ADVERTISEMENT

തുടര്‍ച്ചയോ അതിജീവനമോ പുനര്‍ജനിക്കലോ ഒക്കെയാണ് എഴുത്തുകളും വരകളും സംഗീതവുമൊക്കെ. താന്‍ എന്ന വ്യക്തിയെ കൂടുതല്‍ തെളിമയോടെ പുനരവതരിപ്പിക്കുകയാണ് മനുഷ്യര്‍ അന്നേരങ്ങളില്‍. തികച്ചും വ്യത്യസ്തമായ മറ്റൊരു രംഗത്തു നിന്നുകൊണ്ട് ഇവയിലേക്ക് ആഴ്ന്നിറങ്ങുവാനുള്ള സമയവും സന്തോഷവും നീക്കിവയ്ക്കുമ്പോള്‍ ആ പറച്ചില്‍ കൂടുതല്‍ അര്‍ഥവത്താകുകയാണ്, തീക്ഷ്ണവും. അങ്ങനെയൊരു കാഴ്ചയാണ് നിറങ്ങളായി ചെന്നൈയിലെ വൈറ്റ് റോഡിലുള്ള അമെതിസ്റ്റ് ദി ഫോളി ഹാളില്‍ നിറയുന്നത്. ചില്ലുകുപ്പിക്കുള്ളിലിരുന്ന്, പൂക്കള്‍ക്കിടയിലൂടെ ഇലകള്‍ക്കിടയിലൂടെ മുകളിലേക്ക് നോട്ടമെറിയുന്ന, കരിമ്പനക്കാടു പോലെ മുടിയുള്ള പെണ്‍മുഖത്തിന്റെ ചിത്രം ആമുഖം പോലെ നല്‍കി, സ്മാള്‍ ടാക്ക്്‌സ്്-വോയ്‌സസ് റ്റു ബി ഹേര്‍ഡ് എന്നു പേരിട്ട് അവതരിപ്പിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ നന്ദിനി ആര്‍ നായരുടെ ചിത്രങ്ങളാണുള്ളത്. പെണ്‍വശ്യതയും തീക്ഷണതയും അവളുടെ ഉറച്ച സ്വരവും ആര്‍ദ്രതയുമൊക്കെ സംവദിക്കുന്ന ചിത്രക്കൂട്ടം. ഐആര്‍എസ് ഓഫിസറായ നന്ദിനി അങ്ങനെയൊരു ടാഗ് ലൈനിലല്ല ചിത്രപ്രദര്‍ശനത്തിന്റെ ബ്രോഷറില്‍ സ്വയം പരിചയപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരി നര്‍ത്തകി ചിത്രകാരി എന്നതിനേക്കാള്‍ നന്ദിനിയെ നമുക്ക് പരിചയപ്പെടാന്‍ ഏറെയെളുപ്പം തന്‍മാത്ര എന്ന ചിത്രത്തില്‍ കുപ്പിഗ്ലാസ് വച്ച് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെ ഓര്‍ത്തുനോക്കിയാല്‍ മതി.

സ്ത്രീ ഭാവങ്ങള്‍

വരച്ചു തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ ഇങ്ങനെ ഒരു കൂട്ടം ചിത്രങ്ങള്‍ ഒരു ആശയത്തിലൂന്നി നിന്നുകൊണ്ട് വരച്ചുകൂട്ടി എക്‌സിബിഷനിലേക്കൊക്കെ വരണം എന്നു ചിന്തിച്ചിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിട്ടുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വരച്ച ചിത്രങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ആയതുകൊണ്ടു തന്നെയാണ് ജീവിതത്തില്‍ ആദ്യമായി ചെയ്യുന്നൊരു ചിത്രപ്രദര്‍ശനത്തിലെ വിഷയവും സ്ത്രീ ആയത്. അതിനേക്കാളുപരി ഇക്കാലയളവിനിടയിലെ ജീവിതത്തിനിടയില്‍ ഒരു വ്യക്തി എന്ന നിലയില്‍ അറിഞ്ഞ നിലപാടുകള്‍, യാഥാര്‍ഥ്യങ്ങള്‍, തിരിച്ചറിവുകള്‍ എല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്താണ് വിഷയം എന്ന് ആലോചിച്ച നേരം അനായസമായി കുറേ പെണ്‍മുഖങ്ങള്‍ മനസ്സിലേക്കു വന്നത്. അവരെയാണ് വരക്കേണ്ടത് എന്നു തോന്നിയത്. 

