ADVERTISEMENT

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവരാണ് മിക്കവരും. സുഖകരമായ കാലാവസ്ഥയും വ്യത്യസ്തമായ സംസ്കാരവുമെല്ലാം സഞ്ചാരികളെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ബ്രഹ്മപുത്ര നദിയുടെ അതിമനോഹരമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബ്രഹ്മപുത്ര കാർണിവലിൽ പങ്കെടുക്കാൻ ഇപ്പോൾ ഇതാ ഒരു സുവർണാവസരം. മൂന്നുമാസം നീണ്ടു നിൽക്കുന്ന ബ്രഹ്മപുത്ര കാർണിവൽ  2025 മാർച്ച് 15 വരെയാണ്. അസമിന്റെ വിനോദസഞ്ചാര മേഖലയിൽ അതിമനോഹരമായ അനുഭവങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഒന്നാണ് ഇത്.

യാത്രയിൽ സാഹസികത അന്വേഷിക്കുന്നവർക്ക് പറ്റിയ ഒരു ഇടമാണ് ബ്രഹ്മപുത്ര കാർണിവൽ. സ്പീഡ് ബോട്ട് റൈഡുകൾ, കയാക്കിംഗ്, ജെറ്റ് സ്കീയിംഗ്, എ ടി വി റൈഡുകൾ, റിവർ റാഫ്റ്റിംഗ്, ബങ്കീ ജംപിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബ്രഹ്മപുത്ര നദിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ധൈര്യമായി ബ്രഹ്മപുത്ര കാർണിവലിന് വണ്ടി കയറിക്കോളൂ.

സാംസ്കാരിക ഘോഷയാത്ര

അസമിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം കൂടിയാണ് ബ്രഹ്മപുത്ര കാർണിവൽ. പങ്കെടുക്കുന്നവർക്ക് പരമ്പരാഗതമായ സംഗീത - നൃത്ത പ്രകടനങ്ങൾ ആസ്വദിക്കാനുള്ള അവസരമുണ്ട്. കച്ചേരികളും താൽപര്യമുള്ളവർക്ക് അത് ആസ്വദിക്കാവുന്നതാണ്. കൂടാതെ, പ്രാദേശിക കരകൗശല വസ്തുക്കളുടെയും പാചകരീതികളുടെയും പ്രദർശനങ്ങൾ ഉണ്ടായിരിക്കും. അസമിന്റെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു വിരുന്ന് കൂടിയായിരിക്കും കാർണിവൽ.

ആഡംബരമായി താമസിക്കാം

അവധിക്കാലം കുറച്ച് അടിപൊളിയാക്കി ആഘോഷിക്കാൻ ആഡംബരമാക്കാനും ഇവിടെ ഓപ്ഷനുകളുണ്ട്. ഓരോ താമസസ്ഥലവും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഡീലക്സ് ടെൻ്റുകൾ, റോയൽ ടെൻ്റുകൾ, പ്രീമിയം ടെന്റുകൾ തുടങ്ങി ഓരോ താമസസൗകര്യങ്ങളും സന്ദർശകർക്ക് മനോഹരമായ അനുഭവമാണ് നൽകുന്നത്. നദിയുടെ ശാന്തമായ സൗന്ദര്യം ആസ്വദിച്ച് ആഡംബരത്തോടെ വിശ്രമിക്കാം.

ഗുവാഹത്തി കാണാം

കാർണിവൽ കൂടാതെ ഗുവാഹത്തിയുടെ സൗന്ദര്യം പര്യവേക്ഷണം ചെയ്യാനും അവസരമുണ്ട്. കാമാഖ്യ ക്ഷേത്രം, പോബിതോറ വന്യജീവി സങ്കേതം, ഉമാനന്ദ ക്ഷേത്രം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെ ആസ്വദിക്കാനായി ഉള്ളത്. കാർണിവൽ നടക്കുന്നതിന് സമീപത്തായാണ് ഈ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇക്കാരണങ്ങൾ കാർണിവലിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നു.

എങ്ങനെ എത്താം

ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന് 22.5 കിലോമീറ്റർ അകലെയാണ് കാർണിവൽ നടക്കുന്ന സ്ഥലം. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.4 കിലോമീറ്റർ അകലം മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ കാർണിവൽ നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുക എന്നത് ഒട്ടും വിഷമകരമായ കാര്യമല്ല. ടാക്സികളും പ്രിപെയിഡ് ഓട്ടോകളും യാത്രകൾ സുഗമമാക്കുന്നു. അസമിന്റെ സംസ്കാരവും സാഹസികതയും പ്രകൃതിഭംഗിയും സഞ്ചാരികളെ ഒരേപോലെ ആകർഷിക്കുന്ന ഒന്നാണ് ബ്രഹ്മപുത്ര കാർണിവൽ.

English Summary:

Experience the thrill of the Brahmaputra Carnival in Assam! Enjoy adventure activities, cultural performances, and luxurious accommodation. Explore Guwahati's attractions – book your trip now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com