ADVERTISEMENT

ഒരുപാട് തവണ ആത്മഹത്യയുടെ വക്കിൽ നിന്നു പടപൊരുതി ജീവിതം തിരികെ പിടിച്ച വ്യക്തിയാണ് സുകന്യ കൃഷ്ണ. ജീവിതമിങ്ങനെ പച്ച പിടിക്കുമ്പോൾ വെറുതെയൊരു പണി എവിടുന്നെങ്കിലും കിട്ടും, അതാകട്ടെ ഉറുമ്പ് സ്വരുക്കൂട്ടും പോലെ കൂട്ടിവച്ചത് എല്ലാം തകർക്കും. വീണ്ടും ഒന്നിൽ നിന്നു തുടങ്ങും, പിന്നെ വീണ്ടും വെളിച്ചത്തിലേക്ക്.

സ്വത്വം തിരിച്ചറിഞ്ഞപ്പോൾ മുതൽ സുകന്യയുടെ ജീവിതം അങ്ങനെ തന്നെയാണ് മുന്നോട് പോകുന്നത്. സ്‌കൂളിൽ പഠിച്ചിരുന്ന സമയത്താണ് തന്റെ ഉടലിൽ ഒരു അപര ശരീരം കൂടിയുണ്ടെന്ന് അവർ തിരിച്ചറിയുന്നത്. പുരുഷനായി ആണ് ജനിച്ചതെങ്കിലും സ്ത്രീയുടെ മനസ്സും ശരീരത്തിലെ ചില കണ്ടെത്തലുകളും എല്ലാം കൂടി ആ സമയത്ത് അവരെ അന്ധാളിപ്പിച്ചിരിക്കണം.

 

sukanya2

പിന്നീട് ഒരു യാത്രയായിരുന്നു. സ്ത്രീയാകണം എന്ന ഒടുങ്ങാത്ത ആഗ്രഹം. എല്ലാ ട്രാൻസ് സ്ത്രീകളെയും പോലെ ബെംഗളൂരുവിലാണ് സുകന്യയും തന്റെ അപര ജീവിതം ആരംഭിക്കുന്നത്. പിന്നീടുണ്ടായ കയ്പ്പേറിയ അനുഭവങ്ങളിൽ ബെംഗളൂരുവിലെ അവരുടെ ഒപ്പമുണ്ടായിരുന്നവർക്കും കുടുംബത്തിനും ഒക്കെ പങ്കുണ്ടായിരുന്നു. സ്വത്വ ബോധം എന്നത് മാനസിക പ്രശ്നമാണെന്ന തോന്നലിൽ വീട്ടുകാർ നൽകിയ അമിതമായ പുരുഷഹോർമോണുകൾ അവരിലെ ഹോർമോൺ കൃത്യതകൾ പൊളിച്ചു കളഞ്ഞു. വർഷങ്ങൾക്ക് ശേഷം സ്വന്തമായി പഠിച്ചെടുത്ത കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ജോലി ചെയ്യാൻ തുടങ്ങി. അങ്ങനെ വർഷങ്ങളോളം സമ്പാദിച്ച പണം കൊണ്ട് ഒടുവിൽ സ്ത്രീയായി മാറാനുള്ള ശസ്ത്രക്രിയ. ഇതിനിടയിൽ വിവാദമായ ഒരു പ്രണയവും വിവാഹ നിശ്ചയവും. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനായ സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമയിലേക്കുള്ള ക്ഷണം. എല്ലാം സുകന്യയുടെ ജീവിതത്തിൽ കടന്നു പോയ വഴികളിലുണ്ടായിരുന്നതാണ്. അവർ സംസാരിക്കുന്നു.

 

ഇൻഡിഗോയുടെ അംഗീകാരം

sukanya1

 