painting

നമുക്ക് നമ്മുടേതായ ഇടം...എന്നത് അനുഭവിച്ചാണ് വളര്‍ന്നത്. പക്ഷേ ആ വളര്‍ച്ചക്കിടയില്‍ സ്ത്രീ എന്ന നിലയില്‍ നമ്മളെങ്ങനെയാണ് കൈകാര്യം ചെയ്യപ്പെട്ടത് എന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിന് വലിയ ആഴം ഉണ്ടെന്നു മനസ്സിലായി. ഞാന്‍ മാത്രമല്ല, ഞാന്‍ അറിഞ്ഞിട്ടുള്ളതും വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ സ്ത്രീകള്‍ പറയാന്‍ ആഗ്രഹിച്ചതും മനസ്സില്‍ ഒളിപ്പിച്ചതും തീവ്രമായി ചിന്തിച്ചതുമെല്ലാം ഒരു മതില്‍ക്കെട്ടിനെയും പേടിക്കാതെ അവതരിപ്പിക്കുവാന്‍ എന്റെ കൈവശമുള്ള മാധ്യമം വരയാണ്. ഇക്കലയളവിനിടയില്‍ മനസ്സില്‍ പരുവപ്പെട്ടു വന്ന നിലപാടുകള്‍ അതെല്ലാം വിളിച്ചു പറയാന്‍ പ്രേരിപ്പിച്ചപ്പോള്‍ അത് വരയിലേക്കു മാറിയെന്നേയുള്ളൂ. 

ഉറൂബിന്റെ രാച്ചിയമ്മ, വയലാറിന്റെ താടക...തുടങ്ങിയ കുറേ ഓഫ് ബീറ്റ് കഥാപാത്രങ്ങളായിരുന്നു ആദ്യം എക്‌സിബിഷന്‍ ലക്ഷ്യമിട്ട് വരച്ചത്. പക്ഷേ കഥാപാത്രങ്ങളെ ആസ്പദമാക്കി വരയ്ക്കുമ്പോള്‍ ആഴത്തിലുള്ള പഠനവും ഗവേഷണവും ആവശ്യമാണ്. പക്ഷേ എനിക്ക് വര തുടരേണ്ടതുമുണ്ടായിരുന്നു. അതുകൊണ്ട് ആ രീതിയിലുള്ള വരകള്‍ക്ക് അല്‍പം വിരാമമിട്ട് മനസ്സില്‍ വന്ന ആശയങ്ങളില്‍ വച്ച് വരയ്ക്കാന്‍ തുടങ്ങിയത്. വാട്ടര്‍ കളര്‍, അക്രിലിക്, പിന്നെ ഒരു ഇന്‍സ്റ്റലേഷനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എങ്ങനെയായിരുന്നു വരയ്ക്കാന്‍ തുടങ്ങിയതും ആ വഴികളും

എറണാകുളം രാജഗിരി സ്‌കൂളിലാണ് പഠിച്ചത്. കൊച്ചിയില്‍ കലാ-സാംസ്‌കാരികപരമായി ഇടപെടലുകള്‍ നടക്കുന്നൊരു സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. സ്‌കൂളിലെ ഡ്രോയിങ് സര്‍ ആയിരുന്ന എം.പി.മനോജ് ആണ് വരയ്ക്കാന്‍ കഴിയും എന്ന കാര്യം മനസ്സിലാക്കിതന്നത്. സര്‍ ആണ് ആദ്യ ഗുരു. പിന്നീടങ്ങോട്ട് എം.വി.ദേവന്‍, സിഎന്‍ കരുണാകരന്‍, റ്റി. കലാധരന്‍, അശാന്തന്‍ തുടങ്ങിയ പ്രതിഭാധനരുടെ വര്‍ക്ക്‌ഷോപ്പുകളില്‍ സ്ഥിരം പങ്കാളിയായി. പതിനഞ്ചു വയസ്സുള്ളപ്പോഴായിരുന്നു ആദ്യ ചിത്രപ്രദര്‍ശനം. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലും ഇന്റര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും ഒന്നാം സ്ഥാനം ഡ്രോയിങിനു നേടിയിരുന്നു. എന്റെ ചിന്തകളെ ഇതിലും നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു മാധ്യമം ഇല്ലെന്നു മനസ്സിലാക്കിത്തന്ന നാളുകളായിരുന്നു അത്.

