ADVERTISEMENT

തെലുങ്ക് സിനിമയും താരങ്ങളും കേരളത്തിൽ ഇത്രയേറെ ആരാധകരെ സ്വന്തമാക്കുന്നത് അല്ലു അർജുന്റെ സിനിമകളിലൂടെയാണ്. പിന്നീട് ധീരയിലൂടെ രാം ചരൺ തേജയും കേരളമണ്ണിൽ ധാരാളം ആരാധകരെ സ്വന്തമാക്കി. ബാഹുബലിയും ആർ ആർ ആറും തെന്നിന്ത്യ മുഴുവൻ ചലനം സൃഷ്ടിച്ചപ്പോൾ തെലുങ്ക് താരങ്ങളും അവരുടെ കുടുംബാംഗങ്ങളും നമുക്കും ഏറെ സുപരിചിതരായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാം ചരണും ഉപാസനയ്ക്കും കുഞ്ഞുണ്ടായപ്പോൾ മലയാളികളും ആ സന്തോഷത്തിനൊപ്പം സമൂഹ മാധ്യമങ്ങളിൽ ആശംസകളുമായി എത്തിയിരുന്നു. മകളുടെ മുഖം ഇതുവരെ ആരാധകരുമായി പങ്കുവച്ചിട്ടില്ലെങ്കിലും കുടുംബത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ തെലുങ്ക് താരം പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ക്ലിൻ കാരയ്‌ക്കൊപ്പം യാത്രയിലാണ് രാം ചരണും ഉപാസനയും. താരങ്ങളുടെ ആ യാത്രയിലെ കാഴ്ചകളിൽ ഓസ്‌ട്രേലിയയുടെ സൗന്ദര്യം കാണാം. രാജ്യത്തിന്റെ ദേശീയ മൃഗമായ കങ്കാരുക്കളും കൗതുക കാഴ്ചയായി അവയുടെ സഞ്ചികളിലെ കുഞ്ഞുങ്ങളെയുമൊക്കെ മകൾക്കു വിശദീകരിച്ചു കൊടുക്കുന്ന രാം ചരണാണ് ഉപാസന പങ്കുവച്ച ചിത്രത്തിലുള്ളത്. ഓസ്‌ട്രേലിയയിലെ ജനസംഖ്യ  അധികമുള്ള നഗരങ്ങളിൽ ഒന്നായ മെൽബണിൽ നിന്നുമുള്ളതാണ് ഉപാസന സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ.

Image Credit: upasanakaminenikonidela/instagram
Image Credit: upasanakaminenikonidela/instagram

പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കെട്ടുകാഴ്ചകളുടെ സമ്മേളനമാണ് മെൽബൺ നഗരം. പത്തൊമ്പതാം നൂറ്റാണ്ടിൽ, യാര നദിയുടെ താഴ്‌വരയിൽ ബ്രിട്ടീഷുകാരുടെ നിർമാണത്തിൽ പടുത്തുയർത്തപ്പെട്ടതാണ് മെൽബൺ. ഇവിടുത്തെ തെരുവോരങ്ങളിലെ നിർമിതികൾക്കു പോലും പല തരത്തിലുള്ള കഥകൾ പറയാനുണ്ടാകും അത്രയേറെ വ്യത്യസ്തമാണ് ഓരോ കെട്ടിടങ്ങളും. അതിഥികൾക്ക് അവയെല്ലാം ആസ്വദിച്ചു കൊണ്ടു നഗരത്തിലൂടെ കാൽനടയാത്ര നടത്താം. അതിമനോഹരവും അതിനൊപ്പം തന്നെ വിശാലവുമായ കാഴ്ചകളൊരുക്കി സന്ദർശകരെ കാത്തിരിക്കുന്ന ധാരാളം ഉദ്യാനങ്ങളും ഈ നഗരത്തിന്റെ സൗന്ദര്യമുള്ള മുഖമാണ്. അവയും മെൽബൺ സന്ദർശനത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിക്കും. ആ നാടിന്റെ ചരിത്രവും വർത്തമാനവും അടുത്തറിയാനായി ധാരാളം മ്യൂസിയങ്ങൾ ഇവിടെയുണ്ട്. 

Image Credit: upasanakaminenikonidela/instagram
Image Credit: upasanakaminenikonidela/instagram

ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കമുള്ള കാഴ്ചകളിൽ ഒന്നാണ് നാഷണൽ ഗാലറി ഓഫ് വിക്ടോറിയ. എഴുപതിനായിരത്തിലധികം കലാസൃഷ്ടികൾ ഈ മ്യൂസിയത്തിലുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയത്താണ് മെൽബൺ സന്ദർശിക്കുന്നതെങ്കിൽ ഈ മ്യൂസിയത്തിലെ പ്രത്യേക കലാപ്രദർശനങ്ങളും കണ്ടാസ്വദിക്കാവുന്നതാണ്. ഫെഡറേഷൻ സ്‌ക്വയറിലെ ഇയാൻ പോട്ടർ സെന്റർ എൻ ജി വി, ഓസ്‌ട്രേലിയൻ സെന്റർ ഫോർ മൂവിങ് ഇമേജസ്, കൂറി ഹെറിറ്റേജ് ട്രസ്റ്റ്, മെൽബൺ മ്യൂസിയം തുടങ്ങിയയിടങ്ങളിലും വളരെ സവിശേഷമായ കലാപ്രദർശനങ്ങൾ നടക്കാറുണ്ട്. താല്പര്യമുള്ളവർക്ക് ഇവയെല്ലാം തന്നെ കണ്ടാസ്വദിക്കാവുന്നതാണ്.

മെൽബണിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനും മറക്കാതെ സന്ദർശിക്കേണ്ടയിടമാണ്. സുവർണ നിറത്തിലുള്ള ചുവരുകളും ചെമ്പിനാൽ തീർത്ത താഴികക്കുടവും വലിയ ഘടികാരവുമൊക്കെ ഫ്ലിൻഡേഴ്‌സ് സ്റ്റേഷൻ എന്ന ഈ പൗരാണിക കെട്ടിടത്തിലെ കാഴ്ചയാണ്. നിർമാണം പൂർത്തിയായ സമയത്ത് ഒരു ലൈബ്രറിയും പ്രസംഗം നടത്തുന്നതിനായുള്ള ഹാളും നൃത്തശാലയുമൊക്കെ ഉണ്ടായിരുന്നു. പിന്നീടാണ് ഈ പ്രൗഢഗംഭീരമായ നിർമിതിയെ റെയിൽവേ സ്റ്റേഷനാക്കി മാറ്റിയെടുത്തത്.

യാരാവില്ലെ ഗാര്‍ഡെന്‍സ്, ഫിറ്റ്‌സ്‌റോയ് ഗാര്‍ഡന്‍സ്, ഫ്‌ളാഗ്സ്റ്റാഫ് ഗാര്‍ഡന്‍സ് എന്നിങ്ങനെ മെല്‍ബണിന്റെ പല ഭാഗങ്ങളിലായി പല തരം പൂന്തോട്ടങ്ങളും പാര്‍ക്കുകളുമുണ്ട്. പ്രകൃതിയെ അതിസുന്ദരിയായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന  കാഴ്ചകൾക്ക് ഇവിടെ സാക്ഷിയാകാം. മനോഹരമായ ഈ ഉദ്യാനങ്ങളിലൂടെ നടക്കാമെന്നു മാത്രമല്ല, ചിലയിടങ്ങളിൽ ഗോൾഫ് കളിക്കാനും സൗകര്യങ്ങളുണ്ട്. 94 ഏക്കറിലേറെ പരന്നു കിടക്കുന്ന റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ 8,500 ലേറെ കുടുംബങ്ങളിലുള്ള അരലക്ഷത്തിലേറെ സസ്യജാലങ്ങളുണ്ട്. മുൾച്ചെടികളുടെ തോട്ടവും തടാകത്തിലെ ബോട്ട് യാത്രയും മാത്രമല്ല, അഗ്നിപർവ്വതത്തിന്റെ കാഴ്ചയും ഇവിടെ ആസ്വദിക്കാവുന്നതാണ്. 

രുചികരമായ കാപ്പി ആസ്വദിക്കാൻ കഴിയുന്ന നഗരമാണ് മെൽബൺ. അതിനായി ഈ നഗരത്തിൽ നിരവധി കഫേകളുണ്ട്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമേറിയ കാപ്പിക്കുരുക്കൾ വറുത്ത്, പൊടിച്ചുണ്ടാക്കുന്ന കാപ്പിക്കും ഈ നഗരം പ്രസിദ്ധമാണ്. കാപ്പി മാത്രമല്ല, രുചികരമായ വിഭവങ്ങൾ വിളമ്പുന്ന ലോക പ്രശസ്തമായ  റസ്റ്ററന്റുകളും മെൽബൺ നഗരത്തിനു സ്വന്തമായുണ്ട്. 

