പ്രായമൊക്കെ ഒരു കണക്കല്ലേ; 97-ാം വയസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് വിദ്യാദേവി
Mail This Article
97-ാം വയസിലും ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊക്കെ താത്പര്യമുണ്ടാകുമോ? ഉണ്ടാകും എന്നു തന്നെയാണ് വിദ്യാ ദേവി പറയുന്നത്. മത്സരിക്കുക മാത്രമല്ല. വിജയിക്കുകയും ചെയ്യും. അങ്ങനെയൊരു വിജയത്തിന്റെ മധുരത്തിലാണ് വിദ്യാ ദേവി ഇപ്പോൾ.
രാജസ്ഥാനിലെ ശികാർ ജില്ലയിലാണ് സംഭവം. പുരാനാവാസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് 97കാരിയായ വിദ്യാ ദേവി മത്സരിച്ചു ജയിച്ചത്. 207 വോട്ടിനാണ് വിദ്യാദേവി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷത്തിൽ ഗ്രാമവാസികൾക്കെല്ലാം വിദ്യാദേവി മധുര വിതരണവും നടത്തി.
‘ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരോടും നന്ദി പറയുകയാണ്. പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായിരിക്കും വരുംദിനങ്ങളിൽ പ്രാധാന്യം നൽകുക. എല്ലാ മേഖലകളിലേക്കും വെള്ളം എത്തിക്കുന്നതിനും ശുചിത്വത്തിനും കൂടുതൽ പ്രാധാന്യം നൽകും.’– വിദ്യാ ദേവി പറഞ്ഞു. വിദ്യാദേവിയുടെ ഭർത്താവും മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
87 പഞ്ചായത്തുകളിലെ 26,800 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. 93,20,684 വോട്ടർമാരാണുള്ളത്. 48,49,232 പുരുഷ വോട്ടർമാരും 44,71,405 വനിതാ വോട്ടർമാരുമാണുള്ളത്.
English Summary: 97-Year Old Vidhya Devi Elected In Rajastan