കുറച്ച് വർഷങ്ങൾക്കു മുൻപാണ്, അന്ന് ബെംഗളൂരുവിൽ ജോലിയുണ്ട്. തിരുവനന്തപുരത്തേക്ക് പഠനത്തിന്റെ ആവശ്യത്തിന് വേണ്ടി വരേണ്ടതുണ്ടായിരുന്നു. അങ്ങോട്ടും തിരിച്ചുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ചെക്കിൻ ചെയ്ത് അകത്ത് കയറി ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നപ്പോൾ ഇൻഡിഗോയുടെ ഓഫീസിൽ നിന്ന് വിളി വന്നു. എവിടെയാണെന്നായിരുന്നു അവർക്ക് അറിയേണ്ടത്. എന്താ സംഭവമെന്നറിയാതെ ഞാനൊന്നു ടെൻഷനായി. അവരുടെ രണ്ടു ഓഫീസർമാർ വന്നു അവരുടെ കയ്യിലുണ്ടായിരുന്ന ബൊക്കെ തന്നു. പ്രൈഡ് മാസം ആയിരുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ടു ഞാൻ അവരുടെ ടിക്കറ്റ് എടുത്തപ്പോൾ എന്നെ അവർ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു, മാത്രവുമല്ല ആ വർഷത്തെ പ്രൈഡ് മാസത്തിലെ അംബാസഡർ ആയി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അഭിമാനമാണ് തോന്നിയത്. എത്രയിടത്ത് നിന്നാണ് അവഗണനകളും അപമാനവും ഒക്കെ കിട്ടിയത്, ഇപ്പോൾ വലിയൊരു സ്ഥാപനം എന്നെ എന്റെ സ്വത്വം മനസിലാക്കി അംഗീകരിക്കുന്നു. ബോർഡിങ്ങിനു താമസം ഉള്ളതുകൊണ്ട് അവർ കൂടെ നിന്നു, അവരെ പരിചയപ്പെട്ടു. സെൽഫി എടുത്തും സംസാരിച്ചും പോകുന്നത് വരെ കൂടെയുണ്ടായിരുന്നു. ബോർഡിങ് സമയത്തും അവർ ഒപ്പം വന്നു ക്യാബിൻ ക്രൂവിനു പരിചയപ്പെടുത്തി മടങ്ങി. അകത്തുള്ള ക്രൂ അംഗങ്ങളും വളരെ ബഹുമാനത്തോടെ സീറ്റിലേക്ക് ആനയിച്ചു. മാത്രമല്ല അന്നൗൺസ്‌മെന്റ് ആയി പൈലറ്റ് എന്നെക്കുറിച്ച് എല്ലാ യാത്രക്കാരോടും സംസാരിക്കുകയും ചെയ്തു."ഒരു സ്പെഷ്യൽ ഗസ്റ്റ് ഇന്ന് നമുക്കുണ്ട്", എന്ന് പറഞ്ഞായിരുന്നു ആ പരിചയപ്പെടുത്തൽ. കരച്ചിലാണ് വന്നത്...

 

യാത്ര കഴിഞ്ഞു ഇറങ്ങിയപ്പോഴും എല്ലാവരും അതെ സ്നേഹവും പരിഗണനയും തന്നു. ഒപ്പം യാത്രക്കാരിൽ ചിലർ വന്നു സ്നേഹം പങ്കിടുകയും ചെയ്തു. എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാകാത്ത ഒരു അനുഭവമായിരുന്നു അത്. ഇപ്പോഴും ഞാൻ ഇൻഡിഗോയുടെ സ്ഥിരം കസ്റ്റമറാണ്. അന്നുണ്ടാക്കിയെടുത്ത സൗഹൃദങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുമുണ്ട്.

 

എന്റെ ജീവിതം എന്റെ സിനിമ

 

എന്റെ കഥ സിനിമയാക്കാനാണ് സഞ്ജയ് ലീല ബൻസാലി ആവശ്യപ്പെട്ടത്. സന്തോഷമാണ് തോന്നിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഒരു സംവിധായകൻ ഇതുപോലെ ഒരു കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തു ഒരു സിനിമ ചെയ്യുക എന്നാൽ അത് എനിക്ക് വ്യക്തിപരമായി മാത്രമല്ല കമ്മ്യൂണിറ്റിയോടുള്ള ആളുകളുടെ കാഴ്ചപ്പാടിലും കുറെയൊക്കെ മാറ്റം വരുത്തും. അദ്ദേഹം കമ്മിറ്റ് ചെയ്ത മൂന്ന് ചിത്രങ്ങൾക്ക് ശേഷം നാലാമത്തെ ചിത്രമായാണ് അത് ഏറ്റെടുത്തത്. കഥ ഞാനായിരുന്നു, തിരക്കഥ ബോളിവുഡിലെ പ്രശസ്തനായ ഒരു എഴുത്തുകാരനും. അഡ്വാൻസും ലഭിച്ചിരുന്നു.

 

പക്ഷേ അപ്പോഴാണ് കൊറോണ ലോകത്തെ തന്നെ പിടിച്ചെടുത്തത്. അവിടെ നിന്നാണ് പിന്നെയും ജീവിതം പ്രശ്നങ്ങളിലേക്ക് വീണു പോകുന്നത്. പദ്മാവത് എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റേതായി ഈ നാല് വർഷം പിന്നെ സിനിമയൊന്നും ഇറങ്ങിയില്ല, ഏറ്റവുമൊടുവിൽ ഇറങ്ങിയത് ഗാംഗുഭായ് ആണ്. ഇനിയും അദ്ദേഹത്തിന്റെ ലിസ്റ്റിലെ സിനിമകൾ നീണ്ടു കിടക്കുകയാണ്, അതുകൊണ്ട് എന്റെ കഥ എന്നുണ്ടാകുമെന്നറിയില്ല. എങ്കിലും പ്രതീക്ഷയുണ്ട്.

