അഞ്ചുപേർ യുവതിയെ ശല്യം ചെയ്തു; റെയിൽവെയുടെ ഭാഗത്തു നിന്നും ദുരനുഭവം
Mail This Article
ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവം വിവരിച്ച് പ്രശസ്ത ചലച്ചിത്രകാരന്. സഹായത്തിനു വിളിക്കാനുള്ള ഹെല്പ് ലൈന്‍ നമ്പരുകള്‍ നിര്ജീവമാണെന്നും പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നുമാണ് പരാതി. സമൂഹമാധ്യമത്തില്‍ സജീവമായ ചിലര്‍ ഇടപെട്ടതിനെത്തുടർന്ന് റെയില്‍വേ പൊലീസ് സഹായം ലഭ്യമാക്കിയെങ്കിലും ഹെല്പ് ലൈന്‍ നമ്പരുകള്‍ എന്തിനുവേണ്ടിയെന്ന ചോദ്യം ബാക്കി.
മികച്ച സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തും നടനുമായ തിഗ്മന്ഷു ധുലിയയാണ് ഇന്ത്യന്‍ റെയില്‍വേയുടെ നിഷ്പ്രയോജനമായ ഹെല്പ് ലൈന്‍ നമ്പരുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തത്. തന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടി കംപാര്‍ട്മെന്റില്‍ അക്രമം നേരിട്ടതിനെക്കുറിച്ചായിരുന്നു അടിയന്തര സ്വാഭാവമുള്ള പോസ്റ്റ്. രാജ്യം 70-ാം റിപ്പബ്ലിക് ദിനം ആഷോഘിച്ച ദിവസം തന്നെയാണ് ദുരനുഭവം ഉണ്ടായതെന്നും ശ്രദ്ധേയം.
ബെംഗളൂരുവിലേക്കുള്ള ഉദയന്‍ എക്സ്പ്രസ് ട്രെയിനിലാണു ധുലിയയുടെ ബന്ധു അക്രമത്തിനിരയായത്. പെട്ടെന്നു തന്നെ ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റിട്ടു: ബെംഗളൂരുവിലേക്കുള്ള ഉദയന്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന എന്റെ ബന്ധുവായ പെണ്‍കുട്ടിയെ മദ്യപിച്ച ചെറുപ്പക്കാര്‍ ശല്യം ചെയ്യുന്നു. എത്രയും പെട്ടെന്നു സഹായം വേണം. ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിച്ചിട്ടു പ്രയോജനം ഇല്ല.
ഇതായിരുന്നു ധുലിയയുടെ പോസ്റ്റ്. ഇതിനു മറുപടിയായി ഒട്ടേറെ സന്ദേശങ്ങള്‍ എത്തി. റെയില്‍വേ മന്ത്രാലയത്തിനും മന്ത്രി പീയുഷ് ഗോയലിനുമൊക്കെ പരാതി നല്‍കാനും ട്വിറ്ററിലൂടെ മന്ത്രിയുമായി ബന്ധപ്പെടാനുമായിരുന്നു നിര്‍ദേശങ്ങള്‍. ഒന്നിലധികം അക്കൗണ്ടുകളില്‍ ബന്ധപ്പെടാനുള്ള നിര്‍ദേശം അപ്രായോഗികമാണെന്നും സഹായത്തിനുവേണ്ടി ഒരു നമ്പര്‍ മാത്രം നല്‍കേണ്ടതാണെന്നും ധുലിയ പ്രതികരിച്ചു. എന്തായാലും നിരന്തര ശ്രമത്തിനൊടുവില്‍ പ്രശ്നം പരിഹരിക്കപ്പെട്ടു. ട്വിറ്റര്‍ ഉപയോക്താക്കളുടെ സമയോചിത ഇടപെടലാണു ധുലിയയുടെ ബന്ധുവായ പെണ്‍കുട്ടിക്കു സഹായമെത്തിച്ചത്. പൊലീസും റെയില്‍വേ മന്ത്രലയവും സഹായത്തിനെത്തുകയും ചെയ്തു. പക്ഷേ, ഹെല്പ് ലൈന്‍ നമ്പരുകളുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നതു ധുലിയ വീണ്ടും ചൂണ്ടിക്കാട്ടുകയും ചെയ്തു.
‘എന്റെ പോസ്റ്റിനു മറുപടിയായി സന്ദേശമയച്ചവര്‍ക്കും പ്രശ്നത്തില്‍ ഇടപെട്ടവര്‍ക്കും നന്ദി. പൊലീസുകാര്‍ എത്തിയതോടെയാണ് ബന്ധുവായ പെണ്‍കുട്ടി സുരക്ഷിതയായത്. പെട്ടെന്നു പ്രതികരിച്ച പൊലീസിനും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും നന്ദി. എല്ലാവര്ക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു’. ധുലിയയുടെ ഈ പോസ്റ്റിനു മറുപടിയായി ഒടുവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു മറുപടി എത്തി. പ്രതികരണം ലഭിക്കാതിരുന്ന ഹെല്പ് ലൈന്‍ നമ്പരുകള്‍ ഏതൊക്കെയാണെന്ന് താങ്കള്‍ വെളിപ്പെടുത്തുകയാണെങ്കില്‍ പ്രശ്ന പരിഹാരത്തിനു തീര്‍ച്ചയായും ശ്രമിക്കും- എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം.