ജപ്പാനിലെ ബുദ്ധക്ഷേത്രത്തില്‍ നിന്നുള്ള ചിത്രവുമായി കാര്‍ത്തി
Mail This Article
ജപ്പാന്‍ വെക്കേഷന്‍ ചിത്രം പങ്കുവച്ച് നടന്‍ കാര്‍ത്തി ശിവകുമാര്‍. ജപ്പാനിലെ കനഗാവ പ്രിഫെക്ചറിലെ പട്ടണമായ ഹക്കോണില്‍ നിന്നുള്ള ചിത്രമാണ് കാര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. "ഹാക്കോണിലെ മനോഹരമായ ഒരു സായാഹ്നം. വനത്തിലൂടെയുള്ള നീണ്ട നടത്തം, കഫേയിലെ ഭക്ഷണം, ബുദ്ധക്ഷേത്രത്തിലെ പ്രാർഥന". ചിത്രത്തിനൊപ്പം നടന്‍ കുറിച്ചു.
ജപ്പാനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പർവ്വതമായ മൗണ്ട് ഫുജിക്ക് സമീപമുള്ള ഹക്കോൺ ഒരു ശ്രദ്ധേയമായ സ്പാ നഗരവും പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. ഫുജി-ഹാക്കോൺ-ഇസു ദേശീയോദ്യാനത്തിന്റെ ഭാഗമായ ഹക്കോൺ, ടോക്കിയോയിൽ നിന്നു നൂറ് കിലോമീറ്റർ അകലെയായി, ഹക്കോൺ പാസിന്റെ കിഴക്ക് ഭാഗത്തെ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഹിയാൻ കാലഘട്ടത്തിലെ സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന ഷിന്റോ ദേവാലയമായ ഹക്കോൺ ഗോംഗന്റെ സ്ഥാനമാണ് ഹക്കോൺ.
ജാപ്പനീസ്, അന്തർദേശീയ വിനോദസഞ്ചാരികൾക്കിടയിൽ ഹോട്ട് സ്പ്രിങ് റിസോർട്ടുകൾക്ക് വളരെ പ്രസിദ്ധമാണ് ഹാക്കോൺ. ഓവകുഡാനി ഗെയ്‌സറുകളും തടാകത്തിന്റെ തീരത്തുള്ള ഹക്കോൺ ദേവാലയവും ഹക്കോൺ ബൊട്ടാണിക്കൽ ഗാർഡനുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഏപ്രിലില്‍ പൂക്കുന്ന ചെറി വസന്തവും ശരത്കാലത്തില്‍ താഴ്വരകളിലെങ്ങും നിറയുന്ന ചൈനീസ് സിൽവർ ഗ്രാസുമെല്ലാം മനോഹരമായ കാഴ്ചകളാണ്.
ഹക്കോൺ ഓപ്പൺ എയർ മ്യൂസിയം, പോള മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെയുള്ള മ്യൂസിയങ്ങളും ഇവിടെയുണ്ട്. മാംഗ, ആനിമേഷൻ സീരീസായ നിയോൺ ജെനസിസ് ഇവാഞ്ചെലിയൻ എന്നിവയിലെ പ്രധാന ലൊക്കേഷനായതിനാൽ ആനിമേഷൻ ആരാധകർക്കിടയിൽ ഹക്കോൺ വളരെ ജനപ്രിയമാണ്. 2018 ലെ 88 ‘ആനിമേഷൻ തീർഥാടന’ കേന്ദ്രങ്ങളിൽ ഒന്നായി ആനിമേഷൻ ടൂറിസം അസോസിയേഷൻ ഹക്കോണിനെ ഉൾപ്പെടുത്തിയിരുന്നു.
ഹക്കോണിലെ സെൻഗോകുഹാര പ്രദേശത്തുള്ള സെൻ ബുദ്ധമതത്തിന്റെ കേന്ദ്രമായ ചോൻജി ക്ഷേത്രം പ്രസിദ്ധമാണ്. 1356 ലാണ് ഇത് നിർമിച്ചത്. മരങ്ങൾ നിറഞ്ഞ മൈതാനങ്ങളിലൂടെയും സെമിത്തേരിയിലൂടെയും നീളുന്ന മനോഹരമായ നടപ്പാതയിലൂടെയാണ് ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
ക്ഷേത്ര പരിസരത്ത് ചിതറിക്കിടക്കുന്ന ഇരുനൂറിലധികം പ്രതിമകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ജാപ്പനീസില്‍ 'രാകന്‍' എന്നു വിളിക്കുന്ന, ബുദ്ധന്റെ ശിഷ്യന്മാരുടെ പ്രതിമകളാണിത്. വര്‍ഷം മുഴുവനും തുറന്നിരിക്കുന്ന ക്ഷേത്രത്തില്‍ സഞ്ചാരികള്‍ക്കു സൗജന്യമായി പ്രവേശിക്കാം.
ജപ്പാനിലെ ഏറ്റവും പഴയ പർവ്വത റെയിൽവേയായ ഹക്കോൺ ടോസാൻ ട്രെയിന്‍ യാത്ര ആസ്വദിക്കേണ്ട മറ്റൊരു അനുഭവമാണ്. ഇടുങ്ങിയതും ഇടതൂർന്നതുമായ താഴ്‌വരയിലൂടെ, പാലങ്ങൾക്കു മുകളിലൂടെയും തുരങ്കങ്ങൾക്കിടയിലൂടെയും പാഞ്ഞു പോകുന്ന തീവണ്ടി കൗതുകകരമായ കാഴ്ചയാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ ട്രാക്കുകളിൽ ആയിരക്കണക്കിന് ഹൈഡ്രാഞ്ചിയകൾ പൂക്കുന്ന സമയത്ത് ഹക്കോൺ-യുമോട്ടോയിൽ നിന്ന് ഗോറയിലേക്കുള്ള 35 മിനിറ്റ് ട്രെയിൻ യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ഓരോ 15-20 മിനിറ്റിലും ഹക്കോൺ-യുമോട്ടോയ്ക്കും ഗോറയ്ക്കും ഇടയിൽ ട്രെയിനുകൾ ഓടുന്നുണ്ട്.
ഏകദേശം 3,000 വർഷങ്ങൾക്കു മുൻപ് ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിന് ശേഷം ഹക്കോൺ പർവതത്തിന്റെ കാൽഡെറയിൽ രൂപപ്പെട്ട അഷിനോക്കോ തടാകമാണ് മറ്റൊരു കാഴ്ച. കിഴക്കും വടക്കുമുള്ള ചെറിയ പട്ടണങ്ങളും തടാകതീരത്തുള്ള രണ്ട് റിസോർട്ട് ഹോട്ടലുകളും ഒഴികെ, ഈ തടാകത്തിന്റെ തീരങ്ങൾ മിക്കവാറും അവികസിതമാണ്. ഇവിടെ നിന്നു നോക്കിയാല്‍ ഫുജി പർവതത്തിന്‍റെ മനോഹരമായ ദൃശ്യം കാണാം.
ഹക്കോൺ പർവതത്തിൻ്റെ കൊമഗടേക്ക് കൊടുമുടിയിലേക്ക് ആളുകളെ എത്തിക്കുന്ന കൊമഗതകെ, ഒവാകുഡാനി വഴി സൗൻസനെ ടോഗെൻഡായിയുമായി ബന്ധിപ്പിക്കുന്ന ഹക്കോൺ തുടങ്ങിയ റോപ്പ് വേകള്‍ സഞ്ചാരികള്‍ക്ക് ആകാശക്കാഴ്ച സമ്മാനിക്കുന്നു.