ADVERTISEMENT

ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. അതിൽ പലതിനെക്കുറിച്ചും ആരും ബോധവാന്മാരായിരിക്കില്ല. ചിലതിനെക്കുറിച്ച് അറിയുമ്പോഴായിരിക്കും ഇത് ഇത്ര സിമ്പിളായിരുന്നോ എന്നു തോന്നുന്നത്. നിയമം എല്ലാവരും പാലിക്കേണ്ടതാണ്. എന്നാൽ നിത്യജീവിതത്തിൽ നിയമത്തിനുള്ള സാധുതകളും പ്രാധാന്യങ്ങളും വളരെ ലളിതമായി പറഞ്ഞുതരാൻ നമുക്ക് ആരെങ്കിലുമുണ്ടോ? ഒരു വക്കീലിന്റെ അടുത്തുചെന്ന് നമ്മുടെ എല്ലാ സംശയങ്ങളും തീർക്കാൻ ചിലപ്പോൾ പറ്റിയെന്നും വരില്ല. എന്നാൽ ഈ വക്കീൽ നിങ്ങൾക്ക് അറിയേണ്ടതെല്ലാം വളരെ ലളിതമായി ഒരു കുഞ്ഞു റീലീലൂടെ പറഞ്ഞുതരും. ജിത്തു ജോസഫ് അടക്കമുള്ള പല പ്രമുഖരും ഷെയർ ചെയ്യുന്ന, ഇൻസ്റ്റയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അഡ്വക്കേറ്റ് ഇൻഫ്ലുവൻസറാണ് രേവതി ബാബു. 

ഒറ്റ റീലുകൊണ്ട് താരമായ വക്കീൽ 

സാധാരണ നമ്മൾ കാണുന്ന ഇൻഫ്ലുവൻസേഴ്സ് ഒന്നുകിൽ മോട്ടിവേഷണൽ സ്പീച്ച് നടത്തുന്നവരാകും, അല്ലെങ്കിൽ സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യക്കാരാകും, അല്ലെങ്കിൽ പല തരം പെയ്ഡ് പ്രമോഷനുകൾ ചെയ്യുന്നവരാകാം. എന്നാൽ രേവതി വ്യത്യസ്തയാകുന്നത് സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിൽക്കുന്നതുകൊണ്ടാണ്. നാല് മാസം മുമ്പ് വെറും 50 ഫോളോവേഴ്സ് മാത്രമുള്ള സമയത്താണ് രേവതി ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. തലവര മാറ്റിക്കുറിച്ച ആ വീഡിയോയുടെ ഉള്ളടക്കം അയൽക്കാരുടെ മരം നമ്മുടെ വീട്ടിലേക്കു ചാഞ്ഞുനിൽക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവുമായിരുന്നു. ആ ഒരൊറ്റ വീഡിയോ ഒരു മില്യൺ വ്യൂ ലഭിച്ചതോടെ ഫോളോവേഴ്സിന്റെ എണ്ണം 50ൽ നിന്നും ഇന്നത്തെ ഒരു ലക്ഷത്തിൽ എത്തിനിൽക്കുന്നു. ജീവിതത്തിൽ സ്ഥിരമായി കടന്നുപോകുന്ന പല സാഹചര്യങ്ങളുടേയും നിയമവശങ്ങൾ പലർക്കും അറിയണമെന്നില്ല. അത് വളരെ തൻമയത്വത്തോടെ ജനങ്ങളിലെത്തിക്കാൻ സോഷ്യൽമീഡിയ പോലെ ഫലവത്തായ മറ്റൊരിടമില്ലെന്ന് അഡ്വക്കേറ്റ് രേവതി പറയുന്നു. പല വിഷയങ്ങളെപ്പറ്റിയും താൻ വീഡിയോ ഇട്ടതിനുശേഷമാണ് അറിയുന്നതെന്നും, അത് ഉപകാരപ്രദമാണ് എന്നും ആളുകൾ പറയുമ്പോൾ വീണ്ടും നല്ല വീഡിയോകൾ ചെയ്യാനും അത് നന്നാക്കാനുമുള്ള പ്രചോദനവുമാണ് ലഭിക്കുന്നതെന്നും രേവതി. 

advocate-influencer
അഡ്വ. രേവതി ബാബു. Image Credit: instagram/law_lika

സൗജന്യ ടോയ്‌ലറ്റും, അക്ഷയകേന്ദ്രവും ഹിറ്റ്

സ്ത്രീകൾക്ക് ഏത് ഹോട്ടലിന്റെയും ശുചിമുറി അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന് നമ്മളിൽ എത്രപേർക്കറിയാം. സ്ത്രീകൾക്ക് എന്നല്ല ഏതൊരാൾക്കും അത്യാവശ്യമാണെങ്കിൽ 5 സ്റ്റാർ ഹോട്ടൽ ആണെങ്കിലും അത് സൗജന്യമായി തന്നെ ഉപയോഗിക്കാം. 

