ദിവസവും എത്തുന്നത് ആയിരക്കണക്കിനാളുകള്‍; ട്രെവി ഫൗണ്ടന് കാണാന്‍ വന്‍തിരക്ക്
Mail This Article
മൂന്നു മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, റോമിലെ ഐതിഹാസികമായ ട്രെവി ജലധാര 2024 ഡിസംബർ 22 ന് വീണ്ടും തുറന്നു. റോമൻ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷത്തോടനുബന്ധിച്ചാണ് നവീകരണം നടത്തിയത്. ക്രിസ്മസ് രാവിൽ ആരംഭിച്ച ജൂബിലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി ജലധാരയ്ക്കൊപ്പം, നഗരത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളും വൃത്തിയാക്കി. അടുത്ത വര്‍ഷത്തെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് സന്ദർശകര്‍ റോമില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഇറ്റാലിയൻ തലസ്ഥാനത്തെ പ്രധാന ആകർഷണങ്ങളിലൊന്നായ സ്മാരകത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 327,000 യൂറോ ($341,000) ആകെ ചെലവായി. ശുചീകരണത്തിന്‍റെ ഭാഗമായി, ജലധാരയിലെ പൂപ്പൽ, കാൽസ്യം രൂപീകരണം മുതലായവ നീക്കം ചെയ്തു.
∙ പ്രവേശനഫീസും സമയവും
തിരക്ക് ഒഴിവാക്കാൻ, ജലധാരയിലേക്കുള്ള പ്രവേശനം ഒരു സമയം 400 സന്ദർശകർക്കു മാത്രമായി പരിമിതപ്പെടുത്തും. സന്ദർശകർ ഓൺലൈനായി ബുക്ക് ചെയ്യുകയും പ്രവേശിക്കുന്നതിന് 2 യൂറോ ($2.20) നൽകുകയും വേണം. അകത്ത് കടന്നാൽ, അവർക്കു ജലധാര ആസ്വദിക്കാൻ 30 മിനിറ്റ് ലഭിക്കും.
∙ മൂന്നു റോഡുകളുടെ കവല
റോമിലെ ട്രെവി ജില്ലയിലാണ് ഈ ജലധാര ഉള്ളത്. "മൂന്ന് തെരുവുകളുടെ കൂടിച്ചേരല്‍" എന്നർഥം വരുന്ന ട്രിവിയം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ജലധാരയുടെ പേര് വന്നത്. വിയാ ഡി ക്രോസിച്ചി, വിയാ പോളി, വിയാ ഡെല്ലെ മുരാട്ടെ എന്നിവയുടെ മധ്യഭാഗത്തായാണ് ജലധാര സ്ഥിതി ചെയ്യുന്നത്.
∙ രൂപകല്‍പ്പനയും നിർമാണവും
ഇറ്റാലിയൻ വാസ്തുശില്പിയായ നിക്കോള സാൽവി രൂപകൽപ്പന ചെയ്ത ജലധാര, 1762 ൽ ഗ്യൂസെപ്പെ പന്നിനി പൂർത്തിയാക്കി. 26.3 മീറ്റർ (86 അടി) ഉയരവും 49.15 മീറ്റർ (161.3 അടി) വീതിയുമുള്ള ട്രെവി, നഗരത്തിലെ ഏറ്റവും വലിയ ബറോക്ക് ജലധാരയാണ്. റോമിന്‍റെ 35 കിലോമീറ്റര്‍ കിഴക്കുള്ള ടിവോളി മേഖലയില്‍ നിന്നുള്ള ട്രാവര്‍ട്ടിന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്‍റെ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത്.
പുരാതന റോമിലേക്ക് വെള്ളം വിതരണം ചെയ്ത ജലസംഭരണികളിലൊന്നായ അക്വാ വിർഗോയില്‍ നിന്നാണ് ഇവിടേക്കുള്ള വെള്ളം ലഭിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ഇതിന്‍റെ ഒരു വശത്ത് സ്ഥാപിച്ചിട്ടുള്ള പ്രത്യേക ടാപ്പിൽ നിന്ന് വെള്ളം കുടിക്കാം.
∙ നവീകരണ പ്രവര്‍ത്തനങ്ങള്‍
പുകമഞ്ഞ് മൂലമുണ്ടാകുന്ന നിറ വ്യത്യാസം നീക്കം ചെയ്യുന്നതിനായി 1988 ൽ ജലധാര നവീകരിച്ചു. പിന്നീട്, 1998 ൽ ഇതിലെ വിള്ളലുകളും മറ്റും കരകൗശല വിദഗ്ധർ നന്നാക്കി, ജലധാരയിൽ റീസർക്കുലേറ്റിങ് പമ്പുകൾ സജ്ജീകരിച്ചു. പിന്നീട്, 2014-2015 കാലഘട്ടത്തില്‍ ഇറ്റാലിയൻ ഫാഷൻ കമ്പനിയായ ഫെൻഡി സ്പോണ്‍സര്‍ ചെയ്ത, 2.2 ദശലക്ഷം യൂറോയുടെ പുനരുദ്ധാരണം നടത്തി. ജലധാരയുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ ഈ പുനരുദ്ധാരണം 20 മാസത്തോളം നീണ്ടുനിന്നു.
∙ നാണയം എറിയല്‍ ചടങ്ങ്
സന്ദര്‍ശകര്‍ ജലധാരയിലേക്ക് നാണയം എറിയുന്നത് ഇവിടുത്തെ ഒരു പ്രധാന ചടങ്ങാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് വീണ്ടും റോമിലേക്ക് തിരിച്ചുവരാനാകും എന്ന് പറയപ്പെടുന്നു. ഏകദേശം 3,000 യൂറോ ഓരോ ദിവസവും ജലധാരയിലേക്ക് വലിച്ചെറിയപ്പെടുന്നു. 2016 ൽ, ഏകദേശം 1.4 മില്യൺ യൂറോ (1.5 മില്യൺ യുഎസ് ഡോളർ) ജലധാരയിലേക്ക് വലിച്ചെറിയപ്പെട്ടു. ഇങ്ങനെ കിട്ടുന്ന പണം കാരിത്താസ് അസോസിയേഷന് സംഭാവന ചെയ്യുകയും അവര്‍ അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ജലധാരയിൽ നിന്ന് നാണയങ്ങൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളും പതിവായി നടക്കുന്നുണ്ട്.
റോമൻ ഹോളിഡേ, ലാ ഡോൾസ് വീറ്റ, ലിസി മക്ഗുയർ മൂവി എന്നിവ ഉൾപ്പെടെ നിരവധി സിനിമകളിൽ ജലധാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1973 ൽ, ഇറ്റാലിയൻ തപാൽ വകുപ്പ് ട്രെവി ജലധാരയുടെ പേരില്‍ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി.