ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന മുന്നണിപ്പോരാളിയും സ്വീഡിഷ് കൗമാരക്കാരിയുമായ ഗ്രെറ്റ തൺബർഗിനു നേരെ ക്ഷോഭിച്ചും കഠിനമായി വിമർശിച്ചും ടെലിവിഷൻ അവതാരകൻ ജെറമി ക്ലാർക്ക്സൻ രംഗത്ത്.വായടച്ച് കുട്ടികളെ വഴിതെറ്റിക്കാതെ സ്കൂളിൽ പോകാനാണ് ഗ്രെറ്റയ്ക്ക് ക്ലാർക്ക്സൻ നൽകുന്ന ഉപദേശം. 

ഗ്രെറ്റയ്ക്ക് ഭ്രാന്താണെന്നും ഗ്രെറ്റ അപകടകരമായ സന്ദേശമാണ് ലോകത്തിനു നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. 2015 ൽ ബിബിസിൽനിന്ന് പുറത്താക്കപ്പെട്ട ക്ലാർക്ക്സൻ നേരത്തെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടിയ വ്യക്തിയാണ്. പക്ഷേ, അടുത്തകാലത്ത് മനഃപരിവർത്തനം സംഭവിച്ച അദ്ദേഹം ഗ്രെറ്റയുടെ ഏറ്റവും വലിയ വിമർശകനായാണ് രംഗത്തുവന്നിരിക്കുന്നത്. ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനുവേണ്ടി ഓസ്ട്രേലിയ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഗ്രെറ്റയെ കഠിനമായി വിമർശിച്ച് വിവാദമുണ്ടാക്കിയിരിക്കുന്നത്. 

അപകടകരമായ സന്ദേശങ്ങളിലൂടെ ലോകമെങ്ങുമുള്ള സ്കൂൾ കുട്ടികൾക്ക് ഗ്രെറ്റ ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കുകയാണെന്നാണ് ക്ലാർക്ക്സൻ‌ പറയുന്നു. എന്റെ അഭിപ്രായത്തിൽ ആ കുട്ടി പ്രസംഗം നിർത്തി വേഗം സ്കൂളിൽ ഹാജരാകുകയാണ് വേണ്ടത്- ക്ലാർക്ക്സൻ പറയുന്നു. വിവേകമില്ലാത്ത തെമ്മാടിയെന്ന് കഴിഞ്ഞ ദിവസം ഗ്രെറ്റയെ വിമർശിച്ചതിനുശേഷമാണ് പുതിയ ശകാരവുമായി ക്ലാർക്ക്സൻ വീണ്ടുമെത്തിയിരിക്കുന്നത്. 

തങ്ങളുടെ സ്വപ്നങ്ങൾ ലോകത്തെ ഇപ്പോൾ നയിക്കുന്ന നേതാക്കൾ കവർന്നെടുക്കുകയാണെന്ന ഗ്രെറ്റയുടെ ഐക്യരാഷ്ട്ര സംഘടനയിലെ പ്രസംഗം ഒരു പ്രശ്നവും പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് ക്ലാർക്ക്സന്റെ അഭിപ്രായം. വിമാനങ്ങൾ ഒഴിവാക്കുകയും ഡീസൽ ബോട്ടിൽ ലോകമാകെ കറങ്ങിനടക്കുകയും ചെയ്യുന്നതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം പരിഹരിക്കപ്പെടുകയില്ല. ആ കുട്ടിയുടെ സ്വഭാവം തന്നെ ശരിയല്ല. അവർ ദേഷ്യക്കാരിയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ദേഷ്യത്തോടെ നോക്കിയതുകൊണ്ടോ അദ്ദേഹത്തെ ശകാരിച്ചതുകൊണ്ടോ ഒന്നും ഒരു ഫലവുമില്ല. 

അതൊന്നും ശരിയായ മാർഗങ്ങളല്ല. ഗ്രെറ്റയുടെ പല പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ചിരിക്കാനാണ് തോന്നുന്നതെന്നും ക്ലാർക്ക്സൻ പറഞ്ഞു. ദ് ഗ്രാൻഡ് ടൂർ ഇൻ കംബോഡിയ എന്ന പരമ്പരയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ക്ലാർക്ക്സൻ ഓസ്ട്രേലിയയിൽ എത്തിയത്. തന്റെ ലോക യാത്രകൾക്കിടെയൊന്നും താൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷഫലങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കടൽ കയറിവരുന്നു, വെള്ളം ലോകത്തെ മുക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങൾ ശുദ്ധ ഭോഷ്ക്കാണെന്നാണ് ക്ലാർക്ക്സന്റെ അഭിപ്രായം.  മൂന്നാഴ്ച നീണ്ടുനിന്ന അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള യാത്രയ്ക്കുശേഷം ചൊവ്വാഴ്ചയാണ് ഗ്രെറ്റ പോർച്ചുഗലിൽ എത്തിയത്. സമുദ്രയാത്ര തനിക്ക് ആവശം പകർന്നുവെന്നും തന്നെ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് ഗ്രെറ്റ പറഞ്ഞിരുന്നു. 

English Summery : Jeremy Clarkson tells 'mad and dangerous' 16-year-old Greta Thunberg to 'go back to school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com