ഒരിക്കല്‍ കലാധരന്‍ മാഷ് സംഘടിപ്പിച്ച ഒരു വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കും നേരം എന്തോ ഒരു കാര്യം ചെയ്യുന്നതിനിടെ ഞാന്‍ പറഞ്ഞു, അങ്ങനെയല്ല ഇത് ചെയ്യേണ്ടത് എന്നോ മറ്റോ. എന്താണ് സംഭവം എന്നു സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ശരിക്കും ഓര്‍ക്കുന്നില്ല. അന്നേരം എം.വി.ദേവന്‍ സര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഗൗരവഭാവത്തില്‍ അടുത്തേക്ക് വിളിച്ചു. ഇങ്ങനെയാണോ പറയേണ്ടത് എന്നു ചോദിച്ചു. ഞാന്‍ അന്നേരം ശരിക്കും പേടിച്ച് ഒന്നും മിണ്ടാനാകാതെ നില്‍ക്കുകയായിരുന്നു. എന്നിട്ട് അദ്ദേഹം പതിയെ പറഞ്ഞു, അങ്ങനെയാണ് പറയേണ്ടത് എന്നും അങ്ങനെ തന്നെയാകണം. ശരിയെന്നു തോന്നുന്നത് തന്റേടത്തോടെ പറയണം എന്ന്. പ്രൊഫ. ചന്ദ്രദാസന്‍ സാറിനു കീഴിലുള്ള കുട്ടികള്‍ക്കായുള്ള സാംസ്‌കാരിക കൂട്ടായ്മയായ മഴവില്ല്, ലോകധര്‍മി തീയറ്റര്‍ എന്നിവയില്‍ ചെറുപ്പം മുതല്‍ക്കേ സജീവമായിരുന്നു. അവിടെ നിന്നാണ് നാടകം പഠിക്കുന്നതും ചെയ്യുന്നതുമൊക്കെ.

അങ്ങനെ ഏതൊരാളുടെ ജീവിതത്തിലും അവരുടെ ചിന്തകളെ പ്രചോദിപ്പിക്കുകയും അതിന് തുടര്‍ച്ച നല്‍കുകയും ചെയ്യുന്ന കുറേ മനുഷ്യരും കൂട്ടായ്മകളും കാണും. അങ്ങനെയുള്ളവര്‍ക്കിടയില്‍ ചെന്നുപെട്ടാല്‍ പിന്നെ അവര്‍ നമ്മളെ രൂപപ്പെടുത്തുന്ന രീതിയിലായിരിക്കും മുന്നോട്ടുള്ള യാത്ര. സൈലന്റ് ആയിരിക്കാന്‍ നമുക്ക് അന്നേരം ഒരിക്കലും കഴിയുകയില്ല. സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു തീമില്‍ ഒരു എക്‌സിബിഷനുമായി വരാന്‍ കാര്യം അതാണ്. 

ഞാന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലാണ് ജോലി ചെയ്യുന്നത്. ജോലിയെ കുറിച്ച് പറയാതെയാണല്ലോ ചിത്രപ്രദര്‍ശനത്തില്‍ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്.രണ്ടും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ജോലി എനിക്കിഷ്ടമാണ്. ജോലി എന്നതിലുപരി കുറേയേറെ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടി തരുന്ന ഒന്നാണ്. ഞാന്‍ ജോലിയെ പറ്റി പറയാത്തത് ആര്‍ടിസ്റ്റ് എന്ന നിലയിലെ ഐഡന്റിറ്റി സ്വതന്ത്രമായിരിക്കണം എന്നുള്ളതുകൊണ്ടാണ്. ഇവിടെ എന്റെ ജോലി ഒരു സ്വാധീനവും ചെലുത്തുന്നില്ലല്ലോ. ഞാന്‍ മറ്റേതൊരു ആര്‍ടിസ്റ്റിനേയും പോലെയാണ്. വേറൊരു പ്ലാറ്റ്‌ഫോമിലാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് അത്തരമൊരു കാര്യം വേണ്ടെന്നു വച്ചത്.

