ജോലിയിൽ നിന്നു വിരമിച്ചിട്ടും മുഷിപ്പും ഏകാന്തതയുമില്ല, കൂട്ടിനു യാത്രകളുണ്ടല്ലോ: ഷീല ടീച്ചർ സൂപ്പറാണ്!
Mail This Article
ഔദ്യോഗികജീവിതത്തിനു വിരാമമായാൽ എന്ത് ചെയ്യും? എന്ത് ചെയ്യാൻ, പേരക്കുട്ടികളെയും നോക്കി വീട്ടിലിരിക്കുമെന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാൽ കോഴിക്കോട്ടുകാരി ഷീല ജോസഫ് എന്ന വിരമിച്ച അധ്യാപികയ്ക്ക് അതല്ല ഉത്തരം. ഈ ലോകമെല്ലാം കറങ്ങിനടന്ന് കാണുമെന്നാണ് ഷീലടീച്ചർ പറയുന്നത്. ഒറ്റയ്ക്കല്ല, കൂടെ കൂട്ടാവുന്ന പരമാവധി ആളുകൾക്കൊപ്പമായിരിക്കും യാത്ര. പക്ഷേ ഒരു നിർബന്ധമുണ്ട് ടീച്ചർക്ക്, വരുന്നത് സ്ത്രീകൾ മാത്രമായിരിക്കണം.
മൂന്നാംക്ലാസിൽ നിന്ന് ആദ്യമായി എസ്കർഷനു പോയപ്പോഴുണ്ടായ ആവേശവും ഉത്സാഹവും ഈ അറുപത്തിമൂന്നാം വയസിലുമുണ്ടെന്ന് ടീച്ചർ പറയുന്നു. യാത്ര ഏറെ ഇഷ്ടപ്പെടുന്ന കുടുംബമായിരുന്നു ടീച്ചറുടേത്. എത്ര തിരക്കുണ്ടെങ്കിലും കുടുംബസമേതം മാസത്തിലൊരിക്കലെങ്കിലും കോഴിക്കോട് നഗരത്തിലൊന്നു കറങ്ങും. സമയം കിട്ടുമ്പോഴൊക്കെ ദൂരയാത്രകളും ചെയ്യും. ആ പരിചയം കൊണ്ടായിരിക്കും അധ്യാപികയായി കോഴിക്കോട് കൊളത്തറ ആത്മവിദ്യാസംഘം യുപി സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾമുതൽ എല്ലാ വർഷവും സ്കൂളിൽ നിന്നുള്ള എസ്കർഷനിൽ ടീച്ചറുണ്ടാകും. പിന്നീട് കുട്ടികളുടെ ചുമതല ടീച്ചർ സ്വമേധയാ ഏറ്റെടുക്കാൻ തുടങ്ങി. അങ്ങനെ സർവീസിലുണ്ടായിരുന്ന മുപ്പത്തിമൂന്ന് വർഷവും സ്കൂളിൽ നിന്നുള്ള എസ്കർഷൻ സംഘത്തിനു മുന്നിൽ ടീച്ചറുണ്ടായിരുന്നു.
