ADVERTISEMENT

മനസ്സു പറയുന്നതുപോലെ ജീവിക്കാനും ഓരോ നിമിഷവും ആഘോഷമാക്കാനും പോസിറ്റീവ് മനോഭാവം മാത്രം പോര. നല്ല ധൈര്യവും സ്വന്തം തീരുമാനത്തിന്റെ പരിണിതഫലം അനുഭവിക്കാനുള്ള കരുത്തും കൂടിവേണം. ടിവി പരമ്പരയിലെ ‘പൈങ്കിളി’യായി വന്ന് പ്രേക്ഷക പ്രിയം നേടിയ ശ്രുതി രജനീകാന്ത് എന്ന അഭിനേത്രിക്ക് ആ ആർജവമുണ്ട്. ഇതുവരെ താനെടുത്ത തീരുമാനങ്ങളൊന്നും തെറ്റിപ്പോയിട്ടില്ലെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടാണ് ജീവിതത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും ശ്രുതി സംസാരിച്ചു തുടങ്ങിയത്. മികച്ച ഹാസ്യനടിക്കുള്ള എയ്മ അവാർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തെക്കുറിച്ചും പുതിയ തീരുമാനങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കോരോടു മനസ്സു തുറക്കുകയാണ് ശ്രുതി രജനീകാന്ത്.

∙ ആ ക്രെഡിറ്റ് നൽകാൻ ആഗ്രഹിക്കുന്നത് തിരക്കഥാകൃത്തിന്

ചെറുപ്പം മുതൽ ഹാസ്യരംഗങ്ങളിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. പരമ്പരയിലൊക്കെ അഭിനയിക്കുമ്പോൾ ഹാസ്യരംഗങ്ങൾ മികച്ചതാകുന്നതിൽ തിരക്കഥാകൃത്തിനുള്ള പങ്ക് വളരെ വലുതാണ്. ഒരു അഭിനേതാവെന്ന നിലയിൽ സ്ക്രിപ്റ്റിനോട് എത്രത്തോളം നീതിപുലർത്താനാകും എന്നതനുസരിച്ചാണ് അഭിനയം നന്നായി വരുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മികച്ച ഹാസ്യനടിക്കുള്ള എയ്മ അവാർഡ് എനിക്ക് ലഭിച്ചതിന്റെ ക്രെഡിറ്റ് പരമ്പരയുടെ സ്ക്രിപ്റ്റ് റൈറ്റർ ഷമീർഖാനും ആ ടീമിനും നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഹാവ് എ ഷോർട്ട് ബ്രേക്ക് ഫോർ ഹയർസ്റ്റഡീസ്

അഭിനയത്തിൽനിന്നു ദീർഘകാലം മാറിനിൽക്കാനുള്ള ഉദ്ദേശ്യമില്ല. പഠനവും അഭിനയവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പിഎച്ച്ഡി ചെയ്യാനാണ് ഒരു ചെറിയ ഇടവേളയെടുത്തത്.  ജെആർഎഫിന്റെ കോച്ചിങ്ങിലാണിപ്പോൾ. മേയിലാണ് പരീക്ഷ. ഗൈഡിന്റെ സേവനം ലഭ്യമാകുന്നതിനനുസരിച്ചേ ഗവേഷണ പഠനം ഉടൻ തുടങ്ങാൻ സാധിക്കുമോയെന്നൊക്കെ അറിയാൻ കഴിയൂ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന വിഷയത്തിലാണ് ഗവേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പഠനത്തിന്റെ ഇടവേളയിൽ അഭിനയം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

