വിവാഹം ക്ഷണിക്കാൻ തൊട്ടടുത്ത വീട്ടിൽ വരെ വരും, പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ കയറില്ലായിരുന്നു: ലതാ ഷെഫ്
Mail This Article
‘‘അക്കാലത്ത് ചില നാട്ടുകാരും മറ്റും വിവാഹം ക്ഷണിക്കാൻ വന്നാൽ തൊട്ടടുത്ത വീട്ടിൽ വരെ വിളിക്കും. പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ വരില്ലായിരുന്നു. നമുക്ക് ഹോട്ടലിലെ ജോലിയാണ് എന്നതായിരുന്നു കാരണം. അതെന്തോ മോശം പണിയാണ് എന്ന ധാരണയിലായിരുന്നു അത്’’– മുപ്പത്തേഴു വർഷം മുൻപ് പാചകരംഗത്തു പ്രവർത്തിക്കുന്നവരോട് പലരുടെയും മനോഭാവം എന്തായിരുന്നുവെന്ന് ഗ്രാൻഡ് ഹയാത് ഹോട്ടലിലെ ഷെഫ് കെ. ലതയുടെ വാക്കുകളിൽ തെളിയുന്നു. ഇന്ന് ഷെഫ് എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുക തൂവെള്ള കോട്ടും തിളങ്ങുന്ന പുഞ്ചിരിയുമായി, കൈയിൽ വിഭവങ്ങളുമായി നിൽക്കുന്ന പാചകക്കാരെയാകും. പുരുഷന്മാർ മാത്രം തിളങ്ങിയിരുന്ന മേഖലയിൽ സ്വന്തമായൊരു ഇരിപ്പടം കണ്ടെത്തിയ ഷെഫ് ലത ഷീ ടോക്ക്സിൽ മനസ്സു തുറക്കുന്നു.
∙ മുപ്പത്തിയേഴു വർഷത്തോളമായി പാചകരംഗത്തുണ്ട്. കൃത്യമായി പറഞ്ഞാൽ 1988 ൽ എടുത്തണിഞ്ഞതാണ് പാചകക്കാരിയുടെ ഈ വേഷം. കോഴിക്കോട്ടെ ഒരു ഉൾഗ്രാമത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി, അതും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഒരു പെൺകുട്ടി, അന്നത്തെ കാലത്ത് പറയുകയാണ് തനിക്ക് പാചകക്കാരിയാകണം. ഷെഫ് എന്ന സോഫിസ്റ്റിക്കേറ്റഡ് വാക്കൊന്നും അന്നു പ്രചാരത്തിലില്ല. അന്ന് പാചകക്കാർ എന്നു പറയുന്നത് േദഹണ്ഡക്കാരാണ്. പുരുഷന്മാരുടെ ലോകമാണത്. ചേച്ചി എങ്ങനെയാണ് അവിടെ യാത്ര തുടങ്ങിയത്?
നമ്മുടെ മനസ്സിന്റെയുള്ളിൽ കുട്ടി ആയിരിക്കുമ്പോഴേ ചില ചിന്താഗതികളുണ്ടല്ലോ. എനിക്ക് ഡോക്ടറാവണം, ടീച്ചറാവണം. ഞങ്ങളുടെ വീട്ടിൽ പാചകം െചയ്യാൻ ആൾക്കാർ വരുമായിരുന്നു. വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മയുടെ വീട്ടിൽ കൃഷി ആയിരുന്നു. അപ്പോൾ എന്നും പാചകം ചെയ്യണം. എനിക്ക് പഠിക്കാനൊന്നും അത്ര ഇഷ്ടമുണ്ടായിരുന്നില്ല. സ്കൂളിൽ പോകുന്നതും പഠിക്കുന്നതും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മയെ സഹായിക്കണം, പാചകം ചെയ്യണം എന്നൊക്കെയായിരുന്നു എനിക്ക്. അച്ഛൻ സോവിയറ്റ് യൂണിയൻ എന്ന മാഗസിൻ വാങ്ങുമായിരുന്നു. അച്ഛൻ നന്നായി വായിക്കുമായിരുന്നു. പുസ്തകം പൊതിയാനാണ് എല്ലാവരും സോവിയറ്റ് യൂണിയൻ വാങ്ങിയിരുന്നത്. കാരണം മഴ പെയ്താൽ പെട്ടെന്നു നനയില്ല. ഞാൻ അതിലാണ് ഒരു തൊപ്പിയിട്ട ഇംഗ്ലിഷുകാരൻ ഷെഫിനെ കണ്ടത്. പക്ഷേ കുട്ടി ആയിരിക്കുമ്പോഴേ പാചകം എന്റെ മനസ്സിന്റെ ഉള്ളിൽ ഞാൻ കൊണ്ടു നടന്ന പ്രണയമായിരുന്നു. ആ പ്രണയം എങ്ങനെ സഫലമാക്കാമെന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഹോട്ടൽ മാനേജ്മെന്റ് സ്കൂളുകളൊന്നും കേരളത്തിലന്ന് ഇല്ല. ഉണ്ടോ എന്നെനിക്കറിയില്ല. ഒരു ഒൻപതു വയസ്സുകാരിയുടെ ആഗ്രഹം തൊപ്പി വച്ച ഷെഫാകണം എന്നാണ്. അല്ലാതെ േദഹണ്ഡക്കാരി ആവണ്ട. സോവിയറ്റ് യൂണിയനിൽ കോണ്ടിനെന്റൽ ഐറ്റംസിന്റെയൊക്കെ ചെറിയ റെസിപ്പിയൊക്കെ കൊടുക്കും. അന്ന് എന്റെ മനസ്സിൽ എഴുതിക്കൂട്ടിയതാണ്. ചിലർക്ക് വലുതാകുമ്പോൾ അതിൽ നിന്ന് കുറച്ച് മാറ്റം വരും. പക്ഷേ എന്നെ സംബന്ധിച്ച് മാറ്റം വന്നില്ല. അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞ് ഇനി എന്ത് എന്നുള്ള ചിന്തയിലായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞശേഷം ഭർത്താവാണ് ഇതിനു വേണ്ട എല്ലാ പിന്തുണയും തന്നത്.
∙ പത്താംക്ലാസ്സിനു ശേഷം ചെറിയ ഒരു ഇടവേള ഉണ്ടായ സമയത്ത് പഠിത്തത്തെക്കുറിച്ച് ചിന്തിച്ചിരുന്നോ?
പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് തിരഞ്ഞു നടക്കുകയായിരുന്നു. 88 ൽ കോഴിക്കോട്ട് ഹോട്ടൽ മാനേജ്മെന്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ അവിടെ ചേർന്നു പഠിച്ചു. പിന്നെ പല ഹോട്ടലുകളിലുെ ജോലി തേടി നടന്നു. ഒരു പരമ്പരാഗത നായർ കുടുംബമായിരുന്നു എന്റേത്. അവരങ്ങനെ ഹോട്ടൽ പണിക്കൊന്നും പെൺകുട്ടികളെ വിടില്ല. അന്നൊക്കെ ഹോട്ടൽ പണി എന്നു പറയുന്നത് വളരെ മോശം ആയിട്ടാണ് കണ്ടിരുന്നത്. കോഴിക്കോട് സിറ്റിയിൽ ഞാൻ ജോലി തിരഞ്ഞു നടന്നു. എല്ലാവരും കളിയാക്കി വിടുകയാണ് ചെയ്തത്. ഒരു പെണ്ണിന് എന്ത് ഹോട്ടൽ പണിയാ ചെയ്യാൻ പറ്റുക. ഒരു പെണ്ണിന് എന്ത് ചെയ്യാൻ പറ്റുമെന്ന് ഞാൻ കാണിച്ചു കൊടുത്തു. കാരണം ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല, എനിക്കൊന്നും ആകാൻ പറ്റുന്നില്ല എന്ന ചിന്താഗതി എന്നു മാറ്റിയോ അന്ന് ഏതു സ്ത്രീക്കും വിചാരിച്ച ലെവലിൽ എത്താൻ പറ്റും.
∙ ഈ കോഴ്സ് കഴിഞ്ഞ് എത്ര നാൾ ചേച്ചി ജോലി തേടി അലഞ്ഞു?
