ADVERTISEMENT

തെലങ്കാനയിൽ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം ചുട്ടുകൊന്ന നരാധമന്മാരെ നിയമപാലകർ നേരിട്ട് ശിക്ഷിച്ചു. പ്രതികളെന്നാരോപിക്കപ്പെടുന്നവരെ പ്രതിരോധത്തിന്റെ ഭാഗമായി വെടി വച്ച് കൊല്ലുകയായിരുന്നു എന്നാണു പോലീസ് ഭാഷ്യം.

എന്തുതന്നെയായാലും ആ മരണത്തെ സമൂഹമാധ്യമങ്ങൾ രണ്ടു തട്ടിൽ ചർച്ച ചെയ്തു. ബലാത്സംഗം ചെയ്യപ്പെട്ടു ചുട്ടു കൊല്ലപ്പെട്ട പെൺകുട്ടിക്ക് ലഭിക്കാത്ത മനുഷ്യാവകാശം പ്രതികളെന്ന് ആരോപിക്കപ്പെടുന്നവർക്കും ഇല്ലെന്ന് ഒരു വിഭാഗം സംസാരിച്ചപ്പോൾ നിയമത്തിന്റെ ഫാസിസ്റ്റ് മുഖത്തെക്കുറിച്ചും ചർച്ചകളുണ്ടായി. എന്നാൽ എങ്ങനെയായാലും ഒരു കേസോടുകൂടി ഇവിടെ പീഡനവാർത്തകൾ അവസാനിച്ചിട്ടേയില്ലെന്ന് അതിനടുത്ത ദിവസങ്ങളിൽ പുറത്ത് വന്ന വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു. 

ബിഹാറിൽ ഉപദ്രവിക്കപ്പെട്ട അഞ്ചു വയസുകാരി, ഉന്നാവിൽ കൊല്ലപ്പെട്ട പെൺകുട്ടി, കൊച്ചിയിലെ കൗമാരക്കാരി അങ്ങനെ പെൺകുട്ടികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം റിപോർട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണം ആയിരത്തിലധികമാണ്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതും ബാല പീഡനവുമൊക്കെ അതിലും എത്രയോ ഇരട്ടിയായിരിക്കും?

എന്താണ് പെൺകുട്ടികൾക്ക് സംഭവിക്കുന്നത് എന്ന ചോദ്യം പോലെ തന്നെ ഭീതിയുളവാക്കുന്നതാണ് എന്താണ് നമ്മുടെ പുരുഷന്മാർക്ക് സംഭവിക്കുന്നതെന്നതും. സ്ത്രീകൾ എന്നാൽ അടിമയാണെന്നും തങ്ങൾ അവരുടെ ഉടമകൾ ആണെന്നുമുള്ള ചിന്താഗതിയുമായാണ് ചില പുരുഷന്മാരെങ്കിലും ഇന്നും ജീവിക്കുന്നത്. കേരളത്തിൽ അവസ്ഥ തുലോം കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഈ മാനസികാവസ്ഥ ഇന്നും അതുപോലെ നിലനിൽക്കുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കുട്ടികളുൾപ്പെടെയുള്ളവരിൽ ബലാത്സംഗം എന്നത് സ്ത്രീയും പുരുഷനും ഒരേ പോലെ തെറ്റിലേർപ്പെടുന്ന കാര്യമാണെന്ന് പറഞ്ഞു വയ്ക്കുന്നു. അതിക്രൂരമായ പീഡനമാണെങ്കിൽപ്പോലും തങ്ങളും അതിൽ ശിക്ഷയ്ക്ക് അർഹരാണെന്ന് അവിടുത്തെ പെൺകുട്ടികൾ വിശ്വസിച്ചിരുന്നു. 

സ്ത്രീകൾ എന്നാൽ തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവളാണെന്നും അവളുടെ മുകളിൽ അധികാരം കാട്ടുന്നത് അവൾക്കിഷ്ടമാണെന്നും രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ "എന്തിനും" തയാറായി ഇറങ്ങുന്നവരാണെന്നും അവർ മനസ്സിലാക്കി വച്ചിരിക്കുന്നു. രാത്രിയിൽ അവളുടെ ഇഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും തങ്ങളുടെ അധീശത്വം അടിച്ചേൽപ്പിക്കുകയാണ് വേണ്ടതെന്നും മുതിർന്നവർ അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ആ ചിന്താഗതിയിൽ നിന്നാണ് നിർഭയയും ദിശയുമൊക്കെയുണ്ടായത്. ആയിരക്കണക്കിന് പെൺകുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുന്നത് അവരുടെ അഭിമാനത്തിന് വില പറയുന്നത്. ഇത് ഇപ്രകാരം തുടർന്നുകൊണ്ടേയിരിക്കുകയാണ്.

ഇതേ വിഷയത്തിൽ  എഴുത്തുകാരൻ ലാജോ പറയുന്നത് കേൾക്കൂ, 

"പീഡന വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല. എന്താണിതിന്റെ കാരണങ്ങൾ എന്ന് എപ്പോഴും ആലോചിക്കാറുണ്ട്. മൂന്ന് മുഖ്യ കാരണങ്ങളാണ് ഇതിന് പിന്നിൽ എന്നാണ് എന്റെ അഭിപ്രായം.

ഒന്ന് :  ആൺമക്കളെ വളർത്തുന്നതിന്റെ പാകപ്പിഴ.

രണ്ട് : നിയമത്തിനെ ഭയമില്ല.

മൂന്ന്: മാനസിക പ്രശ്നങ്ങൾക്ക് പ്രൊഫഷണൽ ആയ സഹായം തേടാത്തത്.

Control the controllable എന്ന് പറയുന്നത് പോലെ ആദ്യം ചെയ്യേണ്ടത് ചെറുപ്പം മുതലേ ആൺകുട്ടികളെ മൂല്യങ്ങളിൽ അധിഷ്ഠിതമായി വളർത്താനുള്ള ബോധം മാതാപിതാക്കളിൽ വളർത്തുക എന്നതാണ്. പഞ്ചായത്ത് വാർഡുകളിൽ നിന്ന് ഇത് തുടങ്ങണം. ഇതെങ്ങനെ പ്രാവർത്തികമാക്കും എന്നുള്ളത് വലിയ കടമ്പയാണ്. 

lajo-01
ലാജോ

ഓരോ ചെറിയ നിയമ ലംഘനത്തിനും മതിയായ ശിക്ഷ വാങ്ങിക്കൊടുക്കണം. അതിപ്പോൾ പാർക്കിങ് അനുവദിക്കാത്ത സ്ഥലത്ത് പാർക്ക് ചെയ്യുന്നത്, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് തുടങ്ങണം.

മറ്റൊരിടത്തും വില കിട്ടാതെ ഫ്രസ്ട്രേറ്റഡ് ആയി നടക്കുന്ന ആൾക്കാരിൽ താൻ എന്തെങ്കിലും ആണെന്ന് കാട്ടിക്കൂട്ടാൻ ഉള്ള ശ്രമത്തിന്റെ ഫലമാണ് ഓരോ പീഡനവും. അവരെ ന്യായീകരിക്കുക അല്ല. ഓരോ വ്യക്തിയിലും ഈ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവന്റെ ചുറ്റുപാടാണ് - സാമ്പത്തികം, കുടുംബം, സമൂഹം. അപ്പോൾ എവിടെയെങ്കിലും ഒരിക്കലെങ്കിലും ഒരു വിജയം വേണ്ടേ? അതിന് തിരഞ്ഞെടുക്കുന്നതോ ? ബലഹീനരായ ആൾക്കാരെ. അവരെ കീഴ്‌പ്പെടുത്തുമ്പോൾ അവൻ ആരോ ആയി എന്നൊരു മിഥ്യാധാരണ അവനിൽ ഉണ്ടാകും. പിന്നെ ഇതിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുമ്പോൾ, കാണുമ്പോൾ സമാനമനസ്കർക്ക് ഉത്തേജനം ലഭിക്കും. അത് ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും. 