ഷീല ടീച്ചറുണ്ടോ, പെൺകുട്ടികൾ സേഫാ
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ടീച്ചറായിരുന്നു ഷീലാ ജോസഫ്. വർഷംതോറുമുള്ള എസ്കർഷനു പുറമേ പെൺകുട്ടികളുമായി വർഷം തോറും ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന യാത്രകൾ നടത്താനും ടീച്ചർ മുൻകയ്യെടുത്തു. 25 പെൺകുട്ടികളുമായി ഷീല ടീച്ചർ ഒറ്റയ്ക്ക് കന്യാകുമാരിവരെ പോയി വന്നിട്ടുണ്ട്. ആദ്യമായി ട്രെയിനിൽ കയറുന്ന പെൺകുട്ടികളുടെ ആവേശവും ഉത്സാഹവുമൊക്കെയാണ് തന്റെ സന്തോഷമെന്ന് ഈ ടീച്ചർ പറയുന്നു. സ്കൌട്ട് ആൻഡ് ഗൈഡ്സിൽ അനുവദിച്ചിരുന്ന ‘എക്സ്പഡിഷൻ’ താൻ ‘എക്സ്പഡിഷൻ കം എസ്കർഷനാ’ക്കുകയായിരുന്നെന്നാണ് അതേക്കുറിച്ച് അവർ പറയുന്നത്. കൊണ്ടുപോകുന്നത് ഷീല ടീച്ചറാണെങ്കിൽ പെൺകുട്ടികളെ അയക്കാൻ ഒരു രക്ഷിതാവും മടികാണിക്കില്ലായിരുന്നു. ചെലവ് പരമാവധി ചുരുക്കിയും സുരക്ഷിതമായ താമസസൗകര്യം തരപ്പെടുത്തിയും ടീച്ചർ ഏത് സാഹചര്യത്തിലുള്ളവർക്കും യാത്രയ്ക്കു വേണ്ട സൗകര്യമൊരുക്കി. പെൺകുട്ടികളുടെ താമസസൗകര്യം റിസ്ക്കല്ലേ എന്ന ചോദ്യത്തിന് മിക്കവാറും സ്കൌട്ട് ആൻഡ് ഗൈഡ്സിന്റെ ഓഫീസ് തന്നെ രാത്രി തങ്ങാൻ ഉപയോഗിക്കുമെന്നും അല്ലെങ്കിൽ സുഹൃത്തുക്കളായ അധ്യാപകരുടെ വീടോ സ്കൂളുകളോ ആണ് അതിനായി തെരഞ്ഞെടുത്തിരുന്നതെന്നും ടീച്ചർ പറഞ്ഞു. ഒരിക്കലും പെൺകുട്ടികളുായി ഹോട്ടലുകളിലേക്കു പോകേണ്ടി വന്നിട്ടില്ല. യാത്രയ്ക്കായി ട്രെയിനോ ബസോ തെരഞ്ഞെടുക്കും. ട്രെയിനുകളിലും ബസുകളിലും വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ഉറപ്പാക്കും. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളായതിനാൽ ടിക്കറ്റ് നിരക്കിലും ഇളവ് കിട്ടുമായിരുന്നു. ഇങ്ങനെ ഇരുപത് വർഷം ഷീലടീച്ചർ പെൺകുഞ്ഞുങ്ങൾക്ക് അവരന്നോളം കണ്ടിട്ടില്ലാത്ത ലോകം കാണിച്ചുകൊടുത്തുകൊണ്ടിരുന്നു.
വിവാഹത്തിനു ശേഷം ഭർത്താവും ടീച്ചറുടെ ഇത്തരം പ്രവർത്തനങ്ങൾക്കു പൂർണപിന്തുണ നൽകിയിരുന്നു. ഭർത്താവിന്റെ മരണശേഷം കുട്ടികളില്ലാത്ത ടീച്ചറിന് വിദ്യാർഥികൾ സ്വന്തം കുഞ്ഞുങ്ങളായി. കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാനും അവരുടെ വീടുകളിലേക്കു പോകാനും ടീച്ചർ ശ്രദ്ധിച്ചു. ഓരോ വിദ്യാർഥിയുടെയും ജീവിതസാഹചര്യം മനസിലാക്കിയാൽ മാത്രമേ അവരെ കൈകാര്യം ചെയ്യാൻ കഴിയൂ എന്ന ഉറച്ച നിലപാടുണ്ട് ഷീല ടീച്ചറിന്. ഓരോ ഡിവിഷനായാണ് കുട്ടികൾ തന്നെ കാണാനെത്തിയിരുന്നതെന്നും അവർക്കായി ചായയും സ്നാക്സും കരുതി കാത്തിരിക്കുമായിരുന്നെന്നും ഷീല ടീച്ചർ പറയുന്നു. പെൺകുട്ടികളുമായി നടത്തുന്ന യാത്രയെക്കുറിച്ച് പിടിഐ മീറ്റിങ്ങിൽ സംസാരിച്ച് അവരുടെ പിന്തുണ ഉറപ്പാക്കിയായിരുന്നു ഷീലടീച്ചറിന്റെ യാത്രകൾ.
