സർഫിങ്ങിന് മനക്കരുത്തു വേണം; കൂടുതൽ പെൺകുട്ടികൾ മുന്നോട്ടു വരണം: അമൃത പറയുന്നു
Mail This Article
‘‘അങ്ങനെയൊന്നും എളുപ്പം ആര്‍ക്കും ലോകത്തിലെ ഏറ്റവും വലിയ മീനിനെ കാണാനാവില്ല. നല്ല ധൈര്യമുളളവര്‍ക്കേ അതു കാണാനാവൂ.’’ - മുത്തശ്ശന്‍ ഇതു പറയുമ്പോള്‍ കുഞ്ഞി അമൃത മുത്തിയുടെ മടിയില്‍ കിടന്ന് കടൽ സ്വപ്‌നം കാണുകയായിരിക്കും. ആ കടലിന്റെ മടിയിലിരുന്ന് വലിയ മീനുകളുമായി അവള്‍ സ്വപ്‌നത്തില്‍ ചങ്ങാത്തം കൂടും. വര്‍ഷങ്ങള്‍ക്കിപ്പുറം തായ്‌ലന്‍ഡിലെ കടല്‍ത്തിരകള്‍ക്കൊപ്പം സര്‍ഫിങ് ബോര്‍ഡില്‍ നീങ്ങുമ്പോള്‍ ഒരു സ്വപ്‌നമെന്നപോലെ അവള്‍ നേരിട്ടുകണ്ടു, ആ വലിയ മീനിനെ. അപ്പോള്‍ തിരമാലകളുടെ ശബ്ദത്തിനൊപ്പം അവള്‍ക്കു കേള്‍ക്കാമായിരുന്നു മുത്തശ്ശന്റെ ശബ്ദവും. കടലിനെ അടുത്തറിഞ്ഞ ആദ്യ മലയാളി വനിതാ സർഫർമാരില്‍ ഒരാളാണ് അമൃത വലിയവീട്ടില്‍. സര്‍ഫിങ്ങിന്റെ അനുഭവങ്ങള്‍ അമൃത മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.
സര്‍ഫിങ്ങിലെ മലയാളി പെണ്‍കുട്ടി
സര്‍ഫിങ് മേഖല മലയാളികള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത കാലത്താണ് അമൃത അതിലേക്കു കടന്നുവരുന്നത്. അമൃത ചെറുപ്പത്തില്‍തന്നെ നീന്തല്‍ പഠിച്ചിരുന്നു. അതും കടലിൽ. എട്ടു വയസ്സ് മുതല്‍ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. പിന്നീടാണ് സര്‍ഫിങ്ങിലേക്ക് എത്തുന്നത്.
സര്‍ഫിങ്ങിനിറങ്ങുമ്പോള്‍ ശരിയായ പരിശീലനവും ഏതു തിരയ്‌ക്കൊപ്പം നീങ്ങണമെന്ന കണക്കുകൂട്ടലും വേണം. ഏറ്റവും മനസ്സാന്നിധ്യം വേണ്ട ഒരു കായിക ഇനം കൂടിയാണിത്. കോവളം സര്‍ഫ് ക്ലബിനൊപ്പം 2015ലായിരുന്നു ആദ്യ സര്‍ഫിങ്. ഷാഹുല്‍ ഹമീദായിരുന്നു പരിശീലകന്‍. അതുവരെ ഒരു മലയാളി പെണ്‍കുട്ടി പോലും ഉണ്ടായിരുന്നില്ല അവിടെ പരിശീലിക്കാന്‍. സ്ത്രീകളില്‍ വിദേശികള്‍ മാത്രമാണ് കോവളത്തു സര്‍ഫിങ് ചെയ്യാറ്.
