‘ന്റെ മോനെ...ചേച്ചീടെ മീൻകറീം ചോറും’, 108 കിലോയുമായി ആ ‘പ്ലസ് സൈസ്’ മോഡൽ പറയുന്നു!
Mail This Article
ഒരുകയ്യിൽ പുകയുന്ന സിഗരറ്റ്, മറുകയ്യിൽ തോക്ക്, തീപാറുന്ന നോട്ടം. മലഞ്ചെരുവിലെ വെള്ളച്ചാട്ടത്തിന് സമീപം നിൽക്കുകയാണ് തന്റേടിയായ ഒരു വേട്ടക്കാരി. ഈ വേട്ടക്കാരിക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മലയാളിയുടെ ടിപ്പിക്കൽ മോഡലിങ് സങ്കൽപങ്ങളെയെല്ലാം ചവറ്റുകുട്ടയിൽ എറിഞ്ഞ ഈ ‘ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ വേട്ടക്കാരി’ യുടെ പേരാണ് ഇന്ദുജ പ്രകാശ്. ‘എന്ത് തടിയാ കൊച്ചേ...ഒന്നു കുറച്ചൂടെ’ എന്ന ഡയലോഗുമായി ഇനിയാരും ഈ വഴി വരേണ്ടതില്ലെന്ന് തന്റേടത്തോടെ പറയും ഇന്ദുജ. കാലവും അനുഭവവുമാണ് 27കാരിയായ ഇന്ദുജയെ ബോൾഡാക്കിയത്. വണ്ണം കൂടിയതിന്റെ പേരിൽ വലിയ പരിഹാസങ്ങളും അവഗണനകളും നേരിട്ടിട്ടുണ്ട്. എന്നാൽ, വണ്ണമുള്ള ഈ ശരീരം തന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും തടസമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇന്ദുജ. ഒപ്പം മെലിഞ്ഞ ശരീരവും സീറോ സൈസുമാണ് മോഡലിങ്ങിന് വേണ്ടതെന്ന അറുപഴഞ്ചൻ കാഴ്ചപ്പാടിന്റെ മുഖത്തേറ്റ അടികൂടിയാണ് പ്രശാന്ത് ബാലചന്ദ്രൻ എന്ന ഫോട്ടോഗ്രാഫർ പകര്‍ത്തിയ ഈ ചിത്രങ്ങൾ. വണ്ണം കൂടിയതിന്റെ പേരിലുണ്ടായ അപകർഷതാ ബോധത്തിൽ നിന്നും ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറി വിജയം കൈവരിച്ച ജീവിതം പറയുകയാണ് ഇന്ദുജ മനോരമ ഓൺലൈനിനോട്...
ആന, തടിച്ചി, ഒടുവിൽ അമ്മ കൂടി പറഞ്ഞു
നോക്കൂ... ഈ ഫോട്ടോയുടെ താഴെയുള്ള കമന്റുകൾ ശ്രദ്ധിച്ചാൽ പോലും ഇത്തരം പരിഹാസങ്ങളും അവഗണനകളും കുത്തുവാക്കുകളുമെല്ലാം കാണാം. ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു. ‘നീ വണ്ണം കൂടുതലാണ്,കുറച്ച് കഴിക്കു കുഞ്ഞേ...’ എന്നൊക്കെ ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അമ്മയ്ക്ക് വരെ പറയേണ്ടി വന്നിട്ടുണ്ട്. കാരണം, പുറത്തു പോകുമ്പോൾ പലപ്പോഴും നേരിട്ടിരുന്ന പരിഹാസങ്ങളാണ് അമ്മയെക്കൊണ്ടു പോലും ഇങ്ങനെ പറയിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്തെല്ലാം വലിയ രീതിയിലുള്ള ബോഡി ഷേയ്മിങ് നേരിട്ടിരുന്നു. ആനയെന്നും തടിച്ചിയെന്നുമുള്ള വിളികൾ കേട്ടിട്ടുണ്ട്. നീ നടക്കുമ്പോൾ ഭൂമി കുലുങ്ങും, അവളെങ്ങാനും ദേഹത്തു വീണാൽ പാണ്ടി ലോറി കയറിയ തവളയെ പോലെയാകും, ഏതുകടയിൽ നിന്നാണ് റേഷൻ വാങ്ങുന്നത്? എന്നിങ്ങനെയുള്ള പരിഹാസങ്ങളെല്ലാം കേട്ട് വല്ലാതെ വേദനിച്ചിട്ടുണ്ട്. അതേകുറിച്ച് പറയുമ്പോൾ ഇപ്പോഴും എനിക്ക് സങ്കടം വരും. മാനസീകമായി തളർന്ന ഞാന്‍ 136 കിലോയില്‍ നിന്നും എന്റെ ശരീരഭാരം 86 കിലോയിലേക്ക് വളരെ കഷ്ടപ്പെട്ടു കുറച്ചു. എന്നാൽ, കോളജ് കാലം മുതൽ എന്റെ ജീവിതം മാറാൻ തുടങ്ങി. സോളോ ഡ്രൈവ് ചെയ്ത് അത്യാവശ്യം യാത്രകൾ ചെയ്യാൻ തുടങ്ങിയതോടെ ഞാൻ വളരെ മാറി. കേരളം വിട്ട് മറ്റിടങ്ങളിലേക്ക് പോകുമ്പോൾ ഈ വണ്ണമൊന്നും ആരു ശ്രദ്ധിക്കുന്നു പോലുമില്ല. അതെല്ലാം എനിക്ക് ആത്മവിശ്വാസം