2025 ൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 25 സ്ഥലങ്ങള്‍
Mail This Article
വിദേശയാത്രകളാണ് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷത്തെ യാത്രകള്‍ ഇപ്പോള്‍ത്തന്നെ പ്ലാന്‍ ചെയ്ത് തുടങ്ങണം. ടിക്കറ്റും താമസവുമെല്ലാം കുറഞ്ഞ നിരക്കില്‍ കിട്ടണമെങ്കില്‍ നേരത്തെ ബുക്ക് ചെയ്യണം. എങ്ങോട്ടാണ് യാത്ര പോകേണ്ടത്? എന്നാണ് ചിന്തിക്കുന്നതെങ്കില്‍ 2025 ലെ ട്രെന്‍ഡിങ് യാത്രാ സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് യാത്രാ വെബ്സൈറ്റായ ട്രാവല്‍ ലെഷര്‍ ഏഷ്യ.
ഐസ്‌ലാൻഡിലെ റെയ്ക്യവിക് ആണ് 2025 ൽ സന്ദർശിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമായി പറയുന്നത്. ലോകത്തിന്റെ ഏറ്റവും വടക്കുള്ള തലസ്ഥാനനഗരമാണ് ഐസ്‌ലാൻഡിന്‍റെ തലസ്ഥാനമായ റെയ്ക്യവിക്. കാബറെ ബാറുകളുടേയും സംഗീതനിശകളുടേയും നഗരമായ ഇവിടം നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാന്‍ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരിടമാണ്. ഹാൾഗ്രിംസ്‌കിർകിയ എന്ന പള്ളിയുടെ 75 മീറ്റർ ഉയരമുള്ള ഗോപുരവും ബ്ലൂ ലഗൂൺ ദ്വീപും ഹവിറ്റ നദിയിലെ മഴവില്ലിന്‍റെ ആകൃതിയിലുള്ള ഇരട്ടവെള്ളച്ചാട്ടവും ഉഷ്ണജല പ്രവാഹങ്ങളുമെല്ലാം റെയ്ക്യവികിനെ സ്വർഗതുല്യമാക്കുന്നു.
സഞ്ചാരികളുടെ എല്ലാ കാലത്തെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായ ഫുകേത് ആണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ചൈനയിലെ സിയാന്‍ നഗരമാണ് ഉള്ളത്. പ്രകൃതിഭംഗിക്കും അതിശയകരമായ നിർമിതികള്‍ക്കും പേരുകേട്ട നഗരമാണ് സിയാൻ.
നാലാം സ്ഥാനത്ത് ഇന്ത്യയിലെ പുതുച്ചേരിയാണ് ഉള്ളത്. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പുതുച്ചേരി, കാരയ്ക്കല്‍, കേരളത്തിനകത്ത് സ്ഥിതിചെയ്യുന്ന മാഹി, ആന്ധ്രാപ്രദേശിലെ യാനം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് പുതുച്ചേരി കേന്ദ്രഭരണ പ്രദേശം. ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന പുതുച്ചേരി ഇപ്പോഴും മറ്റൊരു ലോകമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പുതുച്ചേരി. ശ്രീ അരബിന്ദോ ആശ്രമവും ഓറോവില്ലും ബീച്ചുകളുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഇന്ത്യ, ബഹ്‌റൈൻ, കാനഡ, ഹോങ്കോംഗ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലുള്ള സഞ്ചാരികള്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാവുന്ന മൗറീഷ്യസും ഈ ലിസ്റ്റില്‍ ഉണ്ട്. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണ് ഗ്രാന്‍ഡ് ബേ.
ഇറ്റലിയിലെ സാർഡിനിയ, ലക്സംബർഗ് സിറ്റി, സീഷെൽസിലെ വിക്ടോറിയ നഗരം, യുഎസ്എയിലെ ഹവായ്, വിയറ്റ്നാമിലെ ഫു ക്വോക്ക് എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മറ്റു നഗരങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള മറ്റു നഗരങ്ങളൊന്നും ഇതില്‍ ഇടംപിടിച്ചിട്ടില്ല. ഈ പട്ടികയിലെ നഗരങ്ങളുടെ മുഴുവന്‍ ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.
1. റെയ്ക്യവിക്, ഐസ്‌ലാൻഡ്
2. ഫുകേത്, തായ്‌ലൻഡ്
3. സിയാൻ, ചൈന
4. പുതുച്ചേരി, ഇന്ത്യ
5. ഗ്രാൻഡ് ബേ, മൗറീഷ്യസ്
6. സാർഡിനിയ, ഇറ്റലി
7. ലക്സംബർഗ് സിറ്റി, ലക്സംബർഗ്
8. വിക്ടോറിയ, സീഷെൽസ്
9. ഹവായ്, യുഎസ്എ
10. ഫു ക്വോക്ക്, വിയറ്റ്നാം
11. അലജുവേല, കോസ്റ്റാറിക്ക
12. എൻഗോറോംഗോരോ ക്രേറ്റർ, ടാൻസാനിയ
13. നുക്, ഗ്രീൻലാൻഡ്
14. ദി ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ
15. സാദിയാത്ത് ദ്വീപ്, യു.എ.ഇ
16. കോർക്ക്, അയർലൻഡ്
17. ടുലൂസ്, ഫ്രാൻസ്
18. ഇൻഡിയോ, യുഎസ്എ
19. ദി ഐൽ ഓഫ് സ്കൈ, സ്കോട്ട്ലൻഡ്
20. ഗാലപ്പഗോസ് ദ്വീപ്, ഇക്വഡോർ
21. മച്ചു പിച്ചു, പെറു
22. നാപാ വാലി, യുഎസ്എ
23. ലാപ്ലാൻഡ്, ഫിൻലാൻഡ്
24. റൈൻ വാലി, ജർമനി
25. കേപ് ടൗൺ, ദക്ഷിണാഫ്രിക്ക