രണ്ടു വർഷത്തോളം ഞാൻ ജോലി തേടി അലഞ്ഞു. പിന്നീട് ഞാൻ സ്വന്തമായി കൈരളി എന്ന ഒരു കേറ്ററിങ് ഗ്രൂപ്പ് തുടങ്ങി. അതിനിടയ്ക്ക് ചെന്നൈയിൽ പോയി. അവിടെ 28 ദിവസമേ നിന്നുള്ളൂ. ചെന്നൈയിൽ കുറേ അംഗങ്ങളുള്ള ഒരു വീട്ടിൽ പാചകം ചെയ്യാനാണ് എന്നെ കൊണ്ടുപോയത്. ആ വീട്ടുകാരെ സംബന്ധിച്ച് ഞാൻ ഒരു വീട്ടുജോലിക്കാരി. എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയ ഏറ്റവും വലിയ മോട്ടിവേഷന്‍ ആയിരുന്നു അത്. അങ്ങനെയായിരുന്നില്ലെങ്കിൽ ഗ്രാൻഡ് ഹയാതിൽ ഇപ്പോൾ ഇരിക്കുന്ന ലത എന്ന വ്യക്തി ഉണ്ടാവില്ലായിരുന്നു. കാരണം നമ്മളെപ്പോഴും നെഗറ്റീവിനെ പോസിറ്റീവാക്കാന്‍ വേണ്ടി ശ്രമിക്കണം. നെഗറ്റിവിറ്റി നമുക്ക് ആരു തന്നോ അതിൽ ഒരു പോസിറ്റീവ് ഉണ്ട്. ആ പോസിറ്റീവിലാണ് നമ്മൾ പിടിച്ചു കയറേണ്ടത്. അല്ലാതെ നെഗറ്റീവ് മാത്രം ചിന്തിച്ചു കൊണ്ടിരുന്നാൽ ജീവിതത്തിൽ എങ്ങും എത്താൻ പറ്റില്ല.
Read also: '64–ാം വയസ്സിൽ ഈ വസ്ത്രമാണോ ധരിക്കേണ്ടത്?' നീന ഗുപ്തയ്ക്ക് സോഷ്യൽമീഡിയയിൽ വിമർശനം
ചെന്നൈയിൽനിന്ന് തിരിച്ചു വന്നു സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്ന് തീരുമാനിച്ചു. അങ്ങനെ ചെറിയ റസ്റ്ററന്റുകളും കാന്റീനുകളും എടുത്ത് നടത്താൻ തുടങ്ങി. കുറച്ചു നാളുകള്‍ കഴിഞ്ഞ് കൊച്ചിയിൽ വന്നു സാജ് ഗ്രൂപ്പില്‍ കയറി. അതിനിടയ്ക്ക് ഞാൻ ചെറിയ ഹോട്ടലുകളിലൊക്കെ നിന്നു. പക്ഷേ ഇതൊന്നുമല്ല ഹോട്ടൽ ലോകം എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. വെറുമൊരു മീൻകറിയും സാമ്പാറും വയ്ക്കുന്നതല്ല. സാധാരണ നമ്മുടെ നാട്ടിൽ കേറ്ററിങ് എന്നു പറയുമ്പോൾ ഒരു മീൻകറി, ചിക്കൻകറി, പൊറോട്ട, അപ്പം ഇതു മതി. ഞാൻ നന്നായി വായിക്കുന്ന ഒരാളാണ്. ഞാൻ വായിക്കുന്നതിലൊക്കെ കോണ്ടിനെന്റൽ, ചൈനീസ് ഡിഷസിനെക്കുറിച്ച് പറയുന്നുണ്ട്. എനിക്ക് അതൊക്കെ പഠിക്കണം എന്ന ഒരാഗ്രഹം വന്നു. ഞാൻ അതിലങ്ങു പിടിച്ചു നിന്നു. സാജ് എന്നെ അവരുടെ മാസ്റ്റർ സ്പെഷ്യാലിറ്റി ഷെഫായി തിരഞ്ഞെടുത്തു. അവർക്ക് എനിക്കൊരു പോസ്റ്റ് തരാൻ പറ്റുന്നില്ല. കാരണം ഞാനൊരു പെണ്ണല്ലേ. ഒരു ഷെഫിന്റെ പോസ്റ്റൊന്നും എനിക്ക് തരാൻ പറ്റാത്ത സ്ഥിതിയായിരുന്നു. അവിടെ രണ്ടര വർഷം നിന്ന് തായ് പാചകം പഠിച്ചു. ഞാനൊരിക്കലും പാചകം വായിച്ചു പഠിച്ചതല്ല. ഞാൻ ഓരോ നാട്ടിലും പോയി നിന്ന് പഠിച്ചതാണ്. വയനാട്ടിലെ ആദിവാസികളുടെ കൂടെ പോയി നിന്ന് അവരുടെ രീതികളും ഭക്ഷണസംസ്കാരത്തെക്കുറിച്ചുമൊക്കെ പഠിച്ചു. പിന്നെ എനിക്കു തോന്നി, ഇങ്ങനെ നിന്നാൽ പോര, മറ്റുള്ള കാര്യങ്ങൾ കൂടി പഠിക്കണം എന്ന്. അങ്ങനെ ഞാൻ ഗൾഫിലേക്ക് പോയി. അവിടെ റസ്റ്ററന്റുകളിലാണ് ഞാൻ വർക്ക് ചെയ്തിരുന്നത്. ആറു വർഷത്തോളം ഗള്‍ഫിൽ ജോലി ചെയ്തു.
∙ ഗൾഫിൽ ചെന്നപ്പോഴത്തെ സ്ഥിതി എന്തായിരുന്നു. സ്ത്രീ എന്ന നിലയ്ക്ക് കുറച്ചു കൂടി മുൻഗണന കിട്ടിയിരുന്നോ?
മുൻഗണന മാത്രമല്ല കുറച്ചു കൂടി റെസ്പെക്റ്റായിരുന്നു സ്ത്രീകൾക്ക്. സത്യത്തിൽ എനിക്കു റെസ്പെക്റ്റ് കേരളത്തിൽ കിട്ടിത്തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. അതിനു വേണ്ടി ചുക്കാൻ പിടിച്ചത് എന്റെ ഷെഫായിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. മൈക്കിള്‍ കോംസ് എന്നായിരുന്നു പേര്. ചെന്നൈക്കാരനായിരുന്നു. അദ്ദേഹം എന്നോട് ഓരോ നിമിഷവും പറയുമായിരുന്നു. നിനക്ക് വലിയ ഒരു സ്ഥാനത്ത് എത്താൻ സാധിക്കും എന്ന്. പക്ഷേ വിദ്യാഭ്യാസം ചെയ്യാൻ പറ്റാത്തതിന്റെ പോരായ്മ എനിക്ക് ഒരുപാട് മനസ്സിലായിട്ടുണ്ട്. കാരണം കുറച്ചു കൂടി വിദ്യാഭ്യാസം ഉണ്ടായിരുന്നു എങ്കിൽ എനിക്ക് വേറെ എന്തെങ്കിലും ഒക്കെ തരത്തിൽ എത്താൻ പറ്റുമായിരുന്നു. ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നു. അന്നേ എനിക്കതൊക്കെ പറ്റുമായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ടെങ്കിലും എനിക്കതിൽ നിരാശയൊന്നുമില്ല.
∙ പല സ്ത്രീകൾക്കും പാചകം ഹോബിയായിട്ട് കൊണ്ടു നടക്കാനാണിഷ്ടം. പലരും അതൊരു പ്രഫഷനായി അന്നും ഇന്നും ചിന്തിക്കുന്നില്ല. കരിയറിന്റെ തുടക്ക സമയത്തൊക്കെ ചേച്ചിക്ക് എത്ര സമയം ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്?
24 മണിക്കൂറും ജോലി ചെയ്ത സമയം ഉണ്ട്. 18 മണിക്കൂറും ജോലി െചയ്ത സമയം ഉണ്ട്. ഉറങ്ങാൻ പോലും പറ്റാതെ ജോലി ചെയ്ത സമയം ഉണ്ട്. കാരണം അങ്ങനെയാണ് ഹോട്ടൽ ഇൻഡസ്ട്രി. ഇന്നത്തെ തലമുറയ്ക്ക് എന്തു സുഖമാണെന്നറിയുമോ. ഇന്നത്തെ ഉപകരണങ്ങളൊന്നും അല്ല അന്ന്. ഞാൻ ദോശ ചുട്ടത് ചൂടുളള അടുപ്പിന്റെ അടുത്ത് നിന്നാണ്. അന്ന് കനലടുപ്പാണ്. ഇന്ന് കിച്ചനിൽ ചൂടില്ല. ഇന്ന് ഫുൾ എസി ആണ്. ഇന്നത്തെ പിള്ളാർക്ക് പരമസുഖമാണ്. ഏറ്റവും കഠിനമായ സാഹചര്യത്തിൽക്കൂടി വന്നാലേ നമുക്ക് ആ ജോലിയോട് റെസ്പെക്ട് ഉണ്ടാകൂ.
∙ ചേച്ചിയുടെ സ്ട്രഗിളിങ് സ്റ്റേജ് തുടങ്ങുന്നത് കല്യാണത്തിനു ശേഷമാണ്. എങ്ങനെയാണ് ചേച്ചി അത് ബാലൻസ് ചെയ്തത്?