 

കൊറോണ വേണോ ആത്മഹത്യാ ചെയ്യണോ

 

കൊറോണ പടർന്നു തുടങ്ങിയ സമയത്ത് ഞാൻ ബെംഗളൂരുവി‍ൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്രോഗ്രാമറായി ജോലി ചെയ്യുകയാണ്. പക്ഷേ സ്വാഭാവികമായും ആ സമയത്ത് ജോലിയ്ക്ക് ഇടവേള വന്നു.

 

എന്റെ കമ്യൂണിറ്റിയിലുള്ള ഒരു സ്ത്രീയെ ആയിടയ്ക്കാണ് യാദൃച്ഛികമായി കാണുന്നത്, വർഷങ്ങളായി അറിയുന്ന ഒരു വ്യക്തി. അവർ ഒറ്റയ്ക്കായിരുന്നു താമസം. കൊറോണ കാരണം അവർ ആകെ പ്രതിസന്ധിയിലായിരുന്നു. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. എന്റെ അമ്മയെ പോലെയാണ് അവരെ ഞാൻ കരുതിയിട്ടുള്ളത്. വയസ്സായ അവർ എന്നോട് അവർക്കൊപ്പം വന്നു താമസിക്കാൻ ആവശ്യപ്പെട്ടു. ഇത്രയും പ്രായമുള്ള, നിസഹായയായ, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ആ സ്ത്രീ പറയുമ്പോൾ എങ്ങനെയാണ് അനുസരിക്കാതെയിരിക്കുക. അവരോടൊപ്പം കുറച്ച് കാലം നിൽക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു. അത് പോരാ നീ ഇനി ഇവിടെ തന്നെ താമസിച്ചാൽ മതി, എന്തിനാ രണ്ടിടത്ത് വാടക കൊടുക്കുന്നത് എന്ന് അവർ പറഞ്ഞു. അങ്ങനെ ഞാൻ താമസിച്ചിരുന്ന ഫ്‌ളാറ്റ് ഒഴിഞ്ഞ് അവർക്കൊപ്പം താമസമായി. എന്റെ സാധനങ്ങളും അവിടേക്ക് ഷിഫ്റ്റ് ചെയ്തു.

 

പക്ഷേ അവിടെ ചെന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോഴാണ് അവരുടെ സ്വഭാവം മാറുന്നത്. അവർക്ക് ഞാൻ സെക്സ് വർക്ക് ചെയ്യണം. നടക്കില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. പിന്നീട് അതിന്റെ പേരിൽ മാനസിക പീഡനം ആരംഭിച്ചു. ഭക്ഷണമില്ല, ഉപദ്രവവും. അപ്പോഴേക്കും കോവിഡ് ഒന്നാം തരംഗം അടങ്ങിയിരുന്നു. എന്റെ പരീക്ഷയുടെ ഡേറ്റ് പ്രഖ്യാപിച്ചു. അതിനാൽ ഞാൻ നാട്ടിലേക്ക് വണ്ടി കയറി. ഒന്നോ രണ്ടോ വസ്ത്രം മാത്രമെടുത്താണ് നാട്ടിൽ തന്നെയുള്ള കമ്മ്യൂണിറ്റിയിലെ ചില സുഹൃത്തുക്കളുടെ അടുത്തേക്ക് എത്തിയത്.

 

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്താണ് കേരളത്തിലേക്ക് എത്തുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി. അപ്പോഴേക്കും രണ്ടാം തരംഗത്തിന്റെ ഭാഗമായി അടുത്ത ലോക്ക്ഡൗൺ. ഞാൻ ഇവിടെ പെട്ടുപോയി എന്ന് പറയാം. ഫ്രീലാൻസ് ആയി ഏറ്റെടുത്ത ജോലികൾ തീർക്കണമെങ്കിൽ തിരികെ പോകണം. കയ്യിലുണ്ടായിരുന്ന പണമൊക്കെ തീർന്നു. എനിക്ക് മാറിയുടുക്കാൻ വസ്ത്രമില്ല, കിട്ടാനുള്ള പണമൊക്കെ മുടങ്ങി കിടക്കുന്നു, കയ്യിൽ പത്തുരൂപ പോലും എടുക്കാനില്ലാത്ത അവസ്ഥ. ഒഴിവാക്കാൻ പറ്റുന്നത് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മാത്രമായിരുന്നു. അത് കഴിക്കാത്തത് കൊണ്ട് മാനസികമായ ബുദ്ധിമുട്ടുകൾക്ക് പുറമെ ശാരീരികമായ പ്രശ്നങ്ങൾ കൂടെ കൂടി. ആത്മഹത്യ ചെയ്യാനാണ് തോന്നിയത്. ആരോടും പറയാനില്ല, ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയൊരാൾക്ക് വേറെ എന്താണ് ചെയ്യാനുള്ളത്. എന്തെങ്കിലും വർക്ക് ചെയ്യാനാണെങ്കിൽ എന്റെ കംപ്യൂട്ടറും എല്ലാം ആ സ്ത്രീയുടെ വീട്ടിലാണുള്ളത്. അവർ അത് നശിപ്പിച്ചോ എന്ന് പോലും എനിക്കറിയില്ല.