സാമൂഹിക നിരീക്ഷകയും ആക്ടിവിസ്റ്റുമായ അമല ഷഫീക്ക് പറയുന്നു,

"പീഡന വാർത്തകൾ വീണ്ടും വീണ്ടും ഒന്നാം പേജുകളിൽ നിറയുന്നത് എന്തുകൊണ്ടാണെന്ന്  നാം ചിന്തിക്കേണ്ടതുണ്ട്‌. പീഡനങ്ങൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട്‌ പുറത്ത്‌ വരുന്നത്ു കൊണ്ടാണെന്നുള്ള സ്വാഭാവികവാദം ഉണ്ടാകാം. എന്നാൽ ഈ റിപ്പോർട്ടുകൾ മനുഷ്യന്റെ ഏതൊക്കെയോ കാമനകളെ ശമിപ്പിക്കുന്നുണ്ട്‌ എന്നതാണ്‌ അതിന്റെ ഒരു കാരണമെന്ന് ഞാൻ കരുതുന്നു. പോൺ സൈറ്റുകളിൽ ബലാൽസംഗത്തിൽ മരിച്ച പെൺകുട്ടിയുടെ റേപ്‌ വീഡിയോ തിരഞ്ഞ അതേ മാനസീകാവസ്‌ഥ തന്നെയാണിതിന്റെയും പിന്നിൽ. 

പീഡനം കൊലപാതകം, അപകട മരണങ്ങൾ തുടങ്ങിയ വാർത്തകൾ അറിയാനും അവയിൽ മുങ്ങിത്താഴാനും മനുഷ്യന്‌ ഒരു വാസനയുണ്ട്‌. ചില ഓൺലൈൻ പത്രങ്ങൾ ഈ വാസനയെ കൃത്യമായി തിരിച്ചറിഞ്ഞ്‌ അത്തരം വാർത്തകൾ നൽകി തങ്ങളുടെ ക്ലിക്കുകൾ കൂട്ടാറുണ്ട്‌. പത്രങ്ങളും ഇപ്പോൾ അത്‌ തന്നെ ആഘോഷിക്കുന്നു.

amala-01
അമല

ഇതിനൊരു മറുവശമുണ്ട്‌. ചില ഹീനകൃത്യങ്ങൾ ചെയ്യുവാൻ വാസനയുള്ളവർ ഈ വാർത്തകൾ വായിച്ച്‌ ഉത്തേജിതരാവുകയും താൻ ചെയ്യുവാനാഗ്രഹിച്ചത്‌ പോലെ ചെയ്ത മനുഷ്യരെ പറ്റി വായിച്ച്‌ തങ്ങൾക്ക്‌ ഉണ്ടായിരുന്ന എന്തോ ഒരു വിമുഖതയെ മറികടക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. പൊട്ടൻഷ്യൽ കുറ്റവാളികളുടെ ജനനമാണത്‌. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിങ് ഉണ്ടാകണമെങ്കിലും അമിതമായ സെൻസേഷണലിസം ഇല്ലാതാക്കുന്ന തരം റിപ്പോർട്ടിങ്ങിലേക്ക്‌ മാറിയില്ലെങ്കിൽ അടുത്ത തലമുറയിലുണ്ടാവുക എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പറ്റം മനുഷ്യരായിരിക്കും. അപകടകരമായ ഒരു പോക്കാണത്‌.  

എന്നാൽ എന്തു കൊണ്ടാണ്‌ ജനം ഈ വാർത്തകൾ ആവേശപൂ‌ർവം വായിക്കുന്നത്‌ എന്നതിന്‌ മറ്റൊരു വശം കൂടിയുണ്ട്‌. ഈ രാജ്യത്തെ നിയമവാഴ്ച്ചയ്ക്ക്‌ എന്ത്‌ സംഭവിച്ചു എന്ന ആശങ്കയാണത്‌. ഒരു സ്തീയെയോ പെൺകുട്ടിയേയോ കൊച്ചുകുഞ്ഞിനെ പോലുമോ ക്രൂര ബലാൽസംഗത്തിനിരയാക്കി കൊന്നു കളഞ്ഞാലും ആ കുറ്റവാളി അനേകം പഴുതുകളിലൂടെ രക്ഷപെടുന്നു എന്ന സങ്കടവും അതിൽ നിന്നുണ്ടാകുന്ന ദേഷ്യവും പൊതു സമൂഹത്തിനുണ്ട്‌. 

