‘കാലുമുറിച്ചോളു, എന്റെ ജീവൻ രക്ഷിച്ചാൽ മതി’; രഞ്ജിമയ്ക്ക് തോൽക്കാൻ മനസ്സില്ല, മുന്നോട്ടുതന്നെ
Mail This Article
നിനച്ചിരിക്കാതെ ഒരു അപകടം സംഭവിക്കുകയും കാലുകളിലൊന്നു നഷ്ടമാകുകയും ചെയ്താൽ നിരാശരാകും നമ്മളെല്ലാം. എന്നാൽ വിധിയെ പൊരുതിത്തോൽപിക്കാനാണ് എം.ആർ. രഞ്ജിമ തീരുമാനിച്ചത്. ഏഴു വർഷം മുൻപാണു രഞ്ജിമ അപകടത്തിൽ പെട്ടത്. അന്നു പാലക്കാട്ടെ ഒരു കോളജിൽ നാലാം വർഷ ബിടെക് വിദ്യാർഥിനിയായിരുന്നു.
സുഹൃത്തിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ പെരിന്തൽമണ്ണയിലേക്കു പോയി. കൂടെ വന്ന മറ്റു കുട്ടികളെല്ലാം ഹോസ്റ്റലിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചപ്പോൾ പെരുമ്പിലാവ് ആലിൻതൈയിലെ വീട്ടിലേക്കു പോകാനായിരുന്നു അവൾക്ക് ആഗ്രഹം. രണ്ടുദിവസം മുൻപ് അമ്മ ഷീലയുടെ പിറന്നാളായിരുന്നു. ഹോസ്റ്റലിലായിരുന്ന രഞ്ജിമ സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയ്ക്കു സമ്മാനം നൽകിയിരുന്നു. ആദ്യമായായിരുന്നു അവൾ അമ്മയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നത്. അമ്മ അതിൽ വല്ലാതെ സന്തോഷിച്ചെന്നറിഞ്ഞപ്പോൾ അമ്മയെ കാണണമെന്ന് അതിയായ ആഗ്രഹം. നാട്ടിലെ ദേശവിളക്കിനോട് അനുബന്ധിച്ച് താലമെടുക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. തൃശൂരിലേക്കു പോകാനൊരുങ്ങിയിരുന്ന വരന്റെ സഹോദരിയുടെയും ഭർത്താവിന്റെയും കാറിലായിരുന്നു യാത്ര. കൂറ്റനാട് വച്ച് കാർ ടിപ്പറുമായി കൂട്ടിയിടിച്ചു. അധികം വൈകാതെ ആ യുവാവു മരിച്ചു. ഭാര്യ നീണ്ട നാളത്തെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ചു.
അപകടത്തിൽ പരുക്കേറ്റ രഞ്ജിമയ്ക്കു ബോധം വരുമ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇതിനു മുൻപ് കൂറ്റനാടും കുന്നംകുളത്തും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നതൊന്നും രഞ്ജിമ അറിഞ്ഞിരുന്നില്ല. രണ്ടു കാലിലും പ്ലാസ്റ്ററിട്ട നിലയിലായിരുന്നു തൃശൂരിലേക്കു മാറ്റിയത്. തൃശൂരിലെ ആ സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലമാണു തനിക്കു കാലുകൾ നഷ്ടമായതെന്നു രഞ്ജിമ പറയുന്നു. കടുത്ത വേദന അനുഭവിച്ച സമയം. അവരുടെ ചികിത്സയിൽ അതൃപ്തി തോന്നിയതിനാലാകണം ബന്ധുക്കൾ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
കാലിലെ എല്ല് ഒടിഞ്ഞതിന് ചികിത്സയ്ക്കു ഗംഗയിലെത്തിയ ആ കുടുംബത്തിനു പക്ഷേ കേൾക്കേണ്ടി വന്നത് ഒരു കാൽ മുട്ടിനുമുകളിൽ വച്ച് മുറിച്ചു മാറ്റണമെന്നായിരുന്നു. ഞരമ്പുകൾക്കായിരുന്നത്രെ പരുക്ക്. അപകടം നടന്ന സമയത്ത് കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ഇതു വേണ്ടി വരില്ലായിരുന്നെന്നും അൽപം കൂടി വൈകിയിരുന്നെങ്കിൽ ജീവൻ കൂടി നഷ്ടപ്പെടുമായിരുന്നെന്നും ഗംഗയിലെ ഡോക്ടർമാർ പറഞ്ഞതായി രഞ്ജിമ പറയുന്നു. ഇതേക്കുറിച്ച് ഡോക്ടർമാർ ചർച്ച ചെയ്യുന്നതു കേട്ട രഞ്ജിമ അവരോട് ആവശ്യപ്പെട്ടത് ‘കാലുമുറിച്ചോളു എന്റെ ജീവൻ രക്ഷിച്ചാൽ മതി’യെന്നു മാത്രമാണ്.
