‘കണ്ണുകൾ പുകഞ്ഞു; സൂക്ഷിച്ചില്ലെങ്കിൽ മാലിന്യക്കൂനയിൽ മരണം; പക്ഷേ, ബ്രഹ്മപുരത്തെ ദൗത്യം ഞങ്ങള്‍ ഏറ്റെടുത്തു!’
Mail This Article
കോപ്പിറൈറ്റർ, മാധ്യമപ്രവർത്തക, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, അധ്യാപിക എന്നിവയൊക്കെയായ ഒരു സ്ത്രീ. അവർ കേരളത്തിലെ ആദ്യത്തെ സിവിൽ ഡിഫൻസ് ടീമിലെ അംഗം കൂടിയാണ്. എഴുത്തുകാരിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ഫങ്ഷനൽ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ശ്രുതി കെ.എസിനെ കുറിച്ചാണ് പറയുന്നത്. നിഴൽചായങ്ങൾ (കവിതകൾ), ഓൺ എയർ (ലേഖനങ്ങൾ), നാൾവഴികൾ (കവിതകൾ) എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ശ്രുതി ഏറ്റവും അവസാനം പ്രവർത്തിച്ചത് ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിലെ തീ കെടുത്തുന്ന യജ്ഞത്തിലായിരുന്നു. പൊതുവെ സ്ത്രീകൾ ഇടപെടാൻ മടിക്കുകയും മാറി നിൽക്കുകയും ചെയ്യുന്ന പലതിലേക്കും ധൈര്യത്തോടെ ഇറങ്ങി നടക്കുന്ന ശ്രുതി ഇതിനു മുൻപ് പ്രളയ സമയത്തും കോവിഡ് സമയത്തും വൊളന്റിയറായി പ്രവർത്തിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ സിവിൽ ഡിഫൻസ് ടീമിലെ അംഗമായ ശ്രുതി കേരള അഗ്നിരക്ഷാ സേനയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. തന്റെ വൊളന്റിയർ അനുഭവങ്ങൾ ശ്രുതി പറയുന്നു.
മാലിന്യക്കൂമ്പാരത്തിലെ തീ
ബ്രഹ്മപുരത്ത് ഞങ്ങൾ വരുമ്പോൾ തീ കത്തി അഞ്ച് ദിവസത്തോളം പിന്നിട്ടിരുന്നു. എല്ലാ വർഷവും ചെറിയ രീതിയിൽ തീ പിടിത്തം ഉണ്ടാവാറുണ്ട് എന്നാണു കേട്ടത്, പക്ഷേ അത് അഗ്നിരക്ഷാസേന തന്നെ കെടുത്താറുമുണ്ട്. എന്നാൽ ഇത്തവണ അവരെക്കൊണ്ടു കഴിയാത്ത വിധത്തിൽ തീ പടർന്നു പിടിക്കുകയും കൂടുതൽ ഭാഗങ്ങൾ പ്രശ്നബാധിതമാവുകയും ചെയ്തപ്പോഴാണ് സിവിൽ ഡിഫൻസ് ടീമിനെ വിളിക്കുന്നത്. ഞങ്ങൾ അഗ്നിരക്ഷാസേനയുടെ ഭാഗമായാണ് എത്തിയത്. നമ്മൾ നേരത്തേ ടീമിൽ ഉള്ളതുകൊണ്ട് അതിനാവശ്യമായ വസ്ത്രങ്ങളും മറ്റും കയ്യിലുണ്ട്. തീ ഒരുവിധം കെട്ടു, പക്ഷേ പുക നന്നായി ഉള്ള സമയത്താണ് അവിടെ എത്തിയത്. പുക എന്നു പറഞ്ഞാൽ തൊട്ടടുത്തു നിൽക്കുന്നവരെപ്പോലും കാണാൻ കഴിയാത്ത, കട്ടിയുള്ള പുകയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രത്യേക നിർദേശങ്ങളുണ്ടായിരുന്നു. ഒറ്റയ്ക്ക് എവിടേക്കും പോകരുത്, വിസിൽ കയ്യിൽ ഉണ്ടാവണം എന്നതൊക്കെ. നിർത്താതെ അഗ്നിരക്ഷാസേന വെള്ളം ഒഴിച്ചതുകൊണ്ടു മിക്കയിടത്തും ചതുപ്പ് പോലെ രൂപപ്പെട്ടിരുന്നു, അതിൽ താഴ്ന്നു പോയാൽ അറിയാൻ പോലും കഴിയില്ല. അത്ര അപകടമായിരുന്നു ആ സ്ഥലം. ഒപ്പം മാർച്ച് മാസത്തെ ചൂടിന്റെ കൂടെ ആ പ്രദേശത്തിന്റെ ചൂടും. മാസ്കും പമ്പും ഒക്കെ അവർ നൽകിയിരുന്നു. ഞാൻ തൃശൂരു നിന്നാണ് വന്നത്. ഞങ്ങൾ ഏഴു ബറ്റാലിയൻ ആയി തിരിഞ്ഞായിരുന്നു പ്രവർത്തനം. രാവിലെ എട്ടു മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി പന്ത്രണ്ടര ആകും തിരികെയെത്താൻ. വന്നു പോകുന്നതായിരുന്നു നല്ലത്, കാരണം പുകയടിച്ച് അവിടെ അതിൽക്കൂടുതൽ നിൽക്കേണ്ടതില്ല എന്ന് നിർദേശമുണ്ടായിരുന്നു. വന്നിറങ്ങിയാൽ പ്രശ്നബാധിതമായ സ്ഥലത്തെത്താൻ കുറെ ദൂരം പോകണം, എന്നാൽ നേരെയുള്ള വഴിയല്ല. ഏക്കറുകൾ മല പോലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളാണ്. അതിന്റെ മുകളിലൂടെ കയറിയിറങ്ങിയാണ് ഉദ്ദേശിച്ച സ്ഥലത്ത് എത്തുക. രാവിലെ അവിടെയെത്തിയാൽ വൈകുന്നേരം ആറു മണിക്ക് ജോലി തീരുമ്പോൾ പുറത്തിറങ്ങും. ഭക്ഷണം, വെള്ളം എല്ലാം മാലിന്യ കൂമ്പാരത്തിനിടയിൽനിന്നു തന്നെയാവും. പലപ്പോഴും പുകയും ചൂടും കൊണ്ട് ബുദ്ധിമുട്ടി, കണ്ണുകൾ നീറി, പക്ഷേ തീയും പുകയും അണഞ്ഞു കഴിഞ്ഞപ്പോഴുണ്ടായ സന്തോഷത്തിനു മുന്നിൽ, ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഒന്നും ഒന്നുമല്ല. അതാണ് സന്തോഷം.
ഒറ്റയ്ക്കും ചെയ്യാൻ കഴിയുന്ന അദ്‌ഭുതങ്ങൾ
പണ്ടു മുതലേ എന്തെങ്കിലും ഒക്കെ ആർക്കെങ്കിലും വേണ്ടി ചെയ്യണം എന്ന് തോന്നും. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് പ്രളയ സമയത്താണ് എന്തെങ്കിലും ചെയ്യാൻ പറ്റും എന്നെനിക്ക് മനസ്സിലായത്. അതുവരെ ഞങ്ങളുടെയും കുട്ടികളുടേയുമൊക്കെ പിറന്നാളിന് വയസ്സായ അമ്മാമാർക്കു ഭക്ഷണം വാങ്ങി നൽകുക, അവരുടെ കൂടെ ഒരു ദിവസം ചെലവഴിക്കുക ഇതൊക്കെയേ ചെയ്യാനാകൂ എന്നായിരുന്നു കരുതിയത്. എന്നാൽ പ്രളയം എന്റെ ചിന്തയെ മാറ്റി മറിച്ചു. ഇവിടെ ഒരാൾ വിചാരിച്ചാലും പലതും ചെയ്യാനാകും, അദ്‌ഭുതങ്ങൾ പ്രവർത്തിക്കാനാകും. പ്രളയ സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാനായി. ആ സമയത്ത് സർക്കാർ വൊളന്റിയർമാരെ കണ്ടെത്താനായി ആൾക്കാരെ സ്വീകരിച്ചിരുന്നു. ഞാനും നമ്പർ കൊടുത്തിരുന്നു. ആ സമയത്ത് ഉറങ്ങാൻ കഴിയാത്ത വിധത്തിലാണ് കോളുകൾ വന്നിരുന്നത്. നമുക്ക് വരുന്ന കോളുകൾ അനുസരിച്ച് വിവരങ്ങൾ എടുത്ത് കൺട്രോൾ റൂമിൽ അറിയിക്കേണ്ട ഉത്തരവാദിത്തമായിരുന്നു ആ ടീമിന് ഉണ്ടായിരുന്നത്. കൺട്രോൾ റൂമിൽ ആണെങ്കിലും വിളിച്ചാൽ കിട്ടാൻ പാടാണ്, ക്ഷമയോടെ അവർ എടുത്ത് നമ്മുക്ക് പറയാൻ ഉള്ള കാര്യങ്ങൾ പറയുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അപ്പോൾ വീണ്ടും ആവശ്യക്കാരുടെ വിളികൾ വന്നു നിറയും. ഈ വിളിക്കുന്നവരെത്തന്നെ വീണ്ടും വിളിച്ച് കാര്യങ്ങൾ നടന്നോ എന്നൊക്കെ ഫോളോ അപ് ചെയ്യുകയും ചെയ്തിരുന്നു. എനിക്കിപ്പോഴും ഓർമയുണ്ട്, പ്രളയ സമയത്ത് ഒരാൾക്ക് പാമ്പുകടി ഏറ്റു, അയാൾക്കു വേണ്ടി ആംബുലൻസ് ഏർപ്പാട് ചെയ്തു. ഒടുവിൽ അയാൾ സുരക്ഷിതൻ ആണ് എന്ന് ഉറപ്പാക്കും വരെ വിളിച്ചു കൊണ്ടിരുന്നു. ആ സമയത്ത് കുടുംബം, മക്കൾ എന്നതൊന്നും ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല എന്നതാണ് സത്യം. പക്ഷേ എല്ലാവരും സാഹചര്യം മനസ്സിലാക്കി വേണ്ട രീതിയിൽ കൂടെ നിന്നു. പ്രളയ ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പോലും ഫെയ്‌സ്ബുക് പോസ്റ്റും വാട്സാപ്പ് സ്റ്റാറ്റസും ഒക്കെ കണ്ടു എത്തിച്ചു തന്ന ഒരുപാട് പേരുണ്ട്. സഹപ്രവർത്തകരുൾപ്പെടെ ഒത്തിരി പേർ കൂടെ നിന്നിരുന്നു.
ഒരുമിച്ച് നിന്നാൽ ചെയ്യാൻ കഴിയുന്നത് .
2019 ൽ ഉണ്ടായ രണ്ടാമത്തെ പ്രളയത്തിലാണ് നാട്ടുകാരിൽനിന്ന് വോളന്റിയർമാരെ ക്ഷണിച്ചു കൊണ്ട് ഒരു പത്ര പരസ്യം സർക്കാരിന്റെ വകയായി കണ്ടത്. ഇത്തരം പ്രശ്‌നബാധിത സമയങ്ങളിൽ ഒരുമിച്ച് നിന്നു പൊരുതാനായി സിവിൽ ഡിഫൻസ് ടീം നിർമിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ അതിനു വേണ്ടി ഞാനും റജിസ്റ്റർ ചെയ്തു. പ്രളയ സമയത്ത് ഒരുപാട് പേർ സ്വന്തമായി തീരുമാനമെടുത്ത് വൊളന്റിയർ ആയിരുന്നു. ആ ചിന്തയിൽ നിന്നാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. പക്ഷേ ഇത് പൂർണമായും വൊളന്റിയർഷിപ് ആണ്. കാരണം ഇത്തരം ഒരു സാഹചര്യത്തിൽ സഹായിക്കാനായി പുറപ്പെടുമ്പോൾ നമ്മൾ പണം പോലും സ്വീകരിക്കുന്നില്ല. കയ്യിൽനിന്നു പണം എടുത്താണ് യാത്രകൾ പോലും ചെയ്യേണ്ടത്. അപ്പോൾ അതിനു തയ്യാറായി തന്നെയാണ് ഒരു കൂട്ടം ആളുകൾ എത്തുന്നത്. ആരും അത്ര വലിയ പണം ഒക്കെ ഉള്ള ആളുകൾ ഒന്നുമല്ല, പക്ഷേ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന മനോഭാവമാണ് എന്നെ ഉൾപ്പെടെ ഒരുപാട് പേരെ ഈയൊരു കൂട്ടായ്മയിലേക്ക് എത്തിച്ചത്.