കുറ്റാരോപിതർ കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോൾ ജനം ആവേശഭരിതരാകുന്നത്‌ അതുകൊണ്ടാണ്‌‌. റേപ്‌ എന്ന അത്യധികം ഹീനമായ കുറ്റകൃത്യം ചെയ്യുന്നവർക്ക്‌ ലഭിക്കുന്ന ശിക്ഷ തീർത്തും  അപര്യാപ്തമാണെന്ന് സമൂഹം വിശ്വസിക്കുന്നു. കുറ്റവാളികൾ രക്ഷപെടുന്നത്‌ കണ്ടുകൊണ്ട്‌ നിൽക്കുന്ന ഇരയുടെയും കുടുംബാങ്ങളുടെയും അവരോട്‌ താദാത്മ്യം പ്രാപിക്കുന്ന നമ്മുടെയും നിസ്സഹായവസ്ഥയാണ്‌ മറ്റൊരു കാരണം. കുറ്റവാളിയെ‌ വിചാരണ ചെയ്യാനുണ്ടാകുന്ന കാലതാമസം സമൂഹത്തെ മടുപ്പിക്കുകയും നീതിരാഹിത്യത്തെ പറ്റി ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കികയും ചെയ്യുന്നു. ശിക്ഷ ലഭിക്കുന്നതിലെ കാലതാമസം മൂലം ഇരയ്ക്ക്‌ നീതി ലഭിച്ചില്ല എന്ന തോന്നൽ പോലുമുണ്ടാകുന്നു. 

നിയമങ്ങളില്ലാഞ്ഞല്ല മിക്കപ്പോഴും കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത്‌; അവ പ്രാവർത്തികമാക്കാഞ്ഞാണ്‌. എന്നാൽ ബലാൽസംഗം പോലുള്ള കുറ്റകൃത്യങ്ങളിന്മേലുള്ള ശിക്ഷ കുറവാണെന്നാണ്‌ അഭിപ്രായം. അത്‌ കോടതിയിൽ തെളിയിക്കാനെടുക്കുന്ന കാലത്തും, ആ പ്രക്രിയയിൽ കൂടി ബലാൽസംഗത്തിനിരയായവർ കടന്ന‌ു പോകുന്ന കാലത്തും അവരനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകൾ ചെറുതല്ല. നിയമനിർമ്മാണം നടത്തി ശിക്ഷ കടുപ്പമുള്ളതാക്കുന്നതോടൊപ്പം കാലതാമസമില്ലാതെ വിചാരണയും ശിക്ഷയും നടപ്പാക്കുകയും വേണം."

ചെറുകഥാകൃത്തും നോവലിസ്റ്റുമായ അനീഷ് ഫ്രാൻസിസ് 

പ്രണയം നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ ആസിഡ് ഒഴിച്ചു കൊല്ലപ്പെട്ട മകളെയോർത്തു കരയുന്ന അമ്മ. അഞ്ചും ആറും യുവാക്കൾ ചേർന്ന് ,ജനനേന്ദ്രിയത്തിൽ ഇരുമ്പുദണ്ഡ് കയറ്റിക്കൊന്ന തന്റെ മകളുടെ കാപാലികർ യാതൊരു  ശിക്ഷയും വാങ്ങാതെ സുഖമായി ജീവിക്കുന്നത് കണ്ടു നീതി ദേവതയെ ശപിക്കുന്ന മാതൃത്വം. നമ്മുടെ നീതിനിർവഹണത്തിന്റെ ദേവാലയങ്ങൾ കാമപൂർത്തീകരണത്തിനുശേഷം തീ കൊളുത്തിയും, കഴുത്തറുത്തും ,കെട്ടിത്തൂക്കിയും, വാഹനത്തിൽ നിന്ന് അവശിഷ്ടം പോലെ വലിച്ചെറിഞ്ഞ യുവതികളുടെ രക്തം കൊണ്ടും മലിനപ്പെട്ടിരിക്കുന്നു.