എന്റെ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അമ്മ കുട്ടികളെ നന്നായി നോക്കുമായിരുന്നു. കോഴിക്കോട് കേറ്ററിങ് നടത്തുമ്പോൾ എനിക്കെന്റെ മക്കളെ കാണുകയും ചെയ്യാം. പിന്നീട് രണ്ടായിരത്തിലാണ് കൊച്ചിയിൽ വന്നത്. കുട്ടികളും അമ്മയും ഹസ്ബൻഡും എല്ലാവരും എന്നെ സപ്പോർട്ട് ചെയ്തു. എല്ലാവരും പറയും ഞാൻ ഒറ്റയ്ക്ക് നേടിയ വിജയമെന്ന്. പക്ഷേ നമ്മൾ വിജയിക്കുന്നത് നമ്മള്‍ ചെയ്യുന്ന കർമത്തിൽ മാത്രമാണ്. മറ്റുള്ളവരുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ മാത്രമേ ആ വിജയം പൂർണമാകുകയുള്ളൂ. നമുക്ക് എപ്പോഴും ആഗ്രഹം ഉണ്ടായിരിക്കണം. അത് അത്യാഗ്രഹമാകരുത്. ആഗ്രഹങ്ങൾ ഉണ്ടായാൽ അത് നേടാൻ പറ്റും. എനിക്ക് ഒരുപാട് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത് എനിക്ക് ഹോട്ടൽ ഓണർ ആകണം. ഹോട്ടലില്‍ വരുന്ന ഗെസ്റ്റിന് പുതിയ പുതിയ വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കി കൊടുക്കാം എന്നൊക്കെ ഇന്നും ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു.
∙ ഗൾഫിൽ എത്ര കാലം ഉണ്ടായിരുന്നു?
ഒൻപതു വർഷത്തോളം ഉണ്ടായിരുന്നു. എന്റെ കമ്പനി എനിക്ക് ചില ആനുകൂല്യങ്ങളൊക്കെ തന്നിട്ടുണ്ടായിരുന്നു. 6 മാസമോ 3 മാസമോ കൂടുമ്പോൾ വീട്ടിൽ പോകാം. പക്ഷേ അവിടെ ഞാൻ കഠിനമായി അധ്വാനിച്ചിരുന്നു. ഗൾഫിലായിരുന്ന സമയത്ത് എനിക്ക് സാമ്പത്തികഭദ്രത കൈവരിക്കുവാനും സാധിച്ചു.
∙ ഗൾഫിലെ ജോലിയിലൂടെ സാമ്പത്തിക ഭദ്രത വന്നു. പക്ഷേ സമൂഹത്തിലെ കാഴ്ചപ്പാടിന് മാറ്റം വന്നോ?
എന്ന് പറയാൻ പറ്റില്ല. ഞാൻ എന്തു ജോലിയാണ് ചെയ്യുന്നതെന്ന് എനിക്കു ചുറ്റുമുള്ള പലർക്കും അറിയില്ല. കോഴിക്കോട്ടുകാരിയായ എന്നെ കോഴിക്കോട്ട് പലർക്കും അറിയില്ല. കേരളത്തിൽ ഇങ്ങനെ ഒരു ഷെഫ് ഉണ്ടെന്ന് അറിയില്ല. ദുബായിൽ ഞാൻ ചെന്നിറങ്ങുമ്പോൾ എന്നെ വെൽകം ചെയ്യാന്‍ ഒരുപാട് പേരുണ്ട്. ഏത് നാട്ടിൽ ചെന്നാലും അങ്ങനെയാണ്. നമ്മുടെ നാട്ടിൽ എനിക്ക് അത്തരം സ്വീകാര്യത കിട്ടിയിട്ടില്ല. കാരണം എന്താണെന്ന് എനിക്കറിയില്ല.
∙ ഹോട്ടൽ പണിക്കു പോകുന്നതുകൊണ്ട് ചേച്ചിയെ സമൂഹത്തിൽ നിന്നു മാറ്റി നിർത്തിയിട്ടുണ്ടോ?
വിവാഹം ക്ഷണിക്കാൻ വന്നാൽ തൊട്ടടുത്ത വീട്ടിൽ വരെ വിളിക്കും. പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ വരില്ലായിരുന്നു. നമ്മൾ എന്തോ മോശം പണിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ്.
∙ ഒരു സ്ത്രീ സ്വന്തം അടുക്കളയിൽ ചെയ്യുന്ന ജോലി തന്നെയാണ് വെളിയിൽ ഒരു ഹോട്ടലിൽ പോയാലും ചെയ്യുന്നത്. അളവിൽ മാത്രം മാറ്റം വരുന്നു. ഒരു സ്ത്രീ കുടുംബത്തിന്റെ അടുക്കളയ്ക്ക് അനിവാര്യമാണ്. പക്ഷേ ഒരു ഹോട്ടലിൽ ഒരു സ്ത്രീ ജോലി ചെയ്യുന്നതു കൊണ്ട് എന്താണ് തെറ്റ്? എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീകൾ വരാൻ മടിക്കുന്നത്?
നമ്മുടെ സമൂഹത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇന്ന ജോലിയേ സ്ത്രീകൾ ചെയ്യാൻ പാടുള്ളൂ. നേരെ മറിച്ച് ഞാൻ ലണ്ടനിൽ പോയി പഠിച്ച് തിരിച്ചു വരുകയാണെങ്കിൽ ആളുകൾ പറയും, ഓ, അവൾ ലണ്ടനിൽ പോയി പഠിച്ച ആളാണ്. കേരളത്തിൽ ഞാൻ തേരാപ്പാരാ ഓരോ ഹോട്ടലിലും അലഞ്ഞു തിരിയുമ്പോൾ നമ്മള്‍ ഒരു മോശം ആളാണ്. കാരണം സമൂഹം ഇപ്പോഴും മാറിയിട്ടില്ല.
∙ എന്തുകൊണ്ടാണ് ഹോട്ടൽ മേഖലയിൽ സ്ത്രീകൾക്ക് സ്വീകാര്യത കിട്ടാത്തത്?
സ്ത്രീകൾക്ക് സ്വീകാര്യത കിട്ടാത്തതുകൊണ്ടല്ല. സ്ത്രീകൾ ഈ രംഗത്തേക്ക് വരാത്തതു കൊണ്ടാണ്. എന്റെ അനുഭവം പറയാം. ഞാൻ പല സ്ത്രീകളേയും കൊണ്ടു വന്നു. വിദ്യാഭ്യാസം ഇല്ലാത്തവരെയും ഹോട്ടൽ മാനേജ്മെന്റ് പഠിക്കാത്തവരെയും പ്രത്യേകിച്ചും. ഹയാത്ത് അതിനനുവാദം തന്നു. എന്നിട്ടു പോലും ഇവർക്കത് ചെയ്യാൻ മടിയാണ്. കാരണം ഇത്രയും മണിക്കൂർ പണിയെടുക്കേണ്ടേ എന്നാണ് നമ്മുടെ സ്ത്രീകളുെട ചിന്താഗതി. വിദേശരാജ്യങ്ങളിൽ അത് ഇല്ല.
∙ സമൂഹത്തെ പേടിയുള്ളതുകൊണ്ടാണോ?