പകർന്നു. ഞാൻ സ്വയം ഇഷ്ടപ്പെട്ടു തുടങ്ങി. വളരെ മോശം രീതിയിലുള്ള സൈബർ ആക്രമണങ്ങളെല്ലാം നേരിട്ടിട്ടുണ്ട്. സാധാരണ രീതിയിലുള്ള പെൺകുട്ടിയായിരുന്നെങ്കിൽ ചിലപ്പോൾ തകർന്നു പോകുമായിരുന്നു. പക്ഷേ, പണ്ടുതൊട്ടെ ഇങ്ങനെയുള്ള പരിഹാസങ്ങള്‍ കേൾക്കുന്നതു കാരണം എനിക്ക് അതൊന്നും പ്രശ്നമായില്ല. പറഞ്ഞവരെക്കൊണ്ടെല്ലാം തിരിച്ചു പറയിപ്പിക്കണമെന്നുണ്ടായിരുന്നു. എന്റെ അമ്മയെക്കൊണ്ടു പോലും വണ്ണം വലിയ പ്രശ്നമല്ലെന്ന് തിരിച്ചു പറയിപ്പിക്കാൻ കഴിഞ്ഞു.
ശരീരം നോക്കി കഴിവിനെ വിലയിരുത്തരുത്!
സിനിമയാണെന്റെ സ്വപ്നം. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും എന്നെ അടുത്തറിയുന്നവരല്ലാതെ ആരും ശ്രദ്ധിച്ചു കാണില്ല. സിനിമയിലേക്കുള്ള ഒരു എൻട്രിയെ കുറിച്ച് ചിന്തിച്ചപ്പോഴാണ് മോഡലിങ്ങ് അതിലേക്കൊരു വഴിതുറക്കുമെന്ന് തോന്നിയത്. എന്തുകൊണ്ടെനിക്ക് ഒരു പ്ലസ് സൈസ് മോഡൽ ആയിക്കൂടെന്ന് ചിന്തിച്ചു.അങ്ങനെ സിനിമയിലേക്കുള്ള എൻട്രിയായാണ് ഞാൻ മോഡലിങ്ങ് ചെയ്തത്. എന്നാൽ, സിനിമയിൽ പലപ്പോഴും വണ്ണമുള്ളവർക്കും നന്നായി മെലിഞ്ഞവർക്കും കിട്ടുന്നതെല്ലാം തമാശ റോളുകളായിരിക്കും. അതിനുദാഹരണമാണ് ഇന്ദ്രൻസ്. 2016വരെ അദ്ദേഹം ചെയ്തതെല്ലാം അത്തരം റോളുകളായിരുന്നു. പിന്നീടാണ് അദ്ദേഹത്തിനു ലഭിക്കുന്ന റോളുകളിൽ പോലും മാറ്റം സംഭവിച്ചത്. ഹാസ്യം മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും വഴങ്ങുമെന്ന് അപ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്. അതുപോലെ തന്നെയാണ് ഞങ്ങളും. ശരീരം നോക്കി നമുക്കുള്ളിലെ അഭിനേതാവിനെ വിലയിരുത്തുന്നത് ശരിയല്ല. നന്നായി ചെയ്തിട്ടും പല ഓഡിഷനുകളിലും വണ്ണം കൂടുതലാണെന്നു പറഞ്ഞ് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പലസിനിമയ്ക്കും ഫോട്ടോകൾ അയച്ചു കൊടുത്തപ്പോഴും അവർ പറയുന്നത് വണ്ണം കുറച്ചാലെ നല്ല കഥാപാത്രങ്ങൾ ലഭിക്കൂ എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്? ഈ ചിന്തകൾ മാറ്റണം
136 കിലോ ശരീരഭാരവുമായി തകർപ്പൻ ഡാൻസ്
136 കിലോ ഭാരമുള്ളപ്പോൾ എനിക്ക് ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും നല്ല ഫ്ലക്സിബിളായി ഡാൻസ് ചെയ്യുമായിരുന്നു. പോകേണ്ട സ്ഥലങ്ങളിൽ പോകുകയും വണ്ടിയോടിക്കുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഭാരം ഒരു പ്രശ്നമേയല്ല. മറ്റുള്ളവർക്കായിരുന്നു പ്രശ്നം. വണ്ണം കൂടിയാലും ഞാനിപ്പോൾ ഹാപ്പിയാണ്. എന്റെ വണ്ണം കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ആഘോഷിക്കുക എന്നതാണ് എന്റെ തത്വം. കൃത്യമായി ഭക്ഷണം കഴിച്ച് കൃത്യമായി ഉറങ്ങിയപ്പോൾ എന്റെ വണ്ണം കുറഞ്ഞു. അല്ലാതെ പ്രത്യേകിച്ച് ഡയറ്റൊന്നും ചെയ്തിരുന്നില്ല. പിന്നെ അരിഭക്ഷണം പൂർണമായി ഒഴിവാക്കിയിരുന്നു. നന്നായി ഭക്ഷണം കഴിക്കുകയും കുറച്ച് നടക്കുകയും നന്നായി ഉറങ്ങുകയും ചെയ്താൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് എനിക്ക് 100ശതമാനം ഉറപ്പാണ്
ആ മീൻകറി ഉപേക്ഷിക്കുന്നത് നടക്കുന്ന കേസല്ല!