കടലുമായുളള ചങ്ങാത്തം
‘‘എന്റെ അച്ഛന്‍ മലയാളിയാണ്, അമ്മ സിന്ധിയും. അച്ഛന്റെ വീട് പാലക്കാടാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അച്ഛന്റെ മാതാപിതാക്കള്‍ ലക്ഷദ്വീപിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായിരുന്നു. അങ്ങനെ 19 വര്‍ഷത്തോളം അച്ഛനും അവരുടെ കൂടെ ലക്ഷദ്വീപിലായിരുന്നു. അവരിലൂടെയാണ് ഞാന്‍ കടലിന്റെ കഥകള്‍ കേട്ടത്. ചെറുപ്പം മുതല്‍ കടലിനോട് അടങ്ങാത്ത ഒരിഷ്ടമാണ്. മുംബൈയിലും കടലിന്റെ അടുത്തായിരുന്നു താമസം. പിന്നെ അവധിക്കാലത്ത് കേരളത്തില്‍ വന്നാലും കടലു കാണാന്‍ പോവലാണ് പ്രധാന വിനോദം.’’
പഠനം, ജോലി
‘‘ആദ്യം മുതലേ കടലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠനം നടത്തണമെന്നത് ആഗ്രഹമായിരുന്നു. 2015 ല്‍ പ്ലസ്ടുവിനുശേഷം തായ്‌ലന്‍ഡില്‍ പോയി. അവിടെ ഡൈവ് മാസ്റ്ററായി ജോലിചെയ്യുകയും ഒപ്പം പവിഴപ്പുറ്റ് കൃഷി പഠിക്കുകയും ചെയ്തു. അതോടെ പരിസ്ഥിതിയോട് ഇഷ്ടംകൂടി. പിന്നീട് യുഎസില്‍ സ്‌കോളര്‍ഷിപ്പോടെ മറൈന്‍ കണ്‍സര്‍വേഷനില്‍ ബിരുദ പഠനം നടത്തി. ഇതിനുപുറമേ സീലുകളെ കുറിച്ചും തിമിംഗലങ്ങളെ കുറിച്ചും പഠിക്കാന്‍ തുടങ്ങി. 2017 ഡിസംബറില്‍ വെക്കേഷന്‍ സമയത്ത് പരിശീലകൻ ഷാഹുല്‍ ഹമീദ് വിളിച്ചു. തുടര്‍ന്ന് കേരളത്തില്‍ സര്‍ഫ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ യുഎസില്‍ വെറ്ററിനറി മെഡിസിനില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. 2025ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ വന്ന് മറൈന്‍ കണ്‍സര്‍വേഷനും വെറ്ററിനറി മെഡിസിനും സര്‍ഫിങ്ങില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുളള പദ്ധതിയും ആലോചിക്കുന്നുണ്ട്.’’
കൂട്ടുകാരി നിശ്ചിതയെ കുറിച്ച്
അമൃതയ്ക്കു മുന്‍പേ സര്‍ഫിങ് ചെയ്ത മലയാളി പെണ്‍കുട്ടിയാണ് നിശ്ചിത വര്‍ഗീസ്. സര്‍ഫിങ് മത്സരങ്ങളോട് പ്രിയമുളള നിശ്ചിത 2013ല്‍ പോണ്ടിച്ചേരിയില്‍ നടന്ന സര്‍ഫിങ് മത്സരത്തിലാണ് ആദ്യമായി പങ്കെടുക്കുന്നത്. വര്‍ക്കലയിലെ സോള്‍ ആൻഡ് സര്‍ഫില്‍ വച്ചാണ് അമൃതയും നിശ്ചിതയും കണ്ടുമുട്ടുന്നത്. നിശ്ചിതയുടെ മാതാപിതാക്കള്‍ മലയാളികളാണെങ്കിലും അവര്‍ ജനിച്ചു വളര്‍ന്നത് ബെംഗളൂരുവിലാണ്. കോട്ടയമാണ് നിശ്ചിതയുടെ നാട്. ബെംഗളൂരുവില്‍ ഡീലക്‌സ് എന്റര്‍ടെയ്ൻമെന്റ് എന്ന സ്ഥാപനത്തില്‍ ഇംഗ്ലിഷ് എഡിറ്റര്‍ ആയി ജോലി ചെയ്യുന്ന നിശ്ചിത ഒരു സര്‍ട്ടിഫൈഡ് സര്‍ഫ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ്.
