ADVERTISEMENT

ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ അനുഭവിക്കേണ്ടി വന്ന മാനസികസംഘർഷങ്ങളും മൂന്നു മിനിറ്റ് പോലും തന്നെ കേൾക്കാത്ത ഗൈനക്കോളജിസ്റ്റുമായുള്ള കൂടിക്കാഴ്ചയുമാണ് സിജ ശിവദാസ് എന്ന മാധ്യമപ്രവർത്തകയെ വേറിട്ടു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഒരു വൈറ്റമിൻ ഗുളിക പോലും കഴിക്കാതെ, ഒരു ആശുപത്രിക്കെട്ടിടത്തിന്റെയും പടി ചവിട്ടാതെ ഒന്നല്ല, മൂന്നു തവണയാണ് സിജ പ്രസവിച്ചത്. അമ്മയാകുന്നതിനു മുമ്പും അതിനു ശേഷവുമുള്ള തന്റെ അനുഭവങ്ങൾ സിജ ശിവദാസ് ഈ മാതൃദിനത്തിൽ മനോരമ ഓൺലൈനുമായി പങ്കിടുന്നു.

 

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ, അടുത്തുള്ള ഏറ്റവും പ്രഗത്ഭയായ ഗൈനക്കോളജിസ്റ്റിനെയാണ് സിജയും ഭർത്താവ് ജയനും അന്വേഷിച്ചത്. അവസാനം അങ്ങനെയൊരാളെ കണ്ടെത്തിയപ്പോൾ, അച്ഛനും അമ്മയുമാകാനൊരുങ്ങുന്നതിന്റെ ത്രില്ലിൽ പരസ്പരം കൈ കോർത്ത് അടക്കാനാകാത്ത സന്തോഷത്തോടെയാണ് അവർ ആശുപത്രിയുടെ പടിക്കെട്ടുകൾ കയറിയത്. പക്ഷേ വെറും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ആ കൂടിക്കാഴ്ചയ്ക്കു ശേഷം മങ്ങിയ മുഖത്തോടെയാണ് ഇരുവരും തിരികെപ്പോന്നത്. 38 കിലോ മാത്രമുള്ള സിജ എങ്ങനെ പ്രസവിക്കുമെന്ന ആശങ്കയാണ് ഡോക്ടർ ആദ്യം പങ്കു വച്ചത്. 

 

sija-kids
ബാല, ശിവ, അൻപ്

കിടപ്പുരോഗിയാക്കിയ ആശുപത്രിസന്ദർശനം 

 

വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞതോടെ തുടർച്ചയായ ഛർദ്ദി തുടങ്ങി. ഇതിനിടയ്ക്ക് ചെറിയ ബ്ലീഡിങ്ങുമുണ്ടായി. ഡോക്ടറെ വിളിച്ചപ്പോൾ എത്രയും വേഗം ആശുപത്രിയിലെത്തണമെന്നു പറഞ്ഞു. സിജയെത്തുമ്പോൾ അത്യാഹിതവിഭാഗത്തിൽ എല്ലാ സജ്ജീകരണങ്ങളുമായി നഴ്സുമാർ കാത്തുനിൽപ്പുണ്ടായിരുന്നു. ഉടൻ തന്നെ ഇൻജക‌്ഷൻ നൽകി, പൂർണമായും ബെഡ് റസ്റ്റെടുക്കണമെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു. ഇടയ്ക്കിടെ ഇൻജക്‌ഷൻ എടുക്കാനെത്തണം. പിന്നെ നിർദേശങ്ങളുടെ വലിയ പട്ടികയായിരുന്നു. ചുരുക്കത്തിൽ, അന്നു മുതൽ ഒരു കിടപ്പ് രോഗിയെപ്പോലെയായി തന്റെ ജീവിതമെന്ന് സിജ പറയുന്നു. ഓഫിസിൽനിന്ന് അവധിയെടുത്ത് സിജയുടെ അമ്മ കുറച്ചുദിവസം വന്നു നിന്നു. അവധി തീർന്ന് അമ്മ പോയപ്പോൾ കെഎസ്എഫ്ഇ ഉദ്യോഗസ്ഥനായ ഭർത്താവ് ജയചന്ദ്രൻ ലീവെടുത്ത് സിജയെ പരിചരിച്ചു. ഭർത്താവിന്റെ അമ്മ നേരത്തേ മരിച്ചതാണ്. മറ്റു സ്ത്രീകളാരും വീട്ടിലില്ല. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും സിജയ്ക്ക് അനുവാദമില്ല. ഭർത്താവിന്റെ ലീവ് തീർന്നതോടെ യൂറിൻ പാസ് ചെയ്യാനുള്ള പാത്രം വരെ ഭർത്താവിന്റെ അച്ഛനെക്കൊണ്ട് എടുപ്പിക്കേണ്ടി വന്നു. കടുത്ത മാനസികസംഘർഷങ്ങളുടെ ദിവസങ്ങളായിരുന്നു അത്. എന്തിനാണു താൻ ഗർഭിണിയായതെന്ന് ആയിരം തവണ ചിന്തിച്ചെന്ന് സിജ പറയുന്നു.  

