12 മാസങ്ങൾ, അൻപതിലധികം അവധി ദിവസങ്ങളാക്കൂ!; ദാ പിടിച്ചോ... ട്രാവൽ കലണ്ടർ 2025
Mail This Article
യാത്ര പോകണമെന്ന് അതിയായ ആഗ്രഹവും പോകാൻ അതിലേറെ സ്ഥലങ്ങളുമുണ്ട്. എന്നാൽ, ജോലിത്തിരക്കു കാരണം ഒരു യാത്ര പോലും നടക്കാത്തവരാണ് അധികവും. അവധി കിട്ടുന്നില്ല എന്ന വിഷമമാണ് മിക്കവർക്കും. എന്നാൽ, ഓരോ പുതുവർഷം വരുമ്പോഴും കലണ്ടർ ഒന്ന് അടിമുടി നോക്കിയാൽ ഒന്നോ രണ്ടോ ദിവസം മാത്രം അവധി എടുത്താൽ മതി!. 2025ൽ ഇത്തരത്തിൽ ഒന്ന് അവധി എടുത്ത് കറങ്ങാൻ പോയാലോ. പൊതു അവധികൾ, അവധി ദിവസങ്ങൾ എന്നിവ കണക്കു കൂട്ടി ഒന്നോ രണ്ടോ ദിവസം അവധി കൂടി എടുത്താൽ കുറച്ചധികം ദിവസങ്ങൾ അവധിയായി ലഭിക്കും. നേരത്തെ തന്നെ ആസൂത്രണം ചെയ്താൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി അടിപൊളിയായി യാത്ര പോകുകയും ചെയ്യാം.
ജനുവരി
ജനുവരി 13 ന് ഒരു അവധി എടുത്താൽ പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെ ഒരു നീണ്ട വാരാന്ത്യം നിങ്ങൾക്കു ലഭിക്കും. ജനുവരിയിൽ ശൈത്യകാലമായതിൽ തണുപ്പ് ആസ്വദിക്കാനും ആഘോഷങ്ങളിൽ പങ്കാളികളാകാനും ഈ അവസരം ഉപയോഗിക്കാം. ഈ സമയത്ത് അഹ്മദാബാദിൽ വർണാഭമായ കൈറ്റ് ഫെസ്റ്റിവൽ, ആസ്വദിക്കാൻ പോകാം.
ഫെബ്രുവരി
ഫെബ്രുവരി മാസത്തിൽ ഒരു നാല് ദിവസം ഓഫീസിൽ നിന്ന് അവധി ലഭിച്ചാൽ ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന സമയമാണ് ലഭിക്കുന്നത്. ഫെബ്രുവരി 26 നാണ് ശിവരാത്രി. ബുധനാഴ്ചയാണ് ശിവരാത്രി എത്തുന്നത്. അപ്പോൾ, 24, 25, 27, 18 എന്നീ ദിവസങ്ങളിൽ അവധി എടുത്താൽ ബാക്കിയുള്ള ശനിയും ഞായറും എല്ലാം ചേർന്ന് ഒമ്പത് ദിവസം അവധി ലഭിക്കും. ഈ അവധിക്കാലത്ത് ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രം സന്ദർശിക്കാവുന്നതാണ്. രാജസ്ഥാൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കൊടൈക്കനാൽ എന്നിവയാണ് ആ സമയം സന്ദർശിക്കാൻ കഴിയുന്ന മറ്റ് സ്ഥലങ്ങൾ.
മാർച്ച്
മാർച്ച് 14ന് ഹോളിയാണ്. തുടർന്നുള്ള ശനിയും ഞായറും അവധിയായതിനാൽ ആകെ മൂന്നു ദിവസം അവധി ലഭിക്കും. മാർച്ച് 31ന് ഉഗാദിയും അതിനോടൊപ്പം തന്നെ ചെറിയ പെരുന്നാളുമാണ്. ബ്രജ് മേഖലയിലെ ഹോളി ആഘോഷങ്ങൾ ആയിരങ്ങളെ ആകർഷിക്കുന്നു. കേരളത്തിൽ മൂന്നാർ, വയനാട് പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയം കൂടിയാണ് മാർച്ച്.
ഏപ്രിൽ
വിഷുവും ദുഃഖവെള്ളിയും ഒരേ ആഴ്ചയിൽ തന്നെ വരുന്നതിനാൽ 2 അല്ലെങ്കിൽ 3 ദിവസം അവധി എടുത്താൽ നീണ്ട അവധിക്കാലമാണ് കാത്തിരിക്കുന്നത്. ഏപ്രിൽ 15, 16, 17 ദിവസങ്ങളിൽ അവധി എടുത്താൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം ലഭിക്കും. ഡാർജിലിങ്, ഷിംല പോലെയുളള സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പറ്റിയ സമയമാണ്. ഉത്തരാഖണ്ഡിലെ തീർഥാടകർക്കായി ചാർധാമുകൾ തുറക്കുന്നതും ഈ സമയത്താണ്.