സര്‍ഫർക്കു വേണ്ട ഗുണങ്ങള്‍
‘‘സര്‍ഫിങ്ങിന് ഫിറ്റ്‌നസ് ആവശ്യമാണ്, മാനസിക ബലവും. നല്ല ധൈര്യമുളളവര്‍ക്കു മാത്രമേ കടലിലേക്കിറങ്ങിച്ചെല്ലാനാകൂ. ഒരു സര്‍ഫര്‍ കടലിനെ അറിയണം, തിരമാലകളുടെ ശക്തിയും സ്വഭാവവും അറിയണം. എന്നാല്‍ മാത്രമേ സര്‍ഫിങ് ബോര്‍ഡില്‍ തിരമാലകള്‍ക്കൊപ്പം നീങ്ങാനാവൂ. കടലില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം. പാറകളും അപകടകാരികളായ മത്സ്യങ്ങളും സര്‍ഫർക്കു വെല്ലുവിളിയുയര്‍ത്തും. സര്‍ഫിങ് ബോര്‍ഡിലുളള പരിശീലനവും പ്രധാനമാണ്.’’
സര്‍ഫിങ്ങിന് ഇഷ്ടപ്പെട്ട സ്ഥലം
‘‘യുഎസ്, ബാലി, മെക്‌സിക്കോ, ജമൈക്ക എന്നിവിടങ്ങളിലൊക്കെ സര്‍ഫ് ചെയ്തിട്ടുണ്ടെങ്കിലും കേരളമാണ് സര്‍ഫിങ്ങിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. യുഎസിലെ അറിയപ്പെടുന്ന സര്‍ഫിങ് കേന്ദ്രമാണ് കേപ് കോഡ്. അതിമനോഹരമായ ബീച്ചുകള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. എന്നാല്‍ ഇവിടത്തെ കടലില്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളെ കാണാം. ഇവയെ വൈറ്റ് പോയന്റര്‍ എന്നും വിളിക്കുന്നു. ലോകത്തിലെ ശക്തരും ഏറ്റവും അപകടകാരികളുമായ സ്രാവിനമാണിത്. മനുഷ്യരെയും ഇവ അക്രമിക്കും. അതുകൊണ്ടു വളരെ സൂക്ഷിച്ചു മാത്രമേ കേപ് കോഡില്‍ സര്‍ഫ് ചെയ്യാവൂ. ജമൈക്കയാണ് സര്‍ഫിങ്ങിന് ഇഷ്ടപ്പെട്ട മറ്റൊരു സ്ഥലം.
സര്‍ഫിങ് പോപ്പുലറല്ലാത്ത സ്ഥലങ്ങളില്‍ പോയി സര്‍ഫ് ചെയ്യണമെന്നാണ് ആഗ്രഹം. അവിടെയുളള സാധാരണക്കാര്‍ ഇതെങ്ങനെ ഉള്‍ക്കൊളളുന്നുവെന്നും അവര്‍ അതെങ്ങനെ ചെയ്യുന്നുവെന്നും മനസ്സിലാക്കണം. അടുത്ത വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലോ ലൈബീരിയയിലോ സര്‍ഫ് ചെയ്യാനും ആഗ്രഹമുണ്ട്.’’
