ള അനുമതി ധനകാര്യമന്ത്രാലയം നല്‍കിക്കഴിഞ്ഞു. ബ്രഹ്‌മപുത്രയിലൂടെ യാത്ര ചെയ്ത് സന്ദര്‍ശിക്കാവുന്ന ഏഴ് ക്ഷേത്രങ്ങള്‍ ഏതെല്ലാമെന്നു കൂടി നോക്കാം.
കാമാഖ്യ ക്ഷേത്രം- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവിലും അസമില്‍ പ്രത്യേകിച്ചും പ്രസിദ്ധമായ താന്ത്രിക ക്ഷേത്രമാണിത്. ഗുവാഹത്തിക്ക് പടിഞ്ഞാറ് നീലാചല്‍ കുന്നിന്‍മുകളിലെ ദേവീ ക്ഷേത്രമാണിത്. ഇവിടുത്തെ ദേവീയുടെ ആര്‍ത്തവ ദിനങ്ങളിലാണ് പ്രസിദ്ധമായ അബുബാച്ചി മേള നടക്കുന്നത്. ഇക്കാലത്ത് ബ്രഹ്‌മപുത്ര നദിയും ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയും പോലും ചുവക്കുമെന്നാണ് വിശ്വാസം. ഇക്കാലത്ത് മൂന്നു ദിവസം ക്ഷേത്രം അടഞ്ഞു കിടക്കും. നാലാം ദിവസം നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ചുവന്ന നിറമുള്ള തുണിയാണ് പ്രസാദമായി ലഭിക്കുക.
പാണ്ഡുനാഥ് ക്ഷേത്രം- അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിനോടു ചേര്‍ന്നാണ് പാണ്ഡുനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് മുഖ്യപ്രതിഷ്ഠ. മഹാഭാരതവും പാണ്ഡവരുമായും ബന്ധമുള്ള ഐതിഹ്യങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
അശ്വക്‌ലാന്ത ക്ഷേത്രം- കാമരൂപ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. കൃഷ്ണന്‍ നരകാസുരനെ അന്വേഷിച്ചു പോയപ്പോള്‍ അദ്ദേഹത്തിന്റെ കുതിരകള്‍ ക്ഷീണിച്ചപ്പോല്‍ വിശ്രമിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്.
ദൗള്‍ ഗോവിന്ദ ക്ഷേത്രം- ഹോളി ആഘോഷങ്ങള്‍ക്ക് പേരുകേട്ട ക്ഷേത്രമാണിത്. തേസ്പൂരിലെ ഈ ക്ഷേത്രവും കൃഷ്ണനെ ആരാധിക്കുന്നതാണ്.
ഉമാനന്ദ ക്ഷേത്രം- ബ്രഹ്‌മപുത്രയിലെ ഉമാനന്ദ(മയില്‍) ദ്വീപിലാണ് ഈ സുന്ദരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ, മനുഷ്യവാസമുള്ള ദ്വീപായും ഇത് അറിയപ്പെടുന്നുണ്ട്. 1694 ലാണ് ഈ പൗരാണിക ക്ഷേത്രം നിര്‍മിക്കുന്നത്.
ചക്രേശ്വര്‍ ക്ഷേത്രം- ഹാജോ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യവും സമാധാനപൂര്‍ണമായ അന്തരീക്ഷവുമുള്ള ക്ഷേത്രമാണിത്.
ഔനിയാതി സത്രം ക്ഷേത്രം- ബ്രഹ്‌മപുത്രയിലെ പ്രസിദ്ധമായ നദീ ദ്വീപായ മാജുലിയില്‍ സ്ഥിതി ചെയ്യുന്ന മനോഹര ക്ഷേത്രം. 1653 ലാണ് സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.