സിപിഎമ്മിനു കൈവിട്ടു പോയ മണ്ഡലം; അരൂർ പാട്ടുംപാടി പിടിക്കാൻ ദലീമ
Mail This Article
കൊച്ചി∙ ഉപതിരഞ്ഞെടുപ്പിൽ കൈവിട്ടു പോയ അരൂർ നിയമസഭാ മണ്ഡലം പാട്ടുംപാടി പിടിക്കാമെന്നാണ് ഇത്തവണ എൽഡിഎഫ് കണക്കു കൂട്ടൽ. അതു മുന്നിൽ കണ്ടാണ് അറിയപ്പെടുന്ന പാട്ടുകാരിയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ ജോജോയെ ഇവിടെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം. കഴിഞ്ഞ ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ 2015ലേതിനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിലാണ് ദലീമ അരൂരിൽ നിന്നു ജയിച്ചത് എന്നത് എൽഡിഎഫിനു പ്രതീക്ഷ. ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എതിരില്ലാതെയാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. 2015 മുതൽ 2017 വരെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
സിപിഎമ്മിന്റെ എ.എം.ആരിഫ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ വന്ന ഒഴിവിലുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ 2079 വോട്ടുകൾക്കാണ് മണ്ഡലം പിടിച്ചെടുത്തത്. അരൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾതന്നെ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ദലീമ 3498 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അരൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. അരൂർ മണ്ഡലത്തിലുൾപ്പെടുന്ന പൂച്ചാക്കലും പള്ളിപ്പുറത്തുമെല്ലാം എൽഡിഎഫ് ഇതിലും കൂടിയ ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡലം കൂടെപ്പോരുമെന്നു തന്നെയാണ് ദലീമയും പ്രതീക്ഷിക്കുന്നത്.
എഴുപുന്ന തെക്ക് കരുമാഞ്ചേരി ആറാട്ടുകുളം തോമസ്ജോൺ–അമ്മിണി ദമ്പതികളുടെ ഇളയ മകളാണ് ദലീമ. 20 വർഷമായി അരൂരിലെ ജോഡെയ്‍ൽ എന്ന വീട്ടിലാണു താമസം. ഭക്തിഗാനങ്ങളിലൂടെ മലയാളികൾക്കു സുപരിചിതമായ ശബ്ദമാണ് ദലീമ ജോജോ. ഇരുപത്തഞ്ചിലധികം സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമായി ഏഴായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, നീ വരുവോളം, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനമകളിലെ ദലീമയുടെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതനാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം മൂന്നു തവണ നേടി.
രാഷ്ട്രീയത്തെ അങ്ങനെ അറിയുന്ന ഒരാളായിരുന്നില്ല താനെന്ന് ദലീമ പറയുന്നു. ബിജെപിയോ സിപിഎമ്മോ കൊൺഗ്രസോ ഒന്നും അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പു വരുമ്പോൾ ആരെ ഇഷ്ടപ്പെടുന്നോ അവർക്കു പോയി വോട്ടു ചെയ്യുന്നതായിരുന്നു പതിവ്. ഒരു പക്കാ കലാകാരി, സംഗീതമായിരുന്നു ജീവിതം. പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. ബേണി-ഇഗ്നേഷ്യസിന്റെ ഒരു കാസറ്റിലൂടെയാണ് കാസറ്റ് റെക്കോർഡിങ്ങിലേയ്ക്ക് എത്തുന്നത്. പിന്നീട് സണ്ണി സ്റ്റീഫൻ സംഗീതം നൽകിയ ‘തപസ്യ’യിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. എസ്എൽ പുരം മുതൽ പ്രധാനപ്പെട്ട പല നാടകട്രൂപ്പുകൾക്കുമായി പാടിയിട്ടുണ്ട്. 1994ൽ ജർമനി, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഗാനമേളയ്ക്കായി യാത്ര ചെയ്തു. എസ്. ജാനകിയുടെ അതേ ശബ്ദമെന്നത് പലർക്കും ഇഷ്ടപ്പെടാൻ കാരണമായി.
ഇവിടെ നിന്നാണ് ആലപ്പുഴക്കാരുടെ ഇഷ്ട നേതാവ് എന്ന നിലയിലേക്ക് ദലീമ എത്തിയത്. 2015ൽ പാർട്ടി മൽസരിക്കാൻ പറഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പു രംഗത്തേയ്ക്കു വരുന്നതു തന്നെ. പിന്നീടാണു പാർട്ടിയെ അടുത്തറിയുന്നതും സ്നേഹിക്കുന്നതും. തന്റെ പാർട്ടി കലയെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുമെന്നതിനാൽ യാതൊരു വിലക്കുമുണ്ടായിട്ടില്ല. കഴിഞ്ഞയാഴ്ചയും രണ്ട് പാട്ടുകളുടെ റെക്കോർഡിങ് ഉണ്ടായിരുന്നു എന്നും ദലീമ പറയുന്നു. ഭർത്താവ് ജോർജ് ജോസഫ് (ജോജോ). ആർദ്ര ജോജോ, കെൻ ജോജോ എന്നിവർ മക്കളാണ്.
English Summary: CPM Aroor Assembly Constituency Candidate Daleema Jojo Speaks