ഡൽഹിയിൽ നിന്ന് മീററ്റിലേക്ക് ഇനി അതിവേഗം എത്താം; നമോ ഭാരത് ട്രെയിൻ
Mail This Article
രാജ്യത്തെ ആദ്യ ആർആർടിഎസിന്റെ (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) ഭാഗമായി പരമാവധി 15 മിനിറ്റ് ഇടവേളയിൽ ന്യൂ അശോക് നഗറിനും സൗത്ത് മീററ്റിനുമിടയിൽ ‘നമോ ഭാരത്’ ട്രെയിനുകൾ ലഭ്യമാണ്. ആദ്യ ട്രെയിൻ രാവിലെ 6നും അവസാനത്തെ ട്രെയിൻ രാത്രി 10നുമാണ് ഇരുവശങ്ങളിൽ നിന്നും ആരംഭിക്കുന്നത്. ഞായറാഴ്ച മാത്രം ആദ്യ സർവീസ് 8നാണ് തുടങ്ങുക. പുതിയ ആർആർടിഎസ് പാതയിലൂടെ യാത്രികർക്ക് 40 മിനിറ്റു സഞ്ചരിച്ചാൽ ഡൽഹിയിൽ നിന്നു മീററ്റിലേക്ക് എത്താം. ഡൽഹിക്കും മീററ്റിനും ഇടയിൽ ദിവസവും സഞ്ചരിക്കേണ്ടി വരുന്നവരുടെ യാത്ര കൂടുതൽ എളുപ്പമാകുകയാണ് ഇതിലൂടെ.
പ്രാദേശിക യാത്രാരംഗത്ത് ഒരു വലിയ കുതിച്ചുചാട്ടം തന്നെയായിരിക്കും ഡൽഹി - മീററ്റ് പാതയിലെ മാറ്റം. യാത്രാ സമയത്തിൽ വലിയ കുറവ് വരും എന്നതു തന്നെയാണ് പ്രധാനമാറ്റങ്ങളിൽ ഒന്ന്. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നമോ ഭാരത് ട്രെയിനിൽ യാത്ര ചെയ്തു.
ഉത്തർപ്രദേശിലെ സാഹിബാബാദിനെ ഡൽഹിയിലെ ന്യൂ അശോക് നഗറുമായി ബന്ധിപ്പിക്കുന്ന ഡൽഹി - മീററ്റ് RRTS ഇടനാഴിയുടെ 13 കിലോമീറ്റർ ഭാഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ ഭാഗത്ത് 6 കിലോമീറ്റർ ഭൂഗർഭ സ്ട്രെച്ചും ഉൾപ്പെടുന്നു.
∙യാത്രാ സമയം
റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം വരുന്നതോടെ ന്യൂ അശോക് നഗറിനും മീററ്റ് സൗത്തിനും ഇടയിലുള്ള യാത്രാ സമയം 40 മിനിറ്റായി കുറയും. നേരത്തെ ഉണ്ടായിരുന്ന യാത്രാ സമയം നോക്കുമ്പോൾ ഇത് വലിയ മാറ്റമാണ്.
ഓരോ 15 മിനിറ്റിലും ഈ പാതയിൽ ട്രെയിൻ ഉണ്ടാകും. ന്യൂ അശോക് നഗറിൽ നിന്ന് മീററ്റ് സൗത്തിലേക്ക് ഉള്ള ആർആർടിഎസ് കോറിഡോർ 55 കിലോമീറ്ററാണ്. 11 സ്റ്റേഷനുകളാണ് ഈ ദൂരപരിധിക്കുള്ളിൽ ഉള്ളത്. ഓരോ 15 മിനിറ്റിലും ട്രെയിനുകൾ ഉണ്ടായിരിക്കും.
ന്യൂ അശോക് നഗറിൽ നിന്നു മീററ്റ് സൗത്തിലേക്കു യാത്ര ചെയ്യുന്നതിനു സ്റ്റാൻഡേർഡ് കോച്ചിലാണെങ്കിൽ 150 രൂപ നൽകണം. പ്രീമിയം കോച്ചിലാണ് യാത്ര ചെയ്യുന്നതെങ്കിൽ 225 രൂപയാണ് യാത്രാ ടിക്കറ്റ് നിരക്ക്.
പുതിയതായി ഉദ്ഘാടനം ചെയ്ത 13 കിലോമീറ്റർ ദൂരത്തിൽ ആറ് കിലോമീറ്റർ ഭൂഗർഭ പാതയാണ്. ഇതിൽ ആനന്ദ് വിഹാർ സ്റ്റേഷനും ഉൾപ്പെടുന്നു. ഡൽഹി മെട്രോയിലെ ബ്ലൂ, പിങ്ക് ലൈനുകളുടെ ട്രാൻസിറ്റ് ഹബ് കൂടിയാണ് ആനന്ദ് വിഹാർ സ്റ്റേഷൻ. ഏതായാലും പുതിയ ആർആർടിഎസ് സെക്ഷൻ ആരംഭിച്ചതോടെ ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാദൂരം മൂന്നിലൊന്നായി കുറഞ്ഞു.
ആർആർടിഎസ് കോറിഡോർ പൂർത്തിയാകുമ്പോഴുള്ള പൂർണമായ ദൂരം 82 കിലോമീറ്ററാണ്. ഡൽഹിയിലെ സറൈ കലേ ഖാനിൽ നിന്ന് മീററ്റിലെ മോദിപുരം വരെയാണ് ആർആർടി എസ് കോറിഡോർ. ഈ ദൂരപരിധിക്കുള്ളിൽ 16 നമോ ഭാരത് സ്റ്റേഷനുകളും 9 മീററ്റ് മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുന്നു.