 

അപ്പോൾ ഓർക്കും, ഇതിലും പരിതാപകരമായ അവസ്ഥകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടല്ലോ. അതൊക്കെ തരണം ചെയ്ത എനിക്ക് ഇതും തരണം ചെയ്യാൻ കഴിയും. ഒന്നൂടി ഒന്നിൽ നിന്നും തുടങ്ങാം.അങ്ങനെ കൊറോണയ്ക്ക് ഇടയിലും ഒരു ജോലി കണ്ടെത്തി. ഇഷ്ടമുള്ള ജോലി. ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ തിരക്കിലാണ്, സന്തോഷത്തിലാണ്.

 

ഞാനൊരു പുസ്തകമെഴുതും.

 

ജീവിതം സിനിമയ്ക്ക് പറ്റിയതാണെങ്കിലും ഞാനൊരു പുസ്തകമെഴുതുന്നുണ്ട്. അതിന്റെ ആദ്യ ഘട്ടം കഴിഞ്ഞതാണ്. പല ഭാഗങ്ങളായി എഴുതുകയാണ് ഉദ്ദേശം. ആദ്യം ഒരിക്കൽ ഒരു പുസ്തകം എഴുതിക്കഴിഞ്ഞു ഇന്ത്യയിലെ വലിയൊരു പ്രസാധകൻ അത് പ്രസിദ്ധപ്പെടുത്താൻ എന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷേ, എല്ലായ്പ്പോഴും എന്ന പോലെ ജീവിതത്തിൽ കടന്നു കൂടിയ ചില മനുഷ്യർ ആ അവസരം നഷ്ടമാക്കി കളഞ്ഞു. എല്ലാവരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ അറിയുകയേ ഇല്ല ഒരിക്കൽ അകന്നു നിൽക്കേണ്ടി വരുമ്പോൾ അവർ നമ്മുടെ ജീവിതവും ജീവനും നഷ്ടപ്പെടുത്തിക്കളയുമെന്നു. അതിനു ശേഷം അടുത്ത പുസ്തകത്തിന്റെ വർക്കിലാണ് ഞാൻ. അതുറപ്പായും പുറത്തിറങ്ങും. ഇംഗ്ലീഷിലാണ് എഴുത്ത്.

 

ഐഐടിയുടെ ആദ്യ ട്രാൻസ് സ്റ്റുഡന്റ്

 

മദ്രാസ് ഐ ഐ ടിയിൽ പഠിക്കണമെന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷേ വളരെ ബുദ്ധിമുട്ടാണ് അവിടെ അഡ്മിഷൻ കിട്ടാൻ. ഞാൻ പത്താം ക്ലാസും പ്ലസ്ടുവും തുല്യത പരീക്ഷയാണ് എഴുതിയത്. വീട്ടിൽ നിന്നു പഠിക്കാനാകാതെയാണ് ഒരിക്കൽ ഒളിച്ചോടിയത്, പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് എല്ലാം എഴുതി എടുത്തതും അംഗീകാരത്തോടെ തന്നെ എല്ലാ പരീക്ഷകളും ജയിച്ചതും. ഏറ്റവും മികച്ച മാർക്കും ലഭിച്ചിരുന്നു. ഐ എ എസും , ഐ ഐ ടിയിലെ പഠനവും എന്റെ സ്വപ്നമാണ്. അങ്ങനെയാണ് ഐ ഐ റ്റിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചത് കണ്ടത്. ആദ്യം ഒരു എൻട്രൻസ് എക്സാം ഉണ്ട്, അതിനു വേണ്ടി നന്നായി തയ്യാറായി, റിസൾട്ട് വന്നപ്പോൾ ആ ലെവൽ ഞാൻ പാസ് ആയി. ഇപ്പൊ ഞാൻ അടുത്ത ലെവൽ ആണ്. ഡിഗ്രി ആയിട്ടേ ഉള്ളൂ, കടുകട്ടിയാണ് സിലബസ്, പക്ഷെ എന്നെ അങ്ങനെ തോൽപിക്കാനൊന്നും ആവില്ല. ജോലിയുടെ ഇടയ്ക് തന്നെ പഠനവും പ്രോജക്ടുകളും നടക്കുന്നു. അവസാനം നടത്തിയ പരീക്ഷയിൽ മികച്ച മാർക്കുമുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങളായി നടത്താം, അതിനാണല്ലോ ഇനിയുള്ള ഈ ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com