‘നമ്മൾ ഭയരഹിതർ, അവകാശങ്ങൾ ഉന്നയിച്ച് തെരുവിലിറങ്ങുന്നു’, നിശബ്ദയാകില്ല, അഭിമാനം ദീപിക!
Mail This Article
ഒരു സ്ത്രീ എന്ന നിലയിൽ തന്റെ നിലപാടുകൾ കൊണ്ട് സമൂഹത്തെ അതിശയിപ്പിക്കുന്ന ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. ജവഹർലാല്‍ നെഹ്റു സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ഇന്നലെ രാത്രി ദീപിക പദുക്കോൺ എത്തിയിരുന്നു. തങ്ങളുടെ വിശ്വാസങ്ങൾക്കു വേണ്ടി പോരാടുന്ന യുവതലമുറ അഭിമാനമാനമാണെന്ന് ദീപിക ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘നമ്മുടെ വ്യക്തിത്വം എന്താണെന്നത് ഭയമില്ലാതെ പ്രകടിപ്പിക്കാൻ നമുക്ക് കഴിയണം. ഇന്നത്തെ തലമുറയോട് എനിക്ക് അഭിമാനം തോന്നുന്നു. നമ്മൾ നമ്മുടെ രാജ്യത്തെ കുറിച്ചും അതിന്റെ നല്ലഭാവിയെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. സാഹചര്യമോ സന്ദർഭമോ എന്തു തന്നെ ആകട്ടെ. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പറയുന്നുണ്ട്. ആവശ്യങ്ങൾ ഉന്നയിച്ച് അവർ തെരുവിലിറങ്ങുന്നുണ്ട്. സമൂഹത്തിലും ജീവിതത്തിലും ഒരു മാറ്റം അനിവാര്യമാണ്.’– ദീപിക പറഞ്ഞു.
രണ്ടു ദിവസം മുൻപ് ജെഎൻയുവിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദീപികയുടെ സന്ദർശനം. അക്രമത്തിൽ പരുക്കേറ്റ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് ഐഷി ഘോഷിനെ ദീപിക സന്ദർശിച്ചു. ‘അനീതിക്കെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും. ദീപിക, നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു’ എന്നായിരുന്നു ദീപികയുടെ സന്ദർശനത്തിന്റെ ചിത്രം പങ്കുവച്ച് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് ഐഷി ഘോഷിന്റെ സോഷ്യൽ മീഡിയ പ്രതികരണം.
അതേസമയം ജെഎൻയു ക്യാംപസിലെത്തി സമരക്കാരായ വിദ്യാർഥികളെ സന്ദർശിച്ച ദീപികയുടെ നീക്കം ഒരുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ചാപാക്’ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിലൂടെ നടക്കുന്നു. എന്നാൽ #ISupportDeepika #Deepikapadukone എന്നീ ഹാഷ് ടാഗുകളിലൂടെ വ്യാപക പിന്തുണയും ദീപികയ്ക്കു സമൂഹമാധ്യമങ്ങളിലുടെ ലഭിക്കുന്നുണ്ട്. പദ്മാവത് സിനിമ റിലീസ് ചെയ്ത സമയത്തും ദീപികയ്ക്ക് വലിയ ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ദീപികയുടെ ശിരസ് ഛേദിക്കും എന്നായിരുന്നു സംഘപരിവാറിന്റെ ഭീഷണി. എന്നാല്‍ ആ ഭീഷണിക്ക് ദീപികയെ നിശബ്ദയാക്കാനായില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
30ൽ അധികം വിദ്യാർഥികൾക്കും അധ്യാപകർക്കും ജെഎൻയു ഹോസ്റ്റലിൽ നടന്ന അക്രമത്തിൽ പരുക്കേറ്റിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജെഎൻയുവിലുണ്ടായ പ്രതിഷേധങ്ങളിൽ ബോളിവുഡ് ഒന്നടങ്കം നിലപാടു വ്യക്തമാക്കിയിരുന്നു. സോനം കപൂർ, തപ്സി പന്നു, സ്വര ഭാസ്കർ എന്നിവരും ജെഎൻയു സംഭവത്തിൽ അപലപിച്ചിരുന്നു.
English Summary: "Proud We Aren't Scared": Deepika Padukone On Protests Across India