ADVERTISEMENT

ഒരു വർഷം കൂടി അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. കൂടുതൽ തിരക്കുകളിലേക്കും കൂടുതൽ സാങ്കേതിക വിദ്യകളിലേക്കും നമ്മൾ എത്തിച്ചേർന്ന വർഷം. ചിലർ കൂടുതൽ യാത്ര ചെയ്തതും എന്നാൽ മറ്റ് ചിലർ ഒട്ടും യാത്ര ചെയ്യാതെയുമിരുന്ന വർഷം. ഇന്ത്യൻ പൗരൻമാർക്ക് വീസ ഇല്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെ വിദേശത്തേക്കുള്ള വിനോദസഞ്ചാര യാത്രകൾ വർധിച്ചു. വിനോദയാത്ര പോകാനായി ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ സ്ഥലങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഗൂഗിൾ. 2024 ൽ ഇന്ത്യക്കാർ തിരഞ്ഞ വിനോദ സഞ്ചാര സ്ഥലങ്ങളുടെ പട്ടികയാണ് ഗൂഗിൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തിന് അകത്ത് മാത്രമല്ല രാജ്യത്തിന് പുറത്തേക്കും ഇന്ത്യക്കാരുടെ വിനോദസഞ്ചാരം വളർന്നു. ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ താഴെ പറയുന്നവയാണ്. 

Image Credit: scaliger/istockphoto
Image Credit: scaliger/istockphoto

1. അസർബൈജാൻ

ഇന്ത്യക്കാർ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അസർബൈജാനാണ്. യൂറേഷ്യയിലെ ഉദിച്ചുയരുന്ന ഒരു ട്രാവൽ ഡെസ്റ്റിനേഷനായി ഇത് മാറിയിരിക്കുകയാണ്. പുരാതന സംസ്കാരത്തിന് ഒപ്പം ഫ്യൂച്ചറിസ്റ്റിക് സ്കൈലൈനുകളുടെ അസർബൈജാനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റിയിരിക്കുകയാണ്. അസർബൈജാനിലേക്കുള്ള വീസ നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പമായതും ന്യായമായ പണച്ചെലവുകളുമാണ് അസർബൈജാനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവരും ചരിത്രം ഇഷ്ടപ്പെടുന്നവരും ഒരുപോലെ എത്തുന്ന സ്ഥലമായി മാറിയിരിക്കുകയാണ് അസർബൈജാൻ. ബാകുവിലെ പ്രസിദ്ധമായ ഫ്ലേം ടവറുകൾ മുതൽ ഗോബുസ്ഥൻ മഡ് അഗ്നിപർവ്വതങ്ങൾ വരെ സഞ്ചാരികൾക്കു കാണാൻ നിരവധി സ്ഥലങ്ങളാണ് ഇവിടെയുള്ളത്.

Loving couple of tourists in budhist temple Brahma Vihara Arama Banjar Bali, Indonesia. Image Credit: galitskaya/istockphoto
Loving couple of tourists in budhist temple Brahma Vihara Arama Banjar Bali, Indonesia. Image Credit: galitskaya/istockphoto

2. ബാലി

ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബാലിയാണ് ഇന്ത്യക്കാരുടെ തിരച്ചിൽ പട്ടികയിൽ രണ്ടാമത് എത്തിയ സ്ഥലം. ഇവിടുത്തെ ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, പ്രകൃതിയിലെ അദ്ഭുതങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. യാത്രാപ്രേമികൾക്കു മാത്രമല്ല മധുവിധു ആഘോഷിക്കാൻ എത്തുന്ന നവദമ്പതികൾക്കും പ്രിയപ്പെട്ട ഇടമാണ് ബാലി. 

