ADVERTISEMENT

ബ്രിട്ടനിൽ നിന്നു വന്ന ഒരു സംഘം വിനോദസഞ്ചാരികളെ ഭരതനാട്യ പരിശീലനക്കളരി പരിചയപ്പെടുത്താനായി ഒരിക്കൽ നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി വൈക്കത്തുള്ള തന്റെ കലാശക്തി സ്കൂൾ ഓഫ് ആർട്സിൽ കൊണ്ടു വന്നു. വിദേശികളുടെ സംഘത്തെ കണ്ടപ്പോൾ നൃത്തം പഠിക്കാനെത്തിയ അഞ്ചുവയസുകാരിക്ക് പേടിയും വെപ്രാളവും. പറഞ്ഞു കൊടുക്കുന്ന ചുവടുകൾ ചെയ്യാതെ പേടിച്ചു നിന്ന ആ കുട്ടിയോട് പാരിസ് ലക്ഷ്മി കാര്യം തിരക്കി. 'യ്യോ... അവര് മദാമ്മയല്ലേ,' എന്ന പേടി കലർന്ന കുട്ടിയുടെ ചോദ്യം കേട്ട് പാരിസ് ലക്ഷ്മി അമ്പരന്നു.

'അപ്പോൾ ഞാനോ? ഞാനും മദാമ്മയല്ലേ?' പാരിസ് ലക്ഷ്മിയുടെ മറുചോദ്യമെത്തി.

paris-lakshmi-1
Paris Lakshmi

'ഏയ്.. ടീച്ചർ അങ്ങനെയല്ലല്ലോ. ഞങ്ങളെപ്പോലെ അല്ലേ!' ഒരു പൊട്ടിച്ചിരിയിലായിരുന്നു അന്നത്തെ ക്ലാസ് അവസാനിച്ചത്.

പേരിൽ പാരിസ് എന്നുണ്ടെങ്കിലും കെട്ടിലും മട്ടിലും പാരിസ് ലക്ഷ്മി കേരളത്തിന്റെ നൃത്തലക്ഷ്മിയാണ്. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ നല്ലപാതിയായി പാരിസിൽ നിന്ന് വൈക്കത്തേക്ക് ലക്ഷ്മി എത്തുന്നതിനു മുൻപേ ഇന്ത്യയും ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഈ മലയാളനാടും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നൃത്തമാണോ പ്രണയമാണോ കേരളത്തെ തിരഞ്ഞെടുക്കാൻ പാരിസ് ലക്ഷ്മിയെ പ്രേരിപ്പിച്ചതെന്നു ചോദിച്ചാൽ അവ രണ്ടുമുണ്ടെന്നാകും പാരിസ് ലക്ഷ്മിയുടെ മറുപടി. കാരണം, ജീവിതവും നൃത്തവും പ്രണയവുമെല്ലാം അത്രമേൽ അവരിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു. നൃത്തവർത്തമാനങ്ങളും ജീവിതവിശേഷങ്ങളുമായി പാരിസ് ലക്ഷ്മി മനോരമ ഓൺലൈനിൽ.