തന്‍മാത്രയിലും ഡാ തടിയായിലും അഭിനയിച്ചു. പിന്നെ എന്തുകൊണ്ടാണ് തുടരാത്തത്. നാടകവും ഒരു തട്ടകമായിരുന്നല്ലോ

മഴവില്ലിലെ ജീവിതം തന്നതാണ് അഭിനയം. തന്‍മാത്രയിലും ഡാ തടിയായിലും അഭിനയിച്ചെങ്കിലും ക്യാമറയ്ക്കു മുന്‍പില്‍ ഞാന്‍ അത്ര കോണ്‍ഫിഡന്റ് ആയിരുന്നില്ല. എങ്ങനെയാകും എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ടാണ് അതിലേക്ക് കൂടുതല്‍ നോക്കാത്തത്. നാടകം ചെയ്യാന്‍ ഇഷ്ടമാണ്. നാടകമായാലും ചിത്രരചനയായാലും അതിന്റെ പൂര്‍ണതയിലേക്കെത്തുന്ന ഒരു പ്രോസസ് ഉണ്ടല്ലോ. എനിക്ക് അതിനോട് വലിയ ഇഷ്ടമാണ്. വലിയ സന്തോഷമാണ് അത് അറിയുന്നത്. അതാണ് അവ രണ്ടും ഇപ്പോഴും ചേര്‍ത്തുപിടിക്കുന്നത്. പിന്നെ ഇവയെല്ലാം ഒരു ജോലി എന്നതിനപ്പുറം നേരത്തെ പറഞ്ഞതുപോലെ ചില തുടര്‍ച്ചകളോ സന്തോഷങ്ങളോ ആയിരുന്നിരിക്കണം. ജോലി എന്ന നിലയില്‍ സിവില്‍ സര്‍വീസിനോടായിരുന്നു പണ്ടേ താല്‍പര്യം. 

സിവില്‍ സര്‍വീസിലേക്ക്...

എന്തുകൊണ്ട് ഇഷ്ടം എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴേ ഞാന്‍ ഇത് പറയുമായിരുന്നു. പക്ഷേ അതൊരു ലക്ഷ്യമായൊക്കെ വളര്‍ന്നത് ഒരിക്കല്‍ സംസ്ഥാന തലത്തില്‍ ചിത്രരചനയില്‍ ജേതാവായപ്പോള്‍ മനോരമയില്‍ തന്നെ കൊടുത്തൊരു അഭിമുഖം കാരണമാണ്. വിജയികളാകുന്ന കുട്ടികളുടെ അഭിമുഖമെടുക്കുന്ന പതിവുണ്ടല്ലോ. അന്നേരം എന്നോട് എന്താകാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ ഞാന്‍ സിവില്‍ സര്‍വീസ് എന്ന് ഉത്തരം പറഞ്ഞു. അത് പത്രത്തില്‍ അച്ചടിച്ചു വന്നു. അന്നേരം ഞാന്‍ വിചാരിച്ചു, അയ്യോ എല്ലാരും അറിഞ്ഞല്ലോ, ഇനി എന്തായാലും അതിനു വേണ്ടി എഴുതണം ,പഠിക്കണം എന്നൊക്കെ. ഇക്കണോമിക്‌സില്‍ ബിരുദം കഴിഞ്ഞ് ചെന്നൈ ലയോളയിലായിരുന്നു തുടര്‍ പഠനം. പിജി പഠിക്കുമ്പോള്‍ നാടകവും വരയും കാരണം അധികം ക്ലാസില്‍ കയറാന്‍ തന്നെ കഴിഞ്ഞിരുന്നില്ല. പിജി കഴിഞ്ഞ് ഒരു വര്‍ഷം സിവില്‍ സര്‍വീസിനായി പഠിച്ചു. പിറ്റേ വര്‍ഷം പരീക്ഷയെഴുതി വിജയിക്കുകയായിരുന്നു.