സമൂഹത്തെ പേടിയുള്ളതുകൊണ്ടാകാം. പിന്നെ നേരം വൈകിയുള്ള ജോലി ഭർത്താക്കന്മാർ അനുവദിക്കാത്തതാകാം. എന്തായാലും നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് ഏറ്റവും തിളങ്ങാൻ പറ്റുന്ന മേഖല എന്നു പറയുന്നത് ഹോട്ടൽ മേഖലയാണ്. പിന്നെ, ഞാൻ ബിഗ് ഷെഫാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ടിവിയിൽ ആർക്ക് വേണമെങ്കിലും ഷോ ചെയ്യാം. പക്ഷേ ഒരു ഹോട്ടലിൽനിന്ന് കുക്ക് ചെയ്യുക എന്നു പറയുന്നത് ഒരു ടാസ്ക് ആണ്. എണ്ണൂറോ ആയിരമോ ആളുകൾ വരുമ്പോൾ ആയിരം ആളുകള്‍ക്കും ആയിരം ടേസ്റ്റുമായാണ് ഹോട്ടലിൽ കയറി വരുന്നത്. ഷെഫ് ഈസ് എ മജീഷ്യൻ. ചില സമയങ്ങളിൽ ആ മാജിക്കിലൂടെ നമ്മളിതിലേക്ക് കൊണ്ടു വരുകയാണ്. നമ്മൾ അവർക്കു വേണ്ട ഭക്ഷണം കൊടുക്കുന്നു. അവർ നമ്മുടെ ഫുഡിനെ ഇഷ്ടപ്പെടുകയാണ്. പലർക്കും പല രീതിയിലുള്ള ഇഷ്ടങ്ങളാണ്. കേരളത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രത്യേക റെസിപ്പികളാണ്. കോഴിക്കോടൊരു സാമ്പാർ, കൊല്ലത്തെത്തുമ്പോൾ വേറോരു സാമ്പാർ, ആലപ്പുഴയിലെത്തുമ്പോൾ വേറെ സാമ്പാറ്. പക്ഷേ ഇതിനെയൊക്കെ ഒരേ രീതിയിലേക്ക് കൊണ്ടു വരാൻ പറ്റുന്നതാണ് വിജയം. അവിടെയാണ് നമ്മുടെ മാജിക് വർക്ക് ഔട്ട് ആകുന്നത്. അവരുടെ ഇഷ്ടങ്ങളെ മനസ്സിലാക്കി ആ രീതിയിൽ ഭക്ഷണം കൊടുത്താൽ മാത്രമേ ആ ഹോട്ടൽ വിജയിക്കുകയുള്ളൂ. അല്ലെങ്കിൽ നൂറു പേർ വന്നാൽ നൂറു പരാതി ആയിരിക്കും. നൂറു പേരും നൂറു സ്ഥലത്തു നിന്നു വരുന്നതാണ്. നമ്മുടെ രുചിയിലേക്ക് അവരെ മാറ്റിയെടുക്കുകയാണ്. അതവിടെ ഒരു മാജിക്കാണ്. നമ്മൾ അതിനു തയാറായിരിക്കണം. വീട്ടിൽ ആണെങ്കിൽ രാവിലെ ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ മടിയാണ് ഉച്ചയ്ക്ക് ഉണ്ടാക്കാൻ. ഉച്ചയ്ക്ക് ഉണ്ടാക്കി കഴിഞ്ഞാൽ വൈകുന്നേരം ഉണ്ടാക്കാൻ മടിയാണ് പക്ഷേ നമ്മളിതുതന്നെ ചെയ്തോണ്ടിരിക്കുകയാണ്. ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ. പിന്നെയും ഇങ്ങനെ. ഇതു കൂടാതെ റൂം സർവീസ് ഇതൊക്കെയുണ്ടാകും.
∙ മൂഡ് സ്വിങ്സുകൾ നമ്മുടെ പാചകത്തെ ബാധിക്കില്ലേ?
കുട്ടികളോടു ഞാൻ പറയാറുണ്ട്, ഹോട്ടലിലേക്ക് രാവിലെ അവരു കേറി വരുമ്പോഴേ എനിക്ക് മുഖം കണ്ടാൽ മനസ്സിലാകും. നിനക്ക് ഇന്ന് എന്തോ സംഭവിച്ചിട്ടുണ്ട്, നീ ഇന്ന് കുക്ക് ചെയ്യേണ്ട. നീ മാറി വല്ല കട്ടിങ്ങിനു എന്തെങ്കിലു പൊയ്ക്കോ. കാരണം മനസ്സു കൊണ്ടാണ് നമ്മൾ പാചകം ചെയ്യുന്നത്. കണക്കും കെമിസ്ട്രിയും ബയോളജിയും എല്ലാം ചേർന്നെങ്കിൽ മാത്രമേ നല്ല ഭക്ഷണം ഉണ്ടാവുകയുള്ളൂ. നമ്മുടെ അമ്മമാരൊക്കെ ഭക്ഷണം പാചകം ചെയ്യുമ്പോൾ നല്ല ടേസ്റ്റാണ് എന്തുണ്ടാക്കിയാലും. പക്ഷേ അവരൊന്നും പഠിച്ചിട്ടല്ല. പക്ഷേ ഓരോന്നും അവിടെ വർക്ക് ഔട്ട് ചെയ്യുന്നുണ്ട്. തിളയ്ക്കുമ്പോൾ ചൂട് കുറയ്ക്കുന്നു. ഓരോ കുക്കിങ്ങിനും ഓരോ മെതേഡ് ഉണ്ട്. ഈ മെതേഡിൽ കുക്ക് ചെയ്താൽ ഏതു ഭക്ഷണവും രുചികരമാകും. കളറോ പ്രിസർവേറ്റീവോ ഒന്നും ചേർക്കേണ്ട.
∙ പ്രശസ്തരായ പല ഷെഫുമാരും പറഞ്ഞു കേട്ടിട്ടുണ്ട് അവർക്ക് മണം വരുമ്പോൾ അറിയാം ഉപ്പ് കുറവുണ്ട്, എണ്ണ കുറവുണ്ട്, കൂടുതൽ ഉണ്ട് എന്നൊക്കെ. അത് ശരിക്കും എങ്ങനെയാണ്?
കറികളിലെല്ലാം ഉപ്പും കൂടി ചേരുമ്പോൾ ഒരു സ്മെൽ ഉണ്ട്. അതിനുമുൻപ് തിളയ്ക്കുമ്പോൾ ഒരു പച്ച സ്മെൽ ഉണ്ട്. അത് കഴിഞ്ഞു കുക്ക് ആകുമ്പോൾ വെന്ത സ്മെൽ ഉണ്ട്. ഈ സ്മെല്ലുകളെല്ലാം നമ്മുടെ തലയിൽ ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നിങ്ങൾ ഉപ്പിടാത്ത സാധനം തന്നാൽ രുചിച്ചു നോക്കാതെ തന്നെ ഞാൻ പറയും ഇതിൽ ഉപ്പില്ല എന്ന്. കാരണം നമ്മൾ അതിനെ സ്നേഹിക്കുകയാണ്. നമ്മൾ എന്തിനെ സ്നേഹിക്കുന്നോ അത് നമ്മളെയും സ്നേഹിച്ചു തുടങ്ങും.
∙ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി നമ്മൾ എത്ര ഈസിയായിട്ടാണ് നമ്മളതിനെ വിമർശിക്കുന്നത്. പക്ഷേ പലരും ചിന്തിക്കുന്നില്ല ഇതിന്റെ പുറകിൽ എന്തുമാത്രം അധ്വാനിക്കുന്ന കൈകളുണ്ട് എന്ന്?
അതുമാത്രമല്ല ഇത്ര മിനിറ്റ് കൊണ്ട് നിങ്ങളുടെ മുന്നിൽ ചൂടുള്ള ഭക്ഷണം എത്തുകയാണ്. അത് നമ്മള്‍ ഉണ്ടാക്കി വച്ചതൊന്നുമല്ല. പണ്ടായിരുന്നു ഉണ്ടാക്കി വച്ചതൊക്കെ കൊടുക്കുന്നത്. ഇപ്പോൾ അപ്പോൾത്തന്നെ ഉണ്ടാക്കി കൊടുക്കുകയാണ്. ഇന്നൊരു മീൻ വറുത്തത് കഴിച്ച് അല്ലെങ്കിൽ സ്റ്റൂ കഴിച്ച് നാളെയും നിങ്ങൾ അത് കഴിക്കാനാകും വരുന്നത്. അപ്പോൾ അതിന്റെ ടേസ്റ്റ് മാറിക്കഴിഞ്ഞാൽ നിങ്ങൾ പറയില്ലേ അത് ഇന്നലെ കഴിച്ചപോലെ അല്ല എന്ന്. ടേസ്റ്റിന്റെ കൺസിസ്റ്റൻസി ഒരേപോലെ ആയിരിക്കണം. അതിൽ മാറ്റം ഉണ്ടാകാൻ പാടില്ല. പാചകം എല്ലാവരും പറയുന്നതു പോലെ ഈസി അല്ല. പാചകം ഒരു വാചകം കൊണ്ട് ചെയ്യാൻ പറ്റുന്നതല്ല.
∙ ഓരോ കലകൾ അല്ലെങ്കിൽ സീസൺ എല്ലാം ആ ഒരു കാലവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് നമ്മുടെ ഭക്ഷണം എന്നു പറയുന്നത്. കഞ്ഞി കുടിക്കേണ്ട ഒരു സമയം അല്ലെങ്കിൽ കപ്പപ്പുഴുക്ക് കഴിക്കേണ്ട ഒരു സമയം ഉണ്ട്. അതൊക്കെ ആയിരുന്നു നമ്മുടെ ബേസിക് ഭക്ഷണ രീതികൾ. എന്നാൽ അതൊക്കെ ഇപ്പോൾ മാറി. നമ്മൾ ഒരു കാലാവസ്ഥയും നോക്കാതെയാണ് ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ശരീരം ഇത്തരം ഭക്ഷണ രീതിക്ക് ചേർന്നതാണോ?
