ADVERTISEMENT

വൈരുധ്യങ്ങളുടെയും ആശ്ചര്യങ്ങളുടെയും നാടാണ് മലേഷ്യ എന്ന് പറയാം. അംബരചുംബികളായ കെട്ടിടങ്ങള്‍ക്കൊപ്പം മഴക്കാടുകളും ദ്വീപുകളും മനോഹരമായ ഭൂപ്രകൃതിയുമെല്ലാമുള്ള മലേഷ്യ ഓരോ ഇന്ത്യന്‍ സഞ്ചാരിയും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയമില്ല. ക്വലാലംപൂരിന്‍റെ ആധുനികതയും ലങ്കാവിയിലെ ശാന്തമായ ബീച്ചുകളും പെനാംഗിന്‍റെ സാംസ്കാരികത്തനിമയുമെല്ലാം വര്‍ഷംതോറും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നടി നവ്യാ നായരുടെ ഏറ്റവും പുതിയ യാത്രാ ചിത്രങ്ങൾ മലേഷ്യയിൽ നിന്നുള്ളതാണ്. വെള്ള നിറത്തിലുള്ള ടോപ്പും ഫ്ലോറല്‍ സ്കര്‍ട്ടും തൊപ്പിയും കൂളിങ് ഗ്ലാസുമണിഞ്ഞ്‌ സ്റ്റൈലിഷായാണ് നവ്യയെ ഇവയില്‍ കാണുന്നത്. നവ്യക്കു പ്രായം കുറഞ്ഞു വരികയാണോ എന്നാണ് ഇതിനടിയില്‍ ആരാധകര്‍ കമന്‍റ്  ചെയ്തിരിക്കുന്നത്.

Image Credit : cheechew/istockphotos
Image Credit : cheechew/istockphotos

മലേഷ്യയുടെ തിരക്കേറിയ തലസ്ഥാനമായ ക്വാലാലംപൂർ അതിമനോഹരമായ നഗരമാണ്. നഗരത്തിന്‍റെ സ്കൈലൈനിൽ 452 മീറ്റർ ഉയരത്തിൽ ഉയര്‍ന്നുനില്‍ക്കുന്ന പെട്രോനാസ് ടവറിൽ നിന്നും തുടങ്ങുന്നു കാഴ്ചകള്‍. ചുണ്ണാമ്പുകല്ല് ഗുഹകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്ര സമുച്ചയമായ ബട്ടു ഗുഹകൾ സന്ദര്‍ശിക്കാം. മഴവില്ലിന്‍റെ നിറമുള്ള 272 പടികളും ഭീമാകാരമായ മുരുകപ്രതിമയുമെല്ലാം മനോഹരമാണ്.

Image Credit : Toshihiro Nakajima/istockphotos
Image Credit : Toshihiro Nakajima/istockphotos

കൊളോണിയൽ ഭൂതകാലത്തിലേക്കു നേര്‍ക്കാഴ്ച നല്‍കുന്ന സുൽത്താൻ അബ്ദുൾ സമദ് ബിൽഡിങ്ങിന്റെ മൂറിഷ് വാസ്തുവിദ്യ അതിശയകരമാണ്. രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച മെർദേക്ക സ്‌ക്വയറിൽ സമയം ചെലവഴിക്കാം. ഷോപ്പിങ് പ്രേമികൾക്ക് പവലിയൻ ക്വാലാലംപൂർ പോലുള്ള ആഡംബര മാളുകളിലും ചൈനാ ടൗണിലെ പെറ്റലിങ് സ്ട്രീറ്റിലെ സ്ട്രീറ്റ് മാർക്കറ്റുകളിലും നടക്കാം. പ്രാദേശിക കരകൗശലവസ്തുക്കൾ വാങ്ങാം, രുചികരമായ തെരുവ് ഭക്ഷണം ആസ്വദിക്കാം.