2019 ഇതിൽ ചേർന്നതിനു ശേഷം ഫയർ സ്റ്റേഷനിൽ ട്രെയിനിങ് ഉണ്ടായിരുന്നു. വീണ്ടും ജില്ലാ തല-സംസഥാന തല ട്രെയിനിങ് ഒക്കെ ഉണ്ടായിരുന്നു. ഡിഫൻസ് ടീം ആയതുകൊണ്ട് മാനസിക, കായിക ക്ഷമത ആവശ്യമാണ്. മണിക്കൂറുകൾ വെയിലത്ത് നിർത്തി ഓരോ അസൈന്മെന്റും ഒക്കെ ഉണ്ടായിരുന്നു. പലരും തല കറങ്ങി വീഴും, ട്രെയിനിങ് പൂർത്തിയാക്കും മുൻപ് പാതിയിൽ നിർത്തി പോയവരുണ്ട്. എങ്ങനെ മോട്ടർ ബോട്ട് ഓടിക്കാം, റോപ്പ് കെട്ടാം, സെൽഫ് ഡിഫൻസ് , ആൾക്കാരെ രക്ഷപ്പെടുത്തുക അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ട്രെയിനിങ് ലഭിച്ചു. 2020 ഫെബ്രുവരിയിലായിരുന്നു ഞങളുടെ പാസിങ് ഔട്ട് നടന്നത്. കേരളത്തിലെ ആദ്യത്തെ സിവിൽ ഡിഫൻസ് ടീം കൂടിയാണ് ഞങ്ങൾ.
പ്രളയത്തിനപ്പുറം മഹാരോഗം
പാസിങ് ഔട്ട് കഴിയും മുൻപ് തന്നെ കോവിഡ് തുടങ്ങിയിരുന്നു. അതിന്റെ പരിപാടികളിലേക്കാണ് നേരിട്ട് ഇറങ്ങിയത്. ഭക്ഷണം എത്തിക്കുക, മരുന്ന് എത്തിക്കുക, അസുഖം ഉള്ളവരെ ആശുപത്രികളിൽ എത്തിക്കുക, വീടുകൾ ഡിസിൻഫെക്ട് ചെയ്യുക ഒക്കെ ചെയ്യണം. പരീക്ഷ സമയത്ത് പല സ്‌കൂളുകളിലും ചെയ്യേണ്ടി വന്നു. ചാവക്കാട് ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും പോകേണ്ടി വന്നു. ഫയർഫോഴ്‌സിന്റെ വാഹനത്തിൽ തന്നെയാണ് പോവുക. പലരും ചോദിക്കാറുണ്ട്, ഒരു പ്രയോജനവും ഇല്ലാതെ എന്തിനാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത് എന്ന്. നമ്മളൊരിക്കലും എപ്പോഴും ഗുണം നോക്കി മാത്രമല്ല ഓരോന്നും ചെയ്യുന്നത്. ഒരു ജീവിതമേയുള്ളൂ, അത് വെറുതെ ജീവിച്ചു മരിക്കാൻ താൽപര്യമില്ല. സഹായം വേണ്ടവർക്ക് അത് എത്തിച്ചു കൊടുക്കാനാവുക, പകരം ഒരു പുഞ്ചിരി സ്വീകരിക്കുക, ഇല്ലെങ്കിലും കുഴപ്പമില്ല. ചെയ്യേണ്ടത് ചെയ്തു കൊണ്ടേയിരിക്കുക അതാണ് എന്റെ പോളിസി.
