ADVERTISEMENT

ബോളിവുഡില്‍ നിന്നും പറന്നുയര്‍ന്ന്, ഹോളിവുഡിന്‍റെ ഉയരങ്ങളിലെത്തിയ പ്രിയങ്ക ചോപ്രയുടെ യാത്രാ ചിത്രങ്ങള്‍ വൈറല്‍. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. തന്‍റെ പുതിയ ചിത്രമായ 'ദി ബ്ലഫി'ന്‍റെ ഷൂട്ടിങ്ങിനായി ഓസ്‌ട്രേലിയയിലെത്തിയ പ്രിയങ്ക, മകള്‍ മാല്‍തി മറീക്കൊപ്പമുള്ള ബീച്ച് ക്ലിക്കുകൾ പോസ്റ്റ് ചെയ്തു. സ്ട്രാഡ്ബ്രോക്ക് ദ്വീപിൽ നിന്നുള്ള ഫോട്ടോകളാണ് ഇവ. പ്രിയങ്കയുടെ അമ്മ മധു ചോപ്രയെയും ചിത്രത്തില്‍ കാണാം. മകൾ മാൾട്ടിയുടെ കളികളിൽ ഒപ്പം ചേർന്നും ബീച്ചിന്റെ സൗന്ദര്യമാസ്വദിച്ചും ജലാറ്റോ നുകർന്നുമൊക്കെ ആഘോഷമാക്കുന്ന ദിനങ്ങളെ ''ഒരു ഇടവേള'' എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബീച്ചിന്റെ കാഴ്ചകൾ മാത്രമല്ലാതെ, പച്ച നിറഞ്ഞ താഴ്‌വരയും ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരൂക്കൾ മേയുന്നതുമൊക്കെ പ്രിയങ്കയുടെ ചിത്രങ്ങളിലുണ്ട്. 

Sydney, NSW, Australia. Image Credit : Scott McManus/shutterstock
Sydney, NSW, Australia. Image Credit : Scott McManus/shutterstock

എവിടെയാണ് ഈ ദ്വീപ്‌?

ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാന്റിലെ മോറെട്ടൺ ബേയ്‌ക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് നോർത്ത് സ്ട്രാഡ്ബ്രോക്ക്. ബ്രിസ്ബേനിന്റെ മധ്യഭാഗത്ത് നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കാണിത്. പണ്ടുകാലത്ത് ഒറ്റ ദ്വീപായിരുന്ന സ്ട്രാഡ്ബ്രോക്ക്, പിന്നീട് വടക്ക്, തെക്ക് എന്നിങ്ങനെ രണ്ടു ദ്വീപുകളായി വിഭജിച്ചു. ക്വാണ്ടമൂക്ക, നൂനുക്കൽ, ഗോയൻപുൾ, എൻഗുഗി എന്നീ ഗോത്രവര്‍ഗ്ഗക്കാരാണ് ഇവിടെ താമസിക്കുന്നത്.

Image Credit : LIBIN THOMAS OLAPRATH/Shutterstock
Image Credit : LIBIN THOMAS OLAPRATH/Shutterstock

ഭീമന്‍ മണല്‍ദ്വീപ്‌

ഡൺവിച്ച്, അമിറ്റി, പോയിന്റ് ലുക്ക്ഔട്ട് എന്നിങ്ങനെയുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്വീപിന് ആകെ 68,000 ഏക്കർ വിസ്തൃതിയാണ് ഉള്ളത്. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുള്ള ഫ്രേസർ ദ്വീപ് കഴിഞ്ഞാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ മണൽ ദ്വീപാണ് സ്ട്രാഡ്ബ്രോക്ക്. അറുപത് വർഷത്തിലേറെയായി മണല്‍ ഖനനം ഇവിടുത്തെ പ്രധാന വ്യവസായമാണ്‌.

wave-rock-australia
Wave Rock, Australia

വളരുന്ന ടൂറിസം

മണല്‍ ഖനനവും ടൂറിസവുമാണ് സ്ട്രാഡ്ബ്രോക്ക് ദ്വീപിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. പാറക്കെട്ടുകളും ബീച്ചുകളും തടാകങ്ങളുമെല്ലാമായി വളരെ മനോഹരമാണ് ദ്വീപ്‌. അവധിക്കാലത്ത് ദ്വീപിലെ ആളുകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു. ക്ലീവ്‌ലാൻഡിൽ നിന്ന് പുറപ്പെടുന്ന വാഹനങ്ങളോ പാസഞ്ചർ ഫെറികളോ വഴിയാണ് ദ്വീപിലേക്ക് പ്രവേശിക്കുന്നത്.  

