കൊച്ചിൻ കാർണിവൽ ഇങ്ങെത്തി, ‘യാത്ര പോകാൻ നിങ്ങ റെഡിയല്ലേ?’
Mail This Article
വർഷാവസാനവും വർഷാരംഭവും കൊച്ചിക്കാർക്ക് ഗംഭീരമാകുന്നത് കൊച്ചിൻ കാർണിവലോടു കൂടിയാണ്. കൊച്ചിൻ കാർണിവലിന്റെ നാൽപത്തിയൊന്നാമത് പതിപ്പാണ് ഇത്തവണത്തേത്. ഇത്തവണ കൂടുതൽ ഗംഭീരമായാണ് കൊച്ചിൻ കാർണിവൽ എത്തുന്നത്. ഡിസംബർ എട്ടിന് ആരംഭിച്ച കാർണിവൽ ആഘോഷങ്ങൾ 31 വരെ നീണ്ടു നിൽക്കും. ആവേശകരമായ ആഘോഷങ്ങളും സാംസ്കാരിക പരിപാടികളുമാണ് കൊച്ചിൻ കാർണിവലിന്റെ പ്രത്യേകത. പാരമ്പര്യത്തെ ആധുനികതയുമായി കൂട്ടിയിണക്കുന്ന ഈ ആഘോഷം നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആവേശം പകരുന്നത് ആയിരിക്കും.
ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഡിസംബർ എട്ടിന് യുദ്ധത്തിലെ വീരൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഇതിനെ തുടർന്ന് വാസ്കോ ഡ ഗാമ സ്ക്വയറിൽ കെ ജി മാക്സി എം എൽ എ പതാക ഉയർത്തുന്നതോടെ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
കാർണിവലിന്റെ സമാപനത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് പാപ്പാഞ്ഞി കത്തിക്കലാണ്. അമ്പത് അടി ഉയരമുള്ള പാപ്പാഞ്ഞിയുടെ കോലം കത്തിക്കുന്നതാണ് പരമ്പരാഗതമായി കൊച്ചിൻ കാർണിവലിന്റെ സമാപനം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൌണ്ടിലാണ് ഈ ചടങ്ങ് നടക്കാറുള്ളത്. പാപ്പാഞ്ഞി കത്തിക്കുന്നതോടെ മനോഹരമായ കൊച്ചിൻ കാർണിവലിന് അവസാനമാകും.
ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ആവേശങ്ങളിൽ ഒന്ന് റോബോ - ഇലക്ട്രിക് ആനകളാണ്. പാരമ്പര്യവും പുതുമയും ഒരുപോലെ സമന്വയിക്കുന്ന ഒന്നാണ് ഇത്. ഡിസംബർ 20 മുതൽ വളരെ വ്യത്യസ്തമായ പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി നടക്കുന്നത്. ഡി ജെ പാർട്ടികൾ, മ്യൂസിക് ഫെസ്റ്റിവൽസ് എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്. കൂടാതെ നാദിർഷ, സൂരജ് സന്തോഷ്, അഞ്ജു ജോസഫ് എന്നിവരുടെ ലൈവ് പെർഫോമൻസും ഉണ്ടായിരിക്കും. ഇതെല്ലാം കാർണിവലിന്റെ ഭാഗമാകാൻ നിരവധി ആളുകളെ ഇവിടേക്ക് ആകർഷിക്കുമെന്നാണ് കരുതുന്നത്.
ഇത് കൂടാതെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കാർണിവലിന്റെ ഭാഗമായി നടക്കും. ഫ്ലോട്ടുകൾ, പ്രച്ഛന്നവേഷം, വിവിധ കലാ - കായിക ഇനങ്ങൾ എന്നിവയിൽ പങ്കെടുക്കാം. കൊച്ചിൻ കോർപ്പറേഷൻ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും വിജയികൾക്ക് ലഭിക്കും. ഏകദേശം 90ലധികം ക്ലബുകളും സംഘടനകളുമാണ് പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. വിനോദസഞ്ചാരികൾ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ് കൊച്ചിൻ കാർണിവൽ. സാംസ്കാരിക സമ്പന്നവും മികച്ച പ്രകടനങ്ങളും ഉത്സവാന്തരീക്ഷവും ആണ് കൊച്ചിൻ കാർണിവലിനെ വ്യത്യസ്തമാക്കുന്നത്.