അല്ല. നമ്മുടെ പ്രകൃതി ശ്രദ്ധിച്ചാൽ തന്നെ അറിയാൻ പറ്റും. ഓരോ പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും ഓരോ കാലഘട്ടത്തിനു വേണ്ടി പ്രകൃതിപോലും ഒരുക്കിയിട്ടുണ്ട്. നമ്മുെട ഭക്ഷണ സംസ്ക്കാരം അങ്ങനെ ആയിരിക്കണം. അങ്ങനെയാണെങ്കിൽ നമുക്ക് ഇത്രയും ആശുപത്രിയെ ആശ്രയിക്കേണ്ടി വരില്ല. നമ്മുടെ ഭക്ഷണ സംസ്ക്കാരം നമ്മളെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ ശരീരവും അങ്ങനെയാണ്. ആ സമയം എന്നു പറയുന്നത്. ഇമ്മ്യൂണിറ്റി കുറവുള്ള സമയമാണ്. നല്ല മഴയുള്ളപ്പോൾ അസുഖങ്ങളൊക്കെ പെട്ടെന്ന് വരും. അതിനെ പ്രിവന്റ്ചെയ്യാൻ വേണ്ടി പൂർവികർ കണ്ടു വച്ചതാണ് ഇന്ന ഇന്ന സമയങ്ങളിൽ ഇന്ന ഭക്ഷണങ്ങൾ കഴിക്കണമെന്ന്. ഓരോന്നും കഴിക്കുന്നതിന് ഓരോ സമയമുണ്ട്.
∙ നമ്മുടെ ഭക്ഷണസമ്പ്രദായത്തെക്കുറിച്ച് പറയുമ്പോൾ എക്സ്പിരിമെന്റ്സിന്റെ കാലമാണ് ഇപ്പോൾ ഹോട്ടലിൽ ആയാലും വീട്ടിൽ ആയാലും. ഇപ്പോൾ നമ്മൾ യൂട്യൂബിൽ വിഡിയോ ഒക്കെ കണ്ട്, ഒരിക്കലും ചേരരുതാത്ത ഭക്ഷണങ്ങൾ എന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നവ ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ പല സ്ഥലത്തും ചെല്ലുമ്പോൾ സ്റ്റാർട്ടേഴ്സ് ആയിട്ട് പലരും പ്രിഫർ ചെയ്യുന്നത് ഹണി ചിക്കൻ, ഭയങ്കര ടേസ്റ്റാണ് പക്ഷേ പണ്ടുള്ള ആൾക്കാര് പറയുന്നത് തേൻ ചൂടാക്കരുതെന്നാണ്. അങ്ങനെ ചേരരുതാത്ത പല ഭക്ഷണങ്ങളും ചേർത്ത് നമ്മൾ എക്സ്പിരിമെന്റ് ചെയ്യുന്നു. അത് നമ്മുടെ ശരീരത്തിനെ പ്രതികൂലമായി ബാധിക്കില്ലേ?
ശരിക്കും വിരുദ്ധാഹാരം എന്നു പറയുന്ന ആഹാരം ഇല്ല. ചിലത് ചിലതിന്റെ കൂടെ കഴിച്ചാൽ ചില ശരീരത്തിൽ പിടിക്കില്ല. അത് ആർക്കാണ് പിടിക്കാതിരിക്കുന്നതെന്ന് നമുക്ക് അറിയില്ല. അതുകൊണ്ടാണ് അത് കഴിക്കരുതെന്ന് പറയുന്നത്. തൈര് എന്തുകൊണ്ടാണ് നമ്മളോട് രാത്രി കഴിക്കരുതെന്ന് പറയുന്നത്. നമ്മൾ റൈസ് ആയിരിക്കും രാത്രി കഴിക്കുക. അതിന്റെ കൂടെ തൈരു കൂടി കഴിച്ചാൽ നമ്മൾ ഏറ്റവും ശാന്തമായി കിടക്കുന്ന സമയമാണ് ഉറങ്ങുന്ന സമയം. അപ്പോൾ നമ്മുടെ എല്ലാ ഇന്റേണല്‍ സിസ്റ്റവും റെസ്റ്റ് എടുക്കുന്ന സമയമാണ്. നമ്മൾ െഹവിയായിട്ട് ഈ പുളിയുള്ള സാധനം കഴിക്കുമ്പോഴും ഇറച്ചിയുമൊക്കെ കഴിക്കുമ്പോഴും ദഹിക്കാൻ സമയമെടുക്കും. ഭക്ഷണം ദഹിച്ചില്ലെങ്കിൽ നമുക്ക് പല അസുഖങ്ങളും വരും. അങ്ങനെയുള്ള കാര്യങ്ങൾ പൂർവികർ പറഞ്ഞു വച്ചിട്ടുണ്ട്. അതുകൊണ്ടാണ് അത് കഴിക്കരുതെന്ന് പറയുന്നത്. മുലപ്പാലിലെ എൺപതോളം ഗുണമുള്ള സാധനങ്ങൾ അടങ്ങിയതാണ് തേങ്ങാപ്പാൽ. പക്ഷേ തേങ്ങാപ്പാലിന്റെ കൂടെ പശുവിന്‍ പാലിന്റെ ക്രീമു കൂടി ചേർത്ത് കഴിച്ചാൽ അത് ദഹിക്കില്ല. ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്, പ്രോൺസ് കഴിച്ചാൽ വയറുവേദന ആണെന്ന്. പ്രോൺസ് അഞ്ചാറു മിനിറ്റ് കൊണ്ട് കുക്ക് ആകുന്ന സാധനമാണ്. അതിനെ നമ്മൾ 25 മിനിറ്റോളം കുക്ക് ചെയ്താൽ അതിലെ ഫൈബർ ഹാർഡ് ആകും. അത് പിന്നെ ദഹിക്കില്ല. അപ്പോൾ നമ്മൾ വിചാരിക്കും ഇത് കഴിച്ചിട്ട് എന്തോ പ്രശ്നം ഉണ്ടല്ലോ എന്ന്. നമ്മള്‍ കുറേ നാരങ്ങ വെള്ളം കൂടി കുടിക്കും. ഉപ്പിട്ട നാരങ്ങ വെളളമോ ലൈം ടീയോ കുടിക്കുമ്പോൾ വീണ്ടും അത് ഹാർഡ് ആകും. പുളിയുള്ള സാധനം ആ ഫൈബറിനെ വീണ്ടും ഹാർഡ് ആക്കും. പിന്നെ അത് ഡൈജഷന് പ്രശ്നമാകും.
∙ ഇന്നു പലർക്കും ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാൻ മടിയാണ്. പല വാർത്തകളൊക്കെ കാണുന്നു. മരണം വരെ ഉണ്ടാകുന്നു. ഭക്ഷണം കഴിച്ച് മരിക്കുക എന്നു പറയുന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വിദേശ രാജ്യങ്ങളിലൊക്കെ അവിടുത്തെ മുനിസിപ്പാലിറ്റിയൊക്കെ വളരെ സ്ട്രിക്ട് ആണ്. കേരളത്തിൽ ഇതൊന്നും സ്ട്രിക്റ്റല്ല. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. ഞങ്ങളുടെ ഹോട്ടലിൽ ഞങ്ങൾ ഒരു സാധനവും പഴയതെടുത്തു വയ്ക്കുന്നില്ല.
∙ പഴകിയ ഭക്ഷണം തന്നെയാണോ ഇതിന്റെ പ്രധാന കാരണം?
പഴകിയ ഭക്ഷണവും ആകാം. കുക്ക് ചെയ്ത ഫുഡും കുക്ക് ചെയ്യാത്ത ഫുഡും ഫ്രിജിൽ സൂക്ഷിക്കുമ്പോൾ കണ്ടാമിനേഷൻ നടക്കുന്നുണ്ട്. അങ്ങിനെയും സംഭവിക്കാം. ഇ കോളി പോലുള്ള ബാക്ടീരിയ വഴി വെള്ളത്തില്‍ കൂടിയും വരാം. നമ്മൾ ഗ്ലൗസ് ഇട്ടുകൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കയ്യിലൊക്കെ മുറിവുണ്ടെങ്കിൽ അതിൽ ഇൻഫെക്ഷൻ ആകാം. അത് ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലൂടെ നമ്മുടെ ശരീരത്തിെലത്താം. അങ്ങനെ ഭക്ഷണത്തിൽ പോയിസൺ ആകുന്നത് പല രീതിയിൽ ആകും. വെജിറ്റബിളും മീനും മീറ്റും കൂടി കൊണ്ടു വന്നു. ആ വെജിറ്റബിള്‍ കഴുകാതെ പാകം ചെയ്യുകയോ പച്ചയ്ക്ക് സലാഡായി കഴിക്കുകയോ ചെയ്താൽ തീർച്ചയായും പോയിസൺ ഉണ്ടാകും. പിന്നെ കുക്ക് ചെയ്ത ഏതു ഫുഡ് ആയാലും മൂന്ന് മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല.
