ADVERTISEMENT

പൊതുവില്‍ പ്രശാന്തമായ മൂന്നാറിൽ ഡിസംബര്‍ ആദ്യ വാരം രാജ്യാന്തര തലത്തിലുള്ള ചര്‍ച്ചകള്‍ക്കും കൂട്ടായ്മകള്‍ക്കും വേദിയായി. കേരളത്തിലെ വിനോദ സഞ്ചാര വകുപ്പും യുഎന്‍ വനിതാ വിഭാഗവും ചേര്‍ന്നു സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര വനിതാ കോണ്‍ഫറന്‍സിന്(ഗ്ലോബല്‍ വുമണ്‍സ് കോണ്‍ഫറന്‍സ്-ജിഡബ്ല്യുസി) വേദിയായത് ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടായിരുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ടവരുടെ അനുഭവങ്ങളും കഥകളും പ്രചോദനങ്ങളും പങ്കുവയ്ക്കാന്‍ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ലോകമെങ്ങുമുള്ള വനിതകള്‍ക്ക് ഈ കോണ്‍ഫറന്‍സ് അവസരം നല്‍കി. ഉത്തരവാദിത്ത ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ കേരളം അഭിമാനത്തോടെ ഈ വേദിയില്‍ പങ്കുവച്ചു. സംസ്ഥാന വിനോദസഞ്ചാര മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഈ കോണ്‍ഫറന്‍സ് ലിംഗാധിഷ്ടിത വിനോദ സഞ്ചാര ശ്രമങ്ങളില്‍ നിര്‍ണായകമായി മാറി. 

∙  പ്രതിനിധികളിലെ വൈവിധ്യം

ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, സംരംഭകര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഗൈഡുകള്‍, ടെക് കമ്പനി സ്ഥാപകര്‍, എഴുത്തുകാര്‍, ജെന്‍ഡര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നിങ്ങനെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ളവര്‍ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടില്‍ മൂന്നു ദിവസം നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.  വ്യത്യസ്തമായ അനുഭവമായിരുന്നു ജിഡബ്ല്യുസി എന്നാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒറിജിന്‍ ടൂര്‍സിന്റെ രേഷ്മ എന്‍എം അഭിപ്രായപ്പെട്ടത്. 'വിനോദ സഞ്ചാരമെന്നത് എനിക്ക് ഒരു വ്യവസായം മാത്രമായിരുന്നു. പ്രാദേശികവാസികളേയും പ്രകൃതിയേയും ബുദ്ധിമുട്ടിക്കാതെ ഉത്തരവാദിത്വത്തോടെ എങ്ങനെ ടൂറിസം ചെയ്യാനാവുമെന്നു മനസ്സിലായത് ജിഡബ്ല്യുസിയില്‍ പങ്കെടുത്തതോടെയാണ്.'

കോണ്‍ഫറന്‍സിന്റെ അപൂര്‍വതയെക്കുറിച്ചാണ് ജെന്‍ഡര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അസോസിയേഷന്‍ സ്ഥാപക മരിയ റൊസാരിയ പെഡെമോന്റെ പറഞ്ഞത്. 'ടൂറിസം രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കോണ്‍ഫറന്‍സ് തന്നെ അപൂര്‍വമാണ്. കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് താഴെതട്ട് മുതല്‍ നയിക്കുന്നവരില്‍ വരെ സ്ത്രീകള്‍ നിര്‍ണായക സാന്നിധ്യമാണെന്നു തിരിച്ചറിയുന്നു.'

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ചെയര്‍മാന്‍ ഡോ. ഹരോള്‍ഡ് ഗോഡ്വിന്‍, കേരള റെസ്‌പോന്‍സബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി-സിഇഒ രൂപേഷ് കുമാര്‍ കെ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, യുഎന്‍ വുമണ്‍ പ്രോഗ്രാം സ്‌പെഷലിസ്റ്റ് പൗലോമി പൈ എന്നിങ്ങനെയുള്ള സുപ്രധാന വ്യക്തിത്വങ്ങള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി. 

∙ ചടുലമായ ചര്‍ച്ചകളും വ്യക്തിപരമായ കാഴ്ച്ചപ്പാടുകളും

ഉത്തരവാദിത്വ ടൂറിസം രംഗത്തെ കേരള മാതൃക, ജെന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം, സുരക്ഷിതവും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം, ടൂറിസം രംഗത്തെ രാജ്യാന്തര മാതൃകകള്‍, വനിതാ സൗഹൃദ ടൂറിസം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ ഉദ്ഘാടന ദിവസം മുതല്‍ കോണ്‍ഫറന്‍സില്‍ നടന്നു. സഞ്ചാര വ്യവസായരംഗത്ത് നേരിടേണ്ടി വന്ന വ്യക്തിപരമായ വെല്ലുവിളികളെക്കുറിച്ചും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പലരും അനുഭവങ്ങള്‍ പങ്കുവച്ചു. 

