ADVERTISEMENT

മനസ്സു വച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നു തന്റെ യാത്രകളെ സാക്ഷ്യം വച്ച് എബിൻ ബാബു എന്ന പതിനാറുകാരൻ പറയുന്നു. വണ്ടിയിൽ ലിഫ്റ്റ് ചോദിച്ച് ഹിച്ച്ഹൈക്കിങ് നടത്തിയും ട്രെയിനിലും ബസ്സിലും കയറിയുമൊക്കെ 50 ദിവസം കൊണ്ട് നേപ്പാൾ വരെ പോയാണ് എബിൻ തിരികെ വന്നത്. യോദ്ധയിലെ മോഹൻലാലും ജഗതിയും ഉണ്ണിക്കുട്ടനും അഭിനയിച്ചു തകർത്ത ലൊക്കേഷനുകളും ഈ യാത്രക്കിടെ എബിൻ കണ്ടു. 

ദൂരെ ദൂരെ പോയി അവിടത്തെ വിശേഷങ്ങൾ അടുത്തറിയുക എന്നതു കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്ന് ഇഞ്ചിക്കൽ ബാബു തോമസിന്റെയും ലിസി ബാബുവിന്റെയും മകൻ എബിൻ ബാബുവിനു കുഞ്ഞുനാളിലേ ഉള്ള ആഗ്രഹമാണ്. പക്ഷേ സാഹചര്യം അനുകൂലമായിരുന്നില്ല. എന്നാലും ആഗ്രഹം വെടിയാൻ തയാറായില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള സമയത്ത് ഏറെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു, നേപ്പാൾ വരെ യാത്ര ചെയ്തു. ഇന്ത്യയുടെ പല ഭാഗങ്ങൾ സന്ദർശിച്ചു. കാഠ്മണ്ഡു വരെ പോയി തിരിച്ചു വന്നു. 50 ദിവസം കൊണ്ടാണു യാത്ര പൂർത്തിയാക്കിയത്. 

എബിൻ ബാബു
എബിൻ ബാബു

യാത്രയ്ക്കുള്ള ചെലവു കണ്ടെത്താൻ നേരത്തേ തന്നെ ശ്രമം നടത്തിയിരുന്നു. എബിൻ ബാബുവും ലിസി ബാബുവും ചേർന്നു നടത്തുന്ന കടയിൽ നിന്നുള്ള വരുമാനമാണു കുടുംബത്തിന് ആകെയുള്ളത്. ബാബുവിന്റെ ചികിത്സയും കുടുംബ ചെലവും കഴിച്ച് എബിന്റെ യാത്രയ്ക്കുള്ള തുക എടുക്കാൻ പറ്റാത്ത സ്ഥിതി. അതിനാൽ തുക സ്വന്തം നിലയിൽ ഉണ്ടാക്കാൻ എബിൻ ശ്രമം ആരംഭിച്ചു. മാതാപിതാക്കളുടെ കടയിൽ ഒഴിവുസമയത്തു സഹായിച്ചു, അതിനു പ്രതിഫലം വാങ്ങി. പിന്നെ ഒരു വീടു കച്ചവടത്തിനു മധ്യസ്ഥനായി കമ്മിഷൻ വാങ്ങി, പിന്നെ കുറച്ചു പൈസ അമ്മയും ബന്ധുക്കളും കൊടുത്തു. എല്ലാം കൂടി ചേർത്തപ്പോൾ 30,000 രൂപ ആയി. ജാക്കറ്റ് തുടങ്ങി യാത്രയ്ക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങണം. പിന്നെ യാത്രയിൽ ഭക്ഷണം കഴിക്കണം. എല്ലാറ്റിനും കൂടി ആകെയുള്ളത് 30,000 രൂപ. പക്ഷേ നിരാശപ്പെടാതെ എബിൻ കഴിഞ്ഞ ഏപ്രിൽ 7 നു കോഴിക്കോട്ടു നിന്നു ട്രെയിൻ മാർഗം യാത്ര ആരംഭിച്ചു. ഒറ്റയ്ക്കാണു യാത്ര, പിതാവിന് അസുഖം വന്നപ്പോൾ ബെംഗളൂരുവിൽ ചികിത്സയ്ക്കു പോയതാണ് ആകെയുള്ള പരിചയം. 