∙അങ്ങനെ നോക്കുമ്പോൾ നമ്മൾ അടുക്കളയിൽ ആ ദിവസത്തേക്കു മാത്രം കുക്ക് ചെയ്യുന്നത് പലപ്പോഴും പ്രായോഗികമല്ല. ഫ്രിജിൽ വച്ച് കഴിക്കുന്നതും ദോഷമാണോ?
ഇപ്പോഴത്തെ ആളുകളാണ് അങ്ങനെ ചെയ്യുന്നത്. ഫ്രിജിൽ വച്ചു കഴിക്കുന്നതും ദോഷമാണ്. ഹോട്ടലിൽ മാത്രമല്ല വീട്ടിലും ഭക്ഷണത്തിൽ കൂടിയുള്ള അപകടം സംഭവിക്കാം. ഫൈവ് സ്റ്റാർ ഹോട്ടല്‍ പോലുള്ളിടത്ത് ഹൈജീൻ മാനദണ്ഡങ്ങൾ ഉണ്ട്. രണ്ടോ മൂന്നോ ഫ്രിജുണ്ടാകും. നോൺവെജ് സൂക്ഷിക്കാൻ ഒരു ഫ്രിജുണ്ടാകും. ഡയറി പ്രോഡക്ട്സ് സൂക്ഷിക്കാൻ ഒരു ഫ്രിജുണ്ടാകും. കുക്ക്ഡ് ഐറ്റം സൂക്ഷിക്കാൻ വേറെ ഒരു ഫ്രിജുണ്ടാകും. അപ്പോൾ ഞങ്ങളുടെ അടുത്ത് നിന്നല്ല കൂടുതൽ വരുക. ഒരേ ഫ്രിജിൽ റെഡ് മീറ്റും കുക്ക്ഡ് മീറ്റും ഡയറി പ്രോഡക്റ്റ് വയ്ക്കുമ്പോഴും വരാം. ഫൈവ് സ്റ്റാർ ഹോട്ടലുകളില്‍ എല്ലാം സ്റ്റെറിലൈസ് െചയ്യും. പ്ലേറ്റ് ആയാലും നൈഫ് ആയാലും കട്ടിങ് ബോർഡ് ആയാലും. നമ്മുടെ ചില വീടുകളിലെ കട്ടിങ് ബോർഡ് കഴുകിയിട്ട് വർഷങ്ങളായിട്ടുണ്ടാകും. അതുപോലെ ഒരിക്കലും കിച്ചനകത്ത് തുണികൾ ഉപയോഗിക്കരുതെന്നാണ് കിച്ചനകത്ത് തുണികൾ ഉപയോഗിക്കുന്നതു തന്നെ സാനിറ്റൈസ് ചെയ്ത് അല്ലെങ്കില്‍ കഴുകിയ തുണികൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. നമ്മൾ മൂന്നോ നാലോ ദിവസം ഒരേ ഡസ്റ്റർ ഉപയോഗിക്കാറുണ്ട്. ഇതിലൂടെയൊക്കെ അസുഖം വരാം.
∙ചേച്ചി നേരത്തേ പറഞ്ഞു വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ ഹോട്ടൽ മേഖലയിൽ സ്വീകാര്യത കിട്ടിയിട്ടെന്ന്. പുരുഷന്മാരുടെ കൂടെ ജോലി എടുക്കുമ്പോൾ ഏതെങ്കിലും തരത്തിൽ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ?
ഇല്ല എന്നു പറയാൻ പറ്റില്ല. കാരണം നമ്മുടെ സമൂഹമല്ലേ. എനിക്ക് അതിനെ എതിർക്കാൻ അറിയാമായിരുന്നു. നോ പറയേണ്ടിടത്ത് നോ പറയാൻ എനിക്ക് കഴിയുമായിരുന്നു. ഞാനിന്ന് ഓരോ പെൺകുട്ടികളുടെ അടുത്തും പറഞ്ഞു കൊടുക്കും നോ പറയേണ്ടിടത്ത് നോ പറയാൻ കഴിഞ്ഞാലും യെസ് പറയേണ്ടിടത്ത് യെസ് പറയാൻ കഴിഞ്ഞാലും നിങ്ങളെ ആരും തൊടാൻ പോകുന്നില്ല. ആരും നിങ്ങളുടെ അടുത്ത് മോശമായി പെരുമാറില്ല. ഒരു പ്രാവശ്യമേ പെരുമാറൂ. ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ എനിക്ക് മറികടക്കാൻ പറ്റിയിട്ടുണ്ട്. ഞാൻ അതിനെ എതിർത്ത് സംസാരിച്ചിട്ടുണ്ട്. അങ്ങനെ ജോലി പോയിട്ടുണ്ട്. അങ്ങനെയൊക്കെ ഉണ്ടാകും. അങ്ങനെയൊക്കെ പറ്റുമെങ്കിൽ ജോലി ചെയ്താൽ മതിയെന്നു പറഞ്ഞ റസ്റ്ററന്റുകളുമൊക്കെയുണ്ട്. ഞാൻ പറയും നിന്റെ പണി എനിക്കു വേണ്ട. വേറെ എവിടെയും പണിയെടുക്കാൻ സമ്മതിക്കുകയില്ല എന്നു പറഞ്ഞ ഹോട്ടലുകളും ഉണ്ട്. ഞാൻ പറഞ്ഞു അതൊന്നു കാണട്ടെ.
∙അങ്ങനെയൊരു ആറ്റിറ്റ്യൂഡ് ഇപ്പോൾ പെൺകുട്ടികളോട് ഉണ്ടോ? ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിട്ടില്ലേ?
ഇപ്പോഴുള്ള പെൺകുട്ടികളോട് അങ്ങനത്തെ ആറ്റിറ്റ്യൂഡ് ഇല്ല. ഇപ്പോഴത്തെ ആൺകുട്ടികൾ വളരെ ഫ്രണ്ട്‌ലി ആണ്. അവരെ പ്രൊട്ടക്റ്റ് ചെയ്യുന്നുണ്ട്. അന്ന് അതല്ല. അന്ന് ഒരുതരം അസൂയയും കുശുമ്പും ആയിരുന്നു. ഒരു സ്ത്രീ ആണിന്റെ ഇടയിൽ നിന്ന് ആണെടുക്കുന്നതുപോലെ ജോലി ചെയ്യുന്നു. അതൊന്നും പറ്റില്ല. ഞങ്ങളുടെ കുത്തകയാണിത്. ഇവിടെ ഞങ്ങൾക്കു മാത്രമാണ് മേധാവിത്വം എന്നു ചിന്തിക്കുന്ന കാലഘട്ടത്തിലാണ് ഞാൻ ജോലി ചെയ്തിരുന്നത്.
∙ചേച്ചിയുടെ ഈ ബോൾഡ് ആയ ആറ്റിറ്റ്യൂഡ് കൊണ്ടു തന്നെ പലർക്കും ചേച്ചിയോടുള്ള ചിന്താഗതിയിൽ മാറ്റം വന്നു. ആ പ്രഫഷനിൽ കോൺസന്‍ട്രേറ്റ് ചെയ്ത് ജോലി െചയ്യുന്ന ഒരു സ്ത്രീ എന്ന ഇമേജ് ചേച്ചിക്ക് കിട്ടിത്തുടങ്ങി. എന്നാണ് ഇന്ന് കാണുന്ന ഒരു സെലിബ്രിറ്റി ഷെഫ് എന്ന നിലയിലേക്കുള്ള യാത്ര തുടങ്ങിയത്.
കേരളത്തിലെ ആദ്യത്തെ വനിതാ ഷെഫ് എന്ന് അംഗീകരിക്കപ്പെട്ടത് 2003 ലാണ്. അന്ന് ഒരു ഇംഗ്ലിഷ് പത്രത്തിലാണ് ഈ വാർത്ത വന്നത്. പിന്നെ മനോരമ അടക്കമുള്ള പത്രങ്ങളിലും എന്നെക്കുറിച്ച് വാർത്ത വന്നിട്ടുണ്ട്. അതിനുശേഷം കേരളത്തിലുള്ള ആളുകളല്ല എന്നെ അറിയാൻ തുടങ്ങിയത് പുറത്തുള്ള ആളുകളാണ്. ഇവിടെ വന്നപ്പോൾ എനിക്ക് പൂർണമായിട്ടും എല്ലാ റെസ്പെക്റ്റും തന്നു. എന്റെ എംഡി യൂസഫലി സാറു പോലും എന്നോട് അത്രയും സ്നേഹത്തിലാണ് പെരുമാറുന്നത്. അദ്ദേഹം കാണുമ്പോൾ വീട്ടിലെ വിശേഷങ്ങൾ ചോദിക്കും. അതുപോലെ രവി പിള്ള സാറിന്റെ അടുത്തു നിന്നൊക്കെ എനിക്ക് നല്ല റെസ്പെക്റ്റ് കിട്ടിയിരുന്നു.
