തലപൊട്ടി ചോരയൊലിപ്പിച്ച് ഐഷി ഘോഷ്; ഇതാണ് ജെഎൻയുവിന്റെ തീപ്പൊരി പെൺകുട്ടി
Mail This Article
ജെഎൻയു എന്ന പേരിനൊപ്പം തലപൊട്ടി ചോര വാർന്ന് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലെങ്ങും. ജെഎൻയുവിലെ ഇടതു വിദ്യാർഥി സംഘടനയായ ജെഎൻഎസ്‌യുവിന്റെ പ്രസിഡന്റാണ് ചോരയൊലിച്ച് നിൽക്കുന്ന ആ പെൺകുട്ടി. പേര് ഐഷിഘോഷ്. പശ്ചിമ ബംഗാളിലെ ദുർഗാപൂരാണ് ഐഷിയുടെ സ്വദേശം. സമരപാരമ്പര്യം ഐഷിയുടെ സിരകളിലൊഴുകുന്നുണ്ട്. തൊഴിലാളി സംഘടനാ നേതാവാണ് ഐഷിയുടെ അച്ഛൻ. ഡൽഹി സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയാണ് ഐഷി ജെഎൻയുവിലേക്ക് ഉപരിപഠനത്തിനായി എത്തിയത്.
ജെഎൻയുവിലെ തീപ്പൊരി നേതാവാണ് 25 വയസ് മാത്രം പ്രായമുള്ള ഐഷി. സ്കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസിൽ രണ്ട് പ്രാവശ്യം കൗൺസിലർ ആയിരുന്നു ജെഎൻഎസ്‌യു പ്രസിഡന്റ് ആവുന്നതിന് മുമ്പ് ഐഷി. പതിമൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് എസ്എഫ്ഐക്കാരിയായ പ്രസിഡന്റ് ജെഎൻഎസ്യുവിന് ഉണ്ടാകുന്നത്. വോട്ട് ചെയ്ത 5728 പേരിൽ 2313 പേരുടെ പിന്തുണയോടെയാണ് ഐഷി വിജയിച്ചതും. ജെഎൻയുവിൽ നടന്ന തിരഞ്ഞെടുപ്പിൽ 50.15 ശതമാനം വോട്ട് നേടിയാണ് ഇടത് വിദ്യാർഥി യൂണിയൻ അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ ഹോസ്റ്റൽ ഫീസ് വർധന, സീറ്റ് വെട്ടിച്ചുരുക്കൽ, ലൈബ്രറി ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇതിനെല്ലാമെതിരെ ഐഷിയും സംഘവും നിരന്തരം പ്രതികരിച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ഫീസ് വർധിപ്പിച്ചപ്പോൾ അധികാരികൾക്കെതിരെ മൂർച്ചേറിയ വാക്കുകളാണ് ഐഷി തൊടുത്തത്. നൊബേൽ ജേതാക്കളെ രാജ്യത്തിന് സമ്മാനിച്ച ഒരു സർവകലാശാല അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുകയാണ്. ‘ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയാകാൻ ജെഎൻയുവിന് സാധിക്കുമായിരുന്നു. പക്ഷേ സർക്കാരുകൾ ഞങ്ങളെ പരാജയപ്പെടുത്തി. ജെഎൻയുവിന്റെ അന്തസത്തയുടെ അവസാന കണികയെങ്കിലും നിലനിർത്താനാണ് ഈ പോരാട്ടം. വിദ്യാഭ്യാസ ബജറ്റ് തുക ഒരു ശതമാനം പോലും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല.’–ഐഷി ഘോഷ് പറഞ്ഞു
സർവകലാശാലയിലെ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്നതിനിടെയാണ് 50 ഓളം പേരടങ്ങിയ സംഘം ഐഷിയെയും അധ്യാപകരെയും ആക്രമിച്ചത്. തലയ്ക്ക ്ഗുരുതര പരുക്കേറ്റ ഐഷിയടക്കം 20 വിദ്യാർഥികൾ എയിംസിൽ ചികിത്സയിലാണ്.
English Summary: Who Is JNUSU President Aishe Ghosh