ടീച്ചറുടെ യാത്രകൾ
സർവീസിലിരിക്കുമ്പോൾ സൗത്ത് ഗൈഡ്സിന്റെ നാഷണൽ കൗൺസിലർ മെമ്പറായിരുന്നു ടീച്ചർ. അതുകൊണ്ടു തന്നെ എല്ലാവർഷവും പതിവായി ഡൽഹിയിൽ പോകണമായിരുന്നു. ടീച്ചറുടെ ഡൽഹി യാത്ര കാണുമ്പോൾ കൂടെയുള്ള അധ്യാപികമാർ ചോദിക്കുമായിരുന്നു, ഞങ്ങളെ കൂടി കൂട്ടുമോ എന്ന്. അങ്ങനെ ആ ഔദ്യോഗികയാത്രയിൽ ടീച്ചർ സഹ അധ്യാപികമാരെ കൂടി കൂട്ടാൻ തുടങ്ങി. 1998 ലായിരുന്നു പതിനെട്ട് പേരുമായുള്ള ആദ്യയാത്ര. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഓഫീസിൽ താമസ സൗകര്യം ഏർപ്പെടുത്തി. ടീച്ചർ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോൾ കൂടെ വന്നവരെ പരിചയക്കാരന്റെ കൂടെ ഡൽഹി കാണാൻ പറഞ്ഞു വിടും. എല്ലാ വർഷവും ഈ പതിവ് തുടർന്നു.
Read also: കുഞ്ഞിനെ വളർത്തുന്നത് ജോലിയല്ല; ആര്യയും ഞാനും ചെയ്തത് സാധാരണ കാര്യം: കലക്ടർ ദിവ്യ എസ്. അയ്യർ
ഇതിനിടെ മറ്റൊരു സ്കൂളിൽ നിന്നു പോയ എസ്കർഷൻ സംഘത്തിനൊപ്പം ഷീലടീച്ചർ കശ്മീരിലേക്കു യാത്ര പുറപ്പെട്ടിരുന്നു. അവിടെ നിന്ന് തിരിച്ചു വന്നപ്പോൾ കശ്മീർ എല്ലാവരും കാണേണ്ടതാണെന്ന് തോന്നൽ ഉണ്ടായി. അങ്ങനെ 2013 ൽ ഒരു ട്രാവൽ ഏജൻസിയുടെ സഹായത്തോടുകൂടി 32 പേരുമായി ടീച്ചർ വീണ്ടും കശ്മീരിലേക്ക് പുറപ്പെട്ടു. ഏജൻസിയുടെ സഹായത്തോടെയായിരുന്നു യാത്രയെങ്കിലും കൂടെയുണ്ടായിരുന്ന മുപ്പത്തിരണ്ട് പേരുടെയും ചുമതല ടീച്ചർക്കായിരുന്നു. ട്രെയിനിൽ ഡൽഹിയിൽ എത്തി അവിടെനിന്ന് നേരെ വാഗ അതിർത്തിയിലേക്കും ജമ്മു കാശ്മീരിലേക്കും പിന്നീട് ശ്രീനഗറിലേക്കും ആയിരുന്നു യാത്ര. തിരിച്ചും അങ്ങനെതന്നെ. 2013ലായിരുന്നു കാശ്മീർ യാത്ര, തൊട്ടടുത്ത വർഷം ടീച്ചറും 34 സ്ത്രീകളടങ്ങുന്ന സംഘവും പുറപ്പെട്ടത് രാജസ്ഥാനിലേക്ക്. ഇത്തവണയും ട്രാവൽ ഏജൻസിയുടെ സഹായം ഉണ്ടായിരുന്നു, പക്ഷേ പതിവു പോലെ ടീച്ചറിന്റെ ഉറപ്പിന്റെ പുറത്താണ് സ്ത്രീകൾ ഈ യാത്രയ്ക്ക് ഒരുങ്ങിയത്. 2015 ൽ പൂനെ സന്ദർശനമായിരുന്നു. അജന്ത എല്ലോറ ഗുഹകളും ഈ കൂട്ടത്തിൽ സന്ദർശിച്ചു. 2016ൽ സ്വന്തം നിലയിൽ യൂറോപ്പ് സന്ദർശനം ആയിരുന്നു. അടുത്ത വർഷമായപ്പോൾ നേപ്പാളിൽ പോയി. 2019ൽ പതിനെട്ടു പേരുമായി ദുബായ്ക്ക് പുറപ്പെട്ടു. അതേവർഷം 22 പേരുമായി തായ്ലാൻഡും കണ്ടുവന്നു.