sruthi-rajanikanth1

∙ മനസ്സു പറയുന്ന വഴിയേ സഞ്ചരിക്കുന്നു

ജീവിതത്തിൽ ഇന്നുവരെ ഒരു കാര്യവും മുൻകൂട്ടി തീരുമാനിച്ചു നടപ്പാക്കിയിട്ടില്ല. മനസ്സിന്റെ ഇഷ്ടങ്ങളുടെ പുറകേ സഞ്ചരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഉടൻ നടപ്പിലാക്കും. ഇതുവരെ ഞാനെടുത്ത ഒരു തീരുമാനവും പാളിയെന്നോർത്ത് സങ്കടപ്പെടേണ്ടി വന്നിട്ടില്ല. പരമ്പര ചെയ്തുകൊണ്ടിരുന്ന രണ്ടു വർഷവും എന്റെ മനസ്സിൽ പഠനം തുടരണം എന്ന ചിന്തയുണ്ടായിരുന്നു. എന്തെങ്കിലും കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചാൽ ഞാനതു ചെയ്തിരിക്കും. ഇന്ന സമയം ചെയ്യാം എന്നൊന്നും പ്ലാൻ ചെയ്യില്ല. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മനസ്സിൽ വിചാരിച്ച ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്യും. ഇപ്പോഴാണ് അതിനുള്ള ശരിയായ സമയമെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ കരിയർ ഒന്നു സെറ്റിൽ ആയ സമയമാണ് തുടർ പഠനം എന്ന കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പരമ്പരയുമായി ബന്ധപ്പെട്ടവരും ചാനലും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇടയ്ക്ക് അഭിനയം, പിന്നെ പഠിത്തം അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ മനസ്സു പറയുന്നത് പഠിക്കണമെന്നാണ്. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

∙ ഇഷ്ടത്തോടെ പഠിച്ചാൽ കഷ്ടപ്പാടാണെന്നു തോന്നില്ല 

പ്ലസ്ടു വരെ ആവറേജ് എന്നൊക്കെ പറയാവുന്ന സ്റ്റുഡന്റായിരുന്നു. പഠിത്തത്തോടുള്ള മനോഭാവം മാറിത്തുടങ്ങിയത് ഡിഗ്രി പഠനകാലത്താണ്. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് മികച്ച മാർക്കു ലഭിക്കാനും നല്ല റാങ്ക് നേടാനുമൊക്കെത്തുടങ്ങിയത്. അത് ആ വിഷയത്തോടുള്ള എന്റെ ഇഷ്ടം കൊണ്ടാണ്. പിഎച്ച്ഡി ചെയ്യുന്നതും പഠിക്കാനാണെന്ന് ഞാൻ പറയില്ല. ആ വിഷയത്തെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഉപരിപഠനത്തിനു പോകാൻ തീരുമാനിച്ചത്. ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമേ തിരിച്ചറിയാനായാൽ അടുത്തതായി എന്താണ് അതിൽ ചെയ്യാൻ പറ്റുന്നതെന്ന ചിന്ത മനസ്സിൽ വരും. ഒരു ഇടവേള വന്നാൽപ്പോലും തിരിച്ച് ആ ഇഷ്ടത്തിലേക്കുതന്നെ നമ്മൾ തിരികെയെത്തും. ഞാൻ ഡോക്ടറേറ്റ് എടുക്കണമെന്നത് എന്റെ അമ്മയുടെ കൂടി ആഗ്രഹമാണ്.

∙ അവർ പറഞ്ഞു: നീ നടിയാകും, ഞാൻ സമ്മതിച്ചു

സ്കൂളിൽ വച്ച് അധ്യാപകർ കുട്ടികളോട് ചോദിക്കില്ലേ വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം എന്നൊക്കെ. ടീച്ചറാകണം, ഡോക്ടറാകണം എൻജിനീയറാകണമെന്നൊക്കെ കൂട്ടുകാർ പറയും. എനിക്കാണെങ്കിൽ അങ്ങനെയൊന്നും ഒരു ആഗ്രഹമില്ല. ആ സമയം തൊട്ടേ പരമ്പരകളിൽ അഭിനയിക്കുന്നതുകൊണ്ട് മറ്റു കുട്ടികളൊക്കെ പറയും അവൾ നടിയാകുമെന്ന്. അതു കേൾക്കുമ്പോൾ ഞാനും പറയും, അതേ ഞാൻ നടിയാകും. ഒരു ഗ്ലാമർ ജോബ് എന്നൊക്കെയുള്ള നിലയിലാണ് ഏവിയേഷൻ പഠിച്ചത്. ആ സമയത്താണ് ഒരു സുഹൃത്തു വഴി മാസ് കമ്യൂണിക്കേഷനെപ്പറ്റി കേൾക്കുന്നത്. ക്യാമറ, സ്ക്രിപ്റ്റ് റൈറ്റിങ്, ഡയറക്‌ഷൻ ഇതൊക്കെ എനിക്കൊരുപാടിഷ്ടമാണ്. എഴുതാനും വളരെയിഷ്ടമായതുകൊണ്ട് ജേണലിസത്തോട് ഇഷ്ടം തോന്നി. എന്റെ സ്വഭാവത്തിനും ഇഷ്ടത്തിനും യോജിച്ച വിഷയമെന്ന നിലയിലാണ് ജേണലിസം പഠിക്കാൻ തീരുമാനിച്ചത്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്കൊരിക്കലും മടുപ്പനുഭവപ്പെടില്ലല്ലോ. അതുകൊണ്ടു തന്നെ പഠിത്തം വളരെയെളുപ്പമായി.

shruthi-rajanikanth

∙ സ്വന്തം ശൈലിയിലെ പഠനരീതി, തിരിച്ചറിവ് നൽകിയത് കൂട്ടുകാർ

ലൈബ്രറിയിൽ പോയി തനിയെ നോട്ട്സ് പ്രിപ്പയർ ചെയ്താണ് പഠിച്ചിരുന്നത്. കംബെയ്ൻ സ്റ്റഡിയിലും സെമിനാറെടുക്കുമ്പോഴുമൊക്കെ ഞാൻ പറയുന്ന കാര്യങ്ങൾ വേഗം കൂട്ടുകാർക്ക് മനസ്സിലാകുമായിരുന്നു. പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് കൂട്ടുകാർ എന്റടുത്തുവരും. ഞാൻ തയാറാക്കുന്ന  നോട്സ് വച്ചാണ് അവർ പഠിച്ചിരുന്നത്. ഞാൻ പറയുന്നത് മറ്റുള്ളവർക്ക് നന്നായി മനസ്സിലാകുന്നുണ്ടെന്ന തിരിച്ചറിവാണ് അധ്യാപനം എന്ന പ്രഫഷനോട് ആഗ്രഹം തോന്നാൻ കാരണം. പിഎച്ച്ഡി ചെയ്യണമെന്ന തോന്നലൊക്കെ അങ്ങനെ ഉണ്ടായതാണ്.

∙ മാധ്യമപ്രവർത്തകയായി ജോലിചെയ്തിട്ടുണ്ട്, അധ്യാപികയാകാനുമിഷ്ടം

ഡോക്ടറേറ്റ് നേടിയയ ശേഷം അധ്യാപനം എന്ന കരിയർ മുന്നോട്ടു കൊണ്ടുപോകാനിഷ്ടമാണ്. മാധ്യമപ്രവർത്തകയായി മുൻപ് ജോലിചെയ്തിട്ടുണ്ട്. ആ ജോലിയുടെ സ്വഭാവവും രീതികളും നന്നായി അറിയാം. പക്ഷേ കലാലയ ജീവിതത്തോടുള്ള ഇഷ്ടം കാരണമാവാം എനിക്ക് മാധ്യമ പ്രവർത്തനത്തെക്കാൾ ഏറെയിഷ്ടം അധ്യാപനമാണ്. ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചും പഠിപ്പിച്ചുമൊക്കെ ഊർജസ്വലതയോടെ കലാലയത്തിന്റെ ഭാഗമാകുന്നതൊക്കെ രസമല്ലേ. എന്നു കരുതി അധ്യാപനം എന്ന കരിയറിൽ ഉറച്ചു നിൽക്കുമെന്നൊന്നും പറയാൻ കഴിയില്ല. ആ സമയം മനസ്സ് എന്തു ചെയ്യാനാണോ പറയുന്നത് അതനുസരിച്ചായിരിക്കും കരിയർ മുന്നോട്ടു കൊണ്ടുപോവുക.

∙ യുട്യൂബ് പൊളിച്ചടുക്കും, പുതിയ രീതിയിൽ ലോഞ്ച് ചെയ്യും, പുറത്തിറങ്ങാനുള്ളത് ‘പദ്മ’ എന്ന ചിത്രം

തമാശയ്ക്കുവേണ്ടി തുടങ്ങിയതാണ് യുട്യൂബ് ചാനൽ. 2022 ൽ ഒന്നും അപ്‌ലോഡ് ചെയ്തിട്ടില്ല. വെറൈറ്റി കണ്ടന്റുകളുമായി പൂർവാധികം ശക്തിയോടെ തിരിച്ചുവരും. പ്രഫഷനൽ ലോഞ്ച് ഉടനുണ്ടാകും. അഭിനയിച്ചതിൽ ഇനി റിലീസാകാനുള്ള ചിത്രം ‘പദ്മ’യാണ്. ഫെബ്രുവരിയിൽ റിലീസുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