ക്രിക്കറ്റ് പ്രേമികൾക്കു മെൽബൺ എക്കാലത്തും സ്വപ്നനഗരമാണ്. കായിക പ്രേമികളുടെ മനസ്സിൽ എക്കാലവും ഓർമിക്കത്തക്ക നിരവധി മത്സരങ്ങൾക്കാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായിരിക്കുന്നത്. ക്രിക്കറ്റ് മാത്രമല്ല, ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മത്സരങ്ങൾക്കു വേദിയാകുന്ന മെൽബൺ പാർക്കും മറ്റുപല കായിക മത്സരങ്ങൾ നടക്കുന്ന എ എ എം ഐ പാർക്കുമെല്ലാം മെൽബണിൽ തന്നെയാണ്. 

വിക്ടോറിയൻ കാലഘട്ടത്തിൽ നിർമിക്കപ്പെട്ട നിരവധി ലൈൻസ് ആൻഡ് ആർക്കേഡ്സ് മെൽബണിലുണ്ട്. ഈ ഇടനാഴികൾക്കു ഇരുവശത്തുമായി കഫേകളും ബാറുകളും കാണുവാൻ കഴിയും. ഏഷ്യന്‍, ഓസ്‌ട്രേലിയന്‍, മെക്‌സിക്കന്‍, സൗത്ത് അമേരിക്കന്‍ എന്നിങ്ങനെ പലതരം ഭക്ഷണങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകളും മെല്‍ബണിലെ ഈ തെരുവോരങ്ങളിലുണ്ട്. ഹൊസെയ്‌രി ലൈന്‍ പോലുള്ളവ ഗ്രാഫിറ്റി വരകളാല്‍ സമ്പന്നമാണ്. ഹാര്‍ഡ്‌വെയര്‍ ലൈന്‍, ഡക്ക്‌ബോര്‍ഡ് പ്ലേസ്, ഡിഗ്രേവ്‌സ് സ്ട്രീറ്റ് എന്നീ ലൈന്‍വേസും പ്രസിദ്ധമാണ്.

എഴുനൂറിലേറെ സ്റ്റാളുകളുള്ള ക്വീൻ വിക്ടോറിയ മാർക്കറ്റ്, മെൽബണിലെ ഏറ്റവും പഴക്കമേറിയതാണ്. അന്നാട്ടിലെ തനതു വിഭവങ്ങൾ, കലാസൃഷ്ടികൾ തുടങ്ങി എന്തും ലഭിക്കും ഈ മാർക്കറ്റിൽ. സൗത്ത് മെൽബൺ മാർക്കറ്റ് ആഴ്ചയിൽ നാല് ദിവസം മാത്രം തുറക്കുന്ന ഒന്നാണ്. റോസി ആർട്ടിസ്റ്റ് മാർക്കറ്റ്, എസ്പ്ലാൻഡെ മാർക്കറ്റ് എന്നിവയും മെൽബണിലെത്തുന്ന സന്ദർശകർ മറക്കാതെ സന്ദർശിക്കുന്നയിടങ്ങളാണ്.   

കങ്കാരുക്കളെയും മറ്റു വന്യമൃഗങ്ങളെയും കാണാനും അതിനൊപ്പം തന്നെ വൈൻ രുചികൾ ആസ്വദിക്കണമെങ്കിലും മെൽബണിലെത്തുന്ന സന്ദർശകർക്ക് അവസരമുണ്ട്. അതിനൊപ്പം തന്നെ പഫിങ് ബില്ലി സ്റ്റീം ടോയ് ട്രെയിൻ യാത്രയും സഞ്ചാരികൾക്കു നവ്യാനുഭവമായിരിക്കും. ഫിലിപ് ദ്വീപിലെ പെന്‍ഗ്വിനുകളും യാര താഴ്‌വരയിലെ രുചിയേറും വൈനുകളും ഓസ്‌ട്രേലിയയിലെ സ്വര്‍ണഖനനത്തിന്റെ ചരിത്രം പേറുന്ന സോവറിന്‍ ഹില്ലും ആല്‍ബയിലെ ചൂടു നീരുറവയിലെ കുളിയും മോണിങ്ടൻ ഉപദ്വീപിലെ ഫാം സന്ദര്‍ശനങ്ങളും പ്രസിദ്ധമായ ഗ്രേറ്റ് ഓഷ്യന്‍ റോഡ് വഴിയുള്ള ഡ്രൈവുമെല്ലാം മെല്‍ബണിലെത്തുന്ന സഞ്ചാരികള്‍ക്ക് എക്കാലവും വിസ്മരിക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിക്കും.

English Summary:

Ram Charan's Family Adventure: Exploring Melbourne's Hidden Gems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com