പെനാങ് നഗരവും അതിന്റെ തലസ്ഥാനമായ ജോർജ് ടൗൺ , 'മലേഷ്യയുടെ സാംസ്കാരിക ഹൃദയം' എന്നാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ജോർജ് ടൗൺ പഴമയുടെയും പുതുമയുടെയും സമന്വയമാണ്. ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോൾ, മനോഹരമായി സംരക്ഷിച്ചിരിക്കുന്ന കൊളോണിയൽ കെട്ടിടങ്ങളും ക്ഷേത്രങ്ങളുമെല്ലാം കാണാം.

ഭക്ഷണപ്രേമികളുടെ പറുദീസയാണ് പെനാങ്. മലായ്, ചൈനീസ്, ഇന്ത്യൻ വിഭവങ്ങള്‍ ഇവിടുത്തെ തെരുവുകളില്‍ യഥേഷ്ടം ആസ്വദിക്കാം.

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രങ്ങളിലൊന്നായ കെക് ലോക് സി ക്ഷേത്രവും ദ്വീപിന്‍റെ ആകാശക്കാഴ്ച നല്‍കുന്ന പെനാങ് ഹിൽ ഫ്യൂനിക്കുലാർ യാത്രയും വിട്ടു പോകരുത്.

മലേഷ്യയിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ലങ്കാവി. 99 ദ്വീപുകളുടെ സമൂഹമായ ലങ്കാവിയില്‍ മിക്ക സാധനങ്ങളും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പന്തായ് സെനാങ്, തെനാങ്, തൻജങ് റു എന്നിങ്ങനെയുള്ള മനോഹരമായ ബീച്ചുകള്‍ ലങ്കാവിയുടെ മുഖമുദ്രകളില്‍പെടുന്നു.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കാവിയില്‍ കേബിള്‍ കാര്‍ യാത്ര നടത്താം. ആർട്ട് ഇൻ പാരഡൈസ് എന്നറിയപ്പെടുന്ന ത്രിമാന ആർട്ട് മ്യൂസിയം ഉൾപ്പെടെ നിരവധി ആകർഷണങ്ങളുള്ള ഓറിയന്‍റൽ വില്ലേജിലാണ് കേബിൾ കാർ യാത്ര തുടങ്ങുന്നത്. ലങ്കാവി സ്കൈ ബ്രിജ് സ്ഥിതി ചെയ്യുന്ന ഗുനുങ് മാറ്റ് ചിൻചാങ് കൊടുമുടിയിലേക്ക് ലങ്കാവി കേബിൾ കാർ സന്ദർശകരെ കൊണ്ടുപോകുന്നു.

ലങ്കാവിയിലെ കിസപ്പ് ഗ്രാമത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ തൻജംഗ് റു വരെ, ചുണ്ണാമ്പുകല്ല് ഗുഹകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് നദീമുഖങ്ങളും അടങ്ങുന്ന ഒരു കണ്ടൽ വന പാർക്കാണ് കിലിം കാർസ്റ്റ് ജിയോഫോറസ്റ്റ് പാർക്ക്. വവ്വാലുകൾ, മുതലകൾ, കഴുകന്മാർ, കിംഗ്ഫിഷറുകൾ, മോണിറ്റർ പല്ലികൾ, മക്കാക്കുകൾ, ഒട്ടറുകൾ, പാമ്പുകൾ, മര ഞണ്ടുകൾ എന്നിങ്ങനെ ധാരാളം വന്യജീവികള്‍ ഇവിടെ വസിക്കുന്നു. കാടിന്‍റെ ഹൃദയം തൊട്ടറിഞ്ഞ് നടക്കാന്‍ ഇവിടെ അവസരമുണ്ട്.

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ കിനാബാലു പർവ്വതവും വേഴാമ്പലുകളുടെ നാടായ സരവാക്കുമെല്ലാം സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കും.

മാർച്ച് മുതൽ ഒക്ടോബർ വരെയാണ് മലേഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary:

Navya Nair's Malaysian Adventure: Stunning Photos & Travel Inspiration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com