പ്രീമിയം ക്ലാസ് ടിക്കറ്റും
പ്രീമിയം കോച്ചിൽ റിക്ലൈനിങ് കുഷ്യൻ സീറ്റ്, ഫൂട്ട് ആൻഡ് ആം റെസ്റ്റ്, ഫുഡ് വെൻഡിങ് മെഷീൻ, ലാപ്ടോപ്, മൊബൈൽ ചാർജിങ് സൗകര്യം, സൂര്യപ്രകാശം ക്രമീകരിക്കാൻ സൺ വൈസർ, കോട്ട് ഹുക്ക് എന്നിവയുണ്ടാകും. മറ്റ് കോച്ചുകളിൽ സാധാരണ സീറ്റാണുള്ളത്. മൊബൈൽ യുഎസ്ബി ചാർജിങ് സൗകര്യം ലഭിക്കും. പ്രീമിയം കോച്ചിനു തൊട്ടടുത്തായി ലേഡീസ് ഒൻലി കോച്ചുണ്ടാകും. മറ്റ് കോച്ചുകളിൽ വനിതകൾക്കായി റിസർവ് ചെയ്തിട്ടുള്ള സീറ്റുകളുമുണ്ട്. വെബ്സൈറ്റ്: rrts.co.in
ശ്രദ്ധിക്കാൻ
∙ ടിക്കറ്റ്: ‘നമോ ഭാരത്’ എന്ന ആർആർടിഎസ് മൊബൈൽ ആപ്, ഡൽഹി മെട്രോയുടെ ‘ഡിഎംആർസി മൊമന്റം 2.0’ ആപ് എന്നിവ വഴി ഓൺലൈനായി ടിക്കറ്റെടുക്കാം. ടിക്കറ്റെടുത്ത് 2 മണിക്കൂറിനുള്ളിൽ യാത്ര തുടങ്ങണം. സ്റ്റേഷനിലെ കൗണ്ടറുകളിൽ നിന്നെടുക്കുന്ന ക്യുആർ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത അരമണിക്കൂറിനുള്ളിൽ യാത്ര തുടങ്ങണം. റുപേ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ഉപയോഗിച്ചും യാത്ര ചെയ്യാം. 90 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആപ് വഴി 6 പേർക്ക് വരെ ഒന്നിച്ച് ടിക്കറ്റെടുക്കാം.
∙ പാർക്കിങ്: ഓരോ സ്റ്റേഷനിലും ഇനിയെത്ര പാർക്കിങ് സ്ലോട്ട് ലഭ്യമാണെന്നും നിരക്ക് എത്രയാണെന്നും ‘നമോ ഭാരത്’ ആപ് വഴി അറിയാം. ഹെൽമറ്റ് 12 മണിക്കൂർ വരെ സൂക്ഷിക്കാൻ 5 രൂപയാണ് നിരക്ക്.
∙ ട്രാക്കിങ്: നമോ ഭാരത് ആപ്പിലെ ട്രെയിൻ ട്രാക്കിങ് ഓപ്ഷൻ ഉപയോഗിച്ചാൽ ട്രെയിനുകൾ ഏതൊക്കെ സ്റ്റേഷനുകളിലാണുള്ളതെന്ന് ഒറ്റനോട്ടത്തിൽ അറിയാനാകും. ഒരു സ്റ്റേഷനിൽ അടുത്ത അരമണിക്കൂറിനുള്ളിൽ എപ്പോഴൊക്കെ ട്രെയിനെത്തുമെന്നും മനസ്സിലാക്കാം. ടിക്കറ്റ് ബുക്കിങ് സമയത്തും ഏറ്റവും ഉടനെ എത്തുന്ന ട്രെയിനുകൾ ഏതൊക്കെയാണെന്നു കാണാനാകും.
∙ ഡിസ്കൗണ്ട്: ആപ് ഉപയോഗിച്ച് ആദ്യമായി ബുക്ക് ചെയ്യുമ്പോൾ 50 രൂപ ഇളവുണ്ടാകും. ആപ് വഴിയുള്ള ബുക്കിങ്ങിന് പൊതുവേ 10% ഡിസ്കൗണ്ട് ഉണ്ട്. ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ആപ്പിൽ ഓരോ ലോയൽറ്റി പോയിന്റ് ലഭിക്കും. ഇവ കൂട്ടിവച്ച് പിന്നീട് ടിക്കറ്റ് എടുക്കുമ്പോൾ ‘റെഡീം’ ചെയ്യാം. നിങ്ങൾ മറ്റൊരാളെ ആപ്പിലേക്ക് ക്ഷണിച്ചാൽ രണ്ടാൾക്കും 50 രൂപ വീതം ലഭിക്കും.
വരും, കൂടുതൽ ആർആർടിഎസ് ഇടനാഴികൾ
∙ ഡൽഹി– ഗുരുഗ്രാം– അൽവർ
∙ ഡൽഹി– പാനിപ്പത്ത്
∙ ഡൽഹി– ഫരീദാബാദ്– പൽവൽ
∙ ഗാസിയാബാദ്– ഖുർജ
∙ ഡൽഹി– ബഹാദൂർഗഡ്– റോത്തക്
∙ ഗാസിയാബാദ്– ഹാപുട്
∙ ഡൽഹി– ഷഹാദ്ര– ബടൗത്