 

ഒടുവിൽ, ശരീരമനങ്ങരുതെന്ന നിർദേശം അവഗണിച്ച് വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടറെ കണ്ട് ശാരീരികവും മാനസികവുമായി അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ വിവരിച്ചു. പക്ഷേ അതൊന്നും കേൾക്കാനുള്ള മനസ്സു പോലും അവർ കാണിച്ചില്ല. ഈ ലോകത്ത് കോടിക്കണക്കിനു സ്ത്രീകൾ പ്രസവിക്കുന്നുണ്ടെന്നും ഇതത്ര വിഷയമല്ലെന്നും നിങ്ങൾക്കു മാത്രമെന്താണ് ഇത്രയും പ്രശ്നമെന്നുമായി ഡോക്ടർ. കോടിക്കണക്കിന് സ്ത്രീകളുണ്ടെങ്കിലും തന്റെ പ്രശ്നം തന്റേതു മാത്രമാണെന്നും അനുഭവിക്കുന്നത് താൻ ഒറ്റയ്ക്കാണെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും സിജ സഹികെട്ട് പറഞ്ഞെങ്കിലും ഡോക്ടർ അതൊന്നും ഗൗനിച്ചില്ല. ഭർത്താവ് സംസാരിച്ചപ്പോൾ ഇത്തരം കാര്യങ്ങളിൽ ഭർത്താക്കൻമാർക്ക് വലിയ റോളില്ലെന്നായി. ബീജദാതാക്കൾ മാത്രമോ ഭർത്താക്കൻമാർ എന്നാണ് അന്ന് ജയൻ അതിനോട് പ്രതികരിച്ചതെന്നും സിജ ഓർക്കുന്നു. 

 

വഴിത്തിരിവായി ടിവി ചർച്ചയിലെ ആ വാക്ക് 

sija-kids1

 

എന്തായാലും ഇനി അനുഭവിക്കാൻ പറ്റില്ല, ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാമെന്ന് സിജ വീണ്ടും പറഞ്ഞപ്പോഴാണ് അത്രയും കടുത്ത മാനസിക സംഘർഷത്തിലാണ് ഭാര്യയെന്ന് ജയനു മനസിലായത്. തളർന്ന മനസ്സോടെയായിരുന്ന അന്ന് അവർ ആശുപത്രിയിൽനിന്നു തിരിച്ചെത്തിയത്. ജയന്റെ കുടുംബം മുഴുവൻ പ്രകൃതി ചികിത്സയിൽ വിശ്വസിക്കുന്നവരാണ്. അലോപ്പതി ചികിത്സ ശരിയാകില്ലെങ്കിൽ മാറി ചിന്തിച്ചുകൂടേ എന്ന ആശയം ആദ്യമായി പങ്കു വച്ചത് ജയന്റെ അച്ഛൻ തന്നെയായിരുന്നു. അതൊരു ശക്തമായ പിന്തുണയായി ഇരുവർക്കും. സ്വാഭാവിക പ്രസവത്തിനായി അടുത്തുള്ള വയറ്റാട്ടിയുടെ സഹായം തേടാമെന്നും അച്ഛൻ പറഞ്ഞപ്പോൾ അവരെ അന്വേഷിച്ചിറങ്ങി. പക്ഷേ അവർ മരണപ്പെട്ടിരുന്നു. അതേസമയം, ഹോമിയോ ഡോക്ടറായിരുന്ന ജയന്റെ സഹോദരിക്ക് ഇതിനോടൊന്നും യോജിപ്പുണ്ടായിരുന്നില്ല. 

കഴിക്കുന്ന മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണവും ഹോർമോൺ ചെയ്ഞ്ചും വിഷാദവും ജീവിതം നരകമാക്കിയ തന്റെ ആ ഗർഭകാലത്തായിരുന്നു കളിമണ്ണ് സിനിമ പ്രദർശനത്തിനെത്തിയതെന്ന് സിജ. ചാനൽ ചർച്ചകളിൽ പ്രസവം നിറഞ്ഞുനിൽക്കുന്ന സമയം. ഇടയ്ക്ക് ടിവി കണ്ടിരുന്നപ്പോൾ ഒരു ചർച്ചയുടെ അവസാനം കേട്ട വാക്ക് സിജയ്ക്ക് പിടിവള്ളിയായി. ‘വാട്ടർ ബർത്ത്’. അതിനെപ്പറ്റി മറ്റൊന്നുമറിയില്ല. ജയൻ അപ്പോൾത്തന്നെ ഗൂഗിളിൽ അന്വേഷണം തുടങ്ങി. അങ്ങനെയാണ് സിജയും ഭർത്താവും എറണാകുളം വൈറ്റിലയിലെ ബർത്ത് വില്ലേജിലെത്തിയത്. അതിനെക്കുറിച്ച് സിജ പറയുന്നു-

 