Magnetic-Island--Australia
Magnetic Island

ടൗൺഷിപ്പുകളും കാഴ്ചകളും

സ്ട്രാഡ്ബ്രോക്ക് ദ്വീപ് മുഴുവനും റെഡ്‌ലാൻഡ് സിറ്റി ലോക്കൽ ഗവൺമെന്റ് ഏരിയയുടെ ഭാഗമാണ്. ഡൺവിച്ച്, അമിറ്റി, പോയിന്റ് ലുക്ക്ഔട്ട് എന്നിവയാണ് ദ്വീപിലെ മൂന്ന് ടൗൺഷിപ്പുകള്‍. സ്‌കൂൾ, മെഡിക്കൽ സെന്റർ, ലോക്കൽ മ്യൂസിയം, ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ മോറെട്ടൺ ബേ റിസർച്ച് സ്റ്റേഷൻ എന്നിവയുൾപ്പെടെ ദ്വീപിലെ ഒട്ടുമിക്ക സേവനങ്ങളും ഡൺവിച്ചിലാണ് ഉള്ളത്. സര്‍ഫിങ് പോലുള്ള വിനോദങ്ങള്‍ക്കു പേരുകേട്ട ഭാഗമാണ്  പോയിന്റ് ലുക്ക്ഔട്ട്, അവധിക്കാലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ഇക്കൂട്ടത്തില്‍ ഏറ്റവും ചെറിയ ഭാഗമായ അമിറ്റി, മീന്‍പിടിത്തത്തിന്‌ പ്രസിദ്ധമാണ്. അമിറ്റിക്കും പോയിന്റ് ലുക്ക്ഔട്ടിനും ഇടയിലുള്ള പ്രധാന ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സെറ്റിൽമെൻ്റാണ് ഫ്ലിൻഡേഴ്സ് ബീച്ച്.

ബ്രൗണ്‍ തടാകവും നീലത്തടാകവും

ബ്രൗണ്‍ ലേക്ക്, ബ്ലൂ ലേക്ക് എന്നിങ്ങനെ വലിയ രണ്ടു തടാകങ്ങള്‍ ദ്വീപിലുണ്ട്. നരീ ബുഡ്ജോങ് ജാര നാഷണൽ പാർക്കിനുള്ളിൽ സംരക്ഷിച്ചിരിക്കുന്ന ബ്ലൂ ലേക്കിന് സാംസ്കാരിക പ്രാധാന്യമുണ്ട്. 7,500 വർഷങ്ങൾക്കു മുൻപുള്ള അതേ അവസ്ഥയിൽ തന്നെയാണ് ഈ തടാകത്തിലെ ജലം ഇന്നുമുള്ളത് എന്നൊരു കൗതുകകരമായ വസ്തുത പഠനങ്ങള്‍ വെളിവാക്കിയിട്ടുണ്ട്. ശരിയായി സംരക്ഷിച്ചാല്‍ ആയിരക്കണക്കിനു വർഷങ്ങൾ വരെ ഈ തടാകത്തിനു  മാറ്റമില്ലാതെ തുടരാനാകുമത്രേ.

