മഞ്ഞുവീഴുന്ന മൂന്നാർ, യാത്രയിൽ ഈ കാഴ്ചകൾ കാണാൻ മറക്കരുത്
Mail This Article
ആകാശത്ത് നിന്ന് മുഴുവൻ മേഘവും താഴേക്ക് ഇറങ്ങി വന്ന ഫീലാണ് മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടങ്ങളുടെ ദൃശ്യം കാണുമ്പോൾ തോന്നുന്നത്. ഒട്ടേറെ സഞ്ചാരികളാണ് ഈ ദൃശ്യം കാണാനായി പുലർച്ചെ ടോപ്പ് സ്റ്റേഷനിൽ എത്തുന്നത്. മൂടൽ മഞ്ഞില്ലാത്ത തെളിഞ്ഞ കാലാവസ്ഥകളിൽ പുലർച്ചെ ഇവ കാണാൻ സാധിക്കും. ടോപ്പ് സ്റ്റേഷനിലെ മേഘപ്പാടത്തിന്റെ സൂര്യോദയസമയത്തു പകർത്തിയ ദൃശ്യം. കൊളുക്കുമലയാണ് പശ്ചാത്തലത്തിൽ .
മൂന്നാർ തണുത്തു വിറയ്ക്കുന്നു, താപനില മൈനസിലെത്തി
മൂന്നാറിൽ അതിശൈത്യം, താപനില മൈനസിലെത്തി. ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലാണ് ഇന്നലെ പുലർച്ചെ താപനില മൈനസ് ഡിഗ്രി സെൽഷ്യസിലെത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, നയമക്കാട്, ലാക്കാട് എന്നിവിടങ്ങളിൽ പൂജ്യവും മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയുമായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രി അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മൂന്നാർ യാത്രയിൽ അറിയേണ്ടതെല്ലാം
മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്.
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. അതേ സമയം ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിർമിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറ. നയനങ്ങളെ അവിസ്മരണീയമാക്കുന്ന കാഴ്ചകൾക്ക് പോകാം മൂന്നാറിലേക്ക്. തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്ര.
ചീയപ്പാറ വെള്ളച്ചാട്ടം
നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ഒഴുകുന്നു. റോഡരികിൽ നിന്നു കണ്ടാ സ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്
രാജമല
ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീല ക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാ നമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ. രാജമലയുടെ അടിവാരത്തേക്കു മൂന്നാറിൽ നിന്ന് 14 കി.മീ പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ചിന്നക്കനാൽ
തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാർ യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കൽ അണ ക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്ക നാലിലെ മറ്റൊരു ഡെസ്റ്റിനേഷൻ.
മാട്ടുപെട്ടി അണക്കെട്ട്
മൂന്നാർ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപെട്ടി അണക്കെട്ട്. താഴ്‍വരയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറിൽ നിന്നു 15 കി.മീ.
കുണ്ടള അണക്കെട്ട്
ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടമുണ്ട്.
ടോപ് സ്റ്റേഷൻ
മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദി ക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ.തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷൻ (മൂന്നാർ കൊടൈക്കനാൽ റോഡ്).
പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയൊരു യാത്ര
പാമ്പാടുംചോലയുടെ വന്യതയും പശ്ചിമഘട്ടത്തിന്റെ തണുപ്പുമേറ്റു യാത്ര ചെയ്യാൻ ഇതിലും മികച്ചൊരു ഇടമില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെ തൊട്ടടുത്തു കണ്ടറിഞ്ഞ് ഒരു ചെറിയ സാഹസികയാത്ര. വനത്തിനുള്ളിലെ പഴയ മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റൂട്ടിലൂടെയാണ് ഈ യാത്ര. വനം വകുപ്പാണു ട്രെക്കിങ് പ്രോഗ്രാം നടത്തുന്നത്. മൂന്നാർ ടോപ് സ്റ്റേഷൻ കഴിഞ്ഞു വട്ടവടയിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം ടിക്കറ്റെടുക്കാം. ഒരാൾക്ക് 300 രൂപ.
സ്പൈസസ് ഗാര്‍ഡൻ
സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാറിലെ മലനിരകൾ . സുഗന്ധവ്യഞ്ജന തോട്ടം സന്ദര്‍ശിക്കുക എന്നത് മൂന്നാറിൽ എത്തുന്നവർക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ടൂർ ഗൈഡ് ഓരോ സുഗന്ധവ്യഞ്ജനത്തിന്റെയും പച്ചമരുന്നിന്റെയും ഗുണവും പ്രാധാന്യവും മനസ്സിലാക്കി തരുന്നത് സഞ്ചാരികൾക്ക് പ്രയോജനകരമാണ്. കൂടാതെ തോട്ടങ്ങൾക്കെല്ലാം തന്നെ വിശ്വാസയോഗ്യമായ മരുന്നുകളുടെ വില്പനശാലകളുമുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രയെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാം.
മൂന്നാറിലെ ഷോപ്പിംഗ്
മൂന്നാർ വളരെ ചെറിയ ഒരു നഗരമാണ്. എങ്കിലും കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. കോടമഞ്ഞു ചൊരിയുന്ന മൂന്നാറിൽ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തേയിലപ്പൊടികളും ഹെർബൽ ഉത്പന്നങ്ങളുമാണ് സുലഭമായുള്ളത്. മൂന്നാറിൽ എത്തുന്നവർ മൂന്നാറിന്റെ മണമുള്ള തേയിലപ്പൊടി വാങ്ങാതെ ഒരു മടക്കയാത്രയില്ല.