അവർ എന്നെ ദീപികയുടെ സിനിമ കാണാൻ പ്രേരിപ്പിച്ചു, രാജ്യം നിങ്ങൾക്കൊപ്പം:കനിമൊഴി
Mail This Article
ഹിന്ദി സിനിമകള്‍ ഇതുവരെ കണ്ടിരുന്നില്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി. എന്നാൽ ദീപിക പദുക്കോണിന്റെ സിനിമകൾ ഇനി മുതൽ കാണുമെന്നും കനിമൊഴി വ്യക്തമാക്കി. ജെഎൻയു സർവകലാശാല സന്ദർശിച്ച ദീപികയുടെ നിലപാടിനെ കനിമൊഴി സ്വാഗതം ചെയ്തു.
സമരമിരിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക പദുക്കോൺ കഴിഞ്ഞ ദിവസം ജഎൻയുവിൽ എത്തിയിരുന്നു. തുടർന്ന് ദീപികയുടെ പുതിയ ചിത്രമായ ‘ചാപാക്കി’നെതിരെ സോഷ്യൽ മീഡിയയിൽ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണം നടന്നിരുന്നു. #BoycottDeepika എന്ന ഹാഷ് ടാഗിലായിരുന്നു പ്രചാരണം. ഇതിനെതിരെയായിരുന്നു കനിമൊഴിയുടെ പ്രതികരണം.
‘ഒരുപാട് ഹിന്ദി സിനിമകളൊന്നും ഞാൻ കാണാറില്ല. അവർ എന്നെ പോലുള്ളവരെ ദീപികയുടെ സിനിമ കാണാനും പിന്തുണ നൽകാനും പ്രേരിപ്പിക്കുന്നു.’– കനിമൊഴി പറഞ്ഞു.
ജെഎന്‍യു വിദ്യാർഥി സംഘടനാ നേതാവ് ഐഷി ഘോഷിനെയും കനിമൊഴി സന്ദർശിച്ചിരുന്നു. ‘രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്. ധൈര്യമായിരിക്കൂ. ഈ സംഭവത്തിൽ എല്ലാവരും ദുഃഖിതരാണ്. ഞങ്ങൾ ഈ വിഷയം ഉയർത്തുക തന്നെ ചെയ്യും. നിങ്ങൾക്കു വേണ്ടി പ്രയത്നിക്കും’– കനിമൊഴി ജെഎൻയു വിദ്യാർഥികളൊട് പറഞ്ഞു.
#BoycottDeepika എന്ന ഹാഷ്ടാഗ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ട്രൻഡിങ്ങായിരുന്നു. താരത്തിന്റെ ജെഎൻയു സന്ദർശനത്തിനു തൊട്ടു പിന്നാലെ ഡൽഹി ബിജെപി വക്താവ് താജീന്ദർ പാൽ സിങ് ചാപാക്ക് ബഹിഷ്കരിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു
English Summary: ‘Don’t watch Hindi films, but…’: DMK’s Kanimozhi on boycott Deepika campaign