ADVERTISEMENT

കോവിഡ്–19 മഹാമാരി ഏറ്റവും കൂടുതൽ പിടിമുറുക്കിയ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. ദിനംപ്രതി വർധിച്ചു വരുന്ന രോഗികളുടെ ബ്രിട്ടനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആരോഗ്യ–സന്നദ്ധ പ്രവർത്തകരെല്ലാം തന്നെ സ്വന്തം ജീവൻ പോലും പണയം വച്ച് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ അവരിലൊരാളാകുകയാണ് 2019ലെ മിസ് ഇംഗ്ലണ്ടും ഡോക്ടരുമായ ഭാഷ മുഖർജി.

2019 ഡിസംബറിൽ മിസ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിനായിരുന്നു ജോലിയിൽ നിന്ന് ഭാഷ താത്കാലികമായി വിട്ടുനിന്നത്. ഇപ്പോൾ ഈ കൊറോണക്കാലത്ത് സ്റ്റെതസ്കോപ്പുമായി  ആരോഗ്യരംഗത്തേക്ക് വീണ്ടും പ്രവേശിക്കുകയാണ് ഭാഷ. ഓഗസ്റ്റ് വരെ വിവിധ രാജ്യങ്ങളില്‍ പ്രവർത്തിക്കാനാണ് ഭാഷയുടെ തീരുമാനം.

സന്നദ്ധ പ്രവർത്തനങ്ങളുടെ വക്താവായി പ്രവർത്തിക്കാൻ ഇന്ത്യ, ആഫ്രിക്ക, തുർക്കി, പാക്കിസ്ഥാൻ എന്നീ  രാജ്യങ്ങളിലേക്ക് ക്ഷണം ലഭിച്ചതായും ഭാഷ സിഎൻഎന്നിനോട് പറഞ്ഞു. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് ആദ്യവാരം ഭാഷ ഇന്ത്യയിൽ എത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുപ്രവർത്തനങ്ങൾക്കുമായി സന്നദ്ധ സംഘടന സ്വരൂപിച്ച ഫണ്ട് ഇന്ത്യയിലെ വിവിധ സ്കൂളുകൾക്ക് ഭാഷ കൈമാറിയിരുന്നു.

കൊറോണ വൈറസ് ആക്രമണം യുകെയിലെ സ്ഥിതി മോശമാക്കിയപ്പോൾ സുഹൃത്തുക്കൾ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഡോക്ടറുടെ വേഷമിടാൻ ഭാഷ തയ്യാറായത്. ബോസ്റ്റണിലെ സ്വകാര്യ ആശുപത്രിയിൽ സഹപ്രവർത്തകരായിരുന്നവരാണ് ഭാഷയുടെ സേവനം അഭ്യർഥിച്ചത്. തുടർന്ന് ഭാഷ ആശുപത്രി മാനേജ്മെന്റുമായി ബന്ധപ്പെട്ട് ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു.

‘മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ മിസ് ഇംഗ്ലണ്ടിന്റെ ഈ കിരീടത്തിലൊന്നും വലിയ അർഥമില്ല. ജനം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണ് ഇത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ദിനം പ്രതി നിരവധി പേർ ലോകത്ത് മരണത്തിനു കീഴടങ്ങുന്നു. എന്റെ  കയ്യിൽ എംബിബിഎസ് ബിരുദമുണ്ട്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ സമൂഹത്തോടുള്ള കടമ നിറവേറ്റേണ്ടത് ലോകത്താകെയുള്ള ആരോഗ്യ പ്രവർത്തകരോട് നന്ദിയറിയിക്കുന്നു. ഒപ്പം അവരിൽ ഒരാളാകാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷവും.’–ഭാഷ മുഖർജി പറഞ്ഞു.

English Summary: Miss England hangs up her crown to return to work as doctor during coronavirus pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com