ഇഷ്ടമുള്ള ഭഷണം നിരവധിയുണ്ട്. പക്ഷേ, ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ചേച്ചിയുണ്ടാക്കുന്ന മീൻകറിയും ചോറുമാണ്. അവളുടെ മീൻകറി എന്നു പറഞ്ഞാൽ അത് വേറെ ലെവലാണ്ചോറും ചേച്ചിയുണ്ടാക്കിയ മീൻ കറിയുമുണ്ടെങ്കിൽ എനിക്ക് കൊതിപിടിച്ചു നിർത്താനാകില്ല. നല്ല മീൻകറിയും ചോറും വീട്ടിലുണ്ടാക്കി വച്ചിട്ട് അതിനു മുന്നിൽ പോയിരുന്ന് ചപ്പാത്തി തിന്നുക എന്നു പറയുന്നത് എന്തൊരു അവസ്ഥയാണ്. അതൊന്നും നടക്കുന്ന കേസല്ല. .
തന്റേടിയായ ആ വേട്ടക്കാരി
ഇതെന്റെ രണ്ടാമത്തെ ഫോട്ടോഷൂട്ടാണ്. സീറോ സൈസാണ് സമൂഹത്തിന്റെ പൊതുവായ മോഡലിങ് സങ്കൽപം. അത് തിരുത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യമിട്ടത്. നമ്മളെക്കൊണ്ടും ഇതെല്ലാം സാധിക്കുമെന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്. കേരളത്തിൽ മാത്രമാണ് വണ്ണം കൂടുമ്പോൾ ഇത്തരം പരിഹാസങ്ങൾ നേരിടേണ്ടി വരുന്നത്. വണ്ണമുള്ളവരെ മറ്റൊരു കണ്ണിലൂടെ നോക്കുന്നതും പരിഹസിക്കുന്നതും കാലങ്ങളായി നമ്മൾ കണ്ടുവരുന്ന പ്രവണതയാണ്. ഇതിനുള്ള മറുപടി കൂടിയാകണം ഈ ഫോട്ടോ ഷൂട്ടെന്ന് നിർബന്ധമുണ്ടായിരുന്നു.
ഫോട്ടോഷൂട്ടിന്റെ ഫുൾ ക്രഡിറ്റും എന്റെ ഫോട്ടോഗ്രാഫർ പ്രശാന്ത് ബാലചന്ദ്രനാണ്. ആദ്യ ഫോട്ടോഷൂട്ടിൽ നിന്നും തികച്ചും വ്യത്യസ്തത വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വേട്ടക്കാരിയുടെ ലുക്കിലേക്ക് എത്തിയത്. വണ്ണമുള്ളതിനാൽ ആ ലുക്ക് എനിക്ക് നന്നായി ഇണങ്ങുമെന്ന് ഫോട്ടോഗ്രാഫർ പ്രശാന്ത് തന്നെയാണ് പറഞ്ഞത്. ഉടുമ്പൻ ചോലയിലായിരുന്നു ഷൂട്ട്. ആ ഒരു സ്ഥലം ഒരുക്കി തന്നത് ആശിഷ് വർഗീസ് എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റൈഡർ വില്ല എന്ന റിസോർട്ടിലായിരുന്നു ഷൂട്ട്. അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതാണ്. അങ്ങനെയാണ് ഞങ്ങൾക്ക് ഇത്രയും മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞത്.
രണ്ട് ചിത്രങ്ങൾ വന്നിട്ടുണ്ട്. നല്ലൊരു കഥാപാത്രം സിനിമയിൽ ചെയ്യണമെന്ന അതിയായ ആഗ്രഹം ഉണ്ട്. അതിനൊപ്പം തന്നെ മോഡലിങ്ങും വേണം. അടുത്തിടെ നോർത്തില്‍ ഹർദിക് അറോറയുടെ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നുണ്ട്. 2021ലായിരിക്കും. റാംപിൽ കയറണമെന്ന ആഗ്രഹം കൂടി സാധിച്ചാൽ ഞാൻ ഹാപ്പിയാണ്.