കോവിഡ് തന്ന പണി
2020ൽ ലക്ഷദ്വീപിൽ പോകാനായി ടിക്കറ്റിനും ഭക്ഷണത്തിനും താമസത്തിനുമായി ആളൊന്നിന് 35000 രൂപ വീതം കൊച്ചിയിലെ ഏജൻസിയെ ഏൽപ്പിച്ചു. 16 പേരായിരുന്നു അന്ന് സംഘത്തിൽ ഉണ്ടായിരുന്നത്. പക്ഷേ കോവിഡ് കാരണം ആ യാത്ര മുടങ്ങി. കോവിഡ് ഭീഷണി മാറിക്കഴിഞ്ഞാൽ യാത്ര പുറപ്പെടാം എന്ന ഉറപ്പിൽ ഏജൻസി പൈസ തിരിച്ചു കൊടുത്തില്ല. എന്നാൽ 2021 ലും കോവിഡ് ഭീഷണി ഉള്ളതിനാൽ യാത്ര നടന്നില്ല. ഇതിനിടയിൽ കിട്ടിയ കാശുമായി ഏജൻസി മുങ്ങുകയും ചെയ്തു. അതോടെ യാത്ര പുറപ്പെടാനായി പൈസ ഏൽപ്പിച്ചവരോടു സമാധാനം പറയേണ്ടത് ടീച്ചറായി. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. സാമ്പത്തികമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായതോടെ ടീച്ചർ തത്കാലം വലിയ സംഘങ്ങളുമായുള്ള യാത്ര നിർത്തിവച്ചിരിക്കുകയാണ്. അതേസമയം തന്റെ യാത്രയ്ക്ക് ഒരു അവധിയും ഷീലടീച്ചർ നൽകുന്നുമില്ല.
2023ല്‍ അടുത്ത രണ്ട് സുഹൃത്തുക്കളുമായി കൊൽക്കത്തയിലേക്ക് ആയിരുന്നു യാത്ര. കൊൽക്കത്ത വഴി സിക്കിം സന്ദർശിച്ചതിനുശേഷമാണ് തിരികെ എത്തിയത്. തിരികെ വന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ നേരെ യുകെയിലേക്ക് പുറപ്പെട്ടു. ഇപ്പോൾ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മോസ്കോ, ബാലി, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളാണ് അടുത്ത ലക്ഷ്യം. കേരളത്തിൽ എവിടെയൊക്കെ പോയിട്ടുണ്ട് എന്ന് ചോദിച്ചാൽ എല്ലാ ജില്ലകളും സന്ദർശിച്ചിട്ടുണ്ട് എന്നായിരിക്കും ഉത്തരം. ആകസ്മികമായി സന്ദർശിച്ചതല്ല ഈ ജില്ലകൾ, കാണാനായി തന്നെ പുറപ്പെട്ടതാണ്. പത്തനംതിട്ടയിൽ പോയിട്ടുണ്ടെങ്കിലും ഗവി കണ്ടിട്ടില്ല എന്ന നിരാശയും ടീച്ചർ പങ്ക് വച്ചു. മിക്കവാറും എല്ലായിടവും സുഹൃത്തുക്കളോ കൂടെ പഠിപ്പിച്ച അധ്യാപകരോ ഉള്ളതിനാൽ താമസസൗകര്യത്തിന്റെ കാര്യത്തിൽ പേടിക്കേണ്ട.
