ADVERTISEMENT

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശനത്തിന് ഇരയായ നുസ്രത്ത് ജഹാന്‍ എംപിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി. ഓരോരുത്തരുടെയും വ്യക്തിപരമായ വിശ്വാസങ്ങളെ ബഹുമാനിക്കണമെന്നും ഭര്‍ത്താവിന്റെ വിശ്വാസം പിന്തുടരുന്നതാണ് ഇന്ത്യന്‍ സ്ത്രീകളുടെ പതിവെന്നും നുസ്രത്തിന് പിന്തുണയറിയിച്ച കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി അഭിപ്രായപ്പെട്ടു. 

 

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തിയ നുസ്രത് ജഹാന്‍ പേരും മതവും മാറണമെന്ന് കഴിഞ്ഞ ദിവസം ഒരു മതപണ്ഡിതന്‍ പറഞ്ഞിരുന്നു. ബംഗാളിലെ ബാഷിര്‍ഹതില്‍നിന്ന് ആദ്യമായി പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട നുസ്രത് ജഹാന്‍ മംഗല്യസൂത്രം അണിയുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തത് നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം വ്യവസായി നിഖില്‍ ജെയ്നിനെ വിവാഹം കഴിച്ചതിനുശേഷമാണ് നുസ്രത് മംഗല്യസൂത്രവും സിന്ദൂരവും അണിഞ്ഞുതുടങ്ങിയത്.

 

വ്യക്തിപരമായ താല്‍പര്യങ്ങളെ എല്ലാവരും മാനിക്കണമെന്ന് മന്ത്രി പറഞ്ഞു. ‘ഏതെങ്കിലും മതത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അതു മാനിക്കണം. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ വിശ്വാസം പിന്തുടരുന്ന രീതിയാണ് നമ്മുടെ രാജ്യത്ത് പൊതുവേ കണ്ടുവരുന്നത്. നുസ്രത് ജഹാന്‍ നിഖില്‍ ജെയ്നിനെ വിവാഹം കഴിച്ച കാര്യവും നമുക്കെല്ലാം അറിയാം.’-ദേബശ്രീ ചൗധരി പറഞ്ഞു. 

 

കഴിഞ്ഞ ഞായറാഴ്ചയാണ് വെട്ടിത്തിളങ്ങുന്ന പട്ടുസാരി ധരിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി നുസ്രത് ദുര്‍ഗാ പൂജയില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകാന്‍ വേണ്ടിയാണ് താന്‍ പ്രാര്‍ഥിച്ചതെന്നും നുസ്രത് പറഞ്ഞിരുന്നു. ‘ബംഗാളില്‍ എല്ലാ മതക്കാരും എല്ലാവരുടെയും ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ആഘോഷത്തില്‍ പങ്കുകൊള്ളുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യവുമാണ്. വിവാദങ്ങള്‍ ഞാന്‍ ഗൗനിക്കാറില്ല’- നുസ്രത് ജഹാന്‍ പറഞ്ഞു. 

 

ദുര്‍ഗാപൂജയില്‍ പങ്കെടുത്ത് മന്ത്രങ്ങള്‍ക്കൊത്ത് ചുണ്ടു ചലിപ്പിച്ച് കണ്ണടച്ചു നില്‍ക്കുന്ന നുസ്രതിന്റെ ചിത്രം ടെലിവിഷന്‍ ചാനലുകള്‍ ആവര്‍ത്തിച്ചുകാണിച്ചിരുന്നു. പിന്നീട് ആഘോഷത്തില്‍ പങ്കെടുത്ത് നുസ്രത് പാട്ടുപാടി നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com