‘‘വിദേശത്ത് പോയി, പ്രസവവുമായി ബന്ധപ്പെട്ട് പ്രത്യേക പഠനം നടത്തിയ വ്യക്തിയായിരുന്നു ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരി പ്രിയങ്ക ഇടിക്കുള. ഒപ്പം, വിദേശിയായ ഡോണയുമുണ്ട്. ശരീരമനങ്ങരുതെന്ന നിർദേശമുള്ളതിനാൽ പത്ത് കിലോമീറ്റർ സ്പീഡിൽ കാറോടിച്ചായിരുന്നു യാത്ര. പ്രിയങ്ക ഇടിക്കുള കാത്തുനിൽപ്പുണ്ടായിരുന്നു. വേണ്ടപ്പെട്ട ഒരു വീട്ടിലേക്കു കയറുന്ന മാനസികാവസ്ഥയായിരുന്നു അവിടേക്ക് കയറിച്ചെല്ലുമ്പോൾ. മൂന്ന് മിനിറ്റ് സംസാരിച്ച് പൂർണമായും കിടക്കയിലാക്കിയ ഡോക്ടറെ പോലെയായിരുന്നില്ല പ്രിയങ്ക. ഗർഭം മാത്രമായിരുന്നില്ല വിഷയം, സിജയുടെ ജീവിതം മുഴുവൻ അവർ കേട്ടു. ഡൽഹി പോലെയുള്ള ഒരു മഹാനഗരത്തിൽ രാവും പകലുമില്ലാതെ ഓടിനടന്ന് വാർത്തകൾ ശേഖരിച്ച സിജ ശിവദാസ് എന്ന മാധ്യമപ്രവർത്തകയെയും ഇടംവലം അനങ്ങാതെ കിടക്കയിൽ രാപകലുകൾ കഴിച്ചുകൂട്ടേണ്ടി വന്ന സിജ എന്ന ഗർഭിണിയെയും അവർക്കു മനസ്സിലായി. രണ്ട് മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ ഇറങ്ങുമ്പോൾ കെട്ടിപ്പിടിച്ചാണ് പ്രിയങ്ക യാത്രയാക്കിയത്. സർവ ആകുലതകളും നിരാശകളും വിട്ടൊഴിഞ്ഞ ഒരു പുതുമനസ്സുമായായിരുന്നു അവിടുന്നുള്ള യാത്ര. പത്ത് കിലോമീറ്റർ വേഗത്തിൽ പോയവർ നൂറു കിലോമീറ്റർ വേഗത്തിലാണ് അന്നു തിരികെ വന്നത്.’’

 

ഡോക്ടറും മരുന്നുമില്ലാത്ത അവസാനമാസങ്ങൾ 

 

കിടക്ക വിട്ടെഴുന്നേറ്റ് സിജ കുന്നും മലയും കയറാനിറങ്ങിയ നാളുകളായിരുന്നു പിന്നീട്. ഇടയ്ക്കെപ്പോഴോ കണ്ട ചെറിയ ബ്ലീഡിങ്ങിന്റെ പേരിൽ, രണ്ടും മൂന്നും തവണ അബോർഷൻ സംഭവിച്ചവർക്ക് നൽകിയ മരുന്നായിരുന്നു സിജയ്ക്ക് കിട്ടിയത്. അതിനോടുള്ള ശരീരത്തിന്റെ റിയാക്‌ഷനും മനാസികസംഘർഷവുമായിരുന്നു സിജയെ തളർത്തിയത്. ബർത്ത് വില്ലേജിൽ പോയതോടെ സർവ മരുന്നുകളും വലിച്ചെറിഞ്ഞു. പിന്നെ ആശുപത്രിയുടെ പടി ചവിട്ടാൻ പോയില്ല. ശരീരഭാരം 38 കിലോയിൽൽനിന്ന് 56 ലെത്തി.  

 

വിദേശരാജ്യങ്ങളിലെപ്പോലെ ഭർത്താവിനെയും തന്റെ പ്രസവത്തിന്റെ ഭാഗമാക്കണമെന്ന് സിജ ആഗ്രഹിച്ചിരുന്നു. ബർത്ത് വില്ലേജിൽ എല്ലാം സാധ്യമായിരുന്നു. 2014 ഫെബ്രുവരിയിലായിരുന്നു സിജ പ്രസവിച്ചത്. രാത്രി പെയിൻ തുടങ്ങിയപ്പോഴാണ് വൈറ്റിലയിലെ ബർത്ത് വില്ലേജിലെത്തിയത്. അതിന് തൊട്ടുമുമ്പ് ഷോപ്പിങ്ങിനു വരെ പോയിരുന്നു. ബർത്ത് വില്ലേജിലെത്തിയിട്ടും വല്ലാതെ ഛർദിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് പ്രഷർ വല്ലാതെ കൂടി. പക്ഷേ ആശങ്കകളില്ലാതെ പ്രസവം നടത്താനുള്ളതൊക്കെ പ്രിയങ്കയും ഡോണയും കരുതിയിരുന്നു. 

 

പ്രസവവേദനയ്ക്കിടയിൽ കിട്ടിയ ബൊക്കെ

 

ബ്ലഡ് പ്രഷർ വല്ലാതെ കൂടിയപ്പോൾ സിജയ്ക്കായി ബൊക്കയുമായി ഒരാളെത്തി. അകാലത്തിൽ പൊലിഞ്ഞുപോയ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന അനുജൻ ശ്യാമിന്റെ പേരിലായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു സന്ദർഭത്തിൽ അനുജൻ കൂടെ നിൽക്കുന്നതുപോലെ സിജയ്ക്കു തോന്നി. അതോടെ ഒരു മരുന്നുമില്ലാതെ പ്രഷർ നോർമലായി. പിന്നീട് മൂന്നു മണിക്കൂർ സുഖമായി ഉറങ്ങി. എഴുന്നേറ്റപ്പോൾ വല്ലാത്ത എനർജിയായിരുന്നെന്നാണ് സിജ പറയുന്നത്. (സിജയ്ക്കായി പ്രിയങ്കയും ഡോണയും കരുതി വച്ചിരുന്ന സമ്മാനമായിരുന്നു ആ ബൊക്കെയെന്ന് പിന്നീടാണ് സിജ അറിയുന്നത്). വൈകിട്ട് ഏഴരയായപ്പോൾ യാതൊരു വിഷമവുമില്ലാതെ പ്രസവം നടന്നു. വേദന കഠിനമായപ്പോൾ വെള്ളത്തിൽനിന്നു മാറിയിരുന്നു. ബർത്ത് സ്റ്റൂളിൽ വന്നിരുന്ന് സുഖമായി പ്രസവിച്ചെഴുന്നേറ്റു എന്നാണ് ആ അനുഭവത്തെക്കുറിച്ച് സിജ പറയുന്നത്. പ്രസവകാര്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാൻ ജയനൊപ്പം സജീവമായി സിജയുമുണ്ടായിരുന്നു. അന്ന് രാത്രിയിൽ കുഞ്ഞിനെ കണ്ട സന്തോഷത്തിൽ സിജ ഉറങ്ങിയതേയില്ല. വേണ്ടെന്ന് എത്രയോ തവണ പറഞ്ഞ പൊൻകുഞ്ഞാണ് തൊട്ടടുത്ത് ചൂടു പറ്റി ഉറങ്ങുന്നത്. കണ്ടിട്ട് മതിയാകുന്നുണ്ടായിരുന്നില്ല... 