ജോലിയും വരയും

സിവില്‍ സര്‍വീസ് വളരെ ചട്ടങ്ങളും ഘടനകളുമുള്ള ലോകമാണ്. അതില്‍ നില്‍ക്കുമ്പോള്‍ അതിനെ അനുസരിക്കണം. അവിടെ നിന്നുകൊണ്ട് പറയാന്‍ കഴിയുന്നതും കഴിയാത്തതുമുണ്ട്. അങ്ങനെ പറയാന്‍ കഴിയാത്ത ചില കാര്യങ്ങളെ എനിക്ക് വരയിലൂടെ പറയാനാകും. ജോലിയില്‍ ചിലപ്പോഴൊക്കെ വരുന്ന സമാധാനക്കേടും ടെന്‍ഷനുമെല്ലാം വരയില്‍ തീരും. സത്യം പറഞ്ഞാല്‍ ജോലിയും വരയും ഒന്നിച്ചുകൊണ്ടുപോകുക വലിയ പ്രയത്‌നമാണ്. പക്ഷേ എനിക്ക് എത്ര രാത്രി വൈകി വരയ്ക്കാനും സമാധാനം കിട്ടാന്‍ വരയ്ക്കാനും അറിയാവുന്നതുകൊണ്ട് അത് പ്രശ്‌നമാകുന്നില്ല. 

പ്രതീക്ഷകള്‍

ചിത്രപ്രദര്‍ശനം നടത്തുമ്പോള്‍ പല മാനസികാവസ്ഥകളിലും നിലപാടുകളിലും നിന്ന് പലസമയങ്ങളിലായി നമ്മള്‍ വരച്ച ചിത്രങ്ങളാണ് മറ്റു മനുഷ്യര്‍ക്കു മുന്‍പിലേക്ക് വയ്ക്കുന്നത്. ആ മനുഷ്യരാകട്ടെ അതിനേക്കാള്‍ വിഭിന്നമായ ഒരാൾക്കൂട്ടവും. കലാരംഗത്തോട് അടുത്ത് നില്‍ക്കുന്ന സ്ഥലമാണ് ചെന്നൈ. തെരുവുകളിലൊക്കെ കലാമൂല്യമുള്ള ആവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും അത് കാണാന്‍ ആളുകള്‍ എത്തുകയും ചെയ്യുന്ന സ്ഥലം. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതാകില്ല ആളുകള്‍ക്ക് ഇഷ്ടമാകുന്നത്. ചിലപ്പോള്‍ എളുപ്പത്തില്‍ വരച്ചതാകും അവര്‍ക്ക് കൂടുതല്‍ ഇഷ്ടമാകുക. ചിത്രരചനയും എക്‌സിബിഷനുകളും ഇനിയും ഏറെ ചെയ്യണമെന്നാണ് ആഗ്രഹം.

2013 ബാച്ച് ഐആര്‍എസ് ഓഫിസറായ നന്ദിനി ആര്‍ നായര്‍ മൂന്നു വര്‍ഷമായി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ചെറുപ്പം മുതല്‍ക്കേ നാടക രംഗത്തും നൃത്തരംഗത്തും ചിത്രരചനയിലും സജീവമായ നന്ദിനിക്ക് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടാനായി. യുനെസ്‌കോ സംഘടപ്പിച്ച തീയറ്റര്‍ ഫെസ്റ്റിവലിലും പങ്കാളിയായിട്ടുണ്ട്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവ്, സൂര്യ ഫെസ്റ്റിവല്‍ തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്. ലളിത കലാ അക്കാദമി സംഘടിപ്പിച്ച മാനവമൈത്രി സംഗമം എന്നു പേരിട്ട ചിത്രപ്രദര്‍ശനത്തില്‍ നന്ദിനിയുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. ശ്യാമളാ സുരേന്ദ്രനു കീഴില്‍ ഭരതനാട്യവും കലാമണ്ഡലം ക്ഷേമാവതിക്കു കീഴില്‍ മോഹിനിയാട്ടവും അഭ്യസിച്ച് നിരവധി വേദികളില്‍ ശ്രദ്ധേയ സാന്നിധ്യമായിട്ടുണ്ട്. ഐഎഎസ് വിഷ്ണു വി യാണ് ജീവിതപങ്കാളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com