അഞ്ചു ബീച്ചുകള്‍

നോർത്ത് സ്ട്രാഡ്ബ്രോക്ക് ദ്വീപിൽ സഞ്ചാരികള്‍ എത്തുന്ന അഞ്ചു ബീച്ചുകളാണ് ഉള്ളത്. ഇവിടെ മീന്‍പിടിത്തം, സര്‍ഫിങ് മുതലായ സാഹസിക ജലവിനോദങ്ങള്‍ സജീവമാണ്. 32 കിലോമീറ്റർ നീളമുള്ള മെയിന്‍ ബീച്ചിലാണ് സര്‍ഫിങ് ഉള്ളത്. ബ്രിസ്ബേനിനടുത്തുള്ള ഏറ്റവും മികച്ച 4WD ട്രാക്കുകളിലൊന്നായ കീഹോൾ ട്രാക്കിലേക്കുള്ള പ്രവേശനകവാടമാണ് മെയിന്‍ ബീച്ച്. കൂടാതെ, സംരക്ഷിത നീന്തൽ ബീച്ചായ സിലിണ്ടർ ബീച്ച്, നീന്തൽക്കാർക്കിടയിൽ പ്രശസ്‌തമായ ഹോം ബീച്ച്, പാറക്കുളങ്ങളുള്ള ഫ്രഞ്ച്മാൻസ് ബീച്ച് അഥവാ ഡെഡ്‌മാൻസ് ബീച്ച്, ബീച്ച് ക്യാംപിങ് നടത്തുന്ന ഫ്ലിൻഡേഴ്‌സ് ബീച്ച് എന്നിവയാണ് മറ്റു ബീച്ചുകള്‍.

ഹിമയുഗം മുതല്‍ക്കുള്ള ജലം

നോർത്ത് സ്ട്രാഡ്ബ്രോക്ക് ദ്വീപിൽ നൂറിലധികം ശുദ്ധജല തടാകങ്ങളും തണ്ണീർത്തടങ്ങളും ഉണ്ട്. ഹിമയുഗം മുതൽക്കേയുള്ള തണ്ണീര്‍ത്തടങ്ങളാണ് ഇവ. പല തണ്ണീർത്തടങ്ങളും വംശനാശഭീഷണി നേരിടുന്ന ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമാണ്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മണൽ ദ്വീപ്

മിൻജെറിബ എന്നൊരു പേര് കൂടിയുണ്ട് ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സ്റ്റാർഡ്ബ്രോക് ദ്വീപിന്. തദ്ദേശീയ ഭാഷയിൽ അറിയപ്പടുന്നത് ആ പേരിലാണ്. ബ്രിസ്ബനിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ ഈ ദ്വീപിൽ എത്തിച്ചേരാം. അതിമനോഹരവും പഞ്ചാരമണൽ നിറഞ്ഞതുമായ ബീച്ചുകളും കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ശാന്തമായ കായലുമൊക്കെ ഈ ദ്വീപിനെ സുന്ദരമാക്കുന്ന കാഴ്ചകളാണ്. ചരിത്രവും സംസ്കാരവും കെട്ടുപിണഞ്ഞു കിടക്കുന്ന, തനതുവിഭവങ്ങൾ ലഭ്യമാകുന്ന ഒരു നാടുകൂടിയാണിത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ മണൽ നിറഞ്ഞ ദ്വീപാണ് സ്റ്റാർഡ്ബ്രോക്. ഇവിടുത്തെ തദ്ദേശീയ ജനത അറിയപ്പെടുന്നത് ക്വാണ്ടമൂക്ക എന്ന പേരിലാണ്. 1896 ലാണ് ഈ ദ്വീപ് വടക്ക്, തെക്ക് എന്ന പേരിൽ വിഭജിക്കപ്പെട്ടത്. ദ്വീപിലെ പ്രധാനാകർഷണങ്ങളിൽ ഒന്നാണ് ഗോർജിലെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള നടത്തം. ആ നടത്തത്തിൽ നീണ്ടു കിടക്കുന്ന മണൽ നിറഞ്ഞ കടൽത്തീരവും ചെറിയ കുന്നുകളും അലറിയാർത്തു വരുന്ന തിരകളും കാണാം. കങ്കാരുക്കളും ഡോൾഫിനുകളുമൊക്കെ കടലിലും കരയിലും തുള്ളിച്ചാടുന്ന കാഴ്ചകളും ഈ യാത്രയിൽ വിസ്മയം പകരുന്ന കാഴ്ചകളാകും. 1.2 കിലോമീറ്ററാണ് ഈ നടപാത നീളുന്നത്. 