sija2

 

കരുതലോടെ ശിവയ്ക്കായുള്ള കാത്തിരിപ്പ് 

 

ആദ്യമകൾ ബാലയ്ക്ക് നാല് വയസ്സായപ്പോഴായിരുന്നു വീണ്ടും ഗർഭിണിയായത്. തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയതിനാൽ നല്ല തയാറെടുപ്പുകളുണ്ടായിരുന്നു ഇത്തവണ. ഫ്രൂട്ട് ഡയറ്റെടുത്ത് ശരീരം സജ്ജമാക്കിയതിനു ശേഷമായിരുന്നു ഗർഭിണിയായത്.  ഗർഭിണിയാണെന്ന് ഉറപ്പിക്കാനോ സ്കാൻ ചെയ്യാനോ ഒരു ആശുപത്രിയിലും പോയില്ല, ഒരു ഡോക്ടറെയും കാണില്ലെന്ന് സ്വയം തീരുമാനിച്ചു. ബർത്ത് വില്ലേജും ഒഴിവാക്കി. പകരം സുഖപ്രസവത്തിനായി ശരീരത്തെയും മനസിനെയും തയാറാക്കാൻ സമയം ചെലവഴിച്ചു. ഗർഭിണിയായതിനു ശേഷം മൊബൈൽ ഉപയോഗിച്ചതേയില്ല, അത്യാവശ്യത്തിന് ലാൻഡ് ഫോണിനെ ആശ്രയിച്ചു. ചായയും കാപ്പിയും നിർത്തി. വൈറ്റമിൻ ഗുളികകൾ പേരിനു പോലും കഴിച്ചില്ല. പകരം കാൽസ്യം കിട്ടാനായി മുളപ്പിച്ച പയറും മറ്റും ഉപയോഗിച്ചു. 

 

വീട്ടിലെ പ്രസവമുറിയിലെ നിർണായകനിമിഷങ്ങൾ 

sija3

 

കുഞ്ഞിന്റെ പൊസിഷൻ അറിയാനെങ്കിലും സ്കാൻ ചെയ്യണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുടർച്ചയായി പറഞ്ഞു. പക്ഷേ പോയില്ല. എട്ട് മാസമായപ്പോൾ കുഞ്ഞിന്റെ തലയോ കാലോ മുകളിലേക്കു വരുന്നതായി തോന്നി. ബാലയെക്കൊണ്ട് വയറിന്റെ ഫോട്ടോ എടുപ്പിച്ചു നോക്കിയപ്പോൾ തല താഴേക്ക് വരുന്നുണ്ടെന്ന് മനസ്സിലായി. എന്നിട്ടും ആശുപത്രിയിൽ പോയില്ല. നീന്തലും നടപ്പുമായി നല്ലതുപോലെ വ്യായാമം ചെയ്തു. വൈകുന്നേരം സാധനങ്ങൾ വാങ്ങാനായി പുറത്തു പോയി. ഇടയ്ക്കിടയ്ക്ക് വേദന തോന്നിയെങ്കിലും പ്രസവ തീയതി ആകാഞ്ഞതിനാൽ കാര്യമാക്കിയില്ല. തിരികെ വീട്ടിലെത്തിയപ്പോഴേക്കും വയർ താഴാൻ തുടങ്ങിയിരുന്നു. പ്രസവത്തിനായി സിജയും ജയനും ചേർന്ന് വീട്ടിൽ ഒരു മുറി ഒരുക്കിയിരുന്നു. പ്രസവത്തിന്റെ ഫോട്ടോയും വിഡിയോയും എടുക്കാനായി ക്യാമറയും കരുതിയിരുന്നു. പക്ഷേ അതൊന്നും സെറ്റ് ചെയ്യാനുള്ള സമയം കിട്ടിയില്ല. പ്രസവ ലക്ഷണങ്ങൾ കൂടി വന്നു. ജയൻ മുകളിൽനിന്ന് സാരി കെട്ടിത്തൂക്കി കൊടുത്തു. ബാല ഇടയ്ക്കിടക്ക് വന്ന് നോക്കി പോകുന്നുണ്ട്. അമ്മ വേദന സഹിക്കാനാകാതെ കരയുന്നത് അവളെ വിഷമിപ്പിക്കുന്നുണ്ട്. സിജയുടെ അമ്മയും ആധിയോടെ ഇതിനൊക്കെ സാക്ഷിയായി നിശബ്ദയായി ഒപ്പമുണ്ട്. എട്ടേമുക്കാലായതോടെ അതിയായ വേദന കൊണ്ട് അലറിക്കരഞ്ഞു.  സാരിയിൽ തൂങ്ങി ഒരു നാൽക്കാലി നിൽക്കുന്നതു പോലെ നിന്നു. ഒറ്റ നിമിഷം കൊണ്ട് വാട്ടർ ബ്രേക്ക് ചെയ്ത് കുഞ്ഞോടു കൂടി പുറത്തേക്ക് വന്നു. ഭർത്താവിന്റെ കയ്യിലേക്കാണ് കുഞ്ഞ് വന്നു വീണത്. അതോടെ നിലത്തേക്ക് വീണ് പോയി താനെന്ന് പറയുന്നു സിജ. 

