ADVERTISEMENT

നവജാതശിശുക്കൾ അടക്കം 24 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ആശുപത്രി ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആയുധധാരികളായ അക്രമികൾ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുമുള്ള വാർഡിൽ ആക്രമണം നടത്തിയത്. ഇവരിൽ നിന്നും രക്ഷനേടാനായി ഒരുകൂട്ടം ഗർഭിണികൾ സുരക്ഷാ മുറിയിൽ ഒളിച്ചിരുന്നു. ഇവരിൽ ഒരാൾക്ക് പ്രസവവേദന ആരംഭിച്ച നിലയിലുമായിരുന്നു.

ward
ആക്രമണം നടന്ന ആശുപത്രിയിലെ പ്രസവ വാർഡ്. ചിത്രം∙ ട്വിറ്റർ

ആശുപത്രിയിലെ ഓരോ മുറികളിലും കയറിയിറങ്ങി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പ്രസവ വേദന അതികഠിനമായെങ്കിലും തന്റെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ആ യുവതി എന്ന് അവർക്കൊപ്പം ഉണ്ടായിരുന്ന നഴ്സ് പറയുന്നു. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വൈദ്യസഹായം ശരിയായി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ നഴ്സ് തന്റെ കൈകൊണ്ടാണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റിയത്.   തല മൂടാൻ ഉപയോഗിക്കുന്ന സ്കാർഫ് ഉപയോഗിച്ച് കുഞ്ഞിനെ  മൂടുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അക്രമികൾ തിരിച്ചറിയാതിരിക്കാൻ ആ അമ്മയ്ക്ക് വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു എന്നും നഴ്സ് കൂട്ടിചേർത്തു.

26 ഗർഭിണികളാണ് ആക്രമണം നടന്ന സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അഫ്ഗാൻ സുരക്ഷാ സേന അംഗങ്ങൾ എന്ന രീതിയിലാണ് ആക്രമികൾ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. മരിച്ചവരിൽ 11 ഗർഭിണികൾ ഉൾപ്പെടുന്നു. ഇവരിൽ മൂന്ന് പേർ പ്രസവ മുറിയിൽ  നവജാതശിശുക്കൾക്കൊപ്പമാണ് കൊല്ലപ്പെട്ടത്. അഞ്ചു പേർക്ക് സാരമായി മുറിവേറ്റു.

പ്രസവ ശേഷം ആശുപത്രിയിൽ കഴിയുകയായിരുന്ന അഞ്ച് അമ്മമാരെയും അക്രമികൾ കൊന്നൊടുക്കി. ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായി സുരക്ഷാ മുറികൾ ഒരുക്കുന്നത് അഫ്ഗാനിലെ ആശുപത്രികളിൽ പതിവാണ്. പത്ത് പേർ ഈ മുറിയിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇവർക്കൊപ്പം സുരക്ഷാ മുറിയിൽ പ്രവേശിച്ച നഴ്സാണ് പ്രസവ സമയത്ത് യുവതിക്ക് തുണയായത്.  

അഫ്ഗാൻ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ മൂന്ന് അക്രമികളെയും ഒടുവിൽ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനുശേഷം 18 കുഞ്ഞുങ്ങളെ മറ്റൊരു  ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

English Summary: 'She put finger in newborn baby's mouth to stop her from crying'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com