ലക്ഷ്മി, അച്ഛനിട്ട പേര്

paris-lakshmi-3

ഡാൻസ് എനിക്കെപ്പോഴും ഇഷ്ടമായിരുന്നു. ചെറുപ്പത്തിലെ എന്നെ കയ്യിലെടുക്കുമ്പോൾ മ്യൂസിക് കേട്ടാൽ തന്നെ ഞാൻ മൂവിങ് ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ കുടുംബത്തിന് പണ്ടു മുതലേ ഇന്ത്യയോട് ഒരു ബന്ധം ഉണ്ടായിരുന്നു. അവർക്ക് ഇന്ത്യ വളരെ ഇഷ്ടമാണ്. എനിക്ക് പേരിട്ടപ്പോൾ അതിൽ ലക്ഷ്മി എന്നു കൂടി ചേർക്കാൻ കാരണം പോലും അവർക്ക് ഒരു പ്രത്യേക ഇഷ്ടം ഇന്ത്യയോട് ഉള്ളതുകൊണ്ടാണ്. എന്റെ സഹോദരന് നാരായണൻ എന്നാണ് പേരിട്ടിരിക്കുന്നത്. അതുകൊണ്ട്, ചെറുപ്പം മുതൽ എനിക്ക് ഇന്ത്യയെ അറിയാം. എല്ലാ വർഷവും മിക്കവാറും രണ്ടു മാസം ഇവിടെ ആയിരിക്കും. ഉത്തരേന്ത്യയിൽ കുറെ സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ താമസിച്ചിട്ടുണ്ട്. പത്തു വയസു മുതൽ ഒരു ഡാൻസറുടെ ആക്ടിവിറ്റിയായിരുന്നു എനിക്ക്. ഭരതനാട്യം പഠിക്കാൻ തുടങ്ങി. അതിനിടയിൽ സുനിലേട്ടനെ പരിചയപ്പെട്ടു. എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. 19 വയസേ ഉണ്ടായിരുന്നുള്ളൂ. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറെ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീർന്നു. അപ്പോൾ, പേരന്റ്സിനൊപ്പം തിരികെ പാരിസിൽ പോയി. ഞാൻ വളരെ യങ് ആയതുകൊണ്ട് അവർക്കും എന്റെ തീരുമാനത്തിൽ അത്ര ഉറപ്പ് തോന്നിയില്ല.

സുനിലേട്ടനെ തിരഞ്ഞെടുത്തപ്പോൾ

എന്റെ പേരന്റ്സ് അത്ര സമ്പന്നരല്ല. എല്ലാ സേവിങ്സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്നു പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്നു തിരികെ കേരളത്തിൽ വരാനുള്ള ഫ്ലൈക്ക് ടിക്കറ്റിനും വിസക്കും ചിലവിനുമുള്ള പണത്തിനായി അവരോടു ചോദിക്കാൻ തോന്നിയില്ല. പിന്നെ എനിക്ക് 18 വയസ് കഴിഞ്ഞിരുന്നല്ലോ. അതുകൊണ്ട് എനിക്ക് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വർഷമെടുത്താണ് എനിക്കതു ചെയ്യാനായത്. പാരിസിൽ കുറെ പെർഫോർമൻസ് ചെയ്തു. പിന്നെ, എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രാക്ടീസ് മുടക്കുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ബീച്ചിനടുത്തുള്ള ഒരു സ്ഥലത്തെക്കുറിച്ച് അച്ഛൻ പറഞ്ഞു തന്നു. രണ്ടു റസ്റ്റോറന്റ്സിന് ഇടയിലുള്ള ഓപ്പൺ സ്പേസ് ആണ്. നിറയെ ടൂറിസ്റ്റുകൾ വരുന്ന സ്ഥലമായതിനാൽ അവിടെ പെർഫോമൻസ് ചെയ്താൽ കുറെ പേർ അതു കാണുമെന്ന് അച്ഛൻ പറഞ്ഞു. എനിക്ക് ഒരു പെർഫോമൻസ് എക്സ്പീരിയൻസും ആകും. അങ്ങനെ ഞാൻ അവിടെ പോയി.