പൊക്കിൾക്കൊടിയിൽ ചുറ്റിവരിഞ്ഞാണ് കുഞ്ഞ് വന്നതെന്ന് പിന്നീട് അമ്മ പറഞ്ഞു. എല്ലാം മാറ്റി  കുഞ്ഞിനെ വൃത്തിയാക്കി എടുത്തത് ഭർത്താവാണ്. പ്ലാസന്റ പുറത്തേക്ക് വരാൻ പിന്നെയും ഒൻപത് മണിക്കൂറെടുത്തു.

 

ബാലയ്ക്കും ശിവയ്ക്കും കൂട്ടായി അൻപെത്തുന്നു 

 

മൂന്നാമതൊരാൾ വേണമെന്നും അത് പെൺകുട്ടി തന്നെയായിരിക്കണമെന്നും സിജയേക്കാൾ ആഗ്രഹിച്ചത് ജയനായിരുന്നു. അത് സഫലമാക്കി സിജ മൂന്നാമതും ഗർഭിണിയായി. ശിവയുടെ പ്രസവ സമയത്ത് ഫോട്ടോയും മറ്റും എടുക്കാനാകാതെ വന്നതിനാൽ ഇത്തവണ പ്രസവം ബർത്ത് വില്ലേജിൽ തന്നെയാകാമെന്ന് നിശ്ചയിച്ചു. അവിടെനിന്ന് കിട്ടിയ കരുത്തും പാഠങ്ങളുമാണ് തങ്ങൾക്കു വഴികാട്ടിയായതെന്ന ബോധ്യമുണ്ടായിരുന്നു ഇരുവർക്കും. അതുകൊണ്ടുതന്നെ വീണ്ടും ഗർഭിണിയാണെന്ന വാർത്ത വീട്ടിലറിയിക്കുന്നതിന് മുമ്പ് പ്രിയങ്കയെ അറിയിച്ചു. ഗർഭിണിയാണെന്ന് അറിയുന്നതിന് മുമ്പ് ചെറിയ ബ്ലീഡിങ് കണ്ടതിനാൽ കോതമംഗലത്ത് ഡോക്ടറെ കണ്ടു. ഡൗൺ സിൻട്രം സാധ്യത കൂടുതലാണെന്നും ട്രിപ്പിൾ മാർക്കർ ടെസ്റ്റ് ചെയ്യണമെന്നും ഡോക്ടർ നിർദേശിച്ചു.  അമൃതയിൽ പോയി N T Scan ചെയ്തപ്പോൾ കുട്ടിക്ക് കുഴപ്പമില്ല. പക്ഷേ ഡൗൺ സിൻട്രത്തിന് ഹൈ റിസ്ക്കുണ്ടെന്ന് ഡോക്ടർ അറിയിച്ചു. Amniocentesis Test നടത്തണം. കുഴപ്പമുണ്ടായാലും ഇല്ലെങ്കിലും കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെ പിന്നിടുള്ള എല്ലാ പരിശോധനകളും വേണ്ടെന്നു വച്ച് ആശുപത്രി വിട്ടു. പഴയതു പോലെ ശരീരവും മനസ്സു ആരോഗ്യമായിരിക്കാൻ വേണ്ടതെല്ലാം ചെയ്ത് പ്രസവത്തിനൊരുങ്ങി. കൊറോണ സമയമായതിനാൽ വൈറ്റിലയിൽനിന്ന് പ്രിയങ്കയും ഡോണയും സെന്റർ ഷിഫ്റ്റ് ചെയ്ത് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. വേദന തുടങ്ങിയപ്പോൾ അൻപതു  കിലോമീറ്റർ യാത്ര ചെയ്ത് അവിടെത്തി. രാവിലെയായിരുന്നു യാത്ര. എത്തി അരമണിക്കൂറിനുള്ളിൽ പ്രസവം നടന്നു. അന്നുതന്നെ തിരികെ പോരുകയും ചെയ്തു. മുപ്പത്തിയേഴാം വയസ്സിലായിരുന്നു മൂന്നാമത്തെ പ്രസവം. ഡൗൺ സിൻഡ്രത്തിന് വലിയ സാധ്യതയുണ്ടെന്നും ഈ ഗർഭം ഒഴിവാക്കുന്നതാണ് നല്ലതെന്നും ഉപദേശിച്ച മെഡിക്കൽ സയൻസിനെ വെല്ലുവിളിച്ചാണ് പൊന്നിൻകുടം പോലെ അൻപ് പിറന്നുവീണത്.  

