ADVERTISEMENT

നാന പടേക്കര്‍ക്കെതിരെയുള്ള കേസില്‍ നടി തനുശ്രീ ദത്തയ്ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെതിരെ പീഡനാരോപണം. സഹ അഭിഭാഷകയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുംബൈയിലെ ഖേര്‍വാഡി പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അന്വേഷണം തുടങ്ങിക്കഴിഞ്ഞതായും പൊലീസ് അറിയിച്ചു. നിതിന്‍ സത്പുതെ എന്നാണ് തനുശ്രീയുടെ അഭിഭാഷകന്റെ പേര്. 

2008 ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റില്‍വച്ച് തന്നോട് നാന പടേക്കര്‍ മോശമായി പെരുമാറിയെന്ന് തനുശ്രീ ആരോപിച്ചതോടെയാണ് ബോളിവുഡില്‍ മീ ടൂ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബോളിവുഡിനൊപ്പം ഇന്ത്യയുടെ പൊതുജീവിതത്തില്‍തന്നെ ഈ ആരോപണം വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. നാന പടേക്കര്‍ ആവര്‍ത്തിച്ച് ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. 

ഹോളിവുഡിലെപ്പോലെ ബോളിവുഡിലും സ്വാധീനമുള്ളവരും അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരും നടിമാരെയും അവസരം ചോദിച്ചു വരുന്നവരെയും പീഡനങ്ങള്‍ക്കു വിധേയരാക്കാറുണ്ടെെന്ന ആരോപണത്തിനു ശക്തി പകരുന്നതായിരുന്നു തനുശ്രീയുടെ ആരോപണങ്ങള്‍. 

നടനും സംഘവും കൂടി പീഡന ആരോപണങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയാണ് പതിവെന്നും തനുശ്രീ ആരോപിച്ചിരുന്നു. സന്നദ്ധ സംഘടന രൂപീകരിച്ച് നാന സാമ്പത്തിക തട്ടിപ്പു നടത്തുന്നു എന്നും തനുശ്രീ ചൂണ്ടിക്കാണിച്ചിരുന്നു. തനുശ്രീയുടെ ആരോപണങ്ങള്‍ക്ക് വന്‍ പ്രധാന്യമാണ് ഇന്ത്യയിലെ മാധ്യമങ്ങളല്‍ ലഭിച്ചത്. സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 

കേസില്‍ അന്വേഷണം നടത്തിയ പൊലീസ് തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതിക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നാന പടേക്കറെ കുറ്റവിമുക്തനാക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ തനുശ്രീ അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. തനുശ്രീക്കുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത് നിതിന്‍ സത്പുതെയാണ്.  പൊലീസ് ഊര്‍ജിതമായി അന്വേഷിക്കാത്തതുകൊണ്ടാണ് തനുശ്രീയുടെ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതെന്ന് നിതിന്‍ ആരോപിച്ചിരുന്നു. ഇതേ അഭിഭാഷകനെതിരെ തന്നെയാണ് ഇപ്പോള്‍ സഹ അഭിഭാഷക പീ‍ഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

English Summary : The lawyer representing actor Tanushree Dutta has been accused of molestation by a fellow lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com