ഞാൻ ഡാൻസ് ചെയ്യുന്നതു കണ്ട് കുറെ പേർ അതു കാണാനെത്തി. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും എന്റെ ഡാൻസ് കാണാൻ വന്നവരുണ്ടായിരുന്നു. ഞാൻ ഡാൻസ് ചെയ്യുന്നതിന്റെ മുൻപിൽ ഒരു ബാസ്ക്കറ്റ് വച്ചിരുന്നു. ഡാൻസ് ഇഷ്ടമായവർ എനിക്ക് സംഭാവനകൾ നൽകി. ഞാൻ ആരോടും പണം ആവശ്യപ്പെട്ടില്ല. അവർക്കെന്റെ ഡാൻസ് ഇഷ്ടമായതുകൊണ്ട് എന്തെങ്കിലും തുക ആ ബാസ്ക്കറ്റിൽ ഇടും. മൂന്നു മാസം എല്ലാ ദിവസവും അഞ്ചാറു മണിക്കൂറുകൾ ഞാൻ അവിടെ തന്നെയായിരുന്നു. അങ്ങനെ പൈസ ഞാൻ ചെറുതായിട്ടുണ്ടാക്കി. 

പണം കണ്ടെത്താൻ ഒരു വർഷം

paris-lakshmi

ആ ഒരു വർഷം ശരിക്കും ടഫ് ആയിരുന്നു. ഞാൻ പല തരം ജോലികൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ എത്താനുള്ള പണം ഉണ്ടാക്കുക എന്നതു മാത്രമായിരുന്നു മനസിൽ. പഠിപ്പിക്കാൻ പോയി, ഡാന്‍സ് വർക്ക്ഷോപ്സ് ചെയ്തു, ബേബി സിറ്റിങ്, പാത്രങ്ങൾ വിതരണം ചെയ്യാൻ പോയി... അങ്ങനെ കുറെ കാര്യങ്ങൾ ചെയ്തു. ആ സമയത്ത് സുഹൃത്തുക്കളുെട കൂടെ പുറത്തു പോകുമ്പോൾ ഒരു സിംഗിൾ യൂറോ പോലും ഞാൻ ചെലവാക്കുമായിരുന്നില്ല. എല്ലാം സേവ് ചെയ്യാനായിരുന്നു എന്റെ ശ്രമം. എങ്ങനെയെങ്കിലും കേരളത്തിൽ വരണമല്ലോ! അങ്ങനെ ഒരു വർഷമെടുത്ത് ഞാൻ അതിനുള്ള പണം ഉണ്ടാക്കി. അങ്ങനെയാണ് ഞാൻ പിന്നെ കേരളത്തിൽ വന്നതും സുനിലേട്ടനെ വിവാഹം ചെയ്തതും. ഞങ്ങൾ രണ്ടു പേരും ആർടിസ്റ്റുകളാണല്ലോ. പെർഫോർമൻസ് ചെയ്താണ് ഞങ്ങൾ ജീവിക്കുന്നത്. ആ സമയത്ത് ഞങ്ങൾക്ക് അധികം പരിപാടികളൊന്നുമില്ല. ഡാൻസും കഥകളിയും പഠിക്കാൻ കുട്ടികളുണ്ടായിരുന്നു. അതും പക്ഷേ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ. പിന്നെ, പതുക്കെ ഞങ്ങൾക്ക് പരിപാടികൾ കിട്ടാൻ തുടങ്ങി. 