 

ആ കൊച്ചിന് വട്ടാണെന്ന് ചിലർ

 

വിസ്മയത്തോടെയും ആദരവോടെയും സിജയേയും ഭർത്താവിനെയും കാണുന്നവരും കേൾക്കുന്നവരുമുണ്ട്. ഇവർക്ക് ഭ്രാന്താണെന്ന് പറയുന്നവരുമുണ്ട്. ‘ആ കൊച്ചിന് വട്ടാണെന്ന്’ സിജയുടെ അമ്മയോട് നേരിട്ട് പറഞ്ഞവരുമുണ്ട്. പ്രസവത്തിനായി ഇക്കാലത്ത് ആശുപത്രിയല്ലാത്ത ഒരു സാധ്യതയെക്കുറിച്ചുള്ള സൂചന പോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷവും.  അവർക്ക് സിജയുടെ പ്രസവങ്ങൾ അവിശ്വസനീയമായിരുന്നു. എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ചിലർ കരുതി. സ്വാതന്ത്ര്യമുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴക്കിട്ടു.  ഇതിലും നന്നായി പട്ടി പ്രസവിക്കുമല്ലോ എന്ന് പരിഹസിച്ചു അവരിൽ ചിലർ. . 

 

മുൻധാരണകളെ തിരുത്തുക എളുപ്പമല്ലെന്ന് സിജയ്ക്കും ജയനും അറിയാമായിരുന്നു. അതുകൊണ്ട് എല്ലാ പ്രതികരണങ്ങളും അവഗണിച്ചു. ഇതൊക്കെ എന്റെ ജീവിതവും അനുഭവങ്ങളാണെന്ന പഴയ നിലപാടിൽ ഉറച്ചുനിന്നു സിജ. സിജയുടെ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നു ആശങ്കകൾ. പക്ഷേ മകളും മരുമകനും നല്ല അറിവുള്ളവരാണെന്നും ശരിയായത് ചെയ്യുമെന്നുമുള്ള  ഉറപ്പുണ്ടായിരുന്നു അവർക്ക്. അതുകൊണ്ടുതന്നെ ഓരോ പ്രസവത്തിലും പേടിയുണ്ടായിരുന്നെങ്കിലും മകളെ അവർ പേടിപ്പിച്ചില്ല, നിരുത്സാഹപ്പെടുത്തിയില്ല. പകരം എല്ലാ പിന്തുണയുമായി എപ്പോഴും കൂടെ നിന്നു. സിജയുടെ ചേച്ചിയും കരുത്ത് നൽകി. ഭർത്താവിന്റെ അച്ഛനിൽ നിന്നായിരുന്നു ഏറ്റവും ശക്തമായ പിന്തുണ ലഭിച്ചത്. ബാലയുടെയും ശിവയുടെയും പ്രസവത്തിന് മാനസികപിന്തുണയുമായി കൂടെ നിന്നെങ്കിലും അൻപെത്തുന്നതിന് മുമ്പ് അദ്ദേഹം വിട പറഞ്ഞു. 

 

ബാലയും ശിവയും അൻപും വളരുന്നതിങ്ങനെ 

 

കാതുകുത്തി കണ്ണെഴുതി മാല ചാർത്തി വലിയ പൊട്ടു തൊട്ടല്ല സിജ തന്റെ പെൺകുഞ്ഞുങ്ങളെ വളർത്തുന്നത്. ഒരു വിധത്തിലുള്ള അലങ്കാരങ്ങളും ഇവർക്കില്ല. ബാലയ്ക്ക് ഒമ്പതും ശിവയ്ക്ക് അഞ്ചും അൻപിന് രണ്ടര വയസ്സുമായി. ഇക്കാലയളവിൽ ഒരിക്കൽ പോലും ഈ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒരു കുത്തിവയ്പും നടത്തിയിട്ടില്ല. ഒരു വാക്സിന്റെയും പരിരക്ഷ ഇവർക്കില്ല. പൊതുവേ മരുന്നു കൊടുക്കാറില്ല. തീരെ വയ്യാതെ വന്നാൽ പ്രകൃതിയോടിണങ്ങിയ ചികിത്സാരീതികളെ ആശ്രയിക്കും. മൂന്നു പേരുടെയും ബ്ലഡ് ഗ്രൂപ്പ് പോലും സിജയ്ക്കും ജയനും അറിയില്ല. ഡ്രസ് എടുക്കാൻ പോകുമ്പോൾ പോലും അവരുടെ ഇഷ്ടം നോക്കുന്നുണ്ട്. രാവിലെ ഭക്ഷണം വേണ്ടെന്നു കുട്ടി പറഞ്ഞാൽ വേണ്ട, പാല് കുടിക്കാനായി പ്രലോഭനങ്ങളോ കുടിച്ചില്ലെങ്കിൽ ഭീഷണിയോ ഇല്ല. 