Read also: 'അവർ കവിളിലും കയ്യിലും പിടിച്ചു, ഇത് ഇവിടെ നടക്കില്ല', മെട്രോയിൽ യുവാക്കളെ ചോദ്യം ചെയ്ത് യാത്രക്കാരി

അത്യാവശ്യമായി ടോയ്‌ലറ്റില്‍ പോകണം, അടുത്തെവിടെയും പൊതു ശൗചാലയമോ, പെട്രോൾ പമ്പോ ഇല്ലെങ്കിൽ നമുക്ക് ഏത് ഹോട്ടലിൽ ചെന്നും ഈ ആവശ്യം സൗജന്യമായി ചോദിക്കാനുള്ള അധികാരമുണ്ട്. എന്നാൽ ഞാൻ റീൽ പോസ്റ്റ് ചെയ്തതിനുശേഷമാണ് 90 ശതമാനം പേർക്കും ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് മനസിലാക്കുന്നത്. സാധാരണ ആളുകൾ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം, അപ്പോൾ ടോയ്‌ലറ്റും ഉപയോഗിക്കാമല്ലോ എന്നാണ് ചിന്തിക്കുക. എന്നാൽ സത്യത്തിൽ അവിടെ കയറി നിങ്ങൾ പണം മുടക്കി ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്കു ധൈര്യമായി അവിടുത്തെ ടോയ്‌ലറ്റ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

Read also: 'മറ്റ് അമ്മമാരെപ്പോലെയല്ല ഞാൻ; സിനിമയിലേത് 24 മണിക്കൂർ ജോലി, വീട്ടിലെത്തിയാലും റെസ്റ്റില്ല': ശിൽപ ഷെട്ടി

ഇത്തരത്തിൽ സ്ത്രീകൾക്കു പ്രയോജനപ്പെടുന്ന റീലുകൾ ഇനിയും ചെയ്യണമെന്നായിരുന്നു കമന്റുകളിലധികവും. ചെയ്യുന്ന വീഡിയോകളിൽ അധികവും നിത്യജീവിതത്തിന്റെ ഭാഗമായ നിയമങ്ങൾ തന്നെയാണ്. അക്ഷയകേന്ദ്രങ്ങളുടെ ഫീസിനെക്കുറിച്ചും അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും ചെയ്ത റീലിന് മികച്ച സ്വീകാര്യതയാണു ലഭിച്ചത്. വീഡിയോ കണ്ട പലരും പറഞ്ഞത് ഇപ്പോൾ അക്ഷയകേന്ദ്രത്തിൽ ചെന്നാൽ ബില്ല് തരാറുണ്ടെന്നും ആളുകളോടുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുമാണ്. അതുകേൾക്കുമ്പോൾ നമ്മളെകൊണ്ട് സമൂഹത്തിൽ ഒരു ചെറുചലനമെങ്കിലും ഉണ്ടാക്കാനാകുണ്ടല്ലോ എന്ന സന്തോഷം തോന്നാറുണ്ട്. 

revathy-babu-influecer
അഡ്വ. രേവതി ബാബു. Image Credit: instagram/law_lika

ഒരു പണിയുമില്ലാത്തവരുടെ പണിയാണ് കമന്റടി

ഏത് കാര്യത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ടാകും. ആദ്യമായി ഇങ്ങനെയൊരു കാര്യവുമായി ഇൻസ്റ്റഗ്രാമിൽ വന്നപ്പോൾ നല്ലതിനേക്കാൾ നെഗറ്റീവ് കമന്റുകളായിരുന്നു അധികവും നേരിടേണ്ടിവന്നത്. ഭർത്താവും സഹോദരനും നൽകിയ പിന്തുണയാണ് പിന്നീടുള്ള യാത്രകൾക്ക് പ്രചോദനം. 

Read also: പഠിക്കാൻ വിദേശത്തു പോയ മകൾ വീട്ടുമുറ്റത്ത്; അമ്മയെ തട്ടിമാറ്റി അച്ഛന്റെ കെട്ടിപ്പിടുത്തം, മനോഹരമെന്ന് സോഷ്യൽമീഡിയ

നെഗറ്റീവ് കമന്റുകളെ തന്റെ കഴിവുകൊണ്ടും പങ്കുവയ്ക്കുന്ന കാര്യങ്ങളുടെ പ്രാധാന്യം കൊണ്ടും പിൻതള്ളി മുന്നോട്ടുപോകാൻ സാധിച്ചതാണ് രേവതിയെന്ന വനിതയുടെ വിജയം. ആദ്യമൊക്കെ ഇത്തരം മോശം കമന്റുകളെ എങ്ങനെ നേരിടണം എന്നറിയാതെ ഏറെ വിഷമിച്ചിരുന്ന ആളിൽ നിന്നും ഇന്ന് അതേ കമന്റുകളിൽ നിന്നുപോലും കണ്ടന്റുകൾ ഉണ്ടാക്കി ആയിരങ്ങളിലേയ്ക്ക് എത്തിക്കാൻ രേവതിയ്ക്കു കഴിയുന്നു. സാധാരണക്കാരനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും നിയമത്തിന്റെ സാധുതകളും പോംവഴികളും വളരെ ലളിതമായി പറഞ്ഞുകൊടുക്കുക എന്നത് ചെറിയ കാര്യമല്ല. സോഷ്യൽ മീഡിയയെന്ന വലിയ ലോകത്തിന്റെ അനന്തസാധ്യതകൾ മനസിലാക്കി ജനങ്ങൾക്ക് പ്രയോജനകരമാകുന്ന ഇത്തരം മുന്നേറ്റങ്ങൾ സ്വീകരിക്കാൻ തയാറായ രേവതി വക്കീലിനിരിക്കട്ടെ കയ്യടി.

Content Summary: Advocate Influencer on Socialmedia helps people by providing law advices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com