ഭരതനാട്യം കഥകളി ഡ്യൂവറ്റ്

paris-lakshmi-2

വിവാഹത്തിനു മുൻപേ ഞങ്ങൾക്ക് ഭരതനാട്യവും കഥകളിയും ഒരുമിക്കുന്ന ഡ്യുവറ്റ് ചെയ്യണമെന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ചെയ്യുന്ന പെർഫോർമൻസ്. അങ്ങനെയാണ് 'സംഗമം കൃഷ്ണമയം' സംഭവിക്കുന്നത്. ആദ്യം പലർക്കും സംശയങ്ങളുണ്ടായിരുന്നു. കഥകളിയും ഭരതനാട്യവും രണ്ടു വ്യത്യസ്ത കലാരൂപങ്ങളല്ലേ... അത് ഒരുമിച്ചു ചെയ്യുന്നത് ശരിയാണോ എന്നൊക്കെയുള്ള വിമർശനങ്ങൾ. പക്ഷേ, ഞങ്ങൾ അതിന്റെ തനത് അവതരണരീതി മാറ്റാതെയാണ് 'സംഗമം കൃഷ്ണമയം' ചെയ്തത്. സുനിലേട്ടൻ കൃഷ്ണന്റെ വേഷമായിരുന്നു. ഞാൻ പല കഥാപാത്രങ്ങളായി വരും. രാധ, അർജുനൻ, കുചേലൻ, ഗോപികമാർ... അങ്ങനെയുള്ള കഥാപാത്രങ്ങൾ. 2013ലാണ് ഞങ്ങൾ ആദ്യമായി ഇതു വേദിയിൽ അവതരിപ്പിച്ചത്. അതു ക്ലിക്ക് ആയി. ഇപ്പോഴും അതു ചെയ്യാൻ ഞങ്ങളെ ആളുകൾ ക്ഷണിക്കാറുണ്ട്. പലരും കരുതുന്നതുപോലെ ഇത് ഫ്യൂഷൻ അല്ല. ആ വാക്ക് പോലും എനിക്കത്ര ഇഷ്ടമല്ല. സംഗമം കൃഷ്ണമയം എന്ന ഡ്യൂവറ്റിനു ശേഷം ഞങ്ങളിപ്പോൾ പുതിയൊരു പെർഫോമൻസ് ഒരുക്കിയിട്ടുണ്ട്. 'രഹസ്യ' എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്നു പേരുണ്ട് അതിൽ. രാമായണം ആധാരമാക്കിയുള്ള പെർഫോമൻസ് ആണ്. ഹനുമാന്റെ വേഷം സുനിലേട്ടൻ കഥകളിയിൽ ചെയ്യും. രാമന്റെ വേഷം ഞാൻ ഭരതനാട്യത്തിൽ ചെയ്യും. പിന്നെ, സീതയായി ചെയ്യുന്നത് അഭയലക്ഷ്മി എന്ന ഒഡീസി നർത്തകിയാണ്.

ലോക്ഡൗൺ എന്ന സങ്കടകാലം

ലോക്ഡൗൺ ആയപ്പോൾ എല്ലാ പരിപാടികളും ക്യാൻസൽ ആയി. ക്ലാസുകളും ഇല്ല. സത്യത്തിൽ ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഓൺലൈനിൽ ക്ലാസുകൾ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല. നേരിൽ പഠിപ്പിക്കുന്നതു പോലെ ആകില്ലല്ലോ. എങ്കിലും ഓൺലൈൻ ക്ലാസുകൾ ചെയ്യുന്നുണ്ട്. പിന്നെ, പരിപാടികൾ ഇല്ലെങ്കിലും പ്രാക്ടീസ് മുടക്കുന്നില്ല. അങ്ങനെയൊരു ഡെഡിക്കേഷൻ ഇല്ലെങ്കിൽ നൃത്തം ഒരു കരിയർ ആക്കാൻ കഴിയില്ല. ഇതെന്റെ പാഷനും കരിയറുമാണ്. നൃത്തത്തിലൂടെയാണ് ഞാൻ ജീവിക്കുന്നത്. ഈ ലോക്ഡൗൺ കാലത്ത് എഡിറ്റിങ് ഒക്കെ പഠിച്ചു. യുട്യൂബ് ചാനൽ കുറച്ചുകൂടെ സജീവമാക്കി. സ്ക്രിപ്റ്റ് എഴുതാനുള്ള പരിശീലനം നേടുന്നുണ്ട്. സംവിധാനം ചെയ്യാൻ എനിക്കിഷ്ടമാണ്. എല്ലാം നന്നായി നടക്കുകയാണെങ്കിൽ ഒരു ഹ്രസ്വചിത്രമോ അതുമല്ലെങ്കിൽ ഒരു സിനിമയോ ഒക്കെ പ്രതീക്ഷിക്കാം. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.

English Summary: Paris Lakshmi Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com