 

ഔട്ട് ഓഫ് സ്കൂൾ വിദ്യാഭ്യാസം

 

മൂന്ന് പേരെയും സ്കൂളിൽ അയയ്ക്കുന്നില്ല. പകരം അവരുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങളിൽ പരിശീലനം നൽകുന്നു. നിലവിലെ വിദ്യാഭ്യാസ, സമ്പ്രദായത്തോടുള്ള വിയോജിപ്പാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതിനു പിന്നിലെന്ന് സിജ വ്യക്തമാക്കുന്നു. ബാല 4 വയസ്സിനു മുൻപ് പുസ്തകം വായിച്ചു തുടങ്ങി. ശിവ അഞ്ചു വയസ്സിലും അത് തുടങ്ങിയിട്ടില്ല. ഓരോ കുട്ടിക്കും വ്യക്തിപരമായ സാധ്യതകളും പോരായ്മകളുമുണ്ട്. എല്ലാവരിലും ഒരേ പാഠങ്ങൾ അടിച്ചേൽപ്പിക്കലാണ് സ്കൂളുകളിൽ നടക്കുന്നത്. കുട്ടികൾ അവരുടെ പരിമിതികളും കഴിവുകളും അടിസ്ഥാനമാക്കിയല്ലേ പഠിക്കേണ്ടതെന്നാണ് സിജ ചോദിക്കുന്നത്. കുട്ടികൾക്കായി ഒരു ലൈബ്രറി സെറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്. ഇഷ്ടമുള്ളത് വായിക്കാമല്ലോ. സ്കൂളിൽ പോകാത്ത ബാല ഇപ്പോൾ ഇംഗ്ലിഷിൽ നന്നായി സംസാരിക്കും. മൗണ്ടെനിയറിങ്, സ്കേറ്റിങ് എന്നിവയിലാണ് ബാലയ്ക്ക് താൽപര്യം. പൂർണ മലാവത്തിനെക്കുറിച്ച് മാധ്യമ പ്രവർത്തകയായിരുന്ന സിജയ്ക്ക് പറഞ്ഞു കൊടുത്തത് 9 കാരിയായ ബാലയാണ്. എവറസ്റ്റ് കയറിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് പൂർണയെന്ന് അപ്പോഴാണ് താൻ അറിഞ്ഞതെന്ന് സിജ തുറന്ന് സമ്മതിക്കുന്നു. 

 

ഞങ്ങളുടെ കുട്ടികൾ സോഷ്യലി ആക്ടിവാണ് 

 

കുഞ്ഞുങ്ങൾക്ക് എല്ലാവിധത്തിലും പ്രകൃതിയോട് ഇണങ്ങി കഴിയാൻ ലഭിക്കുന്ന ഒരവസരവും സിജയും ജയനും നഷ്ടമാക്കാറില്ല. മണ്ണിലും മഴയിലും വെള്ളത്തിലുമൊക്കെ അവർക്ക് ആവോളം കളിക്കാം. ശിവ അഞ്ചു വയസ്സിൽ കുങ്ഫുവിൽ വൈറ്റ് ബൽറ്റ് നേടി. ബാല ഗ്രീൻ ബെൽറ്റും സ്വന്തമാക്കി. പാട്ട് ക്ലാസിലും ഡാൻസ് ക്ലാസിലും സജീവമാണ് രണ്ട് പേരും. ബാല കുതിരയെ ഓടിക്കും. ഒപ്പം കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പുകളിലും പങ്കെടുക്കുന്നുണ്ട്. മറ്റ് കൂട്ടുകാരുടെ വീടുകളിൽ പോയി തങ്ങാനുള്ള സ്വാതന്ത്ര്യവും ബാലയ്ക്കുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങൾ ഈ പ്രായത്തിലുള്ള മറ്റ് കുട്ടികൾ കാണാതെ പഠിക്കുമ്പോൾ ജീവിതം പഠിക്കുകയാണ് സിജയുടെ പെൺകുഞ്ഞുങ്ങൾ. സ്കൂളിൽ അയക്കാത്തതിനാൽ സാമൂഹിക ഇടപെടൽ കുറയുമെന്ന് ചൂണ്ടിക്കാട്ടുന്നവരോട് സിജയ്ക്കും ജയനും പറയാനുള്ളത് മറ്റ് ഏത് കുട്ടികളെക്കാളും അവർ സോഷ്യലി ആക്ടിവ് ആണെന്ന് തന്നെയാണ്. 

 

ഭക്ഷണത്തിലുമുണ്ട് പ്രത്യേകത  

 

കുട്ടികൾക്ക് ചായയും കാപ്പിയും നൽകി ശീലിപ്പിച്ചിട്ടില്ല. ബേക്ക് ചെയ്ത ആഹാരസാധനങ്ങളും പരമാവധി ഒഴിവാക്കും. ഐസ്ക്രീം, ചോക്കലേറ്റ് തുടങ്ങിയവ വാഗ്ദാനം ചെയ്യുകയില്ല. ശരീരത്തിന് ദോഷം വരുത്താത്ത സാലഡുകളാണ് പൊതുവേ നൽകുന്നത്. രാത്രിയിൽ ചിലപ്പോൾ മാമ്പഴം നൽകും. അല്ലെങ്കിൽ ചക്കപ്പഴമായിരിക്കും ഭക്ഷണം. പത്തു വയസ്സിന് ശേഷം കുഞ്ഞുങ്ങൾ അവരുടെ ഇഷ്ടമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കട്ടെ എന്നാണ് സിജ പറയുന്നത്. ബാലയ്ക്ക് 9 കഴിഞ്ഞു. അവൾ ആവശ്യപ്പെടുന്നത് ഇപ്പോൾ കൊടുക്കുന്നുണ്ട്. ഇടയ്ക്ക് വല്ലപ്പോഴും അവൾക്ക് ഐസ്ക്രീം അനുവദനീയമാണ്.