സര്‍ഫിങ്ങിലെ രസകരമായ അനുഭവങ്ങള്‍
‘‘സര്‍ഫിങ് വളരെ രസകരമായ അനുഭവമാണ്. യോജിച്ച തിര പിടിക്കുന്നതാണ് ഇതില്‍ ഏറ്റവും ചലഞ്ചിങ്. ഒരിക്കല്‍ പൂവാറില്‍ സര്‍ഫിങ് ചെയ്യുമ്പോള്‍ ശക്തമായ തിരകള്‍ കുറവായിരുന്നു. അപ്പോള്‍ തിര പിടിക്കാന്‍ സര്‍ഫിങ് ബോര്‍ഡില്‍ കടലില്‍ ഇരിക്കും. കാത്തിരിപ്പിനിടെ കൂട്ടുകാരുമൊത്ത് ഉറക്കെ പാട്ടുപാടും. കടലിലിരുന്ന് പാടാന്‍ നല്ല രസമാണ്. മറ്റൊരനുഭവം അടുത്തിടെ യുഎസിലെ കേപ്പ് കോഡില്‍ സര്‍ഫ് ചെയ്തപ്പോഴായിരുന്നു. അവിടെ സര്‍ഫ് ചെയ്തപ്പോള്‍ ഒപ്പം സീലുകളും സര്‍ഫ് ചെയ്യാന്‍ തുടങ്ങി. നമ്മള്‍ ചെയ്യുന്നതുപോലെ തന്നെ സീലുകളും അനുകരിക്കുന്നത് രസകരമായ കാഴ്ചയായി.’’
സര്‍ഫിങ് പഠിപ്പിച്ച പാഠങ്ങള്‍
‘‘ഒരു ശക്തിപോലെയാണ് എനിക്ക് സര്‍ഫിങ്. പോസിറ്റീവാകാനും ഫോക്കസ് കൂട്ടാനും മാനസികവും ശാരീരികവുമായ ശക്തി വര്‍ധിപ്പിക്കാനുമൊക്കെ എന്നെ സര്‍ഫിങ് സഹായിച്ചിട്ടുണ്ട്. മാത്രമല്ല സര്‍ഫിങ് ചെയ്യുന്നവരില്‍ അവരറിയാതെതന്നെ ക്ഷമയും വിനയവുമൊക്കെ വന്നുചേരും. സര്‍ഫിങ് വളരെ ഇന്ററസ്റ്റിങ് ആണ്. അത് ചെയ്തു തുടങ്ങുമ്പോഴാണ് നാം കടലിനോടു ചെയ്യുന്ന തെറ്റുകള്‍ നമുക്ക് കൂടുതല്‍ മനസ്സിലാവുക. അപ്പോള്‍ കടലിനെ സംരക്ഷിക്കണമെന്നു തോന്നും. കടലില്‍ മാലിന്യം കൂടുമ്പോള്‍ സര്‍ഫ് ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യേണ്ടതും കടല്‍ സംരക്ഷിക്കേണ്ടതും ഒരു സര്‍ഫറുടെ ഉത്തരവാദിത്തമായി മാറുന്നു.’’
സര്‍ഫിങ് എന്ന പാഷന്‍
മാനസിക സന്തോഷത്തിനു വേണ്ടിയാണ് അമൃത സര്‍ഫിങ് ചെയ്യുന്നത്. അതിനാല്‍ത്തന്നെ അമൃതയ്ക്ക് സര്‍ഫിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താൽപര്യമില്ല. കൂടുതല്‍ പരിശീലിക്കുക, കൂടുതല്‍ മികച്ചതാവുക എന്നതാണ് അമൃതയുടെ കാഴ്ചപ്പാട്. എന്നാല്‍ സര്‍ഫിങ് അപ്രാപ്യമായ ആളുകളിലേക്ക് ഈ കായിക വിനോദത്തിനെ എത്തിക്കുക എന്ന ലക്ഷ്യം കൂടി അമൃതയ്ക്കുണ്ട്.
‘‘കോവളത്തെ സെബാസ്റ്റ്യൻ ഇന്ത്യന്‍ സോഷ്യല്‍ പ്രോജക്ട്‌സിന്റെ കീഴിലുളള സര്‍ഫ് സ്കൂളില്‍ നിരവധി സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളില്‍ പോയില്ലെങ്കില്‍ സര്‍ഫ് ചെയ്യാന്‍ അവരെ അനുവദിക്കില്ല, അതിനാല്‍തന്നെ അവര്‍ പഠിക്കുകയും അതിനൊപ്പം സര്‍ഫിങ് പരിശീലിക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ഫിങ് പഠിക്കാനും അവസരമൊരുക്കുന്നു. അത്തരം സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് കാര്യമായി ഉപയോഗപ്പെടുത്തുന്നില്ല. അതിനാല്‍ കേരളത്തിലെ പെണ്‍കുട്ടികളെക്കൂടി സര്‍ഫിങ് രംഗത്തേക്കു കൊണ്ടുവരണം. അതിനു വേണ്ടി പ്രയത്‌നിക്കണമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.’’
