എന്റെ ഹൃദയത്തിലെ പൂവിതളുകൾ, ഏറ്റവും മനോഹര യാത്രാ ചിത്രവുമായി രഞ്ജിനി
Mail This Article
ഓരോ ഋതുക്കളിലും മാറുന്ന മുഖമാണ് ന്യൂസിലാൻഡ് എന്ന രാജ്യത്തിന്. ആ രാജ്യത്തിൽ വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് പുഷ്പിച്ചു നിൽക്കുന്ന മരങ്ങളും ചെടികളും കടലും നഗരകാഴ്ചകളുമൊക്കെ കണ്ടാസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക രഞ്ജിനി ജോസ്. ന്യൂസിലൻഡിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധി ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പൂക്കളുടെ പശ്‌ചാത്തലത്തിലുള്ള ചിത്രങ്ങളാണ് അതിലേറ്റവും മനോഹരമെന്നാണ് ആരാധകരുടെ കമെന്റുകൾ. എന്റെ ഹൃദയത്തിലെ പൂവിതളുകൾ എന്നാണ് ചിത്രങ്ങൾക്ക് ഗായിക നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസിലൻഡ് യാത്രാപ്രിയരുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രദേശങ്ങൾ, മലനിരകൾ, ബീച്ചുകൾ, അഗ്‌നിപർവ്വതങ്ങൾ, തടാകങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ അഭിരുചികൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും കൊണ്ടു സമ്പന്നമാണ് ആ രാജ്യം. പ്രധാനമായും രണ്ടു ദ്വീപുകളാണ് ന്യൂസിലൻഡിലുള്ളത്. വടക്കൻ ദ്വീപ്, തെക്കൻ ദ്വീപ് എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. കൂടാതെ ഈ ദ്വീപുകൾക്കു ചുറ്റുമായി ധാരാളം കുഞ്ഞൻ ദ്വീപുകൾ വേറെയുമുണ്ട്. അവയിൽ പ്രധാനികളാണ് സ്റ്റിവാർട്ട് ദ്വീപും വെയ്കെ ദ്വീപും. 2,60,000 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തീർണമുള്ള ഈ കുഞ്ഞൻ രാജ്യം വർഷത്തിലെ ഏതുസമയത്തും സന്ദർശിക്കാം. ഇന്ത്യൻ പാസ്‌പോർട്ടും മതിയായ രേഖകളും ക്രിമിനൽ പശ്ചാത്തലവുമില്ലെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ സന്ദർശന വീസ ലഭിക്കും.
ന്യൂസിലൻഡിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് നോർത്ത് ലാൻഡിലെ ബേ ഓഫ് ഐലൻഡ്സ്. 144 ദ്വീപുകളാണ് ഇവിടെയുള്ളത്. അതിഥികളെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളും വിനോദങ്ങളും ഈ ദ്വീപുകളുമായി ബന്ധപ്പെട്ടുണ്ട്. കയാക്കിങ്, ഹൈക്കിങ്, എന്നിവ കൂടാതെ ഗുഹകൾ, വനങ്ങൾ തുടങ്ങിയവ പ്രകൃതിയും ഒരുക്കിയിട്ടുണ്ട്. ദ്വീപുകൾക്കു അതിരുകളായുള്ള സമുദ്രത്തിലും കാഴ്ചകൾക്കു യാതൊരു പഞ്ഞവുമില്ല. ഡോൾഫിനുകൾ, പെൻഗ്വിൻ തുടങ്ങിയവയെയും ഇവിടെ കാണുവാൻ കഴിയും. സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയം ഫെബ്രുവരി-മാർച്ച് മാസങ്ങളാണ്.
ലോകത്തിലെ തന്നെ ഏറ്റവും പഴയ ഉദ്യാനങ്ങളിൽ ഒന്നാണ് മാനവറ്റു വാങ്ഗാനയിലെ ടോങ്ഗരിരോ ദേശീയോദ്യാനം. അഗ്നിപർവതങ്ങൾ, നിബിഡ വനങ്ങൾ, പീഠഭൂമികൾ, ചൂട് നീരുറവകൾ, തടാകങ്ങൾ, പുൽമേടുകൾ എന്നുവേണ്ട നിരവധി വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്ക് ഈ ദേശീയോദ്യാനത്തിൽ എത്തിയാൽ സാക്ഷികളാകാം. പ്രകൃതി ഒരുക്കിയിരിക്കുന്ന ഈ അദ്ഭുതങ്ങൾ ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ്. ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ ഈ ഉദ്യാനം കൂടുതൽ മനോഹരമായിരിക്കും.
ന്യൂസിലാൻഡ് സന്ദർശനത്തിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരിടമാണ് റോട്ടോറുവ. ഇവിടെയും പ്രകൃതി പലതരം വിസ്മയ കാഴ്ചകൾ ഒരുക്കിവച്ചിട്ടുണ്ട്. പസിഫിക് റിങ് ഓഫ് ഫയറിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആവി പറക്കുന്ന ചൂട് നീരുറവകൾ, തിളച്ചു കൊണ്ടിരിക്കുന്ന മഡ് പൂളുകൾ, അഗ്നിപർവതങ്ങൾ എന്നുവേണ്ട നിരവധി ജിയോ തെർമൽ അത്ഭുതങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ, ധാതുക്കളാൽ സമ്പന്നമായ ജലശേഖരവും. സന്ദർശകർക്ക് ആസ്വദിക്കുന്നതിനായി സ്കൈ ഡൈവിങ്, ട്രെക്കിങ്, മൗണ്ടൈൻ ബൈക്കിങ് പോലുള്ളവയും ഇവിടെയുണ്ട്. നവംബർ-ഏപ്രിൽ മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവുമുചിതം.
രുചികരമായ ഭക്ഷണവും മനോഹരമായ വാസ്തുവിദ്യയും ഇവ രണ്ടും സമ്മേളിക്കുന്നയിടമാണ് നേപ്പിയർ. സ്പാനിഷ് മിഷൻ ശൈലിയിലാണ് ഇവിടുത്തെ നിർമിതികൾ. അവ കാഴ്ചയിലും ഏറെ മനോഹരമാണ്.