ആ പാതിരാത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിയ ഡോ.സഞ്ജയ് രാം കുമാറിന്റെ വരവിനെ ദൈവത്തെ നേരിട്ടു കണ്ട നിമിഷമെന്നാണ് രഞ്ജിമ വിശേഷിപ്പിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം അടുത്ത കാലിനും ശസ്ത്രക്രിയ നടത്തി കാലിൽ സ്റ്റീൽ റോഡിട്ടു. 9 ദിവസത്തെ ആശുപത്രി വാസം. ഒരു മാസത്തിനുള്ളിൽ രഞ്ജിമ പഴയ ജീവിതത്തിലേക്കു തിരിച്ചുനടക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. ഒന്നര മാസത്തിനുള്ളിൽ കൃത്രിമക്കാൽവച്ചു. രഞ്ജിമ പഠിച്ചിരുന്ന പാലക്കാട് എൻഎസ് എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും സഹായിച്ചിരുന്നു. മൂന്നാമത്തെ മാസം കോളജിൽ പോയി. പഠനം പൂർത്തിയാക്കി. തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് എംടെക് എടുക്കുകയും കേരള ഇലക്ട്രിക് ആൻഡ്അലൈയ്ഡ് എൻജിനീയറിങ് എന്ന സ്ഥാപനത്തിൽ രണ്ടുവർഷം ജോലി ചെയ്യുകയും ചെയ്തു. ഇതിനിടയ്ക്ക് അടുത്ത സുഹൃത്തും കുന്നംകുളം സ്വദേശിയുമായ വിഷ്ണുവിനെ വിവാഹം ചെയ്തു.
Read also: ടീച്ചറിനെ കെട്ടിപ്പിടിച്ചു കരഞ്ഞ് കുട്ടികൾ, ഈ സ്നേഹം അമ്മയ്ക്കു കിട്ടിയ അവാർഡെന്ന് അധ്യാപികയുടെ മകൾ
എല്ലാം പഴയതു പോലെ തനിയെ ചെയ്യണമെന്ന തോന്നലിലാണ് ബസ് യാത്ര നടത്താൻ തീരുമാനിച്ചത്. ഈ സമയത്തു വീണ്ടും ഒരു ചെറിയ അപകടമുണ്ടായെങ്കിലും പിന്മാറിയില്ല. പിന്നീടു യാത്രകൾ ചെയ്തു, ഡാൻസ് ചെയ്തു, ട്രക്കിങ് നടത്തി. വലിയ ദുരന്തങ്ങളെ നേരിട്ടവരെ ആശുപത്രിയിൽ കണ്ടതായിരുന്നു കരുത്തിന് ഒരു കാരണം. ഇതിനു പുറമേ അച്ഛൻ രാജന്റെയും ബന്ധുക്കളുടെയും സ്നേഹവും കരുത്തായി. കൃത്രിമക്കാൽ ഉപയോഗിച്ചു തുടങ്ങുമ്പോൾ ഒട്ടേറെ തെറ്റായ വിവരങ്ങളായിരുന്നു ചുറ്റും. എങ്ങനെ വസ്ത്രം ധരിക്കുമെന്നതിൽ തുടങ്ങി കൃത്രിമക്കാൽ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിൽ വരെ ആശങ്കയുണ്ടായിരുന്നു. അങ്ങനെയാണ് ആംപ്യൂട്ടേഷന് വിധേയരാകുന്നവർക്കുള്ള നിർദേശങ്ങളുമായി റംഗ്ളോറ–മൈ ഹാപ്പിനസ് പ്രോജക്ട് എന്ന ചാനൽ തുടങ്ങിയത്. ഇപ്പോൾ പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്ന രഞ്ജിമ നല്ലൊരു ജോലി സ്വപ്നം കാണുന്നുണ്ട്. കൃത്രിക്കാലിൽ തുടരുക ചെലവേറിയ കാര്യമാണ്. ജോലി നേടിയ ശേഷം കൂടുതൽ നല്ല കാൽ വയ്ക്കണം. വേദനയില്ലാതെ പഴയ രഞ്ജിമയാകണം!
Content Summary: Ranjima loses her leg in an accident but she lives normally