മേയ്
ലോക തൊഴിലാളി ദിനമായ മേയ് ദിനം അഥവാ മേയ് ഒന്ന് ഇത്തവണ വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച ഒരു ദിവസത്തെ അവധി കൂടി എടുത്താൽ നാലു ദിവസം നീണ്ടു നിൽക്കുന്ന വാരാന്ത്യമാണ് ലഭിക്കുക. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ കാണാൻ മേയ് മാസമാണ് ഏറ്റവും ഉചിതം. ലഡാക്ക് പോലെയുള്ള സ്ഥലങ്ങളിലേക്കു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ പോകാം. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാനും മനോഹരമായ കാഴ്ചകൾ കാണാനും തണുപ്പുള്ള സ്ഥലങ്ങളിലേക്ക് പോകാവുന്നതാണ്.
ജൂൺ, ജൂലൈ, ഓഗസ്റ്റ്
ജൂൺ മാസത്തിൽ ബക്രീദ് എത്തുന്നത് ഒരു വെള്ളിയാഴ്ചയാണ്. ജൂൺ ആറിനാണ് ബക്രീദ്. നാല്, അഞ്ച് ദിവസങ്ങളിൽ അവധി എടുത്താൽ ആകെ അഞ്ചു ദിവസം അവധി ലഭിക്കും. മഴ തുടങ്ങുന്ന സമയം ആയതിനാൽ തന്നെ അത്തരത്തിൽ ചെറിയ യാത്രകൾ ക്രമീകരിക്കാവുന്നതാണ്. ജൂലൈയിൽ കാര്യമായ അവധികൾ ഒന്നുമില്ല. ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനം എത്തുന്നത് ഒരു വെള്ളിയാഴ്ചയാണ്. ഓഗസ്റ്റ് 13, 14 ദിവസങ്ങളിൽ അവധി എടുത്താൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഒരു വാരാന്ത്യമാണ് ലഭിക്കുക.
സെപ്തംബർ
സെപ്തംബറിൽ 1, 2, 3 ദിവസങ്ങളിൽ അവധി എടുത്താൽ ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലമാണ് ലഭിക്കുന്നത്. സെപ്തംബർ നാലിന് ഒന്നാം ഓണവും അഞ്ചിന് തിരുവോണവും ആണ്. ഓണവുമായി ബന്ധപ്പെട്ട നിരവധി വിശേഷങ്ങളാണ് ഈ സമയത്ത് നടക്കാറുള്ളത്. കേരളത്തിന്റെ തനതു സംസ്കാരവും പാരമ്പര്യവും ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയ സമയം കൂടിയാണ് ഇത്.
ഒക്ടോബർ
മഹാനവമി ഒക്ടോബർ ഒന്നിനും വിജയദശമി ഒക്ടോബർ രണ്ടിനുമാണ്. സെപ്തംബർ 29, 30 ഒക്ടോബർ 3 എന്നീ ദിവസങ്ങളിൽ അവധി എടുത്താൽ ലഭിക്കാൻ പോകുന്നത് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം. നവരാത്രി നാളുകൾ ആയതിനാൽ അത്തരത്തിലുള്ള കാഴ്ചകൾ കാണാൻ യാത്ര പോകാൻ പറ്റിയ സമയമാണ് ഇത്. മൺസൂൺ അവസാനിച്ച് ശൈത്യകാലം തുടങ്ങുന്ന കാലമാണ്. ദസറ, നവരാത്രി, ദുർഗ പൂജ ആഘോഷങ്ങൾ കാണാൻ ഉത്തർപ്രദേശ്, ഗുജറാത്ത്, കൊൽക്കത്ത, മൈസൂരു എന്നിവിടങ്ങളിലേക്ക് പോകാം.
നവംബർ
നവംബറിൽ ഇതു പോലൊരു അവധി എടുത്തു കറങ്ങാൻ പോകാം എന്നു കരുതി യാത്ര മാറ്റി വയ്ക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ന്യൂജെൻ സ്റ്റൈലിൽ ‘ത്രീജി...’ആയെന്നു പറഞ്ഞാൽ മതിയല്ലോ. നവംബറിൽ പ്രത്യേകിച്ച് അവധി ഒന്നുമില്ല. ഇനി നിർബന്ധമായും നവംബറിൽ തന്നെ യാത്ര പോകണമെന്നുള്ളവർ രണ്ടാം ശനിയാഴ്ച കണക്കാക്കി അവധി എടുത്ത് കറങ്ങാൻ പൊയ്ക്കോളൂ. അല്ലാതെ, വേറെ വഴിയില്ല മല്ലയ്യാാ...!
ഡിസംബർ
വീണ്ടും ഒരു വർഷം കൂടി അതിന്റെ അവസാനത്തിലേക്ക് എത്തുകയാണ്. ഡിസംബർ 26ന് അവധിയെടുത്താൽ നാല് ദിവസത്തെ ക്രിസ്മസ് അവധി ലഭിക്കും. മണാലി, ഗോവ, കശ്മീർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയമാണ്. തണുപ്പ് ആസ്വദിക്കാനായി ഊട്ടി, മൂന്നാർ, വയനാട് എന്നിവിടങ്ങളിലേക്കും യാത്ര പോകാവുന്നതാണ്.
ആശയം ∙ സനു തിരുവാർപ്പ് , ലേഖനം ∙ ജോയ്സ് ജോയ്