കാമഭ്രാന്തു പിടിച്ചവന് ആരെയും ഭയക്കേണ്ട. മുൻസിഫ് കോടതി ശിക്ഷിച്ചാൽ അവൻ സെഷൻസ് കോടതിയിൽ പോകും. അവിടെനിന്ന് ഹൈക്കോടതി അവിടെനിന്ന് സുപ്രീം കോടതി. ഉന്നതങ്ങളിൽ നിന്നുള്ള ഇളവുകൾ. കൊല്ലപ്പെട്ടത് തീവണ്ടിയിൽ നിന്ന് വീണതു കൊണ്ടല്ലേ ബലാൽസംഗി കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലല്ലോ എന്ന് പ്രതിയെക്കുറിച്ച് ഓർത്തു ആകുലപ്പെടുന്ന വാദങ്ങൾ. വാദിയെ തൂക്കിക്കൊല്ലാൻ മാത്രം  പഴുതു നിറഞ്ഞ നിയമങ്ങൾ. അതു മുതലാക്കാൻ ആർത്തിയുള്ള നീതിന്യായ വിഭാഗത്തിലെ കുബുദ്ധികളായ പലരും. കൊല്ലപ്പെട്ട പെൺശരീരം മണ്ണോടു മണ്ണു ചേർന്നാലും ആയുഷ്ക്കാലം ബിരിയാണി തിന്നു മുറ്റുന്ന കൊലപാതകി. കുബുദ്ധിയും പണത്തിനോട് ആർത്തിയുമുള്ള വക്കീലുണ്ടെങ്കിൽ, രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെങ്കിൽ നിങ്ങളിലെ പുരുഷന് ധൈര്യമായി കാമവേട്ട നടത്താം.ആവേശം കൊണ്ടു പറയുന്നതല്ല. റേപ്പ് സ്റ്റാറ്റിസ്റ്റിക്സ് നോക്കൂ.

anish-fransis-01
അനീഷ്

The conviction rate for rape cases in India was 44.3 percent in 1973, 37.7 percent in 1983, 26.9 percent in 2009, 26.6 percent in 2010, 26.4 percent in 2011, 24.2% in 2012 and 27.1% in 2013.

അതായത് മുപ്പത്തഞ്ചു കൊല്ലം മുൻപ് നൂറു പ്രതികളിൽ അറുപതു പേർ രക്ഷപെട്ടിരുന്നെങ്കിൽ ഇന്നു നൂറിൽ എൺപതുപേരും രക്ഷിക്കപ്പെടുന്നു.അവർ പുറത്തിറങ്ങുന്നു. വീണ്ടും വേട്ട നടത്തുന്നു.  ബലാൽസംഗത്തിനു ശേഷം തീയിട്ടു കൊന്ന തെലുങ്കാനാ ഡോക്ടറുടെ വിഡിയോ ഉണ്ടോയെന്ന് പോൺ സൈറ്റുകളിൽ തിരയുന്ന കാമഭ്രാന്തൻമാർ ഇന്റർനെറ്റിൽ ഇതും കാണുന്നുണ്ട്. നിയമം തങ്ങളെ ഒരു ചുക്കും ചെയ്യില്ലെന്ന് അവർ എന്നേ തിരിച്ചറിഞ്ഞു.

ഓരോ വർഷവും കൊല്ലപ്പെടുന്നത് ഒന്നും രണ്ടും പേരുമല്ല. പതിനായിരങ്ങളാണ്.അത് റിപ്പോർട്ട് ചെയ്യപ്പെട്ടവ. കണക്കിൽപ്പെടാത്ത പതിനായിരങ്ങൾ വേറെ!. മഹാരാഷ്ട്രയിലെ ഗവർണ്ണറുടെ നടപടി ശരിയാണോ തെറ്റാണോ എന്നറിയാൻ അർദ്ധരാത്രി കോടതി കൂടി. നാലു പേർ പീഡിപ്പിച്ചതിനു ശേഷം തീ കൊളുത്തി കൊന്ന പെണ്ണിന് നീതി കിട്ടണമെങ്കിൽ  ഫാസ്റ്റ് ട്രാക്ക് കോടതി ആയാൽ പോലും ആറു മാസം വേണം.