നീന്താൻ ഏറ്റവും സുരക്ഷിതം

ധാരാളം ബീച്ചുകൾ ഉള്ള ദ്വീപാണെങ്കിലും നീന്താൻ ഏറ്റവും സുരക്ഷിതം സിലിണ്ടർ ബീച്ചാണ്. മറ്റു ബീച്ചുകളെ അപേക്ഷിച്ച് ഇവിടെ കടൽ പൊതുവെ വളരെ ശാന്തമാണ്. എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടേയ്ക്ക് സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നുണ്ട്. കടലിന്റെ മനോഹര കാഴ്ച സമ്മാനിക്കുന്ന മറ്റൊരു ബീച്ചാണ് ഫ്രഞ്ച്മാൻസ്. തണുപ്പ് കാലത്ത് ഈ ബീച്ചിനു സമീപമിരുന്നാൽ തിമിംഗലങ്ങളെ കാണുവാൻ കഴിയും. കടലും അതിനു സമീപത്തായി കുത്തനെ മുകളിലേക്ക് നോക്കിയാൽ കാണുവാൻ കഴിയുന്ന നിബിഢവനവുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വടക്കു പടിഞ്ഞാറൻ സ്റ്റാർഡ്ബ്രോക്കിലെ അമിറ്റി പോയിന്റ് സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ ബീച്ചുകളിലൊന്നാണ്. ശാന്തമായ കടലും തിരകളുമെന്ന പ്രത്യേകത ഈ ബീച്ചിനുമുണ്ട്. ഡോൾഫിനുകളെയും വലിയ പെലിക്കനുകളെയുമൊക്കെ ഈ തീരത്തെത്തിയാൽ കാണാം. ധാരാളം സന്ദർശകരാണ് മനോഹരമായ അസ്തമയ കാഴ്ചകൾക്കായി ഇവിടെയെത്താറുള്ളത്. വയറിനു മുമ്പിലുള്ള സഞ്ചികളിൽ മക്കളുമായി പച്ചപ്പിലൂടെ മേഞ്ഞു നടക്കുന്ന കങ്കാരു കൂട്ടങ്ങൾ സ്റ്റാർഡ്ബ്രോക്കിലെ മറ്റൊരു അതിശയ കാഴ്ചയാണ്. അതിരാവിലെയാണ് ഇവയെ കൂട്ടത്തോടെ കാണാൻ കഴിയുക. 

ബ്രൗൺ എന്ന ശുദ്ധജല തടാകം

തെക്കൻ ഗോർജിലെ പ്രധാന ബീച്ച്, പോയിന്റ് ലുക്ക്ഔട്ടിൽ നിന്നും ദ്വീപിന്റെ തെക്ക് വരെ വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഇത് വളരെ പ്രധാനപ്പെട്ട സർഫ് പോയിന്റാണ്. കടൽ കുറച്ച് പരുക്കൻ ഭാവത്തിലായതു കൊണ്ടുതന്നെ ഇവിടെ നീന്തൽ അൽപം ബുദ്ധിമുട്ടാണ്. ഈ മണൽപരപ്പിലൂടെ വേണമെങ്കിൽ ദീർഘദൂരം നടക്കാം. ശാന്തമായൊരിടം കണ്ടെത്തി കടൽകാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം. കടൽ മാത്രമല്ല, ബ്രൗൺ എന്ന പേരിൽ ഒരു ശുദ്ധജല തടാകവും സ്റ്റാർഡ്ബ്രോക്കിലെത്തിയാൽ കാണുവാൻ കഴിയും. തടാകത്തിനു ഇങ്ങനെയൊരു പേര് ലഭിച്ചതിനു പുറകിലുമുണ്ട് ഒരു കാരണം. അതിനു ചുറ്റിലും നിൽക്കുന്ന ടീ ട്രീകളിൽ നിന്നും താഴെ വെള്ളത്തിലേക്ക് വീഴുന്ന ടാന്നിനുകളാണ് ജലത്തിന് ബ്രൗൺ നിറം നൽകുന്നത്. മരങ്ങളുടെ നിഴലുകളും തടാക ജലത്തിന് മഞ്ഞയും തവിട്ടും കലർന്ന ഒരു നിറം സമ്മാനിക്കും.  

English Summary:

Explore North Stradbroke Island Through Priyanka Chopra’s Lens.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com