 

ഇപ്പോൾ ജാതിയുമില്ല മതവുമില്ല 

 

പ്രത്യേകിച്ചൊരു ദൈവത്തെക്കുറിച്ച് സിജയും ജയനും മക്കളോട് പറഞ്ഞിട്ടില്ല. ആകാശവും ഭൂമിയും വെള്ളവുമൊക്കെ ദൈവമാണെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്. നിലവിൽ ജാതിയുമില്ല മതവുമില്ല. നാളെ അവർക്ക് അതു വേണമെന്ന് തോന്നിയാൽ ഇഷ്ടമുള്ളതാകാം. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകാറുണ്ട്. സന്ധ്യക്ക് വിളക്ക് കത്തിക്കുമ്പോൾ അത് അന്ധകാരം അകറ്റുന്ന പ്രകാശദീപമാണെന്ന് പറഞ്ഞുകൊടുത്തു. ദൈവത്തെ തൊഴുന്നതിനപ്പുറം അവിടങ്ങളിലെ സാംസ്കാരികവൈവിധ്യം മനസിലാക്കാനും ഉൾക്കൊള്ളാനുമുള്ള അവസരമാണത്. അമ്പലങ്ങളിൽ സ്ഥിരമായി പോകുന്നുണ്ട്, അകത്ത് കയറി ക്യൂ നിന്ന് തൊഴൽ ഇല്ല. ക്ഷേത്രകലകളും ഉത്സവമേളങ്ങളും ആസ്വദിക്കാനാണത്. സിജ പറയുന്നു, ‘ഒന്നിന്റെയും ടാഗ് കെട്ടിതൂക്കാതെ എന്റെ കുഞ്ഞുങ്ങൾ വളരട്ടെ’.. 

 

സിജയും ജയനും നൽകുന്ന സന്ദേശം 

 

അമ്മയാകാനൊരുങ്ങുന്നവർ ചില തയാറെടുപ്പുകൾ നടത്തണം. ഫോളിക് ആസിഡല്ല, ശരിയായ ഭക്ഷണവും ശാന്തമായ മനസ്സുമാണ് നല്ല കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത് എന്ന പ്രാഥമിക അറിവെങ്കിലും ഉണ്ടായിരിക്കണം. മക്കളെ വളർത്തി വലിയ ഉദ്യോഗസ്ഥരാക്കുക എന്നതിനല്ല പ്രാധാന്യം കൊടുക്കേണ്ടത്, മറിച്ച് സമൂഹത്തിലേക്ക് നല്ല പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ്. നാളെ അവർ അവർക്കിഷ്ടമുള്ള ജോലി തിരഞ്ഞെടുക്കട്ടെ, പക്ഷേ ഏത് ജോലി ചെയ്താലും നല്ല മനുഷ്യരായിരിക്കുക എന്നത് പ്രധാനമാണ്. ചെയ്യുന്ന ജോലി സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയ്യാൻ കഴിയണം. വിമർശിക്കുന്നവരാണ് അധികമെങ്കിലും ചിലരെങ്കിലും തങ്ങളെപ്പോലെ  കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതും അവർക്ക് കുത്തിവരയ്ക്കാനായി ചുവരുകൾ ബാക്കി വയ്ക്കുന്നതും ലൈബ്രറി ഒരുക്കുന്നതും കാണുമ്പോൾ നിറഞ്ഞ സന്തോഷമാണ്. 

‘വെറുതേ ഇങ്ങനെ ഇരിക്കാതെ വല്ല പണിക്കും പോ പെണ്ണേ’ എന്ന് ഉപദേശിക്കുന്നവരുമുണ്ട്. ഐഎഎസ് ആയിരുന്നു സിജയുടെ ലക്ഷ്യം. പ്രിലിമിനറി എഴുതിയെടുത്തതുമാണ്. അതിനിടയിലായിരുന്നു അനുജന്റെ അപകടമരണം. അതോടെ തളർന്നുപോയി. പിന്നീട് മാധ്യമപ്രവർത്തകയായി. കുട്ടികൾക്കൊപ്പം ചിലവഴിക്കുന്നതിനായി തൽകാലം ജോലിയിൽനിന്ന് മാറി നിൽക്കുകയാണ് സിജയിപ്പോൾ. കുഞ്ഞുങ്ങളെ നന്നായി വളർത്തുക എന്നതിനാണ് നിലവിൽ മുൻഗണന. അധികം വൈകാതെ മറ്റ് ചിലത് കൂടി നടപ്പിലാക്കാൻ സിജ ആലോചിക്കുന്നുണ്ട്. തിരക്കുകളിൽ കുത്തിമറിഞ്ഞോടുന്ന നൂറ് കണക്കിനാളുകൾക്കിടയിൽ ചെറിയ ഒരു വിഭാഗത്തിനെ ലക്ഷ്യമിട്ടുള്ള ഒരു ബിസിനസ് ആശയം. ജീവിതത്തിരക്കുകളിൽ നിന്ന് ചെറിയ ഇടവേള കൊതിക്കുന്നവർക്കായി ഒരിടം. ചിലരെയെങ്കിലും മോഹിപ്പിക്കുന്ന ആ ആശയം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് സിജയും ജയനും. പ്രസവം പോലെ , കുഞ്ഞുങ്ങളെ വളർത്തുന്നത് പോലെ അതിലുമുണ്ടാകും സിജയുടെയും ജയന്റെയും വേറിട്ട ചിന്തകളുടെ അസാധാരണ കയ്യൊപ്പുകൾ.

 

English Summary: Inspirational Motherhood Story Of Sija Sivadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com