ADVERTISEMENT

നിഗൂഡതകളുടെ നാടെന്നാണല്ലോ ഉത്തര കൊറിയ അറിയപ്പെടുന്നത്. പുറംലോകത്തിനു വെളിപ്പെടുത്താത്ത പൊതുജീവിതവും രഹസ്യങ്ങളും നിറഞ്ഞ വിചിത്രമായ രാജ്യം. സഞ്ചാരികൾക്ക് പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ആ രാജ്യത്ത് അതിഥികൾക്കായി ഇതുവരെ പണികഴിയാത്ത ഒരു ഹോട്ടലുണ്ട്. 36 വർഷമായി പണി നടന്നുകൊണ്ടിരിക്കുന്ന ഈ ഹോട്ടൽ ഇന്നുവരെ ഒരു അതിഥിയേയും സ്വീകരിച്ചിട്ടില്ല, ഉത്ഘാടനവും ചെയ്തിട്ടില്ല. ഹോട്ടൽ ഓഫ് ഡൂം എന്നറിയപ്പെടുന്ന ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇതിന്റെ പണി എന്നുകഴിയുമെന്നോ, ആർക്കെങ്കിലും അതിൽ താമസിക്കാനാകുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ഉത്തര കൊറിയ എന്ന രാജ്യം പോലെ തന്നെ ഒരു എത്തുംപിടിയും കിട്ടാത്ത കാര്യമാണ്. 

Empty roads and Ryugyong Hotel under construction. Image Credit: Martin Cígler/en.wikipedia.org
Empty roads and Ryugyong Hotel under construction. Image Credit: Martin Cígler/en.wikipedia.org

600 മില്യൺ പൗണ്ട് വിലയുള്ള പണിതീരാത്ത ഹോട്ടൽ

1,080 അടി ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആളൊഴിഞ്ഞ കെട്ടിടങ്ങളിലൊന്നാണ് റ്യൂഗ്യോങ്ങ് ഹോട്ടൽ. ഹോട്ടൽ ഓഫ് ഡൂം എന്നറിയപ്പെടുന്ന 105 നിലകളുള്ള ഈ കെട്ടിടം ഒരു അതിഥിക്ക് പോലും ഇന്നുവരെ ആതിഥ്യമരുളിയിട്ടില്ല, എന്നാൽ രാജ്യാന്തര ആകർഷണീയ വിഷയമായി നിലകൊള്ളുന്നു.1987 ലാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. പിരമിഡിന്റെ ആകൃതിയുള്ള ഈ കെട്ടിടം ശരിക്കുപറഞ്ഞാൽ 1989-ൽ പൂർത്തിയാകേണ്ടതായിരുന്നു, എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഉത്തര കൊറിയ വലിയ പ്രക്ഷുബ്ധതയിലേക്ക് കൂപ്പുകുത്തിയതിനാൽ രാഷ്ട്രീയ മാറ്റങ്ങൾ ഈ ലക്ഷ്യത്തെ തടഞ്ഞു.1992-ൽ നിർമാണം താൽക്കാലികമായി നിർത്തിവച്ചെങ്കിലും അതിനുശേഷം ഇടയ്ക്കിടെ  ഇതിന്റെ ജോലി നടക്കുന്നുണ്ടായിരുന്നു.

Image Credit: Canva/ STR/ KCNA VIA KNS/ Handout / South Korea's Joint Chiefs of Staff / AFP)
Image Credit: Canva/ STR/ KCNA VIA KNS/ Handout / South Korea's Joint Chiefs of Staff / AFP)

ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ എന്ന ഖ്യാതി സ്വന്തമാക്കാനായി നിർമാണം ആരംഭിച്ച ഈ വിചിത്ര ഹോട്ടലുള്ളത്. ഏകദേശം 600 മില്യൺ പൗണ്ട് പദ്ധതിക്കായി ചെലവഴിച്ചിട്ടും, വർഷങ്ങളായി കെട്ടിടത്തിന്റെ പുരോഗതി മുടങ്ങിക്കിടക്കുകയാണ്. ഉത്തരകൊറിയ ആസ്ഥാനമായുള്ള ബൈക്‌ദൂസൻ ആർക്കിടെക്‌ട്‌സ് ആൻഡ് എൻജിനീയേഴ്സാണ് ഈ ഹോട്ടൽ ഡിസൈൻ ചെയ്തിരിക്കുന്നത്. 2008 വരെ ഈജിപ്ഷ്യൻ നിക്ഷേപകരിൽ നിന്നുള്ള സാമ്പത്തിക സംഭാവന ജനാലകൾ സ്ഥാപിക്കുന്നതിനും കെട്ടിടത്തിന്റെ പുറംഭാഗം നിർമിക്കുന്നതിനും ലഭിച്ചിരുന്നു. പിന്നീട് അതും നിന്നുപോയി. 2012-ലും 2013-ലും ഹോട്ടൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതിയുടെ നിർമ്മാണം തുടരുന്നതിനാൽ അതും സംഭവിച്ചില്ല. 

Photo Credits: irko Kuzmanovic/ Shutterstock.com
Photo Credits: irko Kuzmanovic/ Shutterstock.com

ആസൂത്രണം ചെയ്തതുപോലെ ഹോട്ടൽ തുറന്നിരുന്നെങ്കിൽ, അതിൽ അഞ്ച് റിവോൾവിങ് റസ്റ്ററന്റുകളും ഏകദേശം 3,000 മുറികളും ഉണ്ടായിരിക്കും. 105 നിലകളിലായി ഒരു പിരമിഡിന്റെ ആകൃതിയിലാണ് ഇതിന്റെ ഘടന. 92 ൽ നിർമാണം നിർത്തിവച്ചതിനുശേഷം 16 വർഷക്കാലം ഹോട്ടൽ വെറുമൊരു കോൺക്രീറ്റ് കെട്ടിടമായി കിടന്നു. ആ സമയത്താണ് ഇതിന് ഹോട്ടൽ ഓഫ് ഡൂം എന്ന പേര് ലഭിക്കുന്നത്. പണി നിർത്തിവയ്ക്കുമ്പോൾ ഒരു വലിയ ക്രെയിൻ കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി ഉപേക്ഷിക്കപ്പെട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം, ക്രെയിൻ നീക്കം ചെയ്യുകയും 144 മില്യൺ പൗണ്ട് വിലയുള്ള ലോഹവും ഗ്ലാസും കൊണ്ട് റ്യൂഗ്യോങ്ങ് ഹോട്ടൽ പുനഃനിർമിക്കുകയും  ചെയ്തു.

2012 ന്റെ അവസാനത്തിൽ, ജർമൻ ഹോട്ടൽ ഗ്രൂപ്പായ കെംപിൻസ്കി അടുത്ത വർഷം അതിന്റെ മാനേജ്മെന്റിനു കീഴിൽ റ്യൂഗ്യോങ്ങ് ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം കമ്പനി പിൻവാങ്ങി. ഇന്നും ഇതിന്റെ കാരണം വ്യക്തമല്ല. 

ജോലി ആരംഭിച്ച് 35 വർഷത്തിലേറെയായിട്ടും ഹോട്ടൽ ഇതുവരെ അതിഥികൾക്കായി തുറന്നിട്ടില്ല എന്നത് നിഗൂഡമായി തുടരുന്നു. ഇനി എന്നെങ്കിലും അത് തുറക്കുമോ എന്നതും ആർക്കും പിടികിട്ടാത്ത ഉത്തരമായി, ഉത്തര കൊറിയുടെ ഹൃദയത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടം പോലെ ഉയർന്നുതന്നെ നിൽക്കും. 

English Summary:

Discover the Ryugyong Hotel, North Korea's infamous unfinished skyscraper, a £600 million enigma standing as one of the world's largest buildings. Learn its history, challenges, and ongoing mystery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com