വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രയും ആഡംബരമാക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Mail This Article
ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുക എന്നതു സുഖസൗകര്യങ്ങളെ ത്യജിക്കുക എന്നല്ല അർഥമാക്കുന്നത്. ചെറിയ ട്രിക്കുകളും യാത്രാ തന്ത്രങ്ങളും ഉപയോഗിച്ചാൽ നിങ്ങൾക്കും ഇക്കോണമി ക്ലാസിൽ ആഡംബരപൂർണമായി യാത്ര നടത്താം. രജനികാന്തിനെപ്പോലുള്ള സൂപ്പർസ്റ്റാറുകൾ ഈ സംവിധാനം ഉപയോഗിക്കുന്നത് വാർത്തയായിട്ടുണ്ട്. ഇവർക്കു യാത്ര ചെയ്യാമെങ്കിൽ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ. ഇക്കോണമി എന്നുപറയുമ്പോൾ ഒരു സൗകര്യങ്ങളുമില്ലെന്നു കരുതരുത്. നിങ്ങളുടെ സീറ്റിങ് അപ്‌ഗ്രേഡുചെയ്യുന്നത് മുതൽ സ്മാർട്ടായി പാക്കിങ് ചെയ്യുന്നതുവരെ, അടുത്ത ഇക്കോണമി ക്ലാസ് ഫ്ലൈറ്റ് അനുഭവം കൂടുതൽ ആഡംബരപൂർണമാക്കുന്നതിനുള്ള ചില വഴികൾ ഇതാ.
1. ഒന്ന് ശ്രദ്ധിച്ച് സീറ്റ് തിരഞ്ഞെടുക്കാം
ഇക്കോണമി ക്ലാസിൽ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കുകയാണെങ്കിൽ ചില ആനുകൂല്യങ്ങളൊക്കെ ആസ്വദിക്കാനാകും. അധിക ലെഗ്റൂമിനായി നിങ്ങൾക്ക് എക്സിറ്റ് റോ അല്ലെങ്കിൽ ബൾക്ക്ഹെഡ് സീറ്റ് തിരഞ്ഞെടുക്കാം. ഇനി വിൻഡോ സീറ്റാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, സുഗമമായ യാത്രയ്‌ക്കും എത്തിച്ചേരുമ്പോൾ വേഗത്തിൽ പുറത്തുകടക്കാനും വിമാനത്തിന്റെ മുൻവശത്തുള്ള സീറ്റ് തിരഞ്ഞെടുക്കാനും ശ്രമിക്കുക.
2. ഒരു കംഫർട്ട് കിറ്റ് പായ്ക്ക് ചെയ്യുക
നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കാൻ കുറച്ച് വ്യക്തിഗത ഇനങ്ങൾ കയ്യിൽ കരുതുന്നത് നല്ലതാകും. ഉദാഹരണത്തിന് ഒരു ട്രാവൽ പില്ലോയോ ഷീറ്റോ അങ്ങനെ എന്തെങ്കിലും കരുതിയാൽ ഏറെ സഹായകമാകും.അതുപോലെ ഹെഡ്‌ഫോണുകളും ഇയർപ്ലഗുകളും ഉപയോഗിച്ചാൽ ക്യാബിനിലെ ശബ്‌ദം തടയാൻ കഴിയും, ഇനി ജലാംശം നിലനിർത്താനും ഭക്ഷണപാനീയങ്ങൾക്കുള്ള ഉയർന്ന വില നൽകാതിരിക്കാനും ലഘുഭക്ഷണങ്ങളും റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിലുകളും പായ്ക്ക് ചെയ്യാൻ മറക്കരുത്.
3. മികച്ച വസ്ത്രധാരണം
യാത്ര ചെയ്യുമ്പോൾ ഏറ്റവും മികച്ചതായി കാണപ്പെടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെങ്കിലും സൗകര്യത്തിനായിരിക്കണം നിങ്ങളുടെ മുൻഗണന. ഏറ്റവും കംഫർട്ടബിളായിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. വിമാനത്തിലെ താപനില വ്യത്യാസമുള്ളതിനാൽ അതിന് അനുയോജ്യമാകും വിധമുള്ള വസ്ത്രങ്ങൾ കരുതുന്നതും നല്ലതായിരിക്കും. അതുപോലെ സുരക്ഷാ പരിശോധനകൾ എളുപ്പമാക്കാൻ സ്ലിപ്പ്-ഓൺ ഷൂസുകൾ ധരിക്കാം.
4. ഇൻ-ഫ്ലൈറ്റ് വിനോദം സൃഷ്ടിക്കാം
എയർലൈനിന്റെ പരിമിതമായ സിനിമകളെയും ടിവി ഷോകളെയും ആശ്രയിക്കുന്നതിനുപകരം യാത്രയ്ക്ക് മുൻപ് ഫോണിലേക്കോ ടാബ്‌ലെറ്റിലേക്കോ സിനിമകളോ ടിവി ഷോകളോ പോഡ്‌കാസ്റ്റുകളോ ഡൗൺലോഡ് ചെയ്യാം. യാത്രയിലുടനീളം നിങ്ങളുടെ ഉപകരണങ്ങൾ ഊർജസ്വലമായി നിലനിർത്താൻ ഒരു പോർട്ടബിൾ ചാർജർ പായ്ക്ക് ചെയ്യാൻ മറക്കരുത്. ഇത്തരം ലളിതമായ നുറുങ്ങുകൾ ശ്രദ്ധിച്ചാൽ അടുത്ത എക്കണോമി ഫ്ലൈറ്റ് കൂടുതൽ ആഡംബരപൂർണമായ അനുഭവമാക്കി മാറ്റാനാകും.