∙ചേച്ചിയുടെ ഒരു സ്വപ്നമായിരുന്നു ഒരു റസ്റ്ററന്റ് ഓണർ ആകണമെന്ന്. അതിപ്പോൾ ചേച്ചി സാധിച്ചില്ലേ?
യുഎഇ യിൽ ഞാൻ സ്വന്തമായിട്ട് ചെയ്തതൊന്നുമല്ല അത്. എന്റെ ബ്രദറും സഹപ്രവർത്തകരും എല്ലാവരും കൂടി എനിക്കു വേണ്ടി ഒരു ഹോട്ടൽ എടുത്തു. അതിൽ എന്റെ റെസിപ്പീസ് എല്ലാം ഫോളോ ചെയ്യുന്നു. നല്ല തിരക്കുള്ള റസ്റ്ററന്റാണത്. മുസാഫയിലാണത്. അവിടെ സ്ത്രീകൾ മാത്രമാണുള്ളത്. ഹോട്ടൽ മാനേജ്മെന്റ് പഠിച്ച രണ്ടോ മൂന്നോ പേരെ ഉള്ളൂ. സാധാരണ വീട്ടമ്മമാരെ അവരുടെ വീടുകളിൽ പോയി അവരുണ്ടാക്കുന്ന ഭക്ഷണം മൂന്നോ നാലോ പ്രാവശ്യം കഴിച്ചിട്ട് എനിക്ക് ഇഷ്ടം തോന്നിയിട്ടാണ് കൊണ്ടുവന്നുനിർത്തിയത്. അതിൽ നാടൻ സ്നാക്സുകൾ ഉണ്ടാക്കുന്നവരുണ്ട്. പായസം മാത്രം ഉണ്ടാക്കുന്നവരുണ്ട്. ഞാൻ വിചാരിക്കുന്നത് ഒരിക്കലും അവർക്ക് ഒറ്റയ്ക്ക് അവിടെ എത്തിപ്പെടാൻ സാധിക്കില്ല. കാരണം അവിടെ 45 വയസ്സുള്ള ഒരു ഹെഡ് ഷെഫ് ഉണ്ട്. സാധാരണ ഒരു വീട്ടമ്മയാണവർ. ഒരു റസ്റ്ററന്റ് നടത്തി അതിൽ നിന്ന് വരുമാനം ഉണ്ടാക്കി ഞാൻ എന്റെ നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ഈ ഹോട്ടലിൽ ദിവസവും കേറി ഈ സ്ത്രീ ജോലി ചെയ്യുന്നത് കാണും. ഞാൻ ഈ സ്ത്രീയോട് സംസാരിക്കാറില്ല. ഒരു ദിവസം അവിടെ കുറച്ച് സമയം ഇരുന്നപ്പോൾ ഞാനവരോട് ചോദിച്ചു. സൗമ്യ എന്നാണ് ആ പെൺകുട്ടിയുടെ പേര്. രണ്ടു പെൺകുട്ടികളാണവർക്ക്. സൗമ്യയ്ക്ക് ഈ റസ്റ്ററന്റിൽ തന്നെ ഇരിക്കാനാണോ അതോ പുറത്തൊക്കെ പോകാനാണോ ആഗ്രഹം. എനിക്ക് ഗൾഫിൽ പോയി വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. എനിക്കു സാധിച്ചു തരാൻ പറ്റുമെങ്കിൽ നിങ്ങൾ വരാൻ തയാറാണോ എന്നു ചോദിച്ചപ്പോള്‍ തയാറാണെന്നു പറഞ്ഞു. രണ്ടാഴ്ച കൊണ്ട് അവരുടെ വീസയും കാര്യങ്ങളുമൊക്കെ റെഡിയാക്കി ഒരു പൈസ പോലും ആരുെട അടുത്തു നിന്നും മേടിച്ചില്ല. 23 ആൾക്കാരുണ്ട് ഇപ്പോൾ അവിടെ അതിൽ 18 സ്ത്രീകളാണ്. എന്റെ ഒരു ഡ്രീം ആയിരുന്നു സ്ത്രീകളെ പുറത്ത് കൊണ്ടുപോകണമെന്ന്. കേരളത്തിൽ എനിക്ക് ഹോട്ടൽ എടുക്കാൻ ഇഷ്ടമല്ലായിരുന്നു. കാരണം ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടാകില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ലൈസൻസ് കിട്ടില്ല. നമ്മള്‍ പോകുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അവിടെ നല്ല വെള്ളം പോലും ഉണ്ടാകില്ല.
അതുകൊണ്ടു ഞാൻ മുൻപ് ജോലി െചയ്തിരുന്ന സ്ഥലത്തെ അറബിയുമായി സംസാരിച്ചു 3 കോടിയുടെ പ്രൊജക്റ്റാണിത്. എന്റെ ഒരു ആഗ്രഹമാണിത്. അവിടെയുള്ള എന്റെ ബ്രദറിനെപോലെയുള്ള ഒരാളാണ് അതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത്. ഞാൻ അതിൽ പണമൊന്നും മുടക്കിയിട്ടില്ല. എന്റെ ആഗ്രഹമാണിത്. നിങ്ങളിത് ചെയ്തു തരികയാണെങ്കിൽ ഞാൻ എന്റെ കുട്ടികളെ സ്ത്രീകളെ ഇവിെട നിർത്തി പാവപ്പെട്ട കുറച്ച് കുടുംബങ്ങൾ രക്ഷപ്പെടട്ടേ. രണ്ടു കൊല്ലം അവർക്കവിടെനിന്നു കഴിഞ്ഞാൽ വേറെവിടെയെങ്കിലും അവസരങ്ങൾ കിട്ടുമല്ലോ. എന്റെ ഹോട്ടലിൽത്തന്നെ അവർ നിൽക്കണമെന്ന് ഞാൻ പറയുന്നില്ല. അവരുടെ ഒരു ട്രെയിനിങ് മാത്രമാണ് എന്റെ റസ്റ്ററന്റ്.
∙ഇത് ചേച്ചിയുടെ രണ്ടാം ജന്മമാണെന്ന് പറയാം. ഒരിക്കൽ ഒരു ആക്സിഡന്റിൽ ചേച്ചി മരണത്തിന്റെ വക്കോളമെത്തിയതാണ്. അതെങ്ങനെയാണ് സംഭവിച്ചത്?
ഗൾഫിൽനിന്നു തിരിച്ചു വന്ന സമയമാണ്. കോഴിക്കോട് ഒരു ആദിവാസി ഫെസ്റ്റിവൽ ചെയ്യാൻ വേണ്ടി ഒരു ഹോട്ടലുകാർ എന്നോടു പറഞ്ഞു. അതിനായുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു. അതിരാവിലെ ഞാൻ സ്കൂട്ടർ എടുത്തു വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരം ആയപ്പോൾ ഒരു പോസ്റ്റിൽ പോയി ഇടിച്ചു. വളരെ കെയർഫുൾ ആയി വണ്ടി ഓടിക്കുന്ന ഒരാളാണ് ഞാൻ. ഹെൽമെറ്റ് ഒക്കെ തെറിച്ചു പോയി. അവിടെ പോസ്റ്റ് ഇടാൻ വേണ്ടി ഒരു കുഴി കുഴിച്ചിട്ടുണ്ടായിരുന്നു. ആ കുഴിക്കകത്ത് വണ്ടി ചാടി. മഴയുള്ള ദിവസമായിരുന്നു. ഐടി പാർക്കിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. കുറേ പോസ്റ്റുകൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. അതിൽ എന്റെ തല ചെന്നിടിച്ചു. തലയോട്ടി പൊട്ടി, കാലിനും കണ്ണിനും ഒക്കെ പരുക്കു പറ്റി. അപ്പോൾ ഞാൻ ഒരു എഗ്രിമെന്റ് ഒപ്പിട്ടിട്ടുണ്ടായിരുന്നു ദുബായിൽ ഒരു ഫെസ്റ്റിവൽ നടത്താനായിട്ട്. ക്യാഷും വാങ്ങിയതാണ്. പതിനഞ്ചാമത്തെ ദിവസമാണ് എനിക്കു ബോധം വന്നത്. അപ്പോൾ എനിക്ക് മണവും രുചിയും ഒന്നും അറിയുന്നില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു. നിങ്ങൾ നല്ല ധൈര്യമുള്ള ഒരാളാണ്. നിങ്ങൾക്ക് എല്ലാം സാധിക്കും. ഈ മണവും രുചിയും അറിയാതെ ഞാൻ ദുബായിൽ പോയി ഫെസ്റ്റിവൽ ചെയ്തു ബെസ്റ്റ് ഷെഫിനുള്ള അവാർഡും വാങ്ങി. അന്ന് ഞാൻ മനസ്സിലാക്കി. ഹൃദയം കൊണ്ടാണ് ഞാൻ പാചകം ചെയ്തു കൊണ്ടിരുന്നതെന്ന്.