ട്രെയിനിങ് മാറ്റി മറിച്ച മനോഭാവം
ട്രെയിനിങ് സ്വകാര്യ ജീവിതത്തെ പോലും നന്നായി മാറ്റിയിട്ടുണ്ട്. ഒരു ദുരന്തം വരുമ്പോൾ പകപ്പാണ് ആദ്യം ഉണ്ടാവുക, എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകാത്ത അവസ്ഥ. പക്ഷേ അത്തരം ഒരു ചിന്തയിൽനിന്നു ട്രെയിനിങ് മാറ്റി മറിച്ചു. സ്വയം പ്രതിരോധം പഠിച്ചു എന്നതിന്റെ അപ്പുറം ദുരന്ത സാഹചര്യങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന് പഠിക്കാനായി. ആത്മവിശ്വാസം കൂടി. എവിടെ എന്ത് എപ്പോൾ ചെയ്യണം എന്നൊരു ധാരണയുണ്ടാക്കി. മാത്രമല്ല അഗ്നിരക്ഷാ സേനയുടെ ഭാഗമായതുകൊണ്ട് അങ്ങനെയും വ്യത്യസ്തമായ അനുഭവങ്ങളുണ്ടായി. പൊതുവെ സ്ത്രീകൾ വളരെ കുറച്ച് ഉള്ള വർക്കിങ് മേഖലയാണ് അഗ്നിരക്ഷാസേന. പക്ഷേ ഇപ്പോൾ സിവിൽ ഡിഫൻസ് ടീമിൽ ഉള്ളവരിൽ നിരവധി സ്ത്രീകളുണ്ട്. ഞങ്ങളും ഇപ്പോൾ അഗ്നിരക്ഷാ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണ്. നമ്മൾ അവിടെ ചെല്ലുമ്പോൾ വളരെ സ്വാഗതാർഹമായിരുന്നു അവരുടെ മനോഭാവം. ഒരു കാര്യം വരുമ്പോൾ നമ്മളെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട് അവർ. ഒരു ജൻഡർ വ്യത്യാസം പോലും ഞങ്ങൾക്ക് തോന്നാറില്ല. ബ്രഹ്മപുരത്തു തീയുമായാണ് ഇടപഴകേണ്ടത്. സാഹസികമായ കാര്യമാണ്, അതിനെക്കുറിച്ചൊക്കെ അവർ പറഞ്ഞു തന്നിരുന്നു. ഞങ്ങൾ നാലഞ്ചു സ്ത്രീകൾ മനഃപൂർവ്വം തന്നെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. ഒപ്പം ഉദ്യോഗസ്ഥരുടെ സപ്പോർട്ടും.
കൂടുതൽ ആദരവ് ലഭിക്കുന്നു
സ്ത്രീ പുരുഷ സമത്വം പ്രസംഗത്തിലല്ല പ്രവൃത്തിയിലാണ് വേണ്ടത്. പൊതുവെ സ്ത്രീകൾ ഈയൊരു വ്യത്യാസം വളരെ ആഴത്തിൽ സമൂഹത്തിൽ നിന്നു നേരിടുന്നുണ്ട്. വീടുകളിലും ഓഫിസുകളിലും ഒക്കെ അവർ അത് നേരിടുന്നുണ്ട്. എന്നാൽ സിവിൽ ഡിഫൻസിൽ ഇടപെട്ടു കഴിഞ്ഞ ശേഷം ഇവിടുത്തെ ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്ന ബഹുമാനവും ആദരവും ചെറുതല്ല. വീട്ടമ്മമാർ എന്ന് പറഞ്ഞാൽ പൊതുവെ ബഹുമാനം ഏറ്റവും കുറവ് ലഭിക്കുന്ന വ്യക്തികളാണ്. എന്നാൽ സിവിൽ ഡിഫൻസിൽ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം പല വീട്ടമ്മമാർക്കും ബന്ധുവീടുകളിലും ഒക്കെ പോകുമ്പോൾ അംഗീകാരം ലഭിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസവും കൂടിയിട്ടുണ്ട്. ഇപ്പോൾ ടീമിൽ ഉള്ളവർക്ക് സമൂഹത്തിൽനിന്നു കൂടുതൽ ആദരവ് ലഭിക്കുന്നുണ്ട്. എനിക്ക് ജോലി ഉള്ളതുകൊണ്ട് ഇത്തരം കാര്യത്തിൽ വലിയ മാറ്റം തോന്നുന്നില്ല, പക്ഷേ ബ്രഹ്മപുരം സംഭവം കഴിഞ്ഞു ഞാൻ കോളജിൽ വന്നപ്പോൾ ഒരു അധ്യാപിക വന്നു കെട്ടിപ്പിടിച്ചു, ഇത് ഞാൻ ശ്രുതിക്കു വേണ്ടി രണ്ട് ദിവസമായി കരുതി വച്ചിരുന്നതാണ് എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതുപോലെ കോവിഡിന്റെ സമയത്തൊക്കെ ഒരുപാട് അനുഭവങ്ങളുണ്ട്. കൈകൂപ്പി നിന്നു കരഞ്ഞ ആളുകൾ വരെയുണ്ട്. അതൊക്കെയാണ് സന്തോഷങ്ങൾ.