∙ ഒന്നിനും അമിത പ്രാധാന്യം കൊടുക്കാറില്ല

സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒന്നിനും ഒരു പരിധിയിൽക്കൂടുതൽ പ്രാധാന്യം കൊടുക്കുന്നയാളല്ല ഞാൻ. ഈ കരിയറില്ലെങ്കിൽ, ഈ വിഷയം പഠിക്കാൻ പറ്റിയില്ലെങ്കിൽ, ബാഹ്യസൗന്ദര്യമില്ലെങ്കിൽ ഞാൻ തകർന്നു പോകും എന്ന ചിന്തയൊന്നും എനിക്കില്ല. ഒന്നും ജീവിതത്തിൽ ശാശ്വതമായി ഉണ്ടാവില്ല എന്ന ഉത്തമബോധ്യമുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ അതിന്റെ പേരിൽ നമ്മൾ ഓർമിക്കപ്പെടും. എനിക്ക് ഭാഗ്യമുള്ളതുകൊണ്ട്  ഞാൻ അവതരിപ്പിച്ച കഥാപാത്രം കുട്ടികളുടെയടക്കം മനസ്സിൽ നിൽക്കുന്നുണ്ടെന്ന സന്തോഷമുണ്ട്. എന്തെങ്കിലുമൊരു കാര്യത്തോട് അമിതമായി മോഹം തോന്നിയാൽ നാളെ അതില്ലാതെ വരുമ്പോൾ വല്ലാത്ത വിഷമവും നിരാശയുമൊക്കെയുണ്ടാകും. ആ നിരാശ വിഷാദത്തിലേക്കൊക്കെ നയിച്ചേക്കാം. അമിതമായി പ്രതീക്ഷിക്കുമ്പോൾ, അതിനൊത്ത് ഉയരാൻ പറ്റാതെ വരുമ്പോൾ നമ്മൾ വല്ലാതെ തകർന്നുപോകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ബോൾഡ് ആയി തീരുമാനങ്ങളെടുക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും ശ്രമിക്കുന്നത്. ഓരോ നിമിഷവും എങ്ങനെ ആസ്വദിക്കാം എന്ന ചിന്തയോടെയാണ് ഓരോ ദിവസത്തെയും സ്വാഗതം ചെയ്യുന്നത്.

ShruthiRajanikanth-trip3

∙ ഫെമിനിസം പറയുകയല്ല, പക്ഷേ തുല്യത എല്ലായിടത്തും വേണം

ഞാൻ ഫെമിനിസം പറയുകയല്ല. ഫെമിനിസമെന്നതിന്റെ യഥാർഥ അർഥം എത്രപേർക്കറിയാം എന്നതിനെക്കുറിച്ചും എനിക്കറിയില്ല. തുല്യത എന്നത് സ്വാതന്ത്ര്യത്തിൽ മാത്രമല്ല. അത് വേതനത്തിലും പരസ്പര ബഹുമാനത്തിലും വേണം. ആൺകുട്ടികളെ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നതിനോടും എനിക്ക് യോജിക്കാനാവില്ല. പരസ്പരം സ്പേസ് നൽകാനും അഭിപ്രായങ്ങളെ മാനിക്കാനുമുള്ള ശ്രമങ്ങളുണ്ടാവുക എന്നതാണ് പ്രധാനം. എനിക്ക് അച്ഛനുണ്ട്, സഹോദരനുണ്ട്, സുഹൃത്തുക്കളുണ്ട്. ഞങ്ങളെല്ലാവരും പരസ്പരം ബഹുമാനിക്കുകയും അപ്പുറത്തു നിൽക്കുന്നയാളുടെ തീരുമാനത്തെയും ഇഷ്ടത്തെയും പരിഗണിക്കുകയും ചെയ്യാറുണ്ട്. വസ്ത്രസ്വാതന്ത്ര്യത്തിലുള്ള ഇഷ്ടങ്ങൾ വരെ അതിൽപ്പെടും. ബന്ധങ്ങൾ ടോക്സിക് ആകാതെ ഞങ്ങൾ പരസ്പരം ശ്രദ്ധിക്കാറുണ്ട്. എന്തു പ്രശ്നമുണ്ടായാലും ഒപ്പമുണ്ടെന്നും തുറന്നു പറയാമെന്നും ഉള്ള ഉറപ്പാണ് ഞങ്ങൾ പരസ്പരം നൽകുന്നത്.