പുതുപുലരി നിറങ്ങൾ: ഹിമാചൽ പ്രദേശിലെ മണാലിയിൽ പ്രഭാത സൂര്യപ്രഭ എത്തിയപ്പോൾ മഞ്ഞിൽ മൂടി നിൽക്കുന്ന മലനിരകളിലുണ്ടായ നിറവ്യതിയാനം. സൂര്യവെളിച്ചമെത്തിയെങ്കിലും പ്രഭ മങ്ങാതെ നിൽക്കുന്ന ചന്ദ്രനെയും കാണാം. ഇന്ന് പുതുവർഷം. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഹിമാചൽ പ്രദേശിലെ മണാലി. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

3. മണാലി

വിദേശരാജ്യങ്ങളിലേക്കു മാത്രമല്ല നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇന്ത്യക്കാർ യാത്ര പോകാൻ താൽപര്യപ്പെടുന്നു. ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ സ്ഥലങ്ങളിൽ മൂന്നാമത് എത്തിയിരിക്കുന്നത് ഹിമാചൽ പ്രദേശിലെ മണാലി ആണ്. അതിമനോഹരമായ സൗന്ദര്യവും മഞ്ഞുമൂടിയ പ്രകൃതദൃശ്യങ്ങളും ഹിമാചൽ പ്രദേശിന്റെ പറുദീസായിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നു. ബിയാസ് നദിയിലെ റാഫ്റ്റിങ് മുതൽ സോളങ് വാലിയിലെ ട്രക്കിങ് വരെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകങ്ങളാണ്. ഓൾഡ് മണാലി കഫേകളിൽ നിന്ന് ലഭിക്കുന്ന ചൂട് ചായ മുതൽ മഞ്ഞിൽ പുതച്ച് നിൽക്കുന്ന കെട്ടിടങ്ങൾ വരെ എല്ലാം കുടുംബങ്ങളെയും ബാക്ക് പാക്കർമാരെയും ഇവിടേക്ക് ആകർഷിക്കുന്നു.

The cable car gondola to Kok Tobe Hill in Almaty, Kazakhstan. Image Credit: benedek/istockphoto
The cable car gondola to Kok Tobe Hill in Almaty, Kazakhstan. Image Credit: benedek/istockphoto

4. കസഖ്സ്ഥാന്‍

മധ്യേഷ്യയിലെ കസഖ്സ്ഥാനാണ് ഇത്തവണ സഞ്ചാരികളുടെ മറ്റൊരു ഇഷ്ടപ്പെട്ട കേന്ദ്രമായി മാറിയത്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാലാമതാണ് കസഖ്സ്ഥാന്റെ സ്ഥാനം. അൽമാട്ടി പോലുള്ള നഗരങ്ങൾ ഇന്ത്യൻ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളായി മാറി. ചാരിൻ കാന്യൺ പോലുള്ള പ്രകൃതിദത്തമായ അദ്ഭുതങ്ങളും സഞ്ചാരികളെ ആകർഷിച്ചു. ഈ നഗരത്തിന്റെ സൗന്ദര്യവും തനിമയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കൂടാതെ, 14 ദിവസത്തേക്ക് വീസ ഇല്ലാതെ ഇവിടെ സന്ദർശിക്കാൻ കഴിയുമെന്നതും ഒരു കാര്യമാണ്. 

Amber Fort and Maota Lake at sunset. Jaipur, Rajasthan. Image Credit: VladimirSklyarov/istockphoto
Amber Fort and Maota Lake at sunset. Jaipur, Rajasthan. Image Credit: VladimirSklyarov/istockphoto

5. ജയ്പുർ

പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുർ. സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും കലവറയാണ് ഈ നഗരം. സിറ്റി പാലസ്, അമേർ ഫോർട്ട്, ഹവാ മഹൽ എന്നു തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ജയ്പുരിലുള്ളത്. ആഡംബരത്തിന്റെയും അതിനൊപ്പം തന്നെ ശാന്തതയുടെയും പര്യായമാണ് ജയ്പുർ.

Ushguli Village, Georgia. Image Credit: tawatchaiprakobkit/istockphoto
Ushguli Village, Georgia. Image Credit: tawatchaiprakobkit/istockphoto

6. ജോർജിയ

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ജോർജിയ. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയും കൊണ്ടാണ് ജോർജിയ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്. ടിബിലിസിയിലെ തെരുവുകളും കഖേത്തിയിലെ മുന്തിരിത്തോട്ടങ്ങളും മഞ്ഞുമൂടിയ കാക്കസസ് മലനിരകളും ജോർജിയയുടെ ആകർഷണീയത വർധിപ്പിക്കുന്നു. കൂടാതെ, ഇവിടെ ഇ-വീസ സൗകര്യമാണെന്നുള്ളതും ഇന്ത്യക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു.

