ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ, സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ഒത്തുചേര്‍ന്ന ഒരിടം. റെഡ് സ്ക്വയർ, ക്രെംലിൻ, വർണാഭമായ സെന്റ് ബേസിൽ കത്തീഡ്രൽ തുടങ്ങിയ കാഴ്ചകളുള്ള തലസ്ഥാന നഗരമായ മോസ്കോ, ലക്ഷക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ പ്രഖ്യാപനവുമായി റഷ്യ. ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തടസങ്ങള്‍ ഒഴിവാക്കി ചെലവ് കുറച്ച് റഷ്യ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നിലവില്‍, ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വീസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാന്‍ വീസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്. വീസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള ഉഭയകക്ഷി കരാര്‍ സംബന്ധിച്ച് ജൂണില്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വീസ രഹിത ഗ്രൂപ് ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. 2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാന്‍ ഇ-വീസ സൗകര്യം ലഭിച്ചിരുന്നു. നാല് ദിവസമാണ് ഇ-വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടത്. കഴിഞ്ഞ വര്‍ഷം റഷ്യ ഏറ്റവും കൂടുതല്‍ ഇ-വീസ അനുവദിച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാംപിന്റെ പശ്‍ചാത്തലത്തിൽ സെൽഫിയെടുക്കുന്ന യുവതി. കീവിൽനിന്നുള്ള ദൃശ്യം. (Photo by Sergei SUPINSKY / AFP)
യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാംപിന്റെ പശ്‍ചാത്തലത്തിൽ സെൽഫിയെടുക്കുന്ന യുവതി. കീവിൽനിന്നുള്ള ദൃശ്യം. (Photo by Sergei SUPINSKY / AFP)

ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമാണ് ഇന്ത്യക്കാർ കൂടുതലും റഷ്യയിലേക്ക് പോകുന്നത്. 2023 ഓഗസ്റ്റ് 1 മുതൽ, റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇ – വീസ നല്‍കി വരുന്നുണ്ട്. അപേക്ഷ നല്‍കി ഏകദേശം നാലു ദിവസത്തിനുള്ളില്‍ തന്നെ ഇത് ലഭ്യമാക്കുന്നുണ്ട്. 2023 ൽ, റഷ്യ ഏറ്റവും കൂടുതൽ ഇ – വീസകൾ അനുവദിച്ച ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് 9,500 ഇ വീസകൾ അനുവദിച്ചു. ഇത് റഷ്യ നൽകിയ മൊത്തം ഇ–വീസകളുടെ 6 ശതമാനമാണെന്നു കണക്കുകള്‍ പറയുന്നു.

Russia
റഷ്യ

2024ന്റെ ആദ്യ പകുതിയില്‍ 28,500 ഇന്ത്യന്‍ സഞ്ചാരികള്‍ മോസ്‌കോ സന്ദര്‍ശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ എവ്ജെനി കോസ്ലോവ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്. 2022ലേതിനെക്കാള്‍ 26 ശതമാനം കൂടുതലാണിത്. ചൈന, ഇറാന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വീസാ രഹിത യാത്ര അനുവദിച്ചത് ടൂറിസം രംഗത്ത് റഷ്യക്ക് ഗുണകരമായിരുന്നു. ഇതോടെയാണ് ഇന്ത്യക്കാര്‍ക്കും സമാന സേവനം നല്‍കാന്‍ ആലോചിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 62 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം.

russia
റഷ്യ

ഹെർമിറ്റേജ് മ്യൂസിയത്തിനും സമൃദ്ധമായ വിന്റർ പാലസിനും പേരുകേട്ട സെന്റ് പീറ്റേഴ്‌സ്ബർഗ് റഷ്യയുടെ സാമ്രാജ്യത്വ ഭൂതകാലത്തിന്‍റെ സ്മരണകളുമായി നിലകൊള്ളുന്നു. സൈബീരിയയുടെ അതിവിശാലമായ സൗന്ദര്യവും അനുഭവിച്ചറിയേണ്ടതാണ്. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കൽ തടാകം, ശീതകാലത്ത് വെളുത്ത കനമാര്‍ന്ന മഞ്ഞുപാളികൾ നിറയുന്ന കാഴ്ചയ്ക്ക് പേരുകേട്ടതാണ്. മോസ്കോയ്ക്കടുത്തുള്ള പുരാതന നഗരങ്ങള്‍ നിറഞ്ഞ ഗോൾഡൻ റിങ് പരമ്പരാഗത റഷ്യൻ വാസ്തുവിദ്യയെയും സംസ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. മേയ് മാസത്തില്‍ വസന്തത്തിന്റെ അവസാനമോ, സെപ്റ്റംബര്‍ മാസത്തിലെ ശരത്കാലത്തിന്റെ തുടക്കമോ ആണ് റഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary:

Discover the potential for visa-free travel to Russia from India. Explore the latest news on visa procedures, tourist attractions, and the growing interest of Indian travelers in Russia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com