നമ്മുടെ നാടിന്റേത് മോശം അവസ്ഥ
ഓരോ യാത്രയും എല്ലാവരെയും പോലെ തന്നെ ഷീലടീച്ചർക്കും ഓരോ അനുഭവം തന്നെയാണ്. ചെറിയ പ്രായത്തിൽ തന്നെ തന്റെ വിദ്യാർഥിനികൾക്ക് ഈ അനുഭവം സമ്മാനിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം വളരെ വലുതാണെന്നും ടീച്ചർ പറയുന്നു. മറ്റു സ്ഥലങ്ങളിൽ എത്തുമ്പോൾ അവിടുത്തെ പ്രത്യേകതകളും പോരായ്മകളും ശ്രദ്ധിക്കാറുണ്ട്. കശ്മീരിൽ ഒരു റൂംബോയി അതിശയത്തോടെ ചോദിച്ചത് ടീച്ചർ ഓർക്കുന്നു. ‘കേരളത്തിലെ എല്ലാ കുട്ടികളും എങ്ങനെയാണ് സ്കൂളിൽ പോകുന്നത്’ എന്നായിരുന്നു അവന്റെ സംശയം. യുകെ സന്ദർശനത്തിൽ ആളുകളുടെ മര്യാദ നിറഞ്ഞ പെരുമാറ്റം അമ്പരപ്പിച്ചു. നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത അച്ചടക്കത്തോടെയാണ് അവർ ജീവിക്കുന്നത്. യാതൊരു തിരക്കുമില്ലാതെ എല്ലാ നിയമങ്ങളും അനുസരിച്ച് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കയ്യിടാതെയുള്ള ജീവിതം. ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നാട് എത്രമാത്രം മോശമായ ഒരു വ്യവസ്ഥയിലാണ് എന്ന് ദുഃഖത്തോടെ ഓർക്കുന്നതും. മറ്റു രാജ്യങ്ങളിലെ സ്വാതന്ത്ര്യവും അവസരങ്ങളും ആണ് നാം കണ്ടു പഠിക്കേണ്ടത്. ഒരു ഷോൾ ഇടാത്തതിന്റെ പേരിൽ ചീത്ത കേൾക്കുന്ന പെൺകുട്ടികളുടെ നാടാണ് കേരളം എന്നും ടീച്ചർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്വിറ്റ്സർലൻഡ് മനോഹരം, ഈജിപ്റ്റ് വൃത്തിഹീനം
കണ്ട സ്ഥലങ്ങളിൽ മനോഹാരിത കൊണ്ട് കൂടുതൽ ആകർഷിച്ചത് സ്വിറ്റ്സർലൻഡ് ആണ്. വൃത്തിഹീനമായ നഗരങ്ങളെക്കുറിച്ച് പറയുമ്പോൾ ഈജിപ്ത് ആണ് ഓർമ്മ വരുന്നത്. ഹോളി ലാൻഡ് സന്ദർശനത്തിന്റെ ഭാഗമായാണ് ഇസ്രയേൽ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചത്. ലോകാത്ഭുതങ്ങളിൽ മിക്കവാറും എല്ലാം കണ്ടു കഴിഞ്ഞു. കൊറോണ കാരണം ചൈനയിലെ വൻമതിൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ടീച്ചർ പറഞ്ഞു.
