മൊട്ടത്തലയുള്ള ക്യൂട്ട് മണവാട്ടി; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി കൃഷ്ണപ്രഭ
Mail This Article
സർപ്രൈസുകൾ അവസാനിക്കുന്നില്ല, തുടങ്ങുന്നതേയുള്ളൂ എന്നൊരു ധ്വനി ദൃശ്യങ്ങളിലുടനീളം കാത്തു വച്ചുകൊണ്ടാണ് നടിയും നർത്തകിയുമായ കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നത്. പ്രകൃതിയെ ആധാരമാക്കി മഹാദേവൻ തമ്പിയൊരുക്കിയ ഫോട്ടോഷൂട്ടിൽ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് കൃഷ്ണപ്രഭ പ്രത്യക്ഷപ്പെടുന്നത്. എറണാകുളത്തും കുമ്പളങ്ങി ഗ്രാമത്തിലുമായാണ് ഈ വൺഡേ ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്.
ഫോട്ടോഷൂട്ട് അനുഭവങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ സംസാരിക്കുന്നു:
പ്രകൃതിയോടു ചേർന്നു നിൽക്കുന്ന, എന്നാൽ പരമ്പരാഗത സങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. തീം ബേസ്ഡ് ആയ ഈ ഷൂട്ടിൽ ആദ്യത്തെ രണ്ട് കോസ്റ്റ്യൂം പ്രകൃതിയെയും യോഗയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തേത് നിറയെ ആഭരണങ്ങളൊക്കെയുള്ള ലുക്കിലാണ്. ശരീരത്തിൽ ഇലകൾ വരച്ച് മുടിയിൽ പല നിറങ്ങൾ ചെയ്തുള്ള രണ്ടാമത്തെ കോസ്റ്റ്യൂം യോഗാ ബേസ്ഡ് ആണ്.
ക്രിസ്ത്യൻ വധുവായാണ് മൂന്നാമത്തെ കോസ്റ്റ്യൂമിലെത്തുന്നത്. പരമ്പരാഗത ബ്രൈഡൽ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ ഷൂട്ട് എന്നു പറയാം. മൊട്ടത്തലയുള്ള ഒരു മണവാട്ടിപ്പെണ്ണ്. അവളുടെയൊപ്പം ഫ്ലവർ ഗേൾസിനു പകരം ഗ്രാമത്തിലെ വികൃതിപ്പിള്ളേർ. ആ ഷൂട്ട് കുമ്പളങ്ങിയിൽ വച്ചായിരുന്നു. പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെയുമൊക്കെ പഴ്സനൽ ഹെയർ ഡ്രസർ സ്വാമിയാണ് ഈ ഫോാട്ടോഷൂട്ടിനു വേണ്ടി ഹെയറും മേക്കപ്പും ചെയ്തത്. നാലാമത്തെ ഗെറ്റപ്പിനു വിഷയം കളരിയായിരുന്നു.
ഫോട്ടോഷൂട്ട് ഒരുക്കിയ മഹാദേവൻ തമ്പിയെക്കുറിച്ചും കുറച്ചേറെ പറയാനുണ്ട്. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ഫാഷൻ ഫോട്ടോഷൂട്ട് അല്ലാതെ തീം ബേസ്ഡ് ഫൊട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന് മുൻപ് ലെന ചേച്ചിക്കായി (ചലച്ചിത്ര താരം ലെന) അദ്ദേഹം ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അത് അന്നു വൈറലായിരുന്നു. ട്രൈബൽ ആയിരുന്നു അതിന്റെ തീം. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നതും മഹാദേവൻ തമ്പിയാണ്.
മുടിയുടെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ഇപ്പോൾ ചെയ്യുന്നത്. ടീസർ നന്നായി പോകുന്നുണ്ട്. ഇപ്പോൾത്തന്നെ മൂവായിരത്തിലധികം വ്യൂ ഇതിനുണ്ട്. തീം ബേസ്ഡ് ഫോട്ടോഷൂട്ടിൽ പുതുമയുണ്ട്. അതുകൊണ്ടുതന്നെ അതു കാണാൻ ആളുകൾക്കു താൽപര്യമുണ്ടാകും. പ്രകൃതി പോലെയൊരു തീം ആയതുകൊണ്ടു തന്നെ ആളുകൾക്കിത് നന്നായി റിലേറ്റ് ചെയ്യാൻ കഴിയും. — കൃഷ്ണപ്രഭ പറയുന്നു.
സ്റ്റേ ട്യൂൺഡ് ഫോർ മേക്കോവർ സർപ്രൈസസ് എന്ന ടാഗ് ലൈനോടെയാണ് കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ടിന്റെ ടീസർ അവസാനിക്കുന്നത്.