ഏപ്രിൽ 8 നു രാവിലെ ഗോവയിൽ എത്തി. ഇനിയുള്ള യാത്രയ്ക്കു ടിക്കറ്റെടുത്താൽ കയ്യിലെ പണം പെട്ടെന്നു തീരുമെന്നു മനസ്സിലാക്കിയ എബിൻ ലോറിയിലും കാറിലും ബൈക്കിലുമൊക്കെ ലിഫ്റ്റ് ചോദിച്ചു തുടർ യാത്ര നടത്താൻ തീരുമാനിച്ചു. അങ്ങനെ ലോറിയിലും കാറിലുമൊക്കെ സൗജന്യ യാത്ര തരപ്പെടുത്തി മുംബൈയിൽ എത്തി. അവിടെ നിന്നു രാജസ്ഥാൻ ഉദയ്പുർ, ജയ്സാൽമിർ, ജയ്പുർ, ജോധ്പുർ, ആഗ്ര, ഡൽഹി, ഋഷികേശ്, മണാലി, കസോൾ, ബർഷാനി ഗ്രാമം, പഞ്ചാബ്, ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, സോമൻ മാർഗ്, വരാണസി, ഗൊരഖ്പുർ വഴി നേപ്പാളിലെത്തി. അതിർത്തി നടന്നുകയറിയ ശേഷം കഠ്മണ്ഡുവിലേക്കു ബസിൽ യാത്ര തിരിച്ചു. ബൈക്കിലും ലോറിയിലും ലിഫ്റ്റ് ചോദിച്ചാണു നേപ്പാൾ അതിർത്തി വരെയെത്തിയത്. വഴിയിൽ പലയിടത്തും പല തിക്താനുഭങ്ങളും ഉണ്ടായി. 

ഉദയ്പുരിൽ നിന്നു ജോധ്പുരിലേക്ക് ഒരാളുടെ ബൈക്കിൽ കയറി യാത്ര ചെയ്യവേ അയാൾ ആക്രമിച്ചു. തലയ്ക്കു കല്ല് കൊണ്ട് അടിച്ചു. മോഷണമായിരുന്നു ലക്ഷ്യം. എബിൻ ഉറക്കെ കരഞ്ഞപ്പോൾ നാട്ടുകാർ എത്തി രക്ഷപ്പെടുത്തി. യാത്രയിൽ വിവിധ നാട്ടുകാരെ പരിചയപ്പെട്ടു. ഏറെ പേരും സ്നേഹത്തോടെയാണു പെരുമാറിയത്. ചിലർ ഭക്ഷണവും താമസ സൗകര്യവും നൽകി. അല്ലാത്ത സമയത്തു ലഘുഭക്ഷണവും റെയിൽവേ സ്റ്റേഷൻ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉറങ്ങിയും യാത്ര തുടർന്നു. എബിന് ഇംഗ്ലിഷ് ഭാഷ വശമുള്ളതു കൊണ്ടു ആശയവിനിമയം വലിയ പ്രശ്നമായില്ല. അത്യാവശ്യ ഹിന്ദിയും യാത്രയ്ക്കിടയിൽ പഠിച്ചു. നേപ്പാളിൽ 2 ദിവസം തങ്ങിയ ശേഷം ഡൽഹിയിലേക്കു തിരിച്ചു. അവിടെനിന്നു ട്രെയിൻ മാർഗം മേയ് 26നു കോഴിക്കോട്ട് തിരിച്ചെത്തി. പോക്കറ്റിൽ ബാക്കി 800 രൂപയും ഉണ്ട്. അതിനിടയിൽ എബിൻ ഇപ്പോൾ ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. 

English Summary:

16-Year-Old Hitchhikes Across India to Nepal and Back on a Shoestring Budget.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com