ഇതുപോലെപല കുറ്റകൃത്യങ്ങൾക്കും  ,തൊണ്ണൂറു ശതമാനം കേസും അർഹിച്ച ശിക്ഷ കിട്ടാറില്ല. പലപ്പോഴും ശിക്ഷ വൈകും. വെറുതെ വിടുകയും ചെയ്യും.കോടതികളുടെ സംവിധാനഘടന തൊണ്ണൂറു ശതമാനവും കുറ്റവാളികൾക്ക് അനുകൂലമാവുന്നു.

സാമാന്യ ജനത്തിന് പൊളിറ്റിക്കൽ കറക്ട്നെസ്സ്ന്റെയോ ഭരണഘടനയുടെയോ ഭാഷ അറിയില്ല.അവർ അവർക്ക് മുന്നിലുള്ള യാഥാർഥ്യങ്ങളും സാമാന്യബോധവും വച്ചാണ് ഓരോന്നും വീക്ഷിക്കുന്നത്. ഇതിൽ വ്യക്തത വരുത്താൻ വിദ്യാഭ്യാസത്തിന്റെ കണ്ണാടി അവർക്കു വേണ്ട. ബസ്സിൽ നിങ്ങളുടെ പോക്കറ്റടിച്ചാൽ നിങ്ങൾ ബഹളം വയ്ക്കില്ലേ? നിങ്ങളുടെ കുടുംബത്തിലെ പെൺകുട്ടിയോട് ഒരാൾ മോശമായി പെരുമാറിയാൽ നിങ്ങളുടെ രക്തം തിളയ്ക്കില്ലേ? 

എല്ലാ കാര്യങ്ങളും വികാരപരമാണ്. ഈ നിയമങ്ങൾ  വർഷങ്ങൾക്കുമുൻപ് നാം ഉണ്ടാക്കിയതാണ്. കാലം ഏറെ മാറിയിരിക്കുന്നു. ഈ സംവിധാനത്തിലെ പോരായ്മകൾ സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു.

ഈ കയ്യടികൾ നിലവിളികളാണ്.  ഇനിയെങ്കിലും ഒരു മാറ്റം വേണമെന്നുള്ളതിന്റെ അടയാളമാണത്. "

എഴുത്തുകാരനും അധ്യാപകനുമായ അനൂപ് ശശികുമാർ ഇത്തരം വാർത്തകളുടെ മനഃശാസ്ത്രപരമായ വശത്തെക്കുറിച്ചാണ് പറയുന്നത്, 

"കുറച്ചുനാളായി നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ നോക്കൂ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമ വാർത്തകൾ കൂടുതലായി വരുന്നുണ്ട്. ഇപ്പോൾ നമ്മളേറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഹൈദരാബാദിൽ നടന്ന ഒരു വിഷയവും ഉന്നാവിൽ നടന്ന അതിക്രമവുമാണ്. അതിനെ തുടർന്ന് നോക്കിയാൽ വർഷങ്ങൾക്ക് മുൻപ് നടന്ന പല കേസുകളും വീണ്ടും മാധ്യമങ്ങൾ വാർത്തയാക്കിയത് കാണാം. ഇതൊക്കെ എന്തുകൊണ്ടാണ്? ഇത്തരം വാർത്തകളുടെ അടിസ്ഥാനകാരണം ഇതിന് വായനക്കാർ ഏറിയിട്ടുണ്ട് എന്നതാണ്. വയലൻസിന്റെയും അനീതിയുടെയും, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ളതാകുമ്പോൾ അത്തരം വാർത്തകൾക്ക് ഡിമാൻഡ് കൂടിയിരിക്കുന്നു. അതുകൊണ്ടാണ് പത്രങ്ങൾ വാർത്തകൾ തേടിപ്പിടിക്കുന്നതും ആവശ്യക്കാർക്ക് അതെത്തിച്ച് നൽകുന്നതും?. ബലാത്സംഗം മാത്രമല്ല അപകട വാർത്തകളിലും ആർക്കെങ്കിലും നേരിടുന്ന പ്രശ്നങ്ങളിലും ഒക്കെ ഈ താൽപര്യം അധികരിച്ചിട്ടുള്ളതായിക്കാണാം. 