പരസ്പരം പകരുന്ന ധൈര്യം
വീട്ടുകാരുടെ സപ്പോർട്ട് ഒരുപാട് പ്രധാനമാണ്. അതില്ലാതെ ഒന്നും ചെയ്യാനാകില്ല. അവർ പലപ്പോഴും അപകടത്തെ കുറിച്ച് ഓർമിപ്പിക്കാറുണ്ട്. കോവിഡ് സമയത്ത് നേരിട്ട് അസുഖ ബാധിതരുടെ അടുത്തേക്കായിരുന്നു യാത്രയും ഇടപെടലും. ഇപ്പോൾ ബ്രഹ്മപുരത്ത് ആണെങ്കിലും അവിടുത്തെ പുക അപകടകരമാണെന്നും അറിയാം. അക്കാര്യത്തിൽ വീട്ടുകാർക്ക് ആശങ്കയുണ്ട്. ബ്രഹ്മപുരത്ത് രണ്ടു ദിവസം നിന്നപ്പോൾത്തന്നെ അലർജി വന്ന കുറച്ചു പേരും ഉണ്ടായിരുന്നു. കണ്ണിനു പ്രശ്നം ഉള്ളവരും ഉണ്ട്. ഡ്രിപ് ഒക്കെ ഇട്ടിട്ടു വീണ്ടും വന്നു ജോലിക്ക് കയറിയ ഉദ്യോഗസ്ഥർ ഉണ്ട്. പക്ഷേ ഇതെല്ലാം എനിക്ക് അഭിമുഖീകരിക്കാനാകും എന്ന ആത്മവിശ്വാസമാണ് വീട്ടുകാരുടെ ധൈര്യം. കുട്ടികളെ നോക്കാനും ഒക്കെ അവർ കൂടെയുണ്ട് എന്നതാണ് എന്റെ ധൈര്യം.
സിവിൽ ഡിഫൻസ് ടീം
പല ജോലികൾ ചെയ്യുന്ന ആളുകളാണ് സിവിൽ ഡിഫൻസ് ടീമിൽ ഉള്ളത്. അഗ്നിരക്ഷാ സേനയുടെ ഭാഗമാണ് എങ്കിലും സ്ഥിരമായി ഓഫിസിൽ പോയി ഇരിക്കുന്നില്ല. ഉദ്യോഗസ്ഥരെ പോലെ നമ്മൾ ശമ്പളം വാങ്ങുന്നില്ലല്ലോ. പക്ഷേ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, തീപിടിത്തം ഉണ്ടായാൽ, അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ഒക്കെ എവിടെ അഗ്നിരക്ഷാസേന എത്തുമോ അത്തരം സാഹചര്യങ്ങൾ ഞങ്ങളെയും വിവരം അറിയിക്കാറുണ്ട്. ഓരോ സ്ഥലത്തും ഉള്ള ടീം അംഗങ്ങളെ ആ സ്ഥലത്ത് പ്രശ്നം ഉണ്ടാകുമ്പോൾ അറിയിച്ച് വിളിച്ചു കൂട്ടും. അതാണ് ടീമിന്റെ ജോലി.
English Summary:Interview With Civil Defence Member Sruthi