∙ചേച്ചിയുടെ മറ്റൊരു പ്രത്യേകത ഗെസ്റ്റുകളുടെ അടുത്ത് ഷെഫ് നേരിട്ട് ചെല്ലുകയാണ്. എന്നിട്ട് അവരോട് ചോദിക്കുകയാണ് എന്താണ് വേണ്ടതെന്ന്. അത് വളരെ അപൂർവമായി കാണുന്നതാണ്.
അത് വർഷങ്ങളായി എന്റെ ശീലമാണ്. കാരണം എന്റെ ഗെസ്റ്റിനോട് പോയി സംസാരിക്കുക. ഇവിടുത്തെ ഒരു രീതി എന്നു പറഞ്ഞാൽ നമ്മുടെ ഷെഫുമാരും മാനേജർമാരും ഭയങ്കര സപ്പോർട്ടാണ്. ഷെഫ് ഗ്രൗണ്ടിൽ ഇറങ്ങിക്കോ ലത ഷെഫ് കിച്ചനിൽ കയറണ്ട. എന്നെ കുക്ക് ചെയ്യാന്‍ സമ്മതിക്കില്ല. ഞാൻ ആകെ കുക്ക് ചെയ്യുന്നത് യൂസഫലി സാറ് വരുന്ന സമയത്താണ്. വേറെയാരും കുക്ക് ചെയ്യില്ല. അല്ലാതെ വളരെ അപൂർവമായിട്ടേ ഞാനിവിടെ കുക്ക് ചെയ്യാറുള്ളൂ. േടസ്റ്റ് ചെയ്യും. അവര് മോശം ആണെന്ന് പറഞ്ഞാൽ ഞാൻ കുക്ക് െചയ്യും.
∙സക്സസ്ഫുള്‍ ആയി കഴിഞ്ഞിരിക്കുന്നു ജീവിതത്തിൽ. ഇപ്പോൾ ഒരു ബുക്ക് എഴുതിക്കഴിഞ്ഞു. ഇനി മുന്നോട്ട് എന്താണ്?
ഇപ്പോൾ ഞാൻ രണ്ടു പുസ്തകം കൂടി എഴുതിക്കൊണ്ടിരിക്കുകയാണ്. ആദ്യ ബുക്കിന്റെ പേര് ലത പാചകം. അതിൽ പാചകവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇപ്പോൾ എഴുതുന്നത് ഹിസ്റ്ററി ഓഫ് ഹോട്ടൽ ൈലഫ് എന്ന ഒരു പുസ്തകവും ആധുനിക പാചകവും പുരാതന പാചകവുമായിട്ടുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു പുസ്തകവും ആണ്.
∙ഒരുപാട് വായിക്കുന്ന ഒരാൾക്കല്ലേ ഇത്ര നന്നായി സംസാരിക്കാനും നന്നായി എഴുതാനും സാധിക്കുന്നത്.
ഞാൻ പത്താംക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമയാണ് ചെയ്തത്. വളരെ വൈകി 40 –ാമത്തെ വയസ്സിലാണ് ഡിഗ്രി ചെയ്യാൻ ശ്രമിച്ചത്.
∙ഹോട്ടൽ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നവർ ഹെൽത്ത് കോൺഷ്യസ് ആയിരിക്കണമല്ലോ. ഭക്ഷണം രുചിച്ചു നോക്കുമ്പോഴും മറ്റും പല തരത്തിലുള്ള എരിവും പുളിയും മധുരവും എല്ലാം കൂടി മിക്സ് ചെയ്താണല്ലോ ഉള്ളിലേക്ക് പോകുന്നത്. അതുകൊണ്ടു തന്നെ എത്രത്തോളം ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് സ്ത്രീകൾ?
സ്ത്രീകളായാലും പുരുഷന്മാരായാലും ഈ ഇൻഡസ്ട്രിയിൽ നിൽക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. കാരണം ഓയിലി ഫുഡ് ഉണ്ടാകും. എന്തു വേണമെങ്കിലും കഴിക്കാം. പക്ഷേ ഇതൊക്കെ നമ്മൾ കെയർലെസ് ആയി ചെയ്താൽ ആരോഗ്യത്തിനു ദോഷം ചെയ്യും. എന്നും 12 മണിക്കൂറോളം നിന്ന് ജോലി ചെയ്യുന്നതുകൊണ്ട് വേരിക്കോസ് വരും. ഇരിക്കാൻ നമുക്ക് സമയം കിട്ടുന്നില്ല.
∙കൗതുകകരമായി തോന്നുന്നത് ചേച്ചിക്ക് ഈ പ്രായത്തിലും കൊളസ്ട്രോളോ ഷുഗറോ പ്രഷറോ ഒന്നും ഇല്ല എന്നുള്ളതാണ്. ഡയറ്റ് ഫോളോ ചെയ്യുന്നുണ്ടോ?
ഇപ്പോൾ 55 വയസ്സായി. ഡയറ്റ് ഫോളോ ചെയ്യുന്നതിനോടൊപ്പം കുറേ നാളായി ഓയിലി ഫുഡ് ഒന്നും കഴിക്കാറില്ല. കാപ്പി ഒരു നേരമേ കഴിക്കൂ. ബ്ലാക്ക് കോഫി ആണ് കുടിക്കുന്നത്. കുറച്ച് നാളായി ഷുഗറും റൈസും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റും ഉച്ചയ്ക്ക് ലഞ്ചും കഴിക്കും ഡിന്നർ കഴിക്കില്ല.
∙ചേച്ചിയെ വളരെ സക്സസ്ഫുൾ ആയിട്ടുള്ള സ്ത്രീയായിട്ടാണ് സമൂഹം കാണുന്നത്. പലരും യൂട്യൂബിലും മറ്റും ചേച്ചിയുടെ പേര് സേർച്ച് ചെയ്ത് റെസിപ്പീസ് ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇത്തരത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്ന പലർക്കും ഈ മേഖലയിലേക്ക് കടന്നു വരണമെന്നുണ്ട്. സ്വന്തമായി ഒരു പേര് ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ള സ്ത്രീകളോട് ചേച്ചിക്ക് എന്താണ് പറയാനുള്ളത്.
നമ്മളിപ്പോൾ ജീവിക്കുന്നത് വളരെ ഹൈടെക് ആയ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിൽ ദമ്പതിമാരിൽ രണ്ടുപേർക്കും വരുമാനം ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റൂ. ഓരോ സ്ത്രീക്കും സമൂഹത്തിന്റെയും ഫാമിലിയുടെയും സപ്പോർട്ട് വേണം. പക്ഷേ ഓരോ സ്ത്രീയും വിചാരിക്കണം. സ്ത്രീയുെട വരുമാനം കുടുംബത്തേക്ക് മാത്രമാണ്. പുരുഷന്റെ വരുമാനം പല കാര്യങ്ങളിലേക്കും ഡൈവേർട്ട് ചെയ്തു പോകും. ഓരോ സ്ത്രീകളോടും എനിക്കു പറയാനുള്ളത്. പ്രത്യേകിച്ചും ഹോട്ടൽ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ നിങ്ങൾക്ക് സക്സസ് ആക്കി എടുക്കാൻ പറ്റിയ മേഖലയാണിത്. നിങ്ങളീ രംഗത്തേക്ക് വന്നു കഴിഞ്ഞാൽ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല. ഭക്ഷണം ഇല്ലാതെ ലോകത്ത് ജീവിക്കാന്‍ പറ്റില്ലല്ലോ. ഹോട്ടലുകൾ കൂടുകയാല്ലാതെ കുറയുകയില്ല. റോബോട്ടുകൾക്ക് ഒരിക്കലും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പറ്റുകയില്ല. സ്ത്രീകൾക്ക് പറ്റിയ നല്ല ഒരു മേഖലയാണ്. വരാൻ പോകുന്ന സ്ത്രീകളോടും പറയുന്നത് ഇതൊരു നല്ല മേഖലയാണ്. പല ആളുകളും പലതും പറയും. നമ്മുടെ ഉള്ളിലുള്ളത് എന്താണോ അതാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. ആ പ്രവൃത്തിയുടെ വിജയം നമുക്ക് തീർച്ചയായിട്ടും കിട്ടും. പ്രത്യേകിച്ച് ഹോട്ടൽ ഇൻഡസ്ട്രിയിൽ.
Content Summary: She Talks - Latha Chef sharing her life experiences