എന്തുകൊണ്ട് കേരളത്തില്‍ ഇതിന് പ്രചാരമില്ല?
‘‘കേരളത്തില്‍ ഇതിനെക്കുറിച്ച് ആര്‍ക്കും കൂടുതല്‍ അറിയില്ല. അതിനു കാരണം കടലിലേക്ക് മത്സ്യത്തൊഴിലാളികളല്ലാതെ മറ്റാരും കടന്നു ചെല്ലാത്തതാണ്. ഇന്നും വിദേശികളുടെ മാത്രം മേഖലയാണ് സര്‍ഫിങ്. വളരെ പണച്ചെലവുണ്ട് എന്നതാണ് സാധാരണക്കാര്‍ക്ക് ഇത് അപ്രപ്യമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇത് ഒരു അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സാണ്. അതിന് ഇന്‍വെസ്റ്റ്മെന്റ് വേണം. സര്‍ഫിങ് ബോര്‍ഡിനു വലിയ തുക വരും. അതേസമയം താത്പര്യമുളളവര്‍ക്ക് സ്വന്തമായി ബോര്‍ഡ് വാങ്ങാതെ താത്കാലികമായി പരിശീലിക്കാനുളള അവസരവുമുണ്ട്’’
കേരളത്തിലെ പെണ്‍കുട്ടികള്‍ക്കായി..
‘‘ആദ്യമായി കോവളത്ത് സര്‍ഫിങ് ചെയ്യുമ്പോള്‍ ഞാന്‍ മാത്രമായിരുന്നു പെണ്‍കുട്ടി. എന്റെ മാതാപിതാക്കള്‍ക്ക് അതില്‍ എതിർപ്പുണ്ടായിരുന്നില്ലെങ്കിലും അത്തരം സാഹചര്യത്തോടു പൊരുത്തപ്പെടാന്‍ എല്ലാ മാതാപിതാക്കള്‍ക്കും സാധിക്കണമെന്നില്ല. കടലില്‍ ഇറങ്ങുമ്പോള്‍ വേണ്ട വസ്ത്രധാരണവും ഈ രംഗത്തേക്കു പെണ്‍കുട്ടികള്‍ കടന്നുവരുന്നതിനു തടസ്സമായിരിക്കാം. അതേസമയം കടലില്‍ തിരകള്‍ക്കൊപ്പം നീന്തുന്ന ആണ്‍കുട്ടികളെ നമുക്ക് എപ്പോഴും കാണാം. പെണ്‍കുട്ടികള്‍ക്കും കടലില്‍ നീന്താന്‍ ഇഷ്ടമല്ലാത്തതുകൊണ്ടല്ല മറിച്ച് സാഹചര്യങ്ങളാണ് അവര്‍ക്കു തടസ്സം. അവ മാറിയാല്‍ പെണ്‍കുട്ടികള്‍തന്നെ ഇതിനു മുന്നോട്ടു വരും. എന്റെ മാതാപിതാക്കള്‍ എന്നോട് ഒരിക്കലും ഇത് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. അതേ പോലെ കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും അവസരം കിട്ടണം.
അതിനായി നിശ്ചിതയുമായി ചേര്‍ന്ന് ഡിസംബറില്‍ ഒരു സര്‍ഫിങ് ക്യാംപ് നടത്തി കൂടുതല്‍ പെണ്‍കുട്ടികളെ ഇതിലേക്ക് കൊണ്ടുവരണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. സര്‍ഫ് തെറാപ്പി ക്ലാസുകളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.’’