ആറാം നിലയിലെ പെട്രോള്‍ പമ്പ്! ബസിലെ ആകാശയാത്ര!; ഇത് മാജിക് സിറ്റി
Mail This Article
'ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ചൈനയിലെ ചോങ്ചിങ്. ആറുനില കെട്ടിടത്തിന് മുകളിലെ പെട്രോള്‍ പമ്പ്! അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലൂടെ പോവുന്ന ട്രെയിന്‍! ആകാശത്തിലൂടെ പോവുന്ന ബസ്! കാറുകള്‍ക്കായി എലിവേറ്ററുകള്‍! നദിയിലൂടെ ഒഴുകുന്ന ബഹു നില റസ്റ്ററന്റ്! 39 നില കെട്ടിടത്തിന്റെ താഴ്ചയില്‍ പോവുന്ന സബ് വേ! ഒരു തെരുവിന്റെ ഒരു ഭാഗം ഗ്രൗണ്ട് ഫ്‌ളോറെങ്കില്‍ മറുവശം 18ാം നില!
ഇതുകൊണ്ടൊക്കെ '5ഡി നഗരം', 'മാജിക് സിറ്റി' എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ലഭിച്ച നഗരമാണ് ചോങ്ചിങ്. ആരെയും അമ്പരപ്പിക്കുന്നതാണ് ചോങ്ചിങ്. ചൈനീസ് സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന നാല് മുന്‍സിപ്പാലിറ്റികളിലൊന്നാണ് ചോങ്ചിങ്. ബീജിങ്, ഷാന്‍ഹായ്, ടിയാന്‍ജിന്‍ എന്നിവയാണ് മറ്റു മൂന്നെണ്ണമെന്നത് ചോങ്ചിങില്‍ ചൈനക്കുള്ള പ്രാധാന്യം തെളിയിക്കുന്നു. 2.88 കോടിയിലേറെ പേര്‍ താമസിക്കുന്ന പ്രദേശമാണിത്. ചൈനയും ജപ്പാനും തമ്മില്‍ നടന്ന യുദ്ധകാലത്ത്(1937-1945) ചൈനയുടെ യുദ്ധ തലസ്ഥാനമായിരുന്നു ചോങ്ചിങ്. അന്നത്തെ ബങ്കറുകളും ഭൂഗര്‍ഭ ഒളിത്താവളങ്ങളുമെല്ലാം ഇന്ന് ഭൂമിക്കടിയിലെ റോഡുകളും പൊതു സ്ഥലങ്ങളുമൊക്കെയായി മാറിക്കഴിഞ്ഞു.
ടിബറ്റന്‍ പീഡഭൂമി താഴ്‌വരയോട് ചേരുന്ന ഭാഗത്താണ് ചോങ്ചിങിന്റെ സ്ഥാനം. ഭൂമിശാസ്ത്രപരമായ ഈ സവിശേഷതയും ചോങ്ചിങിനെ 5ഡി നഗരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. യാങ്‌സീ അടക്കം നിരവധി നദികളും മലകളുമുള്ള പ്രദേശം കൂടിയാണിത്. ഇത് വലിയ തോതില്‍ ഭൂമിശാസ്ത്രപരമായ ഉയരവ്യത്യാസങ്ങള്‍ക്കും ഇടയാക്കുന്നു. പടിഞ്ഞാറു നിന്നു കിഴക്കോട്ട് ഏകദേശം 665 കിലോമീറ്റര്‍ നീളത്തിലാണ് യാങ്‌സീ നദി ഒഴുകുന്നത്.
∙ ആറാം നിലയിലെ പെട്രോള്‍ പമ്പ്!