Image Credit : cheechew/istockphotos
Image Credit : cheechew/istockphotos

7. മലേഷ്യ

ഇന്ത്യക്കാരുടെ തിരച്ചിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് മലേഷ്യ. ക്വാലാലംപൂരിലെ പ്രസിദ്ധമായ ട്വിൻ ടവറുകൾ മുതൽ ലങ്കാവിയിലെ അതിമനോഹരമായ ബീച്ചുകൾ വരെ നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. തനിച്ച് ഇവിടേക്ക് എത്തുന്നവർക്കും കുടുംബമായി എത്തുന്നവർക്കും മനോഹരമായ അനുഭവമാണ് മലേഷ്യ നൽകുന്നത്. കൂടാതെ, ബജറ്റ് ഫ്രണ്ട്​ലിയാണെന്നതും വർഷം മുഴുവനും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. 

അയോധ്യയിലെ ലേസർ ഷോ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
അയോധ്യയിലെ ലേസർ ഷോ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

8. അയോധ്യ

ഇന്ത്യക്കാരുടെ തിരച്ചിൽ പട്ടികയിൽ എട്ടാമതായി എത്തിയത് ഉത്തർപ്രദേശിലെ അയോധ്യയാണ്. രാം മന്ദിർ തുറന്നതോടെ അയോധ്യ ഒരു ആത്മീയ തീർഥാടന കേന്ദ്രമായി മാറി. രാജ്യത്തുടനീളമുള്ള ചരിത്രപ്രേമികളും തീർഥാടകരും ഇവിടേക്ക് ഒഴുകിയെത്തി. സാംസ്കാരിക സമ്പന്നതയും ശാന്തമായ ഘാട്ടുകളും പുരാതന ക്ഷേത്രങ്ങളും സഞ്ചാരികളെ അയോധ്യയിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകങ്ങളാണ്. 

Image Credit: filmlandscape/istockphoto
Image Credit: filmlandscape/istockphoto

9. കശ്മീർ

മിക്ക ഇന്ത്യക്കാരും തങ്ങളുടെ യാത്രാപട്ടികയിൽ കശ്മീർ ചേർത്തുവച്ചു. അതുകൊണ്ടു തന്നെ ഇന്ത്യക്കാരുടെ തിരച്ചിൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കശ്മീർ എത്തിയത്. ഗുൽമാർഗിലെ മഞ്ഞുമൂടിയ ഭൂപ്രകൃതിയും ദാൽ തടാകത്തിന്റെ പ്രശാന്തതയും പഹൽഗാമും സഞ്ചാരികളെ ആകർഷിച്ച പ്രധാന സ്ഥലങ്ങളാണ്. കശ്മീരിനെ വർഷം മുഴുവനും സഞ്ചാരികൾക്കു പ്രിയങ്കരമാക്കി മാറ്റുന്നതാണ് അവിടുത്തെ പ്രകൃതിഭംഗി.

Image Credit: Tanmoythebong/instagram
Image Credit: Tanmoythebong/instagram

10. ദക്ഷിണ ഗോവ

ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദക്ഷിണ ഗോവ പത്താം സ്ഥാനത്താണ്. വെള്ള മണൽ നിറഞ്ഞ ബീച്ചുകളും പച്ചപ്പ് നിറഞ്ഞ പരിസരവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. പലോലെം, അഗോണ്ട തുടങ്ങിയ ശാന്തമായ സ്ഥലങ്ങൾ ഏകാന്തത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടങ്ങളാണ്. പോർച്ചുഗീസ് പൈതൃകം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ദക്ഷിണ ഗോവ സന്ദർശിക്കാവുന്നതാണ്. ജനപ്രിയ റസ്റ്റോറന്റുകൾ മുതൽ ബീച്ച് കഫേകൾ വരെ ഇവിടെ സഞ്ചാരികളെ കാത്ത് നിരവധി സൗകര്യങ്ങളാണ് ഉള്ളത്.

English Summary:

Discover the top 10 travel destinations searched by Indians on Google in 2024! From exotic Azerbaijan to serene South Goa, explore the trending spots and uncover why Kerala missed the mark.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com