anoop-01
അനൂപ്

നമ്മൾ ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടവരായി തീർന്നിരിക്കുന്നു എന്നാണു തോന്നുന്നത്. സമൂഹമാധ്യമങ്ങളിലൊക്കെ വരുന്ന ചർച്ചകൾ അതാണ് മനസിലാക്കിത്തരുന്നത്. നെഗറ്റീവ് വാർത്തകൾക്കാണ് ഇപ്പോൾ കൂടുതൽ വില, സാമ്പത്തിക നിലയിൽ കൂടി നോക്കുമ്പോൾ പോലും അതാണ് മാധ്യമങ്ങൾക്കുൾപ്പെടെ പ്രയോജനം. ജനങ്ങൾ കൂടുതൽ അത്തരം വാർത്തകൾ വായിക്കുന്നു എന്ന ന്യായീകരണവുമുണ്ടല്ലോ. 

ഈയടുത്ത് വന്ന ഒരു പഠനത്തിൽ ന്യൂയോർക്ക് ടൈംസിന്റെ 1945 മുതലുള്ള ഒരു ന്യൂസ് ഡാറ്റ നോക്കിയപ്പോൾ വാർത്തകൾ നെഗറ്റീവ് ആയിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. ആളുകൾ അപ്പോൾ വീണ്ടും വീണ്ടും ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടവരായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ലഭ്യമായ നിഗമനങ്ങൾ മാത്രം വച്ച് നമ്മളൊരു നിഗമനത്തിലെത്തുന്നു. ഇപ്പോൾ ഈ റേപ്പിന്റെ വിഷയം വരുമ്പോൾ പഴയതുമുതൽ ഓരോന്നായി വന്നുകൊണ്ടേയിരുന്നു. നമ്മൾ ഓരോന്നിനെക്കുറിച്ചുള്ള ഇൻഫർമേഷനുകൾ കണ്ടെത്തുമ്പോൾ അതിനനുസരിച്ച് അത് നടക്കാനുള്ള സാധ്യതയും കൂടുതലാകുന്നു. 

ഇപ്പോൾ നമ്മുടെ മുന്നിൽ റേപ്പിനെക്കുറിച്ചുള്ള വാർത്തകൾ കൂടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അത് ഇനി എപ്പോൾ വേണമെങ്കിലും ആർക്കു വേണമെങ്കിലും നടക്കാവുന്ന ഒന്നായി നമ്മളതിനെ മാറ്റിക്കഴിഞ്ഞു. നമ്മൾ അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു. പക്ഷേ അതാവണമെന്നില്ല സത്യം. ഇപ്പോൾ ഒരു ഉദാഹരണത്തിന് ഒരു വിമാനം അപകടത്തിൽപ്പെടുമ്പോൾ അതിനു മുൻപ് നടന്ന അപകടത്തിൽപ്പെട്ട വാർത്തകൾ വരെ മാധ്യമങ്ങൾ നമുക്ക് മുന്നിൽ നൽകും. ആളുകൾ വിമാനത്തിൽ കയറാൻ വരെ ഭയക്കും. എന്നാൽ അതല്ലല്ലോ സത്യം, അപകടം എങ്ങനെ വേണമെങ്കിലും ഉണ്ടാകാം. ഈയൊരു വിഷയത്തിൽ ഇപ്പോൾ വാർത്തയിൽ ഡിമാന്റുണ്ട്, എന്നാൽ അതിന്റെയൊരു പരിണിതഫലം സ്വയം നിഗമനങ്ങളിൽ എത്തിച്ചേരും എന്നതാണ്."

English Summary : Social Activists And Writers Talks About Women Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com