∙ ഒരു റിലേഷൻഷിപ്പും നമ്മളെ ഡിഫൈൻ ചെയ്യില്ല എന്ന് തിരിച്ചറിയണം

നമ്മുടെ പെൺകുട്ടികളിൽ പലരും അഭ്യസ്തവിദ്യരാണ്. പക്ഷേ പലപ്പോഴും ഏറ്റവും കൂടുതൽ അതിക്രമങ്ങൾ അനുഭവിക്കുന്നതും പെൺകുട്ടികൾ തന്നെ. അപ്പോഴാണ് അനൗപചാരിക വിദ്യാഭ്യാസവും പ്രായോഗിക ബുദ്ധിയും ജീവിതത്തിൽ എത്രമാത്രം പ്രധാനമാണെന്ന് തിരിച്ചറിയേണ്ടത്. ഒരു റിലേഷൻഷിപ്പും നമ്മളെ ഡിഫൈൻ ചെയ്യില്ല എന്നു തിരിച്ചറിയണം. പക്ഷേ ഇന്നു പലരും അതു തിരിച്ചറിയുന്നില്ല. ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിർബന്ധിതമായി കടിച്ചു തൂങ്ങേണ്ടി വരുന്നവരുണ്ട്. ഒരു ജീവിതമേയുള്ളൂ. അത് ഒരു പരിധിക്കപ്പുറം മറ്റുള്ളവർക്കുവേണ്ടി ഒരുപാടങ്ങു സാക്രിഫൈസ് ചെയ്യേണ്ടതില്ല. ജീവിതത്തിലെ ഇത്തരം വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണ് അനൗപചാരിക വിദ്യാഭ്യാസത്തിൽനിന്ന് നേടിയ അറിവും പ്രായോഗിക ബുദ്ധിയും പെൺകുട്ടികൾ പ്രയോഗിക്കേണ്ടത്. സ്വന്തം ന്യൂനതകളും പിഴവുകളും തിരിച്ചറിഞ്ഞ് സ്വയംപര്യാപ്തരായി ധൈര്യമായി മുന്നോട്ടുപോകാനുള്ള ആർജ്ജവം കാട്ടണം. വിവാഹം എന്ന വ്യവസ്ഥിതിയോട് ഇഷ്ടമില്ലാത്തവർ, വയസ്സാകുമ്പോൾ ആരെങ്കിലും തുണവേണ്ടേ എന്നോർത്തുമാത്രം വിവാഹിതരാകണ്ടാ. ജോലി ചെയ്തു സമ്പാദിക്കുന്നതിൽ ഒരു പങ്ക് വാർധക്യത്തിലേക്ക് കരുതി വയ്ക്കുകയോ വാർധക്യം ചെലവഴിക്കാൻ ഓൾഡ് ഏജ് ഹോം പോലെയുള്ള സ്ഥാപനങ്ങളിൽ ബുക്ക് ചെയ്യുകയോ ആവാം. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു തീർക്കാതെ അവനവനുവേണ്ടി ജീവിക്കാൻ ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം പെൺകുട്ടികളെ സഹായിക്കുമെന്നു തന്നെയാണ് കരുതുന്നത്.

∙ മറ്റുള്ളവർ മാറാൻ കാത്തു നിൽക്കാതെ സ്വയം മാറാം

ഞാൻ പറയുന്നത് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല, അവർ എന്നെപ്പോലെ എന്താ ചിന്തിക്കാത്തത് എന്നൊക്കെ ആലോചിച്ച് സമയവും ഊർജവും പാഴാക്കാതെ സ്വയം മാറാൻ ശ്രമിക്കാം. ചിലപ്പോൾ നമ്മൾ പറയുന്നത് അതേ അർഥത്തിൽ മറ്റുള്ളവർ ഉൾക്കൊള്ളണമെന്നില്ല. അവരെ ഉപദേശിച്ചു നന്നാക്കാനൊന്നും ശ്രമിക്കാതെ ശരിയെന്നുറപ്പുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയാൽ ജീവിതത്തിലങ്ങനെ തളർന്നു നിൽക്കേണ്ടി വരില്ല. പുതിയ സ്വപ്നങ്ങളുമായി സന്തോഷത്തോടെ ജീവിതം ആഘോഷിക്കാം.

English Summary: Interview With Sruthi Rajanikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com