ADVERTISEMENT

20–ാം വയസ്സിൽ ഭർത്താവിനെ നഷ്ടപ്പെട്ട മരുമകളുടെ പുനർ വിവാഹം നടത്തി അമ്മായിയമ്മ. ഒഡിഷയിലെ അംഗുൽ ജില്ലയിലാണ് സംഭവം. പ്രതിമ ബിഹേര എന്ന സ്ത്രീയാണ് മകന്റെ മരണത്തെത്തുടർന്ന് ചെറുപ്പത്തിലേ വിധവയാകേണ്ടി വന്ന മരുമകളുടെ പുനർ വിവാഹം നടത്തി മാതൃകയായത്. അംഗുൽ ജില്ലയിലെ ഗോബര ഗ്രാമപഞ്ചായത്തിലെ മുൻ സർപഞ്ച് കൂടിയാണ് പ്രതിമ.

മകന്റെ മരണത്തോടെ ആകെത്തകർന്നു പോയ മരുമകളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും മാത്രമല്ല. വീണ്ടും ഒരു വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കൂടി പറഞ്ഞു മനസ്സിലാക്കുകയും അവൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയും ചെയ്തു പ്രതിമ. സെപ്റ്റംബർ 11നാണ് ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ ഗ്രാമത്തിലെ ജഗന്നാഥ ക്ഷേത്രത്തിൽ വച്ച് മരുകൾ ലിലിയുടെ വിവാഹം പ്രതിമ നടത്തിയത്.

 ഫെബ്രുവരിയിലായിരുന്നു പ്രതിമയുടെ ഇളയമകൻ രശ്മിരഞ്ചനും ലിലിയും തമ്മിലുള്ള വിവാഹം.  ജൂലൈയിൽ ഭരത്പൂരിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ രശ്മിരഞ്ചൻ മരിച്ചു. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ ആരോടും സംസാരിക്കാതെയായ ലിലിയെ പ്രതിമ ആശ്വസിപ്പിച്ചു. നിരന്തരമായ കൗൺസിലിങ്ങിലൂടെ ആ പെൺകുട്ടിയുടെ തകർന്നു പോയ മനസ്സിനെ തിരികെപ്പിടിച്ചു. ഇനിയും ജീവിതമുണ്ടെന്നും ഇനിയുമൊരു വിവാഹത്തിനായി മാനസികമായി തയാറെടുക്കണമെന്നും ലിലിയോടു പറഞ്ഞുകൊണ്ടിരുന്നു. പറഞ്ഞു പറഞ്ഞ് തന്റെ വാക്കുകൾ ലിലി അനുസരിക്കുമെന്നും പുനർ വിവാഹത്തിന് അവൾ മാനസികമായി തയാറെടുത്തെന്നും ബോധ്യപ്പെട്ടതോടെ പ്രതിമ മരുമകൾക്ക് അനുയോജ്യനായ വരനെ തിരഞ്ഞു.

പ്രതിമ ഈ വിഷയം കുടുംബത്തിൽ അവതരിപ്പിക്കുകയും സഹോദര പുത്രനുവേണ്ടി ലിലിയെ വിവാഹം  ആലോചിക്കുകയും ചെയ്തു. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ താൻ തയാറായതിനെക്കുറിച്ച് പ്രതിമ പറയുന്നതിങ്ങനെ :-

'' എന്റെ മകൻ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നെനിക്കറിയാം. ആ നഷ്ടം നികത്താനാവാത്തതാണെന്നും. പക്ഷേ കേവലം 20 വയസ്സുള്ള എന്റെ മരുമകളുടെ സങ്കടം കണ്ടില്ലെന്നു നടിക്കാനെനിക്കാവില്ല. തുടർന്നും സന്തോഷകരമായ ജീവിതം നയിക്കാനുള്ള എല്ലാ അവകാശങ്ങളും അവൾക്കുണ്ട്. അതുകൊണ്ടു തന്നെയാണ് അവളെ പുനർ വിവാഹം ചെയ്തയ്ക്കാൻ ഞാൻ തീരുമാനിച്ചത്''.- പ്രതിമ പറയുന്നു. 

ലിലിയെ വിവാഹം ചെയ്ത സൻഗ്രാം ബെഹ്റ പറയുന്നതിങ്ങനെ :-

'' അച്ഛനും മറ്റു കുടുംബാംഗങ്ങളുമെല്ലാം ലിലിയെ മരുമകളായി അംഗീകരിച്ചു കഴിഞ്ഞു. പിന്നെ ഞാൻ എന്തിനാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്. എനിക്ക് സന്തോഷം മാത്രമേ തോന്നുന്നുള്ളൂ''.

മരുമകളുടെ വിവാഹം നടത്താൻ മുൻകൈയെടുത്ത പ്രതിമയെ സോഷ്യൽ ആക്റ്റിവിസ്റ്റുകൾ ഉൾപ്പടെയുള്ളവർ അഭിനന്ദിക്കുകയാണ്. മുൻ സർപഞ്ച് കൂടിയായ പ്രതിമ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നാണ് സോഷ്യൽ ആക്റ്റിവിസ്റ്റായ ശുഭ ശ്രീ ദാസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com