'നീയൊരു പെണ്ണേല്ലേ? ഇത്തരം കാര്യങ്ങളൊക്കെ നിനക്ക് കൈകാര്യം ചെയ്യാനാവുമോ? എന്നാണ് എന്റെ മാതാപിതാക്കള്‍ പോലും സംശയിച്ചത്. സ്ത്രീകള്‍ക്കു വേണ്ടത് പിന്തുണയും പ്രചോദനവുമാണെന്നാണ് വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്നും എനിക്ക് മനസ്സിലായത്. ആത്മവിശ്വാസം ലഭിച്ചാല്‍ അവര്‍ക്ക് അദ്ഭുതങ്ങള്‍ സാധ്യമാക്കാനാവും ' എന്നാണ് തിരുവനന്തപുരം സ്വദേശിയും കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബ് സ്ഥാപകയുമായ ഷൈനി രാജ്കുമാര്‍ പറഞ്ഞത്. 

ഇരുപതാം വയസില്‍ ഒരു സോളോ ട്രിപ്പിനിടെ നേരിട്ട പേടിപ്പിക്കുന്ന അനുഭവമാണ് ദക്ഷിണകൊറിയക്കാരിയായ ഹ്യോജിയോങ് കിമ്മിനെ വനിതകളുടെ കൂട്ടായ്മ സ്ഥാപിക്കാന്‍ പ്രചോദനമായത്. ഇന്ന് സോളോ ട്രാവലേഴ്‌സിനെ സഹായിക്കുന്ന നൊമാഡ്‌ഹെര്‍ എന്ന ആപ്പിന്റെ സ്ഥാപകയാണ് ഹ്യോജിയോങ് കിം. 35 വര്‍ഷം മുമ്പ് എവറസ്റ്റ് ബേസ് ക്യാംപിലേക്ക് ഒറ്റക്ക് നടത്തിയ യാത്രയെക്കുറിച്ചാണ് യുഎന്‍ വുമണ്‍ ഇന്ത്യ പ്രതിനിധി സൂസന്‍ ഫെര്‍ഗുസന്‍ പറഞ്ഞത്. 'അതൊരു വെല്ലുവിളി നിറഞ്ഞതും ഭയപ്പെടുത്തിയതുമായ യാത്രയായിരുന്നു. ബസ് യാത്രകള്‍ മുതല്‍ മുതല്‍ ശൗചാലയം വരെ വെല്ലുവിളിയായി. യാത്ര പുരോഗമിക്കും തോറും സമാന മനസ്സുള്ള യാത്രാ സുഹൃത്തുക്കളെ ലഭിച്ചത് വലിയ ആശ്വാസവും സുരക്ഷാബോധവും നല്‍കി' സൂസന്‍ ഓര്‍മിക്കുന്നു. 

∙ മൂന്നാര്‍ കാണാനും സമയം കണ്ടെത്തി

'മൂന്നാറിലെ മനോഹരമായ പ്രകൃതിഭംഗി എന്റെ നാടിനെ ഓര്‍മിപ്പിക്കുന്നതാണ്. മൂന്നാറിലെ കൂടുതല്‍ സ്ഥലങ്ങള്‍ കാണാനായി ഗ്രാന്‍ഡ് ക്ലിഫിലെ താമസം നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടൂറിസത്തെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ എങ്ങനെ സഹായിക്കാനാവുമെന്നതിന്റെ തെളിവു കൂടിയാണ് ഈ റിസോര്‍ട്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണവും ഭക്ഷണം ഒരുക്കലും നൃത്തം അഭ്യസിപ്പിക്കലുമെല്ലാം ചെയ്യുന്ന സ്ത്രീകള്‍ ഇവിടെയുണ്ട്' എന്നായിരുന്നു ശ്രീലങ്കയില്‍ നിന്നുള്ള ജെന്‍ഡര്‍ സ്‌പെഷലിസ്റ്റ് ചാര്‍മെരി മാല്‍ഗെ പറഞ്ഞത്. കോണ്‍ഫറന്‍സിനെത്തിയ പല പ്രതിനിധികളും പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ പ്രദേശങ്ങള്‍ കാണാനും സമയം കണ്ടെത്തി. ആനകള്‍ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന മാങ്കുളത്തെ ആനക്കുളം, ടൈഗര്‍ കേവ്, ലക്ഷ്മി എസ്റ്റേറ്റ്, വിരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കെല്ലാം പലരും സന്ദര്‍ശനം നടത്തി. 

നീഷ് സ്റ്റേസിന് കീഴിലുള്ളതാണ് ദ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ട്. തേക്കടി, മൂന്നാര്‍, വാഗമണ്‍, വയനാട് എന്നിവിടങ്ങളില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ നീഷ് സ്‌റ്റേസിനു കീഴിലുണ്ട്. 

English Summary:

Global Women’s Conference at Grand Cliff Resort, Munnar: Inclusive, responsible tourism, next-gen style.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com