മോസ്കോയാണ് ടീച്ചർ അടുത്ത യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം. അതിനു പിന്നാലെ അമേരിക്കയ്ക്ക് പോകണം. കാശ് കയ്യിൽ ഉണ്ടെങ്കിൽ മാത്രം യാത്ര ചെയ്യാൻ ആവില്ലെന്നും അതിനുള്ള മനസാണ് ആദ്യം വേണ്ടതെന്നും ഷീല ടീച്ചർ പറയുന്നു. തനിക്കൊപ്പം യാത്ര ചെയ്ത സ്ത്രീകളുടെ സന്തോഷം മനസ്സിലാകുന്നതിനാലാണ് അത്തരത്തിലുള്ള കൂടുതൽ യാത്രകൾ സംഘടിപ്പിച്ചത്. ഇത്രയും വലിയൊരു സംഘത്തെ നയിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ലേ എന്നു ചോദിച്ചാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് തന്നെയാണ് ടീച്ചറുടെ ഉത്തരം. ചുരുക്കം ചിലർ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും അതൊക്കെ പരിഹരിക്കാൻ കഴിയുന്നതാണെന്നും ടീച്ചർ ആത്മവിശ്വാസത്തോടെ പറയുന്നു.
വിരസതയില്ല, ജീവിതം മനോഹരം
ഇതൊക്കെ കേൾക്കുമ്പോൾ ജീവിതം എത്ര സുന്ദരമാണെന്നാണു മനസിലാക്കേണ്ടത്. ഭർത്താവ് മരിച്ച, കുട്ടികളില്ലാത്ത വിരമിച്ച ഒരു അധ്യാപികയുടെ മുഷിഞ്ഞുപോകേണ്ടിയിരുന്ന ഒറ്റയാൾ ജീവിതത്തെയാണ് ഷീല ജോസഫ് എന്ന ഈ അധ്യാപിക തോൽപ്പിച്ചത്. വിരമിച്ചിട്ട് ഏഴ് വർഷമായി. അവർക്കിപ്പോൾ ഏകാന്തതയില്ല, ഒന്നും ചെയ്യാനില്ലാതെ മടുപ്പിക്കുന്ന വിരസതയുമില്ല. കണ്ട നാടുകളും അവിടങ്ങളിലെ മനുഷ്യരും ഓർമയിലുണ്ട്. ഇനി കാണാൻ പോകുന്ന നാടുകളും അവിടുത്തെ നാട്ടുകാരും സങ്കൽപ്പത്തിലുമുണ്ട്. അതിനായുള്ള ഒരുക്കങ്ങളിൽ മുഴുകുമ്പോൾ വർഷങ്ങൾ കടന്നുപോകുന്നതും തനിക്ക് പ്രായമാകുന്നതുമൊന്നും ഈ ടീച്ചർ അറിയുന്നുപോലുമില്ല. യാത്രകളുടെ ഇടവേളകളിലെ വിശ്രമജീവിതത്തിലേക്ക് ടീച്ചർ കൈപിടിച്ച് യാത്രകൊണ്ടുപോയ പഴയ വിദ്യാർത്ഥിനികളിൽ ചിലർ കടന്നു വരാറുണ്ട്. ഫോൺവിളിച്ച് മറ്റുചിലർ സുഖവിവരങ്ങളാരായുന്നു. ആകസ്മികമായി കാണുമ്പോൾ ഇതെന്റെ ടീച്ചറെന്ന് ചേർത്ത് പിടിച്ച് അവരുടെ മക്കളെ പരിചയപ്പെടുത്തുന്നു. ഇതൊക്കെ പോരേ ജീവിക്കാനെന്ന് നിറഞ്ഞ സന്തോഷത്തോടെ ചോദിക്കുന്നുണ്ട് ഷീല ടീച്ചർ.
Content Summary: Retired School Teacher Sheela Travelling world with women