ഇങ്ങനെയൊരു അമ്പരപ്പിക്കുന്ന പെട്രോള്‍ പമ്പിനെക്കുറിച്ച് ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (സിജിടിഎന്‍) നേരത്തെ റിപ്പോട്ട് ചെയ്തിരുന്നു. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലും പെട്രോള്‍ പമ്പുണ്ട്. ആറാം നിലയിലാണ് അടുത്ത പെട്രോള്‍ പമ്പുള്ളത്. ഇവിടെ ഇന്ധനം നിറക്കാന്‍ കെട്ടിടത്തിനുള്ളിലൂടെ വാഹനങ്ങള്‍ കയറി പോവേണ്ടതില്ല. ആറാം നില ചെന്നെത്തി നില്‍ക്കുന്നത് മറ്റൊരു റോഡിലാണ്. ഈ റോഡിലൂടെ പോവുന്ന വാഹനങ്ങള്‍ക്ക് റോഡിനരികിലെ പെട്രോള്‍ പമ്പാണിത്. എന്നാല്‍ കെട്ടിടത്തിന്റെ ആറാം നിലയിലാണെന്നു മാത്രം!
∙ അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലൂടെ പോവുന്ന ട്രെയിന്‍
മലകള്‍ക്കുള്ളിലൂടെയും നദിക്കു മുകളിലൂടെയുമെല്ലാം ട്രെയിന്‍ പോവുന്നത് കണ്ടിരിക്കും. നിരവധി പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് ഉള്ളിലൂടെ ട്രെയിന്‍ പോവുന്നതു കണ്ടിട്ടുണ്ടോ? അതും ചോങ്ചിങിലുണ്ട്. 2004 മുതല്‍ മെട്രോ ട്രെയിന്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളിലൂടെ പോവുന്നുണ്ട്. ചോങ്ചിങ് റെയില്‍ ട്രാന്‍സിറ്റ് ലൈന്‍ 2 ആണ് അപ്പാര്‍ട്ട്‌മെന്റിലൂടെ കടന്നു പോവുന്നത്. ഇതിന്റെ വിഡിയോ യുട്യൂബില്‍ ഇട്ടത് വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു.
∙ ബസിലെ ആകാശയാത്ര!
ചോങ്ചിങിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഇവിടെയും പ്രധാന പങ്കുവഹിക്കുന്നത്. ഒരേ നിരപ്പിലൂടെ പോവുന്നതിന് നിര്‍മിച്ച പാലങ്ങള്‍ക്ക് 20 നില കെട്ടിടത്തിന്റെ വരെ ഉയരമുണ്ട്. താഴെ നിന്നും നോക്കിയാല്‍ ആകാശത്തിലൂടെ ബസ് പോവുന്ന പോലെ തോന്നും. ബസിലൂടെ നോക്കിയാലും തല ചുറ്റിപോവും.
∙ 39 നില താഴെയുള്ള സബ്‌വേ!
ന്യൂയോര്‍ക്കില്‍ സബ് വേ 1903 ല്‍ തുടങ്ങിയെങ്കില്‍ ചോങ്ചിങിലെ ഹോങ്യാന്‍കുന്‍ സബ് വേ സ്‌റ്റേഷന്‍ 2022ല്‍ മാത്രമാണ് തുടങ്ങിയത്. എന്നാല്‍ ലോകത്തില്‍ ഏറ്റവും താഴ്ച്ചയിലൂടെയുള്ള സബ് വേ എന്ന സ്ഥാനം ഈ സബ് വേ സ്റ്റേഷന് സ്വന്തമാണ്. തറ നിരപ്പില്‍ നിന്നും 381 അടി താഴ്ചയിലാണ് ഈ സബ് വേ സ്ഥിതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 13 മിനിറ്റെങ്കിലും വേണ്ടി വരും ഈ സബ് വേയുടെ കവാടത്തില്‍ നിന്നും താഴെ സ്റ്റേഷനിലേക്ക് എത്തിച്ചേരാന്‍. മൂന്നു വ്യത്യസ്ഥ സൈഡ്‌വാക്ക് വാക്ക്